വിമർശനത്തെ ഭയക്കുന്നവർ ഭീരുക്കൾ

പത്രാധിപർ

2023 നവംബർ 18 , 1445 ജു.ഊലാ 04

പ്രജകൾ എങ്ങനെ ചിന്തിക്കണമെന്നും എങ്ങനെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശം തന്നിൽ നിക്ഷിപ്തമാണെന്ന് ഓരോ ഭരണാധികാരിയും കരുതുന്നു; അങ്ങനെയാകാൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം അമിതമാകുമ്പോഴാണ് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്നത്. അത്തരം ഭരണാധികാരികൾക്ക് തങ്ങൾ വിമർശിക്കപ്പെടുന്നത് അസഹ്യമായിരിക്കും. തങ്ങളെ വിമർശിക്കുന്നതിനെ രാജ്യദ്രോഹമായി ചിത്രീകരിക്കാനും വിമർശകരെ തുറുങ്കിലടക്കാനും അവർ മടികാണിക്കില്ല.

തങ്ങളുടെ വിദ്യാർഥികളെല്ലാം വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും തങ്ങൾ മനസ്സിൽ രൂപപ്പെടുത്തിയ മാതൃകയാകണമെന്ന് പല അധ്യാപകരും ആഗ്രഹിക്കുന്നു. യാതൊന്നും മറുത്തു പറയാതെ, കുഴപ്പംപിടിച്ച ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ, കുസൃതികളും കളിതമാശകളും കാണിക്കാതെ, എഴുത്തും വായനയും ഹോംവർക്കുമെല്ലാം കൃത്യമായി നിർവഹിക്കുന്ന സ്ഥിതിയിൽ എല്ലാ വിദ്യാർഥികളും ആയാൽ ഈ അധ്യാപകർ അത്യധികം സന്തുഷ്ടരായിയിരിക്കും. മാതൃകായോഗ്യർ എന്ന് അറിയപ്പെടുന്നവരും അവാർഡ് ജേതാക്കളുമൊക്കെയായ മികച്ച ഗുരുനാഥൻമാരുടെ മനോഗതിയും ഏറെക്കുറെ ഇങ്ങനെയായിരിക്കും.

തങ്ങളുടെ അണികൾ ഏറ്റവുമധികം അച്ചടക്കം പാലിക്കുന്നവരും തങ്ങളുടെ അജണ്ട പൂർണമായി നടപ്പിലാക്കുന്നവരും ആയിരിക്കണമെന്ന് മിക്ക സംഘടനാസാരഥികളും ആഗ്രഹിക്കുന്നു. സഹപ്രവർത്തകരൊക്കെയും തങ്ങളുടെ ചിന്താഗതികളോടും സമീപനങ്ങളോടും പൂർണമായി യോജിക്കുന്നവരാകണമെന്നും വിശദാംശങ്ങളിൽ പോലും അവർ വ്യത്യസ്തമായ വീക്ഷണങ്ങളും നിലപാടുകളും പുലർത്തുന്നവരാകരുതെന്നും അവർ ആഗ്രഹിക്കും. സ്വേച്ഛാധിപത്യ ചിന്താഗതിയുള്ളവരിൽ മാത്രമല്ല ഈ ആഗ്രഹം ഉണ്ടാവുക. സംഘടനയുടെ കെട്ടുറപ്പും വ്യതിരിക്തതയും കാത്തുസൂക്ഷിക്കുന്നതിനും വീക്ഷണ വ്യത്യാസങ്ങളും വ്യതിയാനങ്ങളും ഉണ്ടാകാതെ സൂക്ഷിക്കുവാനും ഈ ജാഗ്രത അനിവാര്യമാണെന്ന് മനസ്സിലാക്കുന്ന നല്ല സംഘാടകരിലും ഈ ചിന്താഗതി കാണാം. സംഘടനയുടെ കെട്ടുറപ്പിന്റെ കാര്യത്തിൽ തികഞ്ഞ നിഷ്‌കർഷത പുലർത്താതെ മുന്നോട്ട് നീങ്ങാൻ കഴിയില്ല എന്ന നിലപാട് ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്ന ആർക്കും അവഗണിക്കാൻ കഴിയില്ല.

നടേ സൂചിപ്പിച്ച ഭരണാധികാരികളും അധ്യാപകരും സംഘടനാ സാരഥികളും ഒരു മൗലികമായ യാഥാർഥ്യം വിസ്മരിക്കുന്നു.

വ്യക്തികളെ അവരുടെ തനതായ രൂപത്തിൽ പരിഗണിക്കുകയും അവരുടെ ചിന്താപരവും സ്വഭാവപരവുമായ വ്യതിരിക്തത നിലനിർത്താൻ അനുവദിക്കുകയും ചെയ്താലേ അവർക്കും അവർ മുഖേന സമൂഹത്തിനും വികാസത്തിനുള്ള മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ കഴിയൂ എന്ന സുപ്രധാന വസ്തുതയാണ് അവർ വിസ്മരിക്കുന്നത്. ഭരണാധികാരികൾ എന്തു പറഞ്ഞാലും എന്തു ചെയ്താലും എതിർത്തൊന്നും ഉരിയാടാതെ സ്തുതിപാഠകരും റാൻമൂളികളുമായി കഴിയുന്ന പ്രജകൾ മുഖേന സാമൂഹ്യമാറ്റമോ രാജ്യപുരോഗതിയോ ഉണ്ടാവുകയില്ല എന്ന് മാത്രമല്ല വിമർശനങ്ങളും തിരുത്തലുകളും നടക്കാത്തതിനാൽ ഭരണകൂടം തന്നെ ജീർണിക്കുകയും അധഃപതിക്കുകയും ചെയ്യുന്നതിന് അവരുടെ നിലപാട് ഇടവരുത്തുകയും ചെയ്യും.

ഓരോരുത്തരും അവരവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളും കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞാൽ, ജനങ്ങളെ നയിക്കുന്നവർക്കും ഈ തിരിച്ചറിവുണ്ടായാൽ എല്ലാവർക്കും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം നൽകുന്നത് വളരെ പ്രയോജനപ്രദമാണെന്ന് വ്യക്തമാകും.