മാലിന്യ പ്രശ്‌ന പരിഹാരം; ഒരു നൈജീരിയൻ മാതൃക

പത്രാധിപർ

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും ദിനേന പറംതള്ളപ്പെടുന്ന ജൈവ-അജൈവ മാലിന്യങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഒരു വെല്ലുവിളിയാണ്. മാലിന്യങ്ങൾ സംഭരിക്കുക, വേർതിരിക്കുക, സംസ്‌കരിക്കുക എന്നത് അൽപം പ്രയാസകരമായ കാര്യംതന്നെയാണ്. എന്നാൽ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു മുന്നിൽ അത് അത്രവലിയ കീറാമുട്ടിയൊന്നുമല്ല.

നൈജീരിയയിൽനിന്നും ഈ വിഷയത്തിൽ പുതുമയാർന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നൈജീരിയയിലെ ലേഗോസിലെ 40 സ്‌കൂളുകളിലെ, ബാഗും പാഠപുസ്തകങ്ങളുമായി സ്‌കൂളിലെത്തുന്ന കുട്ടികൾ ഇപ്പോൾ മറ്റൊരു സഞ്ചിയിൽ വീട്ടിലെ ആക്രിസാധനങ്ങളും കരുതുന്നു! വഴിയിൽ തള്ളാനല്ല; സ്‌കൂൾ ഓഫിസിൽ കൊടുത്ത് രസീതു വാങ്ങാനാണ്.

പഴയ കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും തുടങ്ങി പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളാണ് അവിടെ പല സ്‌കൂളുകളും ഫീസായി വാങ്ങുന്നത്. ഓരോരുത്തരും നൽകുന്ന വസ്തുക്കളുടെ വില ഫീസിനത്തിൽ വകയിരുത്തും. ഫീസ് കൊടുക്കാൻ വഴിയില്ലാതെ പഠനം അവസാനിപ്പിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലെത്തിക്കുന്നതോടൊപ്പം നാട് മാലിന്യമുക്തമാക്കുക കൂടി ലക്ഷ്യമിട്ട് ‘ആഫ്രിക്കൻ ക്ലീൻ അപ് ഇനിഷ്യേറ്റീവ്’ എന്ന സംഘടനയാണ് പദ്ധതി ആസൂത്രണം ചെയ്തത്. സ്‌കൂളുകൾ ശേഖരിക്കുന്ന മാലിന്യം കൈകാര്യം ചെയ്യുന്നത് സംഘടനയാണ്. നിലവിൽ 40 സ്‌കൂളുകളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽനിന്നു ഫീസായി മാലിന്യം സ്വീകരിക്കുന്നത്.

വിദ്യാർഥികൾ എത്തിക്കുന്ന ആക്രിസാധനങ്ങൾ വിറ്റുകിട്ടുന്ന പണം കുട്ടികളുടെ യുണിഫോം, പുസ്തകങ്ങൾ എന്നിവ വാങ്ങാനും അധ്യാപകർക്ക് ശമ്പളം നൽകാനും ഉപയോഗിക്കുന്നു. കുട്ടികൾ എത്തിക്കുന്ന മാലിന്യങ്ങളിൽനിന്ന് ഇതിനുള്ള തുക കണ്ടെത്താൻ കഴിയുന്നുണ്ടെന്നാണ് സ്‌കൂളുകളുടെ സാക്ഷ്യം. ഇപ്പോൾ കൂടുതൽ കുട്ടികൾ ക്ലാസുകളിലെത്തുന്നുണ്ട്. ആക്രി സാധനങ്ങൾ വീട്ടിലില്ലാത്തവർ അവ തെരുവിൽനിന്നു ശേഖരിക്കുന്നതിനാൽ തെരുവുകളുംവൃത്തിയാണ്.

‘അഭിമാനികളായ’ മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണിത്. മലയാളിയുടെ ശുചിത്വം ഇപ്പോൾ സ്വന്തം വീടിനും മുറ്റത്തിനും അപ്പുറത്തേക്ക് ഇല്ലെന്നായിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുന്നു. തൊഴിൽപരമായ കാരണങ്ങളാൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. വർധിച്ച ജനസാന്ദ്രതക്ക് ആനുപാതികമായ സൗകര്യങ്ങൾ നഗരങ്ങളിൽ ഏർപ്പെടുത്താൻ ഭരണകർത്താക്കൾ ശ്രദ്ധിക്കുന്നുമില്ല.

അങ്ങാടികളിൽ, ആശുപത്രി പരിസരങ്ങളിൽ, വഴിയോരങ്ങളിൽ, പുഴകളിൽ, കായലുകളിൽ... എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മാലിന്യക്കുമ്പാരങ്ങൾ മാത്രം. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെങ്കിലും അവർ തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ അലംഭാവം കാണിക്കുന്നു. മാലിന്യങ്ങൾ അഴുകി ദുർഗന്ധം പരത്തുന്നു. പകർച്ചവ്യാധികൾ പെരുകുന്നു.

ശേഖരിക്കുന്ന മാലിന്യങ്ങൾ ഒരിടത്ത് മലപോലെ കൂട്ടിയിടുന്നു. സംസ്‌കരിക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടുന്നു. ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലക്ഷങ്ങൾ ചെലവഴിച്ച് കുറെ ദിവസങ്ങൾകൊണ്ട് അണക്കാൻ കഴിഞ്ഞെങ്കിലും അതിലെ അഴിമതിയാരോപണത്തിന്റെ തീ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്.