ജനസംഖ്യാവർധനവും പാളിപ്പോയ മാൽത്തൂസിയൻ സിദ്ധാന്തവും

പത്രാധിപർ

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

ജനസംഖ്യാവർധനവ് എല്ലായ്‌പ്പോഴും ഭക്ഷ്യവിതരണത്തെക്കാൾ കൂടുതലായിരിക്കുമെന്നും പ്രത്യുൽപാദനത്തിൽ കർശനമായ നിയന്ത്രണങ്ങളില്ലാതെ മനുഷ്യരാശിയുടെ പുരോഗതി അസാധ്യമാണെന്നുമുള്ള സിദ്ധാന്തം ലോകത്തിനു സമർപ്പിച്ച് ഖ്യാതിനേടിയ ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും ജനസംഖ്യാശാസ്ത്രജ്ഞനുമാണ് റോബർട്ട് തോമസ് മാൽത്തൂസ് (1766-1834).

അദ്ദേഹം മുന്നോട്ടുവച്ച സാമ്പത്തിക സിദ്ധാന്തമനുസരിച്ച് ജനസംഖ്യാ വളർച്ച എല്ലായ്‌പ്പോഴും ഭക്ഷണ വിതരണത്തെ മറികടക്കും. നിർബന്ധിത നിയന്ത്രണങ്ങളില്ലാത്ത ഒരു സമൂഹത്തിൽ ജനസംഖ്യാ വളർച്ചയുടെ ഭീഷണി എപ്പോഴും നിലനിൽക്കും. ജനസംഖ്യാ വർധനവ് നിയന്ത്രിച്ചാൽ മാത്രമെ ഉപജീവന മാർഗങ്ങളിൽ പുരോഗതിയുണ്ടാകൂ.

ജനസംഖ്യാശാസ്ത്രത്തിന്റെ ജനയിതാവായി കരുതപ്പെടുന്ന തോമസ് റോബർട് മാൽത്തൂസിന്റെ ഈ സിദ്ധാന്തമനുസരിച്ച് വർത്തമാനകാലത്ത് ചൈനയിലും ഇന്ത്യയിലും ദിനംപ്രതി ജനലക്ഷങ്ങൾ പട്ടിണിയാൽ മരിച്ചുവീഴേണ്ടതാണ്. കാരണം ജനസംഖ്യയിൽ അത്രമാത്രം വലിയ വർധനവാണ് ഈ രണ്ടു രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഒരുപടി മുന്നോട്ടു പോയി ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത!

മാൽത്തൂസ് ലോകത്തെ ഭയപ്പെടുത്തിയതല്ല സംഭവിച്ചിരിക്കുന്നത്. ജനസംഖ്യ വർധിച്ചതിനെക്കാൾ ദ്രുതഗതിയിലാണ് ഭക്ഷ്യവിളകളുടെ ഉൽപാദനം വർധിച്ചിച്ചിട്ടുള്ളത്. 1798ലാണ് മാൽത്തൂസ് തന്റെ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തിയത്. അക്കാലത്തെ പട്ടിണിയോ പരിവട്ടമോ ഇന്ന് ലോകത്തില്ല എന്നതാണ് വാസ്തവം. ജനസംഖ്യാനിയന്ത്രണ മാർഗങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ഭരണകർത്താക്കളെ ഈ സിദ്ധാന്തം വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ജനപ്പെരുപ്പവും ഭക്ഷ്യദൗർലഭ്യവും കൂടുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുമെന്നും ക്ഷാമം മൂലം ജനങ്ങൾ ചത്തൊടുങ്ങുമെന്നും അവർ ഭയപ്പെട്ടു.

ജനസംഖ്യ കൂടുമ്പോളല്ല കുറയുമ്പോളാണ് വിഭവങ്ങളുടെ കമ്മിയും പട്ടിണിയും ഉണ്ടാകുന്നത് എന്നതാണ് യാഥാർഥ്യം. ജനസംഖ്യ കുറയുന്നതിലൂടെ അളവിൽക്കൂടുതൽ വരുന്ന വിഭവങ്ങൾ വാങ്ങാനും മാർക്കറ്റ് ചെയ്യാനും ആളില്ലാതാകും. അതോടെ രാജ്യം കയറ്റുമതിയിലേക്ക് തിരിയും. അതോടെ ആഭ്യന്തര ബിസിനസ്സുകൾ നിലംപൊത്തുകയും തൊഴിൽരഹിതർ സൃഷ്ടിക്കപ്പെടുകയും വൈകാതെ അരാജകത്വത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. സർക്കാരിനും ഇതുവഴി നഷ്ടം ഏറെയാണ്. ബിസിനസ്സുകൾ പൊളിയുന്നതോടെ നികുതി വരവും വരുമാനവും കുറയുകയും ചെയ്യും.

ഒരു രാഷ്ട്രത്തിന്റെ ഉന്നമനം ആ രാജ്യത്തെ യുവതയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. യുവജനതയുടെ കുറവ് നവീനമായ ആശയങ്ങൾ ഉയർന്നുവരുന്നത് കുറയ്ക്കുകയും ചെയ്യുന്നു. സൈനികമേഖലയിലും ജനസംഖ്യാനിയന്ത്രണം വഴി പ്രയാസങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

നിർബന്ധിത ജനസംഖ്യാ നിയന്ത്രണം ചൈന എന്ന വമ്പൻ രാഷ്ട്രത്തിന് സമ്മാനിച്ചത് ജനമാന്ദ്യവും അക്രമസംഭവങ്ങളുടെ തോതിലുള്ള വർധനവുമൊക്കെയാണ്. ജനസംഖ്യാ മാന്ദ്യം കാരണത്താലുണ്ടായ സാമ്പത്തിക നഷ്ടം തൊഴിൽ മേഖല മുതൽ ആരോഗ്യ മേഖലവരെ ബന്ധപ്പെട്ടിട്ടുണ്ട്. ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ തകർച്ച 2027 ആകുമ്പോഴേക്കും പൂർണമാകുമെന്നും ഇപ്പോൾത്തന്നെ ആ രാജ്യം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നു എന്നും പറയപ്പെടുന്നു.

പ്രകൃതിവിഭവങ്ങളുടെ പരിമിതികളെക്കുറിച്ച് വാചാലമായ മാൽത്തൂസിയൻ ജനസംഖ്യാ സിദ്ധാന്തം അക്ഷരാർഥത്തിൽ പൊള്ളയാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.