ലഹരിക്കടിമയാകുന്നവരുടെ എണ്ണത്തിൽ വൻവർധന!

പത്രാധിപർ

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

“ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക്, പ്രത്യേകിച്ചും യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരിവിമുക്ത പ്രചാരണ പരിപാടിയാണ് ‘വിമുക്തി.’ ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സർക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ. ലഹരിവിമുക്ത കേരളം എന്നതാണ് ‘വിമുക്തി’ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യം. വിദ്യാർഥികളിലും യുവതലമുറയിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കർമപരിപാടികൾ എക്‌സൈസ് ഡിപ്പാർട്‌മെന്റ് സംസ്ഥാന തലത്തിൽ നടപ്പിലാക്കിവരുന്നു. വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് വി മുക്തിയുടെ പ്രവർത്തനങ്ങൾ എക്‌സൈസ് വകുപ്പ് വിജയകരമായി നടപ്പിലാക്കുന്നത്...’’ ഇങ്ങനെ പോകുന്നു സർക്കാരിന്റെ ലഹരി വർജന മിഷന്റെ ഭാഗമായ ‘വിമുക്തി’യെക്കുറിച്ചുള്ള പരിചയപ്പെടുത്തൽ.

ഈ ശ്രമം ശ്ലാഘനീയം തന്നെ. എന്നാൽ ഒരുവശത്ത് സർക്കാർ തന്നെ മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നയവുമായി മുന്നോട്ടു പോകുക, മറുവശത്ത് ‘ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ’ പ്രവർത്തിക്കുക. ഇതിൽ ഏതാണ് വാസ്തവത്തിൽ ലക്ഷ്യം കാണുക? സംശയമില്ല, ആദ്യം പറഞ്ഞതുതന്നെ. കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ പോലുള്ളവ മാത്രമാണ് ലഹരിവസ്തുക്കൾ, മദ്യം അതിൽപെടില്ല എന്നാണ് സർക്കാർ കണക്കാക്കുന്നത് എന്ന് ആർക്കെങ്കിലും തോന്നിപ്പോയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

വിദ്യാർഥികളിലടക്കം മയക്കുമരുന്ന് ഉപയോഗം കുതിച്ചുയരുന്നതിനിടെ ലഹരിക്കടിമയായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായതായാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. 2021ൽ വിമുക്തി ഡി അഡിക്ഷൻ സെന്ററുകളിൽ 16,681 പേരാണ് ചികിത്സ തേടിയതെങ്കിൽ 2022ൽ ഇത് 27,061 ആയി കുതിച്ചുയർന്നിരിക്കുന്നു.

കൗമാരക്കാരുടെ എണ്ണത്തിലും വൻ ഉയർച്ചയാണ് കണക്കുകളിൽ. 21 വയസ്സിനുതാഴെ പ്രായമുള്ള 2312 പേരാണ് 2021ൽ ചികിത്സ തേടിയതെങ്കിൽ 2022ൽ 3569 പേരാണ് എത്തിയത്. ഈ വർഷം ജനുവരിയിൽ മാത്രം ഇരുനൂറിലധികം കൗമാരക്കാരാണ് ചികിത്സ തേടിയത്. ചികിത്സ തേടുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്നും എക്‌സൈസ് പറയുന്നു.

2018ൽ പദ്ധതിക്ക് തുടക്കമിട്ടതിനുശേഷം ഇതുവരെ ഒപിയിൽ മൊത്തം 87,470 പേരും ഐ.പിയിൽ 7356 പേരുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കഴിഞ്ഞ രണ്ടുവർഷങ്ങളിലായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വിവരം. ലഹരി ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരിൽ 79 ശതമാനം പേരും സുഹൃത്തുക്കൾ വഴിയാണ് ഇതിന് തുടക്കമിടുന്നതെന്ന് നേരത്തെ എക്‌സൈസ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. 10നും 15നും ഇടയിൽ പ്രായമുള്ളപ്പോൾ ലഹരി ഉപയോഗം തുടങ്ങുന്നവരാണ് കൗമാരക്കാരിൽ 70 ശതമാനം പേരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പുതുതലമുറയെ ഈ വിനാശത്തിന്റെ വഴിയിൽനിന്നും രക്ഷപ്പെടുത്തുവാനുള്ള തീവ്രശ്രമം നടത്തിയില്ലെങ്കിൽ അതിന്റെ അനന്തരഫലം പ്രവചനാതീതമായിരിക്കുമെന്ന് തിരിച്ചറിയുക; എല്ലാവരും.