സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

അധ്യായം: 41, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَفَقَضَىٰهُنَّ سَبْعَ سَمَـٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰفَأَمَّا عَادٌ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ (١٥) فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِىٓ أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ (١٦) وَأَمَّا ثَمُودُ فَهَدَيْنَـٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَـٰعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُوا۟ يَكْسِبُونَ (١٧) وَنَجَّيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ (١٨) وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ (١٩) حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَـٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ (٢٠)

15. എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്‌. അവര്‍ക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്‌? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ച് കളയുകയായിരുന്നു.

16. അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. ഐഹികജീവിതത്തില്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ് കൂടുതല്‍ അപമാനകരം. അവര്‍ക്ക് സഹായമൊന്നും നല്‍കപ്പെടുകയുമില്ല.

17. എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. അപ്പോള്‍ സന്‍മാര്‍ഗത്തേക്കാളുപരി അന്ധതയെ അവര്‍ പ്രിയങ്കരമായി കരുതുകയാണ് ചെയ്തത്‌. അങ്ങനെ അവര്‍ ചെയ്തുകൊണ്ടിരുന്നതിന്‍റെ ഫലമായി അപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി.

18. വിശ്വസിക്കുകയും ധര്‍മ്മനിഷ്ഠ പുലര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.

19. അല്ലാഹുവിന്‍റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)

20. അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്‌.

15). ആദ്, സമുദ് എന്ന ഈ രണ്ട് സമുദായങ്ങളെയും കുറിച്ചുള്ള ചരിത്രത്തിന്റെ വിശദീകരണമാണ് തുടർന്നുവരുന്നത്. (എന്നാൽ ആദ് സമുദായം) അല്ലാഹുവിൽ അവിശ്വസിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം ഭൂമിയിൽ അങ്ങേയറ്റം അഹങ