നീതിനിഷേധം അരാജകത്വത്തിലേക്ക് നയിക്കും

പത്രാധിപർ

2023 ജൂലൈ 22 , 1444 മുഹറം 04

ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഭരണകൂടം ജനങ്ങളുടെതാണ്, ജനങ്ങളാൽ നടത്തപ്പെടുന്നതാണ്, ജനങ്ങൾക്കു വേണ്ടിയുള്ളതാണ് എന്നതാണ്. ഭരണകൂടത്തിന് ജനളോടുള്ള ഉത്തരവാദിത്തം പ്രധാനമാണ്. ഒരു ജനാധിപത്യ ഭരണവ്യവസ്ഥിതിയിൽ ജനങ്ങൾക്ക് നീതി നിഷേധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ജനങ്ങൾക്കു വേണ്ടിയുള്ളതാണ് എന്നത് കേവലം ആശയമായി അവശേഷിക്കും.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? എല്ലാവർക്കും നീതി, നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യർ എന്നീ ആശയങ്ങൾക്ക് ഇന്ന് പ്രായോഗികതലത്തിൽ നിലനിൽപുണ്ടോ?

അയൽരാജ്യങ്ങളിൽനിന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ അഭയാർഥികളായും കുടിയേറ്റക്കാരായും എത്തിച്ചേർന്നവരിൽ ഹിന്ദുക്കളും മുസ്‌ലികളും ക്രിസ്ത്യാനികളുമുണ്ട്. എന്നാൽ മുസ്‌ലിംകളല്ലാത്ത ആർക്കും പൗരത്വവും സമ്മതിദാനാവകാശവും നിഷേധിക്കപ്പെടുന്നില്ല. മുസ്‌ലിംകൾ മുഴുവൻ പാകിസ്ഥാനിലേക്ക് പോകേണ്ടതാണെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാർ മാത്രമല്ല ഭരണകൂടംതന്നെയാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്‌ലിംകൾ മാത്രം പൗരത്വം തെളിയിക്കാൻ ബാധ്യസ്ഥരാണെന്ന് പറയുന്നത്.

എന്തുകൊണ്ട് മുസ്‌ലിംകൾ മാത്രം പൗരത്വം തെളിയിക്കാൻ ബാധ്യസ്ഥരാകുന്നു? എന്തുകൊണ്ട് മറ്റാരുടെയും പൗരത്വം സംശയദൃഷിയോടെ വീക്ഷിക്കപ്പെടുന്നില്ല. അയൽരാജ്യങ്ങളിൽനിന്നും കടന്നുവന്ന മുസ്‌ലിംകളല്ലാത്ത എല്ലാ മതക്കാർക്കും പൗരത്വം നൽകുമെന്ന തീരുമാനം ഇരട്ട നീതിയല്ലേ? ജനാധിപത്യത്തിന്റെ കാവൽഭടന്മാരെന്ന് സ്വയം കരുതുന്നവർ പൗരത്വ കാര്യത്തിൽ എല്ലാവരെയും ഒരുപോലെയല്ലേ കാണേണ്ടത്?

നീതി നിർവഹണരംഗത്തെ അവസ്ഥയെന്താണ്? ഇന്ത്യയിൽ നടന്ന എല്ലാ വർഗീയ കലാപങ്ങളിലും ഏറ്റവും കൂടുതൽ കഷ്ടനഷ്ടങ്ങൾക്ക് ഇരയായ വിഭാഗം മുസ്‌ലിംകളാണെന്നത് ഒരു അനിഷേധ്യ യാഥാർഥ്യമാണ്. പക്ഷേ, ലഹളകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം കളാണ്. കൈയേറ്റങ്ങൾക്കും അതിക്രമങ്ങൾക്കും പുറമെ കള്ളക്കേസുകളും കുടി മുസ്‌ലിംകളുടെ മേൽ അടിച്ചേൽപിക്കപ്പെട്ടു. ടാഡ, യുഎപിഎ പോലുള്ള ഭീകര വിരുദ്ധ നിയമങ്ങളുടെ ഭാരവും ഏറ്റവുമധികം താങ്ങേണ്ടിവന്നത് മുസ്‌ലിംകളായിരുന്നു.

ഇപ്പോളിതാ ഏകീകൃത സിവിൽകോഡുമായി വന്നിരിക്കുന്നു. അതിലും പ്രധാന ലക്ഷ്യം മുസ്‌ലിംകൾ തന്നെ. ഗോത്ര വിഭാഗങ്ങൾക്കും ക്രിസ്തുമത വിശ്വാസികൾക്കും അത് ബാധകമാകില്ലത്രെ!! ഏക സിവിൽ കോഡ് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് ദേശീയ നിയമ കമ്മീഷൻ വർഷങ്ങൾക്കു മുമ്പ് റിപ്പോർട്ട് നൽകിയതാണ്. പിന്നെ ഇപ്പോൾ ഇതുമായി രംഗത്തു വന്നിരിക്കുന്നത് എന്തിനായിരിക്കും? 2016 ജൂൺ മാസത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്താൻ ദേശീയ നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. 2016ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വോട്ടു ധ്രുവീകരണത്തിന് വേണ്ടിയുള്ള തന്ത്രപരമായ നടപടിയായിരുന്നു അത്. 2024ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞടുപ്പിലെ വിജയമാണ് ഇപ്പോഴത്തെ ലക്ഷ്യം.

ജനാധിപത്യവ്യവസ്ഥയും മതനിരപേക്ഷതയും രാജ്യത്ത് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളും മതവിഭാഗങ്ങളും നീതിനിഷേധ പ്രവണതകൾക്കും പക്ഷപാതപരമായ നിലപാടുകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലേ അരാജകത്വത്തിലേക്കുള്ള മുതലക്കൂപ്പിൽനിന്ന് രാഷ്ട്രത്തെ രക്ഷിക്കാൻ കഴിയൂ.