ആത്മപരിശോധനക്ക് തയ്യാറാവുക

പത്രാധിപർ

2023 ഏപ്രിൽ 08, 1444 റമദാൻ 17

എല്ലാ മനുഷ്യരുടെയും സ്വഭാവം ഒരുപോലെയല്ല. സത്യവിശ്വാസികൾ; വിശിഷ്യാ പ്രബോധകർ ആരോട് പെരുമാറുമ്പോഴും തങ്ങളുടെ ഇസ്‌ലാമിക മേന്മ നിലനിർത്തണം. പരുഷസ്വഭാവികളോട് അതേ പരുഷതയിൽ പെരുമാറുകയല്ല വേണ്ടത് എന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്. ക്രൂരനും മർദകനും സ്വേഛാധിപതിയുമായ ഫിർഔനിന്റെ അടുത്തേക്ക് അല്ലാഹു മൂസാനബി(അ)യെയും ഹാറൂൻ(അ)യെയും പറഞ്ഞയക്കുമ്പാൾ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്:

“നിങ്ങൾ രണ്ടുപേരും ഫിർഔന്റെ അടുത്തേക്ക് പോകുക. തീർച്ചയായും അവൻ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയുക. അവൻ ഒരുവേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന് വരാം’’ (ക്വുർആൻ 20:43,44).

മുഹമ്മദ്‌ നബി(സ്വ)യോട് അല്ലാഹു പറഞ്ഞു: “(നബിയേ,) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക...’’ (3:159).

പ്രബോധകർ ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിൽ ആത്മപരിശോധന നടത്തുക. നാം ക്ഷണിക്കുന്നത് വിശുദ്ധ ക്വുർആനിലേക്കും നബിചര്യയിലേക്കുമാണ്. അവ രണ്ടും പഠിപ്പിക്കുന്ന ഉദാത്തമായ സ്വഭാവഗുണങ്ങൾ നമ്മളിലില്ലെങ്കിൽ നമ്മുടെ പ്രബോധനം എങ്ങനെ ഫലവത്താകും? അക്ഷമയും കാർക്കശ്യവും വാശിയും തങ്ങളുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുമെന്ന തിരിച്ചറിവ് അനിവാര്യമാണ്.

പ്രബോധകരും പ്രസംഗകരും പണ്ഡിതന്മാരുമായ അനേകംപേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ സൗമ്യഭാവം കൈമോശം വന്നവരായി അവരിൽ പലരെയും നാം കാണുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറുന്നതുപോയിട്ട് ആദർശബന്ധുക്കളും തൗഹീദിൽ അടിയുറച്ചു നിലകൊള്ളുന്നവരുമായവരോടു പോലും സൗമ്യഭാവത്തിൽ വർത്തിക്കാൻ അവർക്കു കഴിയുന്നില്ല. എന്തിനേറെ, കണ്ടാൽ സലാം പറയാനോ മുഖത്തുനോക്കി ഒന്നു പുഞ്ചിരിക്കാനോ തയ്യാറാകാത്തവിധം മനസ്സു കടുത്തുപോയവർ! മനസ്സ് കടുത്തുപോകുക എന്നത് വിശ്വാസികളെ ബാധിക്കാൻ പാടില്ലാത്ത ദുർഗുണമാണെന്നതിൽ സംശയമില്ല. അല്ലാഹു പറയുന്നു: “...എന്നാൽ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അകന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ’’(39:22).

സത്യവിശ്വാസത്താൽ മനസ്സ് ആർദ്രവും സൗമ്യവുമാകാത്ത ഒരു ജനവിഭാഗത്തോട് അല്ലാഹു പറഞ്ഞു: “പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകൾ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാൾ കടുത്തതോ ആയി ഭവിച്ചു’’(ക്വുർആൻ 2:74).

വേദഗ്രന്ഥം ലഭിച്ചതിന് ശേഷം ഏറെക്കഴിഞ്ഞപ്പോൾ മനസ്സ് കടുത്തുപോയ പൂർവവേദക്കാരെ പോലെ സത്യവിശ്വാസികൾ ആകാൻ പാടില്ലെന്ന് ക്വുർആൻ ഉണർത്തുന്നു:’’വിശ്വാസികൾക്ക് അവരുടെ ഹൃദയങ്ങൾ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും അവതരിച്ചുകിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങൾക്ക് മുമ്പ് വേദഗ്രന്ഥം നൽകപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാർക്ക് കാലം ദീർഘിച്ച് പോകുകയും തൻമൂലം അവരുടെ ഹൃദയങ്ങൾ കടുത്തുപോകുകയും ചെയ്തു. അവരിൽ അധികമാളുകളും ദുർമാർഗികളാകുന്നു’’(ക്വുർആൻ 57:16).

വാക്കിലോ പ്രവൃത്തിയിലോ വീക്ഷണത്തിലോ തെറ്റുപറ്റുക മനുഷ്യസഹജമാണ്്. ആത്മപരിശോധനയും തെറ്റുതിരുത്തലും പശ്ചാത്താപവും അതിനുള്ള പരിഹാരമാണ്.