പുരുഷന്റെ പേറെടുക്കുവാൻ വരിനിൽക്കുന്നവരോട്

പത്രാധിപർ

2023 ഫെബ്രുവരി 18, 1444 റജബ് 27

സഹദ് എന്ന ‘പുരുഷൻ’ പ്രസവിച്ചുവത്രെ! രേഖകളിൽ കുഞ്ഞിന്റെ അമ്മയുടെ സ്ഥാനത്ത് അച്ഛന്റെ പേര് നൽകുമത്രെ! ഒരുപക്ഷേ, ഈ വർഷത്തെ ഏറ്റവും വലിയ തമാശയും ജനങ്ങളെ വിഡ്ഢികളാക്കുന്ന വാർത്തയുമായിരിക്കാം ഇത്. ഞങ്ങൾ അന്ധവിശ്വാസികളല്ലെന്നും ഞങ്ങൾ എപ്പോഴും ശാസ്ത്രത്തിന്റെ കൂടെ സഞ്ചരിക്കുന്നവരാണെന്നും വാദിക്കുന്നവർതന്നെ ഈ അസംഭവ്യമായ കാര്യത്തിന്റെ പ്രചാരകരായി രംഗത്തുവന്നതിന്റെ പിന്നിലുള്ള അജണ്ടയെന്തായിരിക്കും? ബഹു. മന്ത്രി ആർ. ബിന്ദുവിന്റെ ട്വീറ്ററിൽ വന്ന കുറിപ്പിലെ വരികൾക്കിടയിൽനിന്ന് നമുക്കത് വായിച്ചെടുക്കാം. മന്ത്രി എഴുതുന്നു:

“ട്രാൻസ് ദമ്പതികളായ സിയ പവലിനും സഹദിനും ഒരു കുഞ്ഞു പിറന്നിരിക്കുന്നു. സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തിൽ അട്ടിമറി സൃഷ്ടിച്ചുകൊണ്ട് ഈ ഭൂമിയിൽ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാവട്ടെ...ആധിപത്യത്തിന്റെയും അധികാര സ്ഥാപനത്തിന്റെയും വിമ്മിട്ടപ്പെടുത്തുന്ന കുടുംബ സങ്കൽപങ്ങൾക്കപ്പുറത്ത് സ്‌നേഹത്തിന്റെയും തുല്യ പങ്കാളിത്തത്തിന്റെയും മസൃണമായ അന്തരീക്ഷമുള്ള ഒന്നായി കുടുംബത്തെ പുനർനിർവചിക്കുവാൻ ഈ ജനനവും ഒരു നല്ല കാരണമാവട്ടെ...’’

കേരളത്തിൽ ഒരു ദിവസം എത്രയോ സ്ത്രീകൾ പ്രസവിക്കുന്നുണ്ട്. അതിൽ പെട്ട ഒരു സംഭവം മാത്രമാണ് ഈ പ്രസവവും. അതിലെന്താണിത്ര ആഘോഷിക്കാൻ എന്ന് മനസ്സിലാകുന്നില്ല. ശാരീരികമായി സ്ത്രീയുടെ അവയവങ്ങളുമായി ജനിച്ച വ്യക്തി സ്വയം പുരുഷനാണന്ന് വാദിച്ച് സ്തനം മുറിച്ചു മാറ്റി എന്നേയുള്ളൂ. ഗർഭാശയം നീക്കം ചെയ്തിട്ടില്ല. ലൈംഗികാവയവും സ്ത്രീയുടേതുതന്നെ. കൂടെ ജീവിക്കുന്നതാകട്ടെ ഞാൻ സ്ത്രീയാണന്ന് സ്വയം കരുതുന്ന പുരുഷനും. അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ല എന്നർഥം.

എതിർവർഗ ലൈംഗികത ഭാരമാണെന്ന മന്ത്രിയുടെ മുൻ ട്വീറ്റ് ഏറെ വിവാദമായതാണ്. വീണ്ടും നിലവിലുള്ള കുടുംബ സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ട് മന്ത്രി രംഗത്തുവന്നത് കേരളത്തിന്റെ ധാർമികബോധത്തോടുള്ള വെല്ലുവിളിയാണ്.

നിലവിലുള്ള കുടുംബ സംവിധാനത്തിൽ വിമ്മിട്ടമുണ്ടാക്കുന്ന എന്ത് സങ്കൽപമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിന്റെ നായകസ്ഥാനത്ത് സ്ത്രീ വന്നാൽ ആധിപത്യവും അധികാരവും ഇല്ലാതാകുമെന്നാണോ? നിലവിലുള്ള കുടുംബ സംവിധാനത്തിൽ സ്‌നേഹമസൃണത ഇല്ല എന്നുണ്ടോ? അതല്ല, ജെന്റർ സാമൂഹിക നിർമിതിയാണ് എന്ന, പാഠ്യപദ്ധതിയിൽ ഉൾപെടുത്തിയ ആശയമനുസരിച്ച് സർവ മനുഷ്യരും താൻ ആണോ പെണ്ണോ എന്ന് പുനർനിർണയം ചെയ്തു ജീവിക്കണമെന്നാണോ?

മതനിഷേധികൾക്ക് നിയമാനുസരണം വിവാഹം ചെയ്തുകൊണ്ടുള്ള ‘സാമ്പ്രദായിക’ കുടുംബജീവിതം വിമ്മിട്ടമുണ്ടാക്കുന്നതായേക്കാം. പുരുഷാധിപത്യത്തിന്റെ വ്യവസ്ഥയായേക്കാം. എന്നാൽ മുസ്‌ലിംകൾക്ക് അങ്ങനെയല്ല. സ്‌നേഹം, സഹകരണം, പരസ്പരവിശ്വാസം, അനുസരണം, ആദരവ് തുടങ്ങിയ എല്ലാ സ്വഭാവഗുണങ്ങളും നിലനിർത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതായ, പാരസ്പര്യത്തിലൂന്നിയ, ആണും പെണ്ണും തമ്മിലുള്ള ബന്ധമാണ്. ഇരുവർക്കും കടമകളുണ്ട്, അവകാശങ്ങളുമുണ്ട്.

നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഓരോരുത്തരും ഓരോ ഭരണാധികാരിയാണ്. ഓരോരുത്തരും തന്റെ ഭരണീയരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടും. രാജാവ് ഒരു ഭരണാധികാരിയാണ്. പുരുഷൻ തന്റെ വീട്ടുകാരുടെ ഭരണാധികാരിയാണ്. സ്ത്രീ ഭർതൃഗൃഹത്തിന്റെയും സന്തതികളുടെയും ഭരണാധികാരിയാണ്.’’