സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഫെബ്രുവരി 04, 1444 റജബ് 12

അധ്യായം: 42, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعْدِ مَا ٱسْتُجِيبَ لَهُۥ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ (١٦) ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَـٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ (١٧) يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَـٰلٍۭ بَعِيدٍ (١٨)

16. അല്ലാഹുവിന്റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിനുശേഷം അവന്റെ കാര്യത്തിൽ തർക്കിക്കുന്നവരാരോ, അവരുടെ തർക്കം അവരുടെ രക്ഷിതാവിങ്കൽ നിഷ്ഫലമാകുന്നു. അവരുടെ മേൽ കോപമുണ്ടായിരിക്കും.അവർക്കാണ് കഠിനമായ ശിക്ഷ.

17. അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവൻ. നിനക്ക് എന്തറിയാം? ആ അന്ത്യസമയം അടുത്തുതന്നെ ആയിരിക്കാം.

18. അതിൽ (അന്ത്യസമയത്തിൽ) വിശ്വസിക്കാത്തവർ അതിന്റെ കാര്യത്തിൽ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവർക്കറിയാം അത് സത്യമാണെന്ന്. ശ്രദ്ധിക്കുക: തീർച്ചയായും അന്ത്യസമയത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവർ വിദൂരമായ പിഴവിൽ തന്നെയാകുന്നു.

16). ഇവിടെ അല്ലാഹു പറയുന്നു: (അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്നവർ) വൈരുധ്യം നിറഞ്ഞ സംശയങ്ങളും തെറ്റായ തെളിവുകളുംകൊണ്ട്. (അല്ലാഹുവിന്റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിനുശേഷം) വ്യക്തമായ തെളിവുകളും ഖണ്ഡിതമായ വചനങ്ങളും മനസ്സിലായപ്പോൾ ബുദ്ധിയും ചിന്താശേഷിയും ഉള്ളവർ അല്ലാഹുവിന്റെ ആഹ്വാനത്തെ സ്വീകരിച്ചശേഷം. വ്യക്തമായി മനസ്സിലാക്കിയിട്ടും സത്യത്തോട് തർക്കിക്കുന്നവർ. (അവരുടെ തെളിവുകൾ നിഷ്ഫലമാകുന്നു)നിരർഥകവും തള്ളിക്കളയേണ്ടതുമാണ്. (അവരുടെ രക്ഷിതാവിങ്കൽ) സത്യത്തിന്റെ ഖണ്ഡനമാണ് അതിലുള്ളത്. സത്യത്തിന് എതിരായതെന്തും അസത്യമാണ്. (അവരുടെ മേൽ കോപമുണ്ടായിരിക്കും) അല്ലാഹുവിന്റെ വ്യക്തമായ പ്രമാണങ്ങളിൽനിന്നും തിരിഞ്ഞുകളയുകയും ധിക്കരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതിനാൽ. (അവർക്കാണ് കഠിനമായ ശിക്ഷ) അത് അല്ലാഹുവിന്റെ കോപത്തിന്റെ ഫലമാണ്. ഇതാണ് സത്യത്തോടും അസത്യവാദങ്ങളുമായി തർക്കിക്കുന്നവർക്കുമുള്ള ശിക്ഷ.

17) നന്മയുള്ളവർക്കെല്ലാം സ്വീകരിക്കത്തക്കവിധം വ്യക്തമാണ് അല്ലാഹുവിന്റെ തെളിവുകൾ എന്ന് പറഞ്ഞപ്പോൾ അതിന്റെ അടിസ്ഥാനങ്ങളും നിയമങ്ങളുംകൂടി പ്രതിപാദിക്കുന്നു; അല്ലാഹു തന്റെ ദാസന്മാർക്ക് നൽകിയ സർവ തെളിവുകളും. (അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും തുലാസും ഇറക്കിത്തന്നവൻ) ഇവിടെ വേദഗ്രന്ഥം എന്നത് വിശുദ്ധ ക്വുർആനാണ്. സത്യപ്രകാരം സത്യത്തെ ഉൾക്കൊള്ളുന്നതായി. സത്യവും ദൃഢവിശ്വാസവും സ്ഥാപിക്കുന്നതായി. അതിലുള്ള വചനങ്ങളെല്ലാം വ്യക്തതയുള്ളതാണ്. തെളിവുകളോടെ സുവ്യക്തവും ദൈവികമായ നിർദേശങ്ങളെല്ലാം അതുൾക്കൊള്ളുന്നു. മതപരമായ വിശ്വാസങ്ങളും ഏറ്റവും നല്ല നിയമനിർദേശങ്ങളും വ്യക്തതയുള്ള തെളിവുകളുമാണ് അതിലുള്ളത്.

