ഇളംകള്ളിലെ പോഷകത്തിന്റെ പോരിശ!

പത്രാധിപർ

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

മദ്യത്തിന്റെയും ഇതര മയക്കുമരുന്നുകളുടെയും പിടിയിലമർന്നുകൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ കാതിൽ തേൻമഴയായി വർഷിക്കുന്ന വാക്കുകളാണ് ഭരണാധികാരികളിൽനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ള് പോഷകാഹാരമാണ്, ചെത്തിയ ഉടനെയുള്ള ഇളംകള്ള് പോഷകസമൃദ്ധമാണ്, അതിന് വലിയ ലഹരിയൊന്നുമുണ്ടായിരിക്കില്ല എന്നിങ്ങനെ പോകുന്നു മഹദ്വചനങ്ങൾ!

ഈ പ്രസ്താവനകൾക്കും, കൂടുതൽ ബാറുകൾക്ക് അനുമതി നൽകാനുള്ള തീരുമാനത്തിനും തൊട്ടു പിന്നാലെയാണ് ആലുവയിൽ ഒരു ഇതര സംസ്ഥാന തൊഴിലാളി പിഞ്ചു ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നത്. മദ്യത്തിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ലഹരിയിൽ എത്രയെത്ര ദുരന്തങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ദിനേന സംഭവിച്ചുകൊണ്ടിരിക്കുന്നത്! അതിൽ കൊലപാതകങ്ങളും പീഡനങ്ങളും ആത്മഹത്യകളും വാഹനാപകടങ്ങളും കവർച്ചയുമെല്ലാം ഉൾപെടും.

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും കുറച്ച് മദ്യം കഴിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നാണ് പൊതുധാരണ. അതിന് സുരക്ഷിത മദ്യപാനം എന്ന് വിളിക്കുകയും ചെയ്യും. എന്നാൽ സുരക്ഷിത മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യ സംഘടന 2023 ജനുവരി മാസത്തിൽ വ്യക്തമാക്കിയത് നമ്മുടെ ആരോഗ്യ മന്ത്രിയടക്കം ആരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ആരോഗ്യത്തെ ബാധിക്കാത്ത രീതിയിൽ മദ്യത്തിന് അളവ് ഇല്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൂടുതൽ മദ്യം കഴിക്കുന്നതിനനുസരിച്ച് കാൻസർ വരാനുള്ള സാധ്യത ഗണ്യമായി വർധിക്കുമെന്നും യൂറോപ്പിൽ 200 ദശലക്ഷം ആളുകൾക്ക് ആൽക്കഹോൾ-ആട്രിബ്യൂട്ടബിൾ കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് പ്രദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

ആഴ്ചയിൽ 1.5ലിറ്റർ കുറവ് വൈനും 3.5 ലിറ്ററിൽ കുറവ് ബിയറും ആഴ്ചയിൽ 450 മില്ലി മദ്യം കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വിലയും ഗുണനിലവാരവും പരിഗണിക്കാതെ തന്നെ, മദ്യം അടങ്ങിയ ഏത് പാനീയയവും കാൻസറിന് കാരണമാകുമത്രെ!

കുടൽ കാൻസർ, സ്തനാർബുദം തുടങ്ങി കുറഞ്ഞത് ഏഴ് കാൻസറുകളെങ്കിലും മദ്യപാനം മൂലമുണ്ടാകുന്നുണ്ട്. എഥനോൾ ശരീരത്തിൽ എത്തുന്നത് വഴി ജൈവിക സംവിധാനങ്ങൾ തകരുകയും ഇത് കാൻസറിന് കാരണമാകുകയും ചെയ്യുന്നു. മദ്യത്തിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്ന് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമാണെന്നും മദ്യപാനത്തിന്റെ ആദ്യ തുള്ളി അകത്തെത്തുന്നത് മുതൽ ഒരാളുടെ ആരോഗ്യം അപകടത്തിലേക്ക് പോകുന്നുവെന്നും എത്രത്തോളം കൂടുതൽ മദ്യപിക്കുന്നുവോ അത്രയും അപകടസാധ്യത കൂടുമെന്നും ലോകാരോഗ്യസംഘടനയുടെ കുറിപ്പിൽ പറയുന്നു.

വിദേശി, സ്വദേശി, നാടൻ, ഇളംകള്ള്, നേരിയ ലഹരി മാത്രമുള്ളത് എന്നിങ്ങനെ എന്ത് ഓമനപ്പേരിട്ട് വിളിച്ചാലും മദ്യം മദ്യം തന്നെ. ഇളംകള്ളിന്റെ പോരിശ ബഹു. മുഖ്യമന്ത്രിതന്നെ പറയുന്ന വീഡിയോ കാണുകയുണ്ടായി. വലിയ ലഹരിയില്ലാത്ത നേരിയ തോതിൽ മാത്രം ലഹരിയുടെ അംശം അടങ്ങിയ മിഠായികൾ രഹസ്യ വിപണിയിലുണ്ടല്ലോ. നേരിയ ലഹരി മാത്രമുള്ള ചെത്തുകള്ള് കുടിക്കാമെങ്കിൽ വളരെ നേരിയ ലഹരിയടങ്ങിയ മിഠായി എന്തുകൊണ്ട് കഴിച്ചുകടാ എന്ന് കുട്ടികൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകുമോ?

ഇവിടെയാണ് ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാട് പ്രസക്തമാകുന്നത്. വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകലവിധ ലഹരിവസ്തുക്കളെയും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു; ലഹരിബാധിക്കാത്തത്ര ചെറിയ അളവാണെങ്കിൽ പോലും. കാരണം, ഇസ്‌ലാം മനുഷ്യനെ ആദരിക്കുന്നു. ലഹരിയിൽ മുങ്ങി ജീവിതം തുലക്കാൻ മനുഷ്യനെ ഇസ്‌ലാം അനുവദിക്കുന്നില്ല. ലഹരിയിൽ അലിഞ്ഞുതീരാനുള്ളതല്ല മനുഷ്യന്റെ ജീവിതം. ലഹരി സകല തിന്മകളുടെയും മാതാവാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത് എത്രത്തോളം ശരിയാണെന്ന് ദിനപത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ വ്യക്തമാകും.