വീണ്ടും പുകയുന്ന പുൽവാമ

പത്രാധിപർ

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

പുൽവാമയിൽ സൈനികർ ഭീകരാക്രമണത്തിന് ഇരകളായ സംഭവത്തെക്കുറിച്ച് രണ്ട് ഉന്നതരായ വ്യക്തികളുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്, മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി എന്നിവരുടെതാണ് വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലുകൾ ജനങ്ങളിൽ വലിയ ഞെട്ടലൊന്നും ഉളവാക്കിയില്ല. കാരണം അന്നുതന്നെ അതിൽ എന്തൊക്കെയോ ദുരൂഹതകളുള്ളതായി പരക്കെ സംസാരമുണ്ടായിരുന്നു. അന്നുതന്നെ ലോക്‌സഭയിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു.

ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിനാണ് എന്നാണ് മുൻ കരസേന മേധാവി പറഞ്ഞിരിക്കുന്നത്. ദേശീയ സുരക്ഷാ ഏജൻസിക്കും ഇന്റലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്തമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി ടെലഗ്രാഫ് പത്രത്തോടാണ് തുറന്നു പറഞ്ഞിരിക്കുന്നത്.

സിആർപിഎഫ് ജവാന്മാരെ വ്യോമ മാർഗം കൊണ്ടുപോകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതാണ് പുൽവാമ ആക്രമത്തിലേക്ക് നയിച്ചതെന്നാണ് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ. സിആർപിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാർഗം കൊണ്ടുപോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് റിപ്പോർട്ട്. സാധാരണ സൈനികരെ റോഡുമാർഗം കൊണ്ടുപോകാറുണ്ട്. എന്നാൽ 78 വാഹനങ്ങളടങ്ങുന്ന കോൺവോയി പോകാൻ തീരുമാനിച്ചത് അസാധരണമെന്നാണ് സിആർപിഎഫും വിലയിരുത്തിയത്.

ഇത് വിവരം ചോരാനും വാഹന വ്യൂഹത്തിന് ശ്രദ്ധ കിട്ടാനും ഇടയാക്കി. വാഹനവ്യൂഹത്തിലെ അഞ്ചാമത്തെ വാഹനത്തിനരികിലേക്ക് കാർ ഓടിച്ചു കയറ്റിയാണ് സ്‌ഫോടനം നടത്തിയത്. പുൽവാമ ആക്രമണത്തിന് പിന്നിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ തന്നോട് നിശ്ശബ്ദനായിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി സത്യപാൽ പറഞ്ഞിരുന്നു. ജവാന്മാർക്ക് യാത്ര ചെയ്യുന്നതിനായി സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ലെന്നും മുൻ ഗവർണർ വെളിപ്പെടുത്തുന്നു. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

ദേശിയ സുരക്ഷയിൽ ഉണ്ടായ വീഴ്ചയും ഇന്റലിജൻസിന്റെ പരാജയവും എടുത്ത് പറഞ്ഞായിരുന്നു അന്ന് കോൺഗ്രസിന്റെ ചോദ്യങ്ങൾ. മാലികിന്റെ പുതിയ വെളിപ്പെടുത്തലിൽ കേന്ദ്രം ഉത്തരം പറയണമെന്നാണ് ഇപ്പോൾ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ടാണ് സിആർപിഎഫ് ജവാന്മാരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്? 2019 ജനുവരി രണ്ടിനും 2019 ഫെബ്രുവരി 13 നും ഇടയിൽ ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഇന്റലിജൻസ് വിവരങ്ങൾ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു? എങ്ങനെയാണ് തീവ്രവാദികൾ ഇത്രയും ആർഡിഎക്‌സ് സംഭരിച്ചത്? നാല് വർഷത്തിന് ശേഷം പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം എവിടെയെത്തി? ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്.