എന്നാൽ തുലാസ് എന്നത് നീതിയും ശരി മനസ്സിലാക്കാനുള്ള മാനദണ്ഡവുമാണ്. എല്ലാ തെളിവുകളും ബുദ്ധിപരമാണ്. പ്രാപഞ്ചികവും ശാരീരികവുമായ ദൃഷ്ടാന്തങ്ങൾ ഇതിലുമുണ്ട്;മതപരമായ കാര്യങ്ങളും. ഓരോന്നിന്റെയും കാര്യകാരണങ്ങളും വിധികളും തത്ത്വങ്ങളും; ഇതെല്ലാം തുലാസിൽപെടും. അതിനെ അല്ലാഹു ഇറക്കി. തന്റെ ദാസന്മാർക്ക് നിശ്ചയിച്ചുകൊടുത്തു. അതുമൂലം ഏതുകാര്യത്തിലും സ്വീകരിക്കേണ്ടതും നിരാകരിക്കേണ്ടതും തുലനം ചെയ്ത് മനസ്സിലാക്കാൻ അവർക്ക് കഴിയും. അവർ അറിയിച്ചുതന്ന കാര്യങ്ങളിലെ ശരിയെ മനസ്സിലാക്കാനും പ്രവാചകന്മാർ കൊണ്ടുവന്നതിലെ സത്യങ്ങൾ അറിയാനും. വേദഗ്രന്ഥവും തുലാസുമല്ലാതെയുള്ള ചില തെളിവും പ്രമാണങ്ങളും, അല്ലെങ്കിൽ അതുപോലെയുള്ള ചില പ്രസ്താവനകൾ. അവയാകട്ടെ, അസത്യവും വൈരുധ്യവുമാണ്. അതിന്റെ അടിസ്ഥാനം തന്നെ പിഴച്ചതാണ്. അതിന്റെ വേരും ശാഖകളുമെല്ലാം തകരാറിലാണ്.

മുകളിൽ പറഞ്ഞ കാര്യം; ഓരോ വിഷയവും അതിന്റെ ഉത്ഭവസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങളിൽനിന്ന് ഇത് മനസ്സിലാകും. സ്വീകരിക്കേണ്ടതും തള്ളിക്കളയേണ്ടതുമായ തെളിവുകളുടെ വ്യത്യാസത്തിൽനിന്നും അത് വ്യക്തമാണ്. എന്നാൽ ഇത്തരം അലങ്കാര നിർമിതമായ വാചകങ്ങളിലും സാങ്കൽപിക പദങ്ങളിലും വഞ്ചിതരാകുന്നവർ അതിന്റെ ഉദ്ദേശ്യാർഥങ്ങളിലേക്ക് സുക്ഷ്മമായി കടന്നുചെല്ലുന്നില്ല. അവർക്കതിനുള്ള കഴിവുമില്ല. അവരാകട്ടെ ആ രംഗത്ത് പരിചയസമ്പന്നരുമല്ല. അതിനാൽ അവന്റെ യോജിപ്പും വിയോജിപ്പുമെല്ലാം ഒരുപോലെയാണ്.

