ഫലസ്തീൻ; പശ്ചിമേഷ്യയുടെ കണ്ണീർ കണം

പത്രാധിപർ

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

മുക്കാൽ നൂറ്റാണ്ടു കാലമായി പശ്ചിമേഷ്യയുടെ കണ്ണീർ കണമായി നിലകൊള്ളുന്ന ഒരു കൊച്ചു രാജ്യമാണ് ഫലസ്തീൻ. പലരും ധരിച്ചുവച്ചിരിക്കുന്നത് ഫലസ്തീനിലുള്ളത് മുസ്‌ലിംകൾ മാത്രമാണ് എന്നാണ്. ന്യൂനപക്ഷമാണെങ്കിലും അവിടെ ക്രിസ്ത്യാനികളുമുണ്ടെന്നും ഇസ്‌റാഈൽ എന്ന സിയോണിസ്റ്റ് അധിനിവേശ ശക്തിയുടെ കിരാതനടപടികൾക്ക് അവരും ഇരകളാകുന്നുണ്ടെന്നും അവരറിയുന്നില്ല.

10 ലക്ഷം വരുന്ന ഫലസ്തീനികളെ ജന്മനാട്ടിൽ നിന്ന് ആട്ടിപ്പായിച്ചുകൊണ്ടായിരുന്നു ഇസ്രായേൽ രാഷ്ട്രം രൂപം കൊണ്ടത്. ഇന്നും ലക്ഷക്കണക്കിന് ഫലസ്തീനികളാണ് സിറിയ, ജോർദാൻ, ലബനാൻ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിൽ അഭയാർഥികളായി കഴിയുന്നത്. സ്വാതന്ത്ര്യത്തിനുമേലുള്ള അവകാശ ലംഘനമായ ഇസ്രയേൽ രാഷ്ട്ര പ്രഖ്യാപനത്തെ അംഗീകരിക്കാൻ ഫലസ്തീനികളും അറബ് നാടുകളും തയ്യാറായില്ല. ഈജിപ്ത്, സിറിയ, ജോർദാൻ, ലബനാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ ഒരു വശത്തും ഇസ്രായേലും തമ്മിൽ യുദ്ധം നടന്നു. ഒരു വർഷം നീണ്ടുനിന്ന യുദ്ധത്തിൽ അറബികൾ പരാജയപ്പെട്ടു. വെസ്റ്റ്ബാങ്കും ഗസ്സയുമുൾപ്പെടെയുള്ള പ്രദേശങ്ങൾ ഇസ്രായേലിന്റെ കീഴിലായി.

1967ൽ ഈജിപ്ത്, ലബനാൻ, സിറിയ, ജോർദാൻ തുടങ്ങിയ രാഷ്ട്രങ്ങൾ ചേർന്ന് ഇസ്രായേലിനോട് യുദ്ധം ചെയ്തു. 6 ദിസവം നീണ്ട യുദ്ധത്തിൽ സീനാ, ഗസ്സ, വെസ്റ്റ്ബാങ്ക്, ജറൂസലേം എന്നിവിടങ്ങളിൽ ഇസ്രായേൽ ആധിപത്യമുറപ്പിച്ചു. ഇസ്രായേൽ പിടിച്ചടക്കിയ സീനാ പ്രദേശം തിരിച്ചുപിടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങൾ 1973ലെ യുദ്ധത്തിൽ കാലാശിച്ചു. എന്നാൽ ഈജ്പിതിന്റെ പരാജയമായിരുന്നു ഫലം. ഇതോടെ മേഖലയിലെ സൈനിക ശക്തിയായി ഇസ്രായേൽ മാറി. 1978ൽ ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറിലെത്തി. കാമ്പ്‌ഡേവിഡ് കരാർ എന്ന് അറിയപ്പെടുന്ന ഈ കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിക്കേണ്ടിവന്നു. സീനാപ്രദേശം കരാറിന്റെ ഭാഗമായി ഇസ്രായേൽ വിട്ടുനൽകി.

വെസ്റ്റ്ബാങ്കിലുൾപ്പെടെ ഇസ്രായേൽ കുടിയേറ്റം തുടർന്നുകൊണ്ടിരിന്നു. സ്വതന്ത്ര ഫലസ്തീൻ എന്ന ലക്ഷ്യത്തോടെ 1964ൽ രൂപീകൃതമായ, യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പിഎൽഒയിലും മറ്റു അറബ് രാജ്യങ്ങളിലും പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ ഫലസ്തീൻ വിമോചനത്തിനായി 1987ൽ ഹമാസ് രൂപീകരിക്കപ്പെട്ടു. ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിന്റെ ആശയാടിത്തറയിൽനിന്നാണ് ഹമാസ് പിറക്കുന്നത്. നേരത്തെ ഗസ്സ കേന്ദ്രീകരിച്ച് സാമൂഹ്യ സേവന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ശൈഖ് അഹ്‌മദ് യാസീനാണ് ഹമാസിന്റെ സ്ഥാപക നേതാവ്.

1993ൽ പി.എൽ.ഒ പതുക്കെ നിലപാട് മയപ്പെടുത്താൻ തുടങ്ങി. ഇസ്രായേലുമായി കരാറിലേർപ്പെടാൻ അവർ തീരുമാനിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേൽ പ്രധാനമന്ത്രി റാബിനും ഫലസ്തീൻ പി.എൽ.ഒ നേതാവ് യാസർ അറഫാത്തും തമ്മിൽ 1993ൽ സമാധാന കരാറിൽ ഒപ്പുവച്ചു. ഇതാണ് ഓസ്‌ലോ കരാർ. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ കയ്യേറിയ സ്ഥലങ്ങളിൽനിന്ന് പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേർത്ത് ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കും, ഇസ്രായേലിനെ അംഗീകരിക്കും തുടങ്ങി സുപ്രധാന വ്യവസ്ഥകളോടെയായിരുന്നു കരാർ ഉണ്ടാക്കിയത്. ചതിയൻമാരായ സിയോണിസ്റ്റുകളുണ്ടോ കരാർ പാലിക്കുന്നു!

2008 ഡിസംബറിൽ ഗസ്സയുടെ മേൽ ഇസ്രായേൽ ആക്രമണം തുടങ്ങി. 100 കണക്കിന് ആളുകൾ മരണപ്പെട്ട ആക്രമണം 2009 ജനുവരിയോടെയാണ് അവസാനിച്ചത്. 2012ൽ എല്ലാ ഉപരോധങ്ങൾക്കുമിടയിൽ ഇസ്രായേൽ ഗസ്സക്കുമേൽ കടന്നാക്രമണം ആവർത്തിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സിവിലിയൻമാർക്ക് അതിൽ ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 6000ൽ പരം ഫലസ്തീനികളെയാണ് ഇസ്രായേൽ സേന കൊന്നുതള്ളിയിട്ടുള്ളത്. എന്നിട്ടും ഫലസ്തീനികൾ ഭീകരവാദികളും ഇസ്‌റായേല്യർ സമാധാനത്തിന്റെ വെള്ളരി പ്രാവുകളുമാണ് ലോകത്തിനു മുന്നിൽ എന്നത് സമാധാനകാംക്ഷികളുടെ ഉറക്കം കെടുത്തുന്നതാണ്.