മണിപ്പൂർ കലാപം നൽകുന്ന സന്ദേശം

പത്രാധിപർ

2023 മെയ് 13 , 1444 ശവ്വാൽ 20

ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മണിപ്പൂർ. തലസ്ഥാനം ഇംഫാൽ. വടക്ക് നാഗാലാന്റ്, തെക്ക് മിസോറാം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മർ എന്നിവയാണ് അതിർത്തികൾ. 1972ൽ നിലവിൽ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്‌നം’ എന്ന പേരിൽ അറിയപ്പെടുന്നു.

മണിപ്പൂരിലെ ഒരു കവയിത്രിയും പത്രപ്രവർത്തകയും സന്നദ്ധപ്രവർത്തകയുമായ ഇറോം ചാനു ശർമ്മിള സംസ്ഥാനത്ത് നിലവിലുള്ള ആംഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവേഴ്‌സ് ആക്ട് 1958 (പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം) പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നീണ്ടുനിന്ന നിരാഹാര സമരം നടത്തിയതിലൂടെ (2000 നവംബർ 2-2016 ആഗസ്റ്റ് 9) ലോകശ്രദ്ധ നേടിയ സംസ്ഥാനമാണ് മണിപ്പൂർ.

മണിപ്പൂർ ഇന്ന് അശാന്തമാണ്. അക്ഷരാർഥത്തിൽ കത്തിയെരിയുകയാണ്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തികൾക്ക് പട്ടികവർഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട് നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് ശുപാർശ നൽകണമെന്ന കോടതിയുത്തരവ് വന്ന പശ്ചാത്തലത്തിലാണ് ഈ ചെറുസംസ്ഥാനം കലാപഭൂമിയായി മാറിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

എന്നാൽ ഇത് ആകസ്മികമായ, കേവലം പ്രതിഷേധ പ്രകടനം അക്രമത്തിലേക്ക് വഴിമാറിയതല്ല. മറിച്ച് തികച്ചും ആസൂത്രിതമായ ഒരു അജണ്ടയുടെ ഭാഗമാണ്.

2017ലെ തെരഞ്ഞെടുപ്പിൽ 60ൽ 28 സീറ്റുകൾ നേടിയ കോൺഗ്രസിനെ പ്രതിപക്ഷമാക്കി 22 സീറ്റുകൾ നേടിയ ബിജെപി അധികാരത്തിലെത്തുകയുണ്ടായി. കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്താണ് അതിനു സാധിച്ചത്. താമസിയാതെ ചെറിയ ചില വികസന പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ നേരിട്ട് നടത്തിത്തുടങ്ങിയതോടെ ശങ്കിച്ചു മാറിനിന്നിരുന്ന കുറെ വിഭാഗം ക്രിസ്ത്യാനികൾ കൂടി കാവിക്കൊടി വാഹകരായി. അങ്ങനെ 2022ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിൽ 33 ഉം നേടി ബിജെപി ഒറ്റക്ക് ഭരണത്തിലേറി.

ഇനി വേണ്ടത് 42 ശതമാനം വരുന്ന ഹിന്ദുക്കളെ പൂർണമായും കൈയിലെടുക്കുക എന്നതാണ്. അതിനായി മെയ്തി വിഭാഗമായ നിങ്ങളാണ് മണിപ്പൂരിന്റെ ഡോമിനന്റ് കാസ്റ്റ് എന്നും ക്രിസ്ത്യാനികൾ നിങ്ങളുടെ അവകാശങ്ങളും ഭൂമിയും സംസ്‌കാരവും പതിയെ പതിയെ കൈയേറി ഒടുവിൽ നിങ്ങൾ ഇല്ലാതാകുമെന്നും പറഞ്ഞു വിഭാഗീയതയുടെയും ശത്രുതയുടെയും വിത്തു പാകി. അതോടൊപ്പം സംഘ പരിവാർ ഏജന്റ് മെയ്തി വിഭാഗത്തിനും റിസേർവേഷൻ വേണം എന്ന് പറഞ്ഞു കോടതിയിൽ കേസ് ഫയൽ ചെയ്തു. ഉടനെ അത് പരിശോധിക്കാൻ കോടതി നിർദേശം നൽകുകയായി.

ട്രൈബൽ മേഖലയിൽ അധഃസ്ഥിതരായി കഴിയുന്ന തങ്ങളുടെ അനുകൂല്യങ്ങൾ മെയ്തികൾ തട്ടിയെടുക്കുന്നു എന്ന സംശയത്താൽ ക്രിസ്ത്യൻ വിഭാഗം തെരുവിലിറങ്ങുന്നു. സംഘ പരിവാർ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് അതൊരു ഉഗ്ര കലാപത്തിലേയ്ക്ക് എത്തുന്നു. പിന്നീട് കാര്യങ്ങൾ ഏറ്റെടുത്തത് പതിനായിരക്കണക്കിന് ആർഎസ്എസ് കേഡർമാരായിരുന്നു. അതോടെ ശേഷം അവിടെ നടന്നതെന്തെന്ന് വിവരിക്കണ്ടതില്ല!

രാജ്യത്തെങ്ങും ക്രൈസ്തവർ സുരക്ഷിതരാണെന്ന് അവകാശപ്പെട്ട് സംഘപരിവാറിനെ പ്രീണിപ്പിക്കാൻ പ്രയത്‌നിക്കുന്ന സഭാ നേതൃത്വം മണിപ്പൂർ വിഷയത്തിൽ മൗനത്തിലാണ്.

കേവലം ഗോത്രവിഭാഗങ്ങൾക്കിടയിലെ അവകാശത്തർക്കമായല്ലാതെ, മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂർ സംഭവം മാറിയിരിക്കെ, ഈ വിഷയത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തുന്ന നിശ്ശബ്ദത വലിയൊരു അപകടസൂചന തന്നെയാണ്.