പ്രവാചകന്മാരുടെ പാത

പത്രാധിപർ

2023 ഏപ്രിൽ 01, 1444 റമദാൻ 10

എല്ലാ മതവിഭാഗങ്ങളെയും പോലെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മുസ്‌ലിം സമുദായവും മുക്തമല്ല എന്നത് വസ്തുതയാണ്. എന്നാൽ ഇസ്‌ലാമിക പ്രമാണങ്ങളിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും യാതൊരു പഴുതുമില്ല. എന്ന് മാത്രമല്ല അവയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാനാണ് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.

മനുഷ്യന്റെ സൃഷ്ടി പ്രകൃതിയുടെ സകലമാന പ്രത്യേകതകളും പരിഗണിച്ചുകൊണ്ടാണെന്ന് ചിന്തിക്കുന്നവർക്ക് ബോധ്യമാകും. തന്നെ ഒരു ഉത്തമ പൗരനാക്കുന്ന, ആത്യന്തിക വിജയത്തിന് നയിക്കുന്ന ഒരു മാർഗനിർദേശത്തെക്കുറിച്ചുള്ള ചിന്തയും അന്വേഷണവുമാണ് മനുഷ്യനിൽനിന്നുണ്ടാകേണ്ടത്. മനുഷ്യന്റെ മാനസിക-ശാരീരിക അവസ്ഥകളെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചുമെല്ലാം നന്നായി അറിയുക അവന്റെ സ്രഷ്ടാവിനായിരിക്കുമല്ലോ. സർവശക്തനും സർവാധീശനുമായ ഒരുവന് മാത്രമെ മേൽപറഞ്ഞ രൂപത്തിലുള്ള അന്യൂനമായ മാർഗദർശനം നൽകാൻ കഴിയൂ എന്നതിൽ സംശയമില്ല. ആ മാർഗദർശനത്തിനാണ് ഇസ്‌ലാം എന്ന് പറയുന്നത്.

മനുഷ്യൻ സംസ്‌കൃതനാകുവാനും ഇഹപര വിജയത്തിന് അർഹനാകുവാനുമുള്ള ദൈവിക മാർഗദർശനമാണ് ഇസ്‌ലാം എന്നർഥം. മനുഷ്യവാസമുണ്ടായ ഭൂപ്രദേശങ്ങളിലെല്ലാം ദൈവിക കൽപന പ്രകാരം അവനെ മാത്രം ആരാധിച്ച് ജീവിക്കുവാനുള്ള ഉദ്‌ബോധനങ്ങളുമായി പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ടെന്ന് വിശുദ്ധ ക്വുർആൻ വ്യക്തമാക്കിയതായി കാണാം:

വിവിധ നാടുകളിലേക്കും വ്യത്യസ്ത ജനവിഭാഗങ്ങളിലേക്കുമാണ് പ്രവാചകന്മാർ നിയോഗിതരായതെങ്കിലും അവരുടെ പ്രബോധനത്തിന്റെ അടിസ്ഥാനശിലകൾ ഒന്നുതന്നെയായിരുന്നു. സ്രഷ്ടാവും സംരക്ഷകനും മരിപ്പിക്കുന്നവനും ഏകനായ അല്ലാഹു മാത്രമാണ്. അവൻ മാത്രമാണ് ആരാധനകൾ അർഹിക്കുന്നത്. അവനോട് മാത്രമെ പ്രാർഥിക്കാവൂ. മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. ലോകം ഒരുനാൾ അവസാനിക്കും. പുനരുദ്ധാരണത്തിന് ശേഷം വിചാരണ ചെയ്യപ്പെടും. സത്യവിശ്വാസം സ്വീകരിച്ച് സൽകർമങ്ങൾ ചെയ്ത് ജീവിച്ചവർക്ക് ശാശ്വത സ്വർഗജീവിതം പ്രതിഫലമായി ലഭിക്കും. അല്ലാത്തവർ നരക ശിക്ഷക്ക് വിധേയരാകും. ഇത് എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ആദർശമാണ്.

അല്ലാഹു പറയുന്നു: “...മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെമേൽ അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാർഗമത്രെ അത്. മുമ്പും (മുൻവേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവൻ (അല്ലാഹു) നിങ്ങൾക്ക് മുസ്‌ലിംകളെന്ന് പേര് നൽകിയിരിക്കുന്നു. റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി...’’ (ക്വുർആൻ 22:78).

ഈ സാക്ഷീകരണത്തിന്റെ ഭാഗം കൂടിയാണ് ഇസ്‌ലാമിക പ്രബോധനം. പ്രമാണങ്ങൾ നേർക്കുനേരെ വിശദമാക്കിക്കൊടുക്കുക എന്നതാണ് പ്രബോധകന്റെ കടമ. ആദർശം ആരെയും അടിച്ചേൽപിക്കുവാൻ ഇസ്‌ലാം പറയുന്നില്ല. പ്രവാചകനോടായി അല്ലാഹു പറയുന്നു: “പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ’’ (18:29).

“മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽനിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (2:256).