സൂറ: അശ്ശൂറാ (കൂടിയാലോചന), ഭാഗം 9

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

അധ്യായം: 42, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّاوَهُوَوَمِنْ ءَايَـٰتِهِۦ خَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ (٢٩) وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ (٣٠) وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ (٣١) وَمِنْ ءَايَـٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ (٣٢) إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ (٣٣) أَوْ يُوبِقْهُنَّ بِمَا كَسَبُوا۟ وَيَعْفُ عَن كَثِيرٍ (٣٤) وَيَعْلَمَ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِنَا مَا لَهُم مِّن مَّحِيصٍ (٣٥)

29. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണ് അവൻ.

30. നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു.

31. നിങ്ങൾക്ക് ഭൂമിയിൽ വെച്ച് (അല്ലാഹുവിനെ) തോൽപിച്ചുകളയാനാവില്ല. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ലതാനും.

32. കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.

33. അവൻ ഉദ്ദേശിക്കുന്നപക്ഷം അവൻ കാറ്റിനെ അടക്കിനിർത്തും. അപ്പോൾ അവ കടൽപരപ്പിൽ നിശ്ചലമായി നിന്നുപോകും. തീർച്ചയായും അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും ദൃഷ്ടാന്തങ്ങളുണ്ട്.

34. അല്ലെങ്കിൽ അവർ പ്രവർത്തിച്ചതിന്റെ ഫലമായി അവയെ (കപ്പലുകളെ) അവൻ തകർത്തുകളയും. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യും.

35. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ തർക്കം നടത്തുന്നവർ തങ്ങൾക്ക് രക്ഷപ്രാപിക്കുവാൻ ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലാക്കേണ്ടതിനുമാണത്.

29) (അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ) മരിച്ചവരെ മരണശേഷം ജീവിപ്പിക്കുന്നു എന്നത് അവന്റെ മഹത്തായ കഴിവിന്റെ തെളിവാണ്. (സൃഷ്ടിച്ചതും) ഈ (ആകാശഭൂമികളെ) വലുപ്പത്തിലും വിശാലതയിലും. അതവന്റെ കഴിവിനെയും വിശാലമായ അധികാരത്തെയും അറിയിക്കുന്നു. അവയുടെ നിർമാണത്തിന്റെ അന്യൂനതയും ദൃഢതയും അവന്റെ യുക്തിജ്ഞാനത്തെ കുറിക്കുന്നു. അവയിലുള്ള നന്മകളും പ്രയോജനങ്ങളും അവന്റെ കാരുണ്യത്തെയാണ് അറിയിക്കുന്നത്. ഇവയെല്ലാം തന്നെ സർവവിധ ആരാധനകൾക്കും അവനാണർഹൻ എന്ന് തെളിയിക്കുന്നു. അവനല്ലാത്തവർക്ക് ആരാധ്യത കൽപിക്കുന്നത് അന്യായമാണ്.

(അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും) അല്ലാഹു തന്റെ ദാസന്മാരുടെ ഗുണത്തിനും നന്മയ്ക്കും വേണ്ടി സൃഷ്ടിച്ച വ്യത്യസ്ത ജീവികളെ അവൻ ആകാശഭൂമികളിൽ വ്യാപിപ്പിച്ചു. (അവൻ അവരെ ഒരുമിച്ചുകൂട്ടുവാൻ) അതായത് ഉയിർത്തഴുന്നേൽപിന്റെ സ്ഥലത്ത് മരണശേഷം സൃഷ്ടികളെ ഒരുമിച്ചുകൂട്ടാൻ. (അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണവൻ) അവന്റെ ഉദ്ദേശ്യവും കഴിവും അതിന് പറ്റിയതാണെന്നർഥം. ഇതിലൂടെ സ്ഥാപിക്കുന്നത് അവന്റെ വർത്തമാനങ്ങൾ സംഭവിക്കുമെന്നതാണ്. പ്രവാചകന്മാരെക്കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യത്തെക്കുറിച്ചും ആവർത്തിച്ചു പറയുന്നുണ്ടല്ലോ.

30). അല്ലാഹു പറയുന്നു: തന്റെ ദാസന്മാർക്ക് ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും അവർ ഇഷ്ടപ്പെടുന്നതിലുമെല്ലാം അവർക്ക് പ്രയാസകരമായി സംഭവിക്കുന്നതെല്ലാം അവർ ചെയ്തുവെച്ചതിന്റെ കാരണമാണ്. അധിക തിന്മകൾക്കും അവൻ വിട്ടുവീഴ്ച നൽകുന്നു. തന്റെ അടിമകളോട് അല്ലാഹു അനീതി കാണിക്കുകയില്ല. എന്നാൽ അവർ അവരോടുതന്നെ അക്രമം കാണിക്കുന്നു.

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍ

“അല്ലാഹു മനുഷ്യനെ അവർ പ്രവർത്തിച്ചതിന്റെ പേരിൽ പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കിൽ ഭൂമുഖത്ത് ഒരു ജന്തുവെയും അവൻ വിട്ടേക്കുകയില്ലായിരുന്നു’’(35:45).

ശിക്ഷകൾ വൈകുന്നത് അതിനെ അവഗണിച്ചതുകൊണ്ടോ, കഴിയാത്തതുകൊണ്ടോ അല്ല.

31). നിങ്ങൾക്ക് ഭൂമിയിൽവെച്ച് തോൽപിച്ച് കളയാനാവില്ല; നിങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ ശക്തിയെ. മറിച്ച്, ഭൂമിയിൽ നിങ്ങൾ പരാജയപ്പെട്ടുപോകുന്നവരാണ്. അല്ലാഹു നിങ്ങളിൽ നടപ്പാക്കുന്നതെന്തോ അതിനെ പ്രതിരോധിക്കാൻ നിങ്ങൾക്കാവില്ല. (അല്ലാഹുവിന് പുറമെ നിങ്ങൾക്ക് യാതൊരു രക്ഷാധികാരിയുമില്ല) നിങ്ങളെ ഏറ്റെടുക്കുകയും നിങ്ങൾക്ക് ഉപകാരങ്ങളും ചെയ്തുതരുന്ന. (സഹായിയും ഇല്ല) നിങ്ങൾക്ക് വരുന്ന ദോഷങ്ങളെ തടുക്കാനും കഴിയുന്ന.

32). അല്ലാഹുവിന് തന്റെ ദാസന്മാരോടുള്ള കരുണയുടെയും പരിഗണനയുടെയും മറ്റൊരു തെളിവ് (കടലിലൂടെ സഞ്ചരിക്കുന്നവ) കപ്പലുകളും മറ്റു യന്ത്രത്താലും പായകളായും സഞ്ചരിക്കുന്ന വാഹനങ്ങൾ. അതിന്റെ വലുപ്പം: (മലകളെന്നോണം) ഇരമ്പുന്ന കടലുകളെ കീഴ്‌പ്പെടുത്തുന്ന വലിയ മലകൾ പോലുള്ള കപ്പലുകൾ. തിരകളിൽനിന്നവൻ അതിനെ സംരക്ഷിക്കുന്നു. നിങ്ങളെ വഹിക്കുന്നതാക്കുകയും ചെയ്തു; നിങ്ങളുടെ ചരക്കുകളെയും. വിദൂര നാടുകളിലും ഭൂമുഖങ്ങളിലും അതിനെ അവ എത്തിക്കുന്നു. അതിന് പറ്റാവുന്ന രൂപത്തിൽ കാരണങ്ങളെ അവൻ അനുകൂലമാക്കി.

33,34). ഈ കാരണങ്ങളെക്കുറിച്ചാണ് തുടർന്ന് ഉണർത്തുന്നത്: (അവൻ ഉദ്ദേശിക്കുന്നപക്ഷം അവൻ കാറ്റിനെ അടക്കിനിർത്തും) കപ്പൽ സഞ്ചരിക്കാൻ കാരണമായ കാറ്റിനെ. (അവ ആയിപ്പോകും) ആ കപ്പലുകൾ. (നിശ്ചലമായി നിൽക്കുന്നത്) കടൽപരപ്പിൽ മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. ഇത് ആവിക്കപ്പലുകളെക്കുറിച്ചല്ല; സഞ്ചരിക്കാൻ കാറ്റ് ആവശ്യമായവയെക്കുറിച്ചാണ്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ കാരണം ആ കപ്പലുകളെ നശിപ്പിക്കുമായിരുന്നു. അതായത് അവയെ കടലിൽ മുക്കി നശിപ്പിക്കുകയും തകരാറ് വരുത്തുകയും ചെയ്യുമായിരുന്നു. പക്ഷേ, അല്ലാഹു വിവേകം കാണിക്കുകയും ധാരാളം തെറ്റുകൾ അവർക്ക് വിട്ടുമാപ്പാക്കി കൊടുക്കുകയും ചെയ്യും. (തീർച്ചയായും അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും ദൃഷ്ടാന്തങ്ങളുണ്ട്) തനിക്ക് പ്രയാസമുണ്ടാക്കുന്നതും അനിഷ്ടകരവുമായ കാര്യങ്ങളിൽ അധികമായി ക്ഷമകാണിക്കുന്നവർ, അല്ലെങ്കിൽ മതകാര്യങ്ങൾ നിർവഹിക്കുന്നതിലോ തെറ്റായ കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലോ ഉള്ള പ്രയാസം. അതുമല്ലെങ്കിൽ വിപത്തുക്കൾ ബാധിക്കുമ്പോഴുള്ള കോപം എന്നിവയിലെല്ലാം ക്ഷമിക്കുന്നവർ. (നന്ദിയുള്ളവൻ) അനുഗ്രഹങ്ങളിലും സുഭിക്ഷതയിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും അവന് കീഴ്‌പ്പെട്ടും അവന്റെ തൃപ്തിക്കായി നിലകൊണ്ടുകൊണ്ടും. ഇവരാണ് അല്ലാഹുവിന്റെ വചനങ്ങളെ പ്രയോജനപ്പെടുത്തുന്നവർ. എന്നാൽ ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാതെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെയുമല്ല. അങ്ങനെ ചെയ്യുന്നവൻ ധിക്കാരിയും തിരിഞ്ഞുകളയുന്നവനുമാണ്; അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ പ്രയോജനപ്പെടുത്താത്തവരും.

35). തുടർന്ന് അല്ലാഹു പറയുന്നു: (നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ തർക്കം നടത്തുന്നവർ മനസ്സിലാക്കേണ്ടതിനുമാണ്) അവരുടെ അസത്യവാദങ്ങളുടെ നിരർഥകത സ്ഥാപിക്കാനാണ് അതെന്ന്. (തങ്ങൾക്ക് രക്ഷപ്രാപിക്കുവാൻ ഒരു സ്ഥാനവുമില്ലെന്ന്) അവർക്ക് വരുന്ന ശിക്ഷയിൽനിന്ന് അവരെ രക്ഷപ്പെടുത്താൻ ഒരു രക്ഷകനും തന്നെയില്ല.