തുടർന്ന് അന്ത്യസമയം എപ്പോഴാണെന്ന് ചോദിച്ച് ധൃതികൂട്ടുന്ന നിഷേധികളെ താക്കീത് ചെയ്ത് അല്ലാഹു പറയുന്നു: (നിനക്കെന്തറിയാം? ആ അന്ത്യസമയം അടുത്തുതന്നെ ആയിരിക്കാം). അതിലേക്കുള്ള ദൂരവും അതിന്റെ സമയവും അത് എപ്പോൾ നിലവിൽ വരും എ ന്നതും അജ്ഞാതമാണ്. അത് ഏതുസമയ ത്തും സംഭവിക്കാവുന്നതാണ്. അത് ഭയപ്പെടേണ്ടതും തന്നെയാണ്.

18) (അതിൽ വിശ്വസിക്കാത്തവർ അതിന്റെ കാര്യത്തിൽ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു) ധിക്കാരവും നിഷേധവും കാരണം, തങ്ങളുടെ രക്ഷിതാവിന്റെ കഴിവിനെ അംഗീകരിക്കാതെയും (വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു) അതിലുള്ള വിശ്വാസത്താൽ അവർ ഭയന്ന് ജീവിക്കുന്നവരാണ്. അന്ന് പ്രവർത്തനങ്ങൾക്ക് പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കിയിതനാലും, തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് അറിയുന്നതുകൊണ്ടും. അവരുടെ പ്രവർത്തന ങ്ങൾ അവരെ രക്ഷപ്പെടുത്തുകയില്ലെ എന്നതാണ് അവരുടെ ആശങ്ക. അതാണ് അല്ലാഹു പറഞ്ഞത് (അവർക്കറിയാം അത് സത്യമാണെന്ന്) അതിലവർക്ക് സംശയമില്ല. യാതൊരു ശ ങ്കയും അതില്ല. (ശ്രദ്ധിക്കുക. തീർച്ചയായും അന്ത്യസമയത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവർ) അതിൽ സംശയാലുക്കളായതിനുശേഷം, അവർ ദൂതന്മാരോടും അവരുടെ അനുയായികളോടും അന്ത്യദിനമുണ്ടോ എന്ന കാര്യത്തിൽ തർക്കിക്കുകയും സത്യത്തിൽ നിന്ന് അതിവിദൂരം അകന്ന് കക്ഷിമാത്സര്യം നടത്തുകയും ചെയ്യുന്നു.

യഥാർഥ ഭവനത്തെ നിഷേധിക്കുന്നതിനെക്കാൾ വലിയ നിഷേധമെന്താണ്? അതാവട്ടെ അങ്ങേയറ്റം യാഥാർഥ്യവും. ശാശ്വത ജീവിതത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട ഭവനം, അവിടെയാണ് എന്നുമെന്നും ജീവിക്കേണ്ടത്. അത് പ്രതിഫലത്തിന്റെ ഭവനമാണ്. നീതിയും ഔദാര്യവും അല്ലാഹു പ്രകടമാക്കുന്ന ലോകം. അവിടേക്കെത്താനുള്ളതാണ് ഈ ജീവിതം. ഒരു മരത്തണലിൽ വിശ്രമിക്കുന്ന യാത്രികനെപ്പോലെ. ആ തണൽവിട്ട് അവൻ യാത്രപോകും. ഈ ലോകം കടന്നുപോകാനുള്ള ഒരു നടപ്പാതയാണ്. സ്ഥിരവാസ സ്ഥലമല്ല.

അവരാകട്ടെ, കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. നശ്വരലോകത്തെ അംഗീകരിക്കുന്നു. പാരത്രിക ലോകത്തെ നിഷേധിക്കുകയും ചെയ്യുന്നു. അതാവട്ടെ ദൈവിക ഗ്രന്ഥങ്ങളെല്ലാം അസത്യത്തിന് സാധ്യതയില്ലാത്ത വിധം റിപ്പോർട്ട് ചെയ്തതും പ്രവാചകന്മാരും അവരുടെ അനുയായികളും അറിയിച്ചതും. അവരാകട്ടെ സൃഷ്ടികളിൽ പൂർണരും ബുദ്ധിമാന്മാരുമാണുതാനും. അറിവിലും ഗ്രാഹ്യതയിലും മികച്ചവരും.