വിശുദ്ധ ക്വുർആനിന്റെ പ്രബോധന ശൈലി

പത്രാധിപർ

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

മുഹമ്മദ് നബിﷺയുടെ പ്രബോധനമാരംഭിച്ചത് നിലവിലുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്ധമായി നിഷേധിച്ചുകൊണ്ടല്ല. മറിച്ച്, കാര്യകാരണാടിസ്ഥാനത്തിൽ നിരൂപണം ചെയ്തുകൊണ്ടാണ്. കാര്യം ബോധിപ്പിക്കുന്നതിൽ ക്വുർആൻ സ്വീകരിച്ച ശൈലിക്ക് ഒരു ഉദാഹരണം കാണുക:

“(നബിയേ,) ചോദിക്കുക: ‘ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്?’ പറയുക: ‘അല്ലാഹുവാണ്.’ പറയുക: ‘എന്നിട്ടും അവന്നു പുറമെ അവരവർക്കുതന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ?’ പറയുക: ‘അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്?’ പറയുക: ‘അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവൻ ഏകനും സർവാധിപതിയുമാ കുന്നു’’ (ക്വുർആൻ 13:16).

ഇതാണ് ക്വുർആനിന്റെ ൈശലി. നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും െചയ്യുക എന്നത് ഇസ്‌ലാം അടിസ്ഥാനപരമായ സാമൂഹ്യബാധ്യതയായി നിശ്ചയിച്ചതാണ്. മറ്റുള്ളവരുടെ ചെയ്തികളിലുള്ള തിന്മകളെ കണ്ണടച്ച് അടിച്ചൊതുക്കാനല്ല ഈ കൽപന. മറിച്ച് തിന്മക്കു നേരെ ക്രിയാത്മക പ്രതികരണത്തിനാണ് കൽപിക്കുന്നത്. ആ മാർഗം സംവാദമവുമാകാം. പക്ഷേ, നല്ലരീതിയിൽ മാത്രമാകണമെന്ന് മാത്രം.

വിമർശനങ്ങൾ സത്യസന്ധമായിരിക്കണം. ഒരു തിന്മയെ കൈകൊണ്ടോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ കഴിയുംവിധം തടുത്തുനിർത്തുവാൻ സത്യവിശ്വാസി ബാധ്യസ്ഥനാണ്. അക്കാര്യത്തിൽ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല. തിന്മക്ക് നേരെയുള്ള ഇത്തരം വിമർശനാത്മക സമീപനം ഭദ്രമായ ഒരു സമൂഹത്തിന്ന് അത്യാവശ്യവുമാണ്. എന്നാൽ യാഥാർഥ്യത്തിന്റെ പിന്തുണയില്ലാത്ത എതിർപ്പുകൾ വിമർശനമല്ല; വൈരാഗ്യമാണ്. സത്യനിരാസമാണ്. കപടവിശ്വാസികൾ നബിﷺയെയും മുസ്‌ലിംകളെയും ഇടിച്ചുതാഴ്ത്തുവാനും അപകീർത്തിപ്പെടുത്തുവാനും വേണ്ടി വ്യാജാരോപണങ്ങൾ ഉന്നയിച്ച സംഭവങ്ങൾ വിശുദ്ധ ക്വുർആൻ പ്രതിപാദിച്ചത് ശ്രദ്ധേയമാണ്:

“നിങ്ങൾ നാട്ടിൽ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, ഞങ്ങൾ സൽപ്രവർത്തനങ്ങൾ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാൽ യഥാർഥത്തിൽ അവർ തന്നെയാകുന്നു കുഴപ്പക്കാർ. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല’’ (2:11,12).

“തീർച്ചയായും ആ കള്ളവാർത്തയും കൊണ്ട് വന്നവർ നിങ്ങളിൽനിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങൾക്ക് ദോഷകരമാണെന്ന് നിങ്ങൾ കണക്കാക്കേണ്ട. അല്ല, അത് നിങ്ങൾക്ക് ഗുണകരം തന്നെയാകുന്നു. അവരിൽ ഓരോ ആൾക്കും താൻ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരിൽ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്...’’ (24:11,12).

പ്രവാചക പത്‌നി ആഇശ(റ)യെയും ഒരു സ്വഹാബിയെയും കുറിച്ച് കപടവിശ്വാസികൾ പ്രചരിപ്പിച്ച ദുരാരോപണത്തെപ്പറ്റിയാണ് ആ വ്യാജവാർത്ത എന്നു പറഞ്ഞത്. ഈ അധ്യായത്തിന്റെ തുടർന്നുള്ള ഒമ്പത് സൂക്തങ്ങളിലും ഇൗ സാമൂഹ്യദ്രോഹികളുടെ ചെയ്തികളെയാണ് പരാമർശിക്കുന്നത്. പ്രവാചകൻﷺ ജീവിച്ചിരിക്കെ അവിടുത്തെ നേതൃത്വത്തിൽ ഒന്നിച്ച് ഒരാദർശത്തിൽ ജീവിക്കുന്ന ആ വിശുദ്ധ തലമുറയിൽ പോലും സാമൂഹ്യഭദ്രതക്ക് ഇളക്കം തട്ടിക്കാൻ കാപട്യത്തിന്റെ ശക്തികൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ആ സാമൂഹ്യനാശം എക്കാലത്തും പ്രതീക്ഷിക്കാവുന്നതാണന്ന കാര്യത്തിൽ സംശയമില്ല.