സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

അധ്യായം: 42, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ (٣٦) وَٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ (٣٧) وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ (٣٨‬) وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ (٣٩)

36. നിങ്ങള്‍ക്ക് വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ (താല്‍ക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെ പക്കലുള്ളത് കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെ അത്‌.

37. മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌.

38. തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.

39. തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.

36). ഇഹലോകത്തോട് വിരക്തിയും പരലോകത്തോട് താൽപര്യവും ഉണ്ടാക്കുന്നതാണ് ഈ വചനം. അതിന്നാവശ്യമായ പ്രവർത്തന ങ്ങളും ഇവിടെ പരാമർശിക്കുന്നു. (നിങ്ങൾക്ക് വല്ലതും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ) അധികാരമോ നേതൃത്വമോ സൗഖ്യമോ, അതെല്ലാം തന്നെ (ഐഹികജീവിതത്തിലെ-താൽക്കാലിക-വിഭവം മാത്രമാകുന്നു) നിലച്ചുപോകുന്ന നിസ്സാരമായ ആസ്വാദനം. (അല്ലാഹുവിന്റെ പക്കലുള്ളത്) നിത്യസുഖാനുഗ്രഹങ്ങളും മഹത്തായ പ്രതിഫലവുമെല്ലാം (കൂടുതൽ ഉത്തമവും) ഈ ലോകത്തെ അസ്വാദനങ്ങളെക്കാൾ (നീണ്ടുനിൽക്കുന്നതുമാകുന്നു). കാരണം, ഇവിടെയുള്ള സുഖങ്ങൾ യാതൊരു തകരാറുമില്ലാത്ത നഷ്ടപ്പെടാത്ത സുഖങ്ങളാണ്. തുടർന്ന് പറയുന്നത് ആർക്കാണ് ഈ പ്രതിഫലമെന്നാണ്? (വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്തവർക്കുള്ളതത്രെ അത്). ശരിയായ വിശ്വാസത്തെയും വിശ്വാസം അനിവാര്യമാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ കർമങ്ങളും തവക്കുലുമെല്ലാം ഒത്തുചേർന്നാൽ, തവക്കുൽ എന്നത് എല്ലാ പ്രവർത്തനങ്ങളും ഉണ്ടാക്കുന്ന ഉപകരണമാണ്. തവക്കുലില്ലാത്ത മുഴുവൻ പ്രവരത്തനങ്ങളും അപൂർണമാണ്. ഹൃദയം പൂർണമായും ആശ്രയിക്കലാണ് തവക്കുൽ. അവൻ ഇഷ്ടപ്പെടുന്നത് സാധ്യമാക്കാനും അനിഷ്ടകരമായത് തടുക്കാനും അല്ലാഹുവിന് കഴിയുമെന്ന് ഉറപ്പിക്കുക.

37). (മഹാപാപങ്ങളും നീചവൃത്തികളും വർജിക്കുന്നവരും) മഹാപാപങ്ങളും നീചവൃത്തികളും രണ്ടും മഹാപാപം തന്നെയാണ്. അപ്പോൾ എന്താണിവിടെ രണ്ടും രണ്ടായിപ്പറഞ്ഞത്? മഹാപാതകങ്ങളിലേക്ക് ക്ഷണിക്കുന്ന പാപങ്ങളാണ് നീചവൃത്തികൾ; വ്യഭിചാരംപോലുള്ള തിന്മകളിലേക്ക്. മഹാപാങ്ങളെല്ലാം അങ്ങനെയല്ല. ഓരോന്നും ഒറ്റയ്ക്ക് പറയാമെങ്കിലും ഒന്ന് മറ്റൊന്നിൽ ഉൾപ്പെടുന്നുണ്ട്. (കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്) അതായത് അവർ മാന്യമായ സ്വഭാവങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്; ഉത്തമമായ പെരുമാറ്റങ്ങളും. അങ്ങനെ സഹനം അവരുടെ ജീവിതത്തിന്റെ ഭാഗമായി; സൽസ്വഭാവമാകട്ടെ അവരുടെ പ്രകൃതിയും. അവരെ ആരെങ്കിലും വല്ല വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രകോപിപ്പിച്ചാൽ അവർ കോപത്തെ അടക്കിവെക്കും. അതിലൊരു നടപടിയും അവർ സ്വീകരിക്കില്ല. മറിച്ച് അവർ പൊറുത്തുകൊടുക്കും. തങ്ങളോട് തിന്മ ചെയ്യുന്നവരെ അവർ നേരിടുന്നത് വിട്ടുവീഴ്ചയും നന്മയും കൊണ്ടാണ്.

ഈ വിട്ടുവീഴ്ചയുടെ സ്വഭാവഫലമായി തങ്ങളെ കുഴപ്പങ്ങളിൽനിന്ന് പ്രതിരോധിക്കുകയും ധാരാളം നന്മകൾ വരുത്തുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:

وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ (٣٤) وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ (٣٥)

“ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയാണോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൊക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല’’ (41:34,35).

38). (തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും) അതായത് രക്ഷിതാവിന്റെ നിർദേശങ്ങൾക്ക് പൂർണമായി കീഴ്‌പ്പെടുക, അവന്റെ വിളിക്കുത്തരം നൽകുക, ലക്ഷ്യം അവന്റെ തൃപ്തിയായിരിക്കുക, അവന്റെ സാമീപ്യം കൊണ്ടുള്ള വിജയം പരമപ്രധാനമായിക്കാണുക. അല്ലാഹുവിന് ഉത്തരം നൽകുന്നതിൽ പെട്ടതുതന്നെയാണ് നമസ്‌കാരം നിലനിർത്തലും സകാത്ത് നൽകലും. അതാണ് അവ രണ്ടും ഒന്നിച്ചു പറഞ്ഞത്. പൊതുവായി പറഞ്ഞശേഷം ഇവ രണ്ടും പ്രത്യേകം എടുത്തുപറഞ്ഞത് അവയുടെ മഹത്ത്വത്തെ സൂചിപ്പിക്കുന്നു. (നമസ്‌കാരം മുറപോലെ നിർവഹിക്കുകയും) ബാഹ്യമായും ആന്തരികമായും നിർബന്ധമായതും ഐഛികമായതും. (നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയ്തവർ) സകാത്ത് പോലുള്ളതും അടുത്ത ബന്ധുക്കൾക്ക് നൽകുന്നതുമായ നിർബന്ധ ദാനങ്ങൾ, മുഴുവൻ സൃഷ്ടികൾക്കും പൊതുവായി നൽകേണ്ട ഐഛികദാനങ്ങളും. (തങ്ങളുടെ കാര്യം തീരുമാനിക്കുന്നത്) മതപരമായതും ഭൗതികമായതും. (അന്യോന്യമുള്ള കൂടിയാലോചനയിലൂടെയായിരിക്കും) അതായത് ഒരാളും തന്റെ അഭിപ്രായത്തിൽ സ്വേച്ഛാധിപത്യം കാണിക്കുകയില്ല; എല്ലാവരെയും ബാധിക്കുന്ന കാര്യങ്ങളിൽ. ഇതുണ്ടാകുന്നത് അവർ തമ്മിലുള്ള ഒരുമയുടെയും ഇണക്കത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഭാഗമായിട്ടാണ്. ചിന്തയോ അഭിപ്രായമോ ആവശ്യമായ എന്തെങ്കിലും കാര്യങ്ങൾ അവർ ചെയ്യാൻ ഉദ്ദേശിച്ചാൽ അതിനുവേണ്ടി അവർ ഒരുമിച്ചുകൂടുകയും അതിലുള്ള ഗുണങ്ങൾ വ്യക്തമാകുന്നതുവരെ പരസ്പര ചർച്ചയും ഗവേഷണവും നടത്തുകയും ചെയ്യും. അതിനെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും. യുദ്ധത്തിലും ജിഹാദിലും നേതൃത്വം നൽകേണ്ട, വിധിപറയേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുമ്പോഴുമൊക്കെയുള്ള കാര്യങ്ങളിൽ, പൊതുവായ ദീനീ പ്രശ്‌നങ്ങളിൽ അവർ ചർച്ച നടത്തുന്നത് അതുകൊണ്ടാണ്. അതും പൊതുവായ പ്രശ്‌നങ്ങളാണല്ലോ. അല്ലാഹു ഇഷ്ടപ്പെടുന്ന ശരി കണ്ടെത്താനുള്ള ഗവേഷണമാണത്. അതും ദൈവവചനത്തിന്റെ പരിധിയിൽ വരും.

39). (തങ്ങൾക്ക് വല്ല മർദനവും നേരിട്ടാൽ) അതായത് ശത്രുക്കളിൽ നിന്ന്. (രക്ഷാനടപടി സ്വീകരിക്കുന്നവർക്കും) ശക്തിയോടെയും പ്രതാപത്തോടെയും രക്ഷാനടപടി സ്വീകരിക്കുന്ന കാര്യത്തിൽ അവർ താഴ്ന്നുകൊടുക്കുകയോ അശക്തരാവുകയോ ഇല്ല.

അവർക്കുള്ള സ്വഭാവ സവിശേഷതകൾ പൊതു വായി ഇവിടെ പറഞ്ഞു. വിശ്വാസം, അല്ലാഹുവിൽ ഭരമേൽപിക്കൽ, ചെറുദോഷങ്ങൾ പൊറുത്തുകിട്ടൽ, വൻപാപങ്ങൾ ഉപേക്ഷിക്കൽ, പൂർണായി കീഴൊതുങ്ങൽ, തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനങ്ങൾ സ്വീകരിക്കൽ, നമസ്‌കാരം നിലനിർത്തൽ, നന്മയുടെ വ്യത്യസ്ത മേഖലകളിൽ ചെലവഴിക്കൽ, കാര്യങ്ങളിൽ കൂടിയാലോചിക്കൽ, ശത്രുക്കൾക്കെതിരെ ശക്തിയും രക്ഷാനടപടിയും സ്വീകരിക്കൽ എന്നിവയാണത്. ഇവയെല്ലാം അവർ നിർബന്ധമായി നിലനിർത്തുകയും ഇതല്ലാത്തതും പ്രവർത്തിച്ച് ഇതിനെതിരായതിനെ നിരാകരിച്ചും അവർ കഴിച്ചുകൂട്ടുന്നു.