കൊച്ചുകുറ്റവാളികൾ പെരുകുന്നുവോ?

പത്രാധിപർ

2023 ഫെബ്രുവരി 04, 1444 റജബ് 12

കുട്ടിക്കുറ്റവാളികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചെറുതും വലുതുമായ കുറ്റങ്ങൾ ഇതിൽപെടുന്നു. പതിനെട്ടു വയസ്സിൽ താഴെയുള്ള, കുറ്റവാസനയുള്ള കുട്ടികളെയാണ് ബാലകുറ്റവാളികൾ എന്നു വിശേഷിപ്പിക്കുന്നത്. മോഷണം, പിടിച്ചുപറി, ബലാൽസംഗം, കൊലപാതകം മുതലായ എല്ലാ കുറ്റകൃത്യങ്ങളും ഈ വിഭാഗത്തിൽ പെടുന്നവർ ചെയ്യുന്നുണ്ട്. അമേരിക്കയിൽ ഓരോ വർഷവും ഇത്തരം പത്തുലക്ഷത്തിൽപരം കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അവിടെ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ 45 ശതമാനവും ഈ വിഭാഗത്തിൽ പെടുന്നവരാണ് എന്നത് ഞെട്ടിപ്പിക്കുന്നൊരു യാഥാർഥ്യമാണ്. പൊതുയിടങ്ങളിലും സ്‌കൂളുകളിലും ചെന്ന് തുരുതുരാ വെടിവെച്ച് മുതിർന്നവരെയും കുട്ടികളെയും കൊല്ലുന്ന കാര്യത്തിൽ അമേരിക്കയിലെ കുട്ടികൾ മുൻപന്തിയിലാണ്.

കുട്ടികളെ കുറ്റവാസനയിലേക്ക് നയിക്കുന്ന കാരണങ്ങൾ പലതാണ്. അവയിൽ പ്രധാനമായത് തെറ്റായ ലൈംഗിക ധാരണകൾ, അനാരോഗ്യകരമായ കുടുംബബന്ധം, കുറ്റവാസനകൾ ഉണ്ടാക്കുന്ന സാമൂഹ്യാന്ത രീക്ഷം, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന സംഭവങ്ങൾ പോലുള്ളവയാണ്.

ചില കുട്ടിക്കുറ്റവാളികൾ തലച്ചോറിനുണ്ടായിട്ടുള്ള തകരാറുകൾ മൂലമാണ് അപ്രകാരം ആയിത്തീരുന്നത്. ഇക്കൂട്ടർക്ക് കുറ്റകൃത്യങ്ങളിൽനിന്ന് അകന്ന് നിൽക്കാനുള്ള സ്വാഭാവികമായ കഴിവു നഷ്ടപ്പെടുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളും കുറ്റകൃത്യങ്ങൾ ചെയ്യാറുണ്ട്. തങ്ങൾ ചെയ്യുന്ന പ്രവൃത്തികളുടെ ഭവിഷ്യത്തുക്കളെ കുറിച്ച് ശരിയായ ധാരണയില്ലാത്തതിനാലാണ് ഇക്കൂട്ടർ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്.

സമൂഹത്തിൽ നിന്നുള്ള അകൽച്ച, നിരാശ തുടങ്ങിയ കാരണങ്ങളാലും കുറ്റവാസന ഉടലെടുക്കാറുണ്ട്. വ്യക്തിപരമായ ബുദ്ധിമുട്ടുകളിൽ നിന്നുമായിരിക്കും ചില കുറ്റങ്ങൾ ചെയ്യാനുള്ള പ്രേരണ ലഭിക്കുന്നത്. മാനസിക തകരാറുകൊണ്ട് കുറ്റം ചെയ്യുന്നവരും ധാരാളമുണ്ട്.

അനാരോഗ്യകരമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികളിൽ കുറ്റവാസന കൂടുതൽ കണ്ടേക്കാം. തെറ്റിപ്പിരിഞ്ഞ രക്ഷിതാക്കളോടൊപ്പം മാറിമാറി താമസിക്കുന്ന കുട്ടികളിൽ കുറ്റവാസന വളരെ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പതിവായി വഴക്കിടുന്ന രക്ഷാകർത്താക്കൾ കുടുംബത്തിൽ ആരോഗ്യകരമായ അന്തരീക്ഷം നശിപ്പിക്കുന്നവരാണ്. അത് കുട്ടികളെ നിരാശയിലേക്കും ക്രമേണ കുറ്റകൃത്യങ്ങളിലേക്കും നയിച്ചേക്കാം. കുട്ടികളോടുള്ള സമീപനത്തിൽ വിവേചനം കാണിക്കുക, കുട്ടികളിൽ താൽപര്യമില്ലെന്നു തോന്നിക്കുക, അവരെ പരിഗണിക്കാതിരിക്കുക മുതലായവ കുട്ടികളെ കുറ്റവാസനയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്. മദ്യപരും സാമൂഹ്യവിരുദ്ധരുമായ പിതാക്കൾ കുട്ടികളിൽ കുറ്റവാസന വളർത്തുന്നതിനുള്ള സാഹചര്യം സ്വാഭാവികമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും യഥാവസരം നൽകുന്നതിൽ പല രക്ഷിതാക്കളും പരാജയപ്പെടുന്നു. ആദ്യം നന്നാവേണ്ടത് രക്ഷിതാക്കളും വീട്ടിലെ മുതിർന്നവരുമാണ്. അല്ലാതെയുള്ള ഒരു ഉപദേശവും കുട്ടികൾ ചെവിക്കൊള്ളില്ല. നന്മയും തിന്മയും, തെറ്റും ശരിയും, പാപവും പുണ്യവുമെന്തെന്ന് മക്കളെ പഠിപ്പിക്കണം. മത വിദ്യാഭ്യാസം നിർബന്ധമായും നൽകണം. മതപഠനം മൂന്നോ നാലോ വർഷംകൊണ്ട് അവസാനിപ്പിക്കുന്ന ഒന്നായിക്കൂടാ. ആത്മാർഥമായ സ്‌നേഹവും പരിഗണനയും നൽകി മതബോധത്തോടെ മക്കളെ വളർത്തിയാൽ, അവർ നല്ലവരായി വളരുവാൻ നിരന്തരം പ്രാർഥിച്ചാൽ സദ്ഫലം കാണാതിരിക്കില്ല.