മാധ്യമ സ്വാതന്ത്ര്യ ചരിത്രത്തിലെ നിർണായകമായ വിധി

പത്രാധിപർ

2023 ഏപ്രിൽ 15, 1444 റമദാൻ 24

ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യ ചരിത്രത്തിലെ നിർണായകമായ വിധിയിൽ മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയമവിരുദ്ധമായ വിലക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നീക്കിയതിന്റെ വർത്തമാനകാല പ്രസക്തി ചെറുതല്ല. നാലാഴ്ചക്കകം ചാനലിനുള്ള ലൈസൻസ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിനൽകണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി അതുവരെ ചാനൽ നടത്തിപ്പിനുള്ള ഇടക്കാല ഉത്തരവ് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മീഡിയവൺ വിലക്ക് ശരിവച്ച കേരള ഹൈകോടതിക്കെതിരെ രൂക്ഷ വിമർശനം നടത്തിയാണ് അതിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കൊഹ്‌ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.

ഒരു ജനാധിപത്യ രാഷ്ട്രം എന്നതിൽനിന്ന് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിന്റെ സമകാലിക അടയാളങ്ങളിൽ ഒന്നുമാത്രമാണ് വിമർശനങ്ങളെ സഹിക്കാൻ കഴിയാതിരിക്കുക എന്നത്. ഒരേയൊരു പാർട്ടി, ഒരേയൊരു മതം, ഒരേയൊരു ഭാഷ മാത്രമുള്ള ഇന്ത്യയാണ് ചിലർ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയെ ഒരു ഏകശിലാ രാഷ്ട്രമാക്കി മാറ്റുവാൻ കഴിയുമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. വൈവിധ്യങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കി മാറ്റുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നത് കാണാതിരുന്നു കൂടാ.

കേന്ദ്ര നിയമ കമ്മീഷൻ രണ്ടു വർഷത്തിലേറെ സമയമെടുത്ത് വിദഗ്ധാഭിപ്രായ സ്വരൂപണത്തിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് 2018ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനായി ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നായിരുന്നു. ഈ നീക്കത്തിന് തിരിച്ചടിയായി ഏകീകൃത സിവിൽ കോഡ് നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യം അത് ആഗ്രഹിക്കുന്നില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഭരണകൂടത്തിനെതിരെ സം സാരിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് അന്ന് നിയമ കമ്മീഷൻ വ്യക്തമാക്കിയതാണ്. ഇപ്പോൾ സുപ്രീംകോടതിയും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. രാജ്യദ്രോഹ നിയമം (ഇന്ത്യൻ ശിക്ഷാ നിയമം 124-എ) സംബന്ധിച്ച ചർച്ചാ രേഖയിലാണ് നിയമ കമ്മീഷന്റെ ഈ വിലയിരുത്തൽ. ഭരിക്കുന്നവരുടെ നയത്തിന് നിരക്കാത്ത ഒരു ചിന്താധാര പ്രകടിപ്പിച്ചതിന്റെ പേരിൽ മാത്രം ഏതെങ്കിലും വ്യക്തിയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തരുത്. പൊതുസമാധാനം തകർക്കുക, അക്രമത്തിലൂടെയോ നിയമവിരുദ്ധ മാർഗത്തിലൂടെയോ സർക്കാറിനെ അട്ടിമറിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുമ്പോഴാണ് രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. ക്രിയാത്മകമായ വിമർശനങ്ങളും ചർച്ചകളും ജനാധിപത്യ പ്രകിയക്ക് ആക്കം കൂട്ടുകയേയുള്ളൂ. സർക്കാറിന്റെ നയത്തിെല പിഴവുകൾ ചൂണ്ടിക്കാണിക്കപ്പെടണം. അത് മാധ്യമ ധർമമാണ്. അതിനൊന്നും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ബ്രിട്ടീഷുകാരെ നാം ആട്ടിയോടിച്ചത്? വിയോജിപ്പും വിമർശനവും ഊർജസ്വലമായ പൊതുചർച്ചയുടെ അവശ്യഘടകങ്ങളാണ്. അതിനുള്ള അവസരങ്ങൾ നിഷേധിക്കൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ക്രൂരതയാണ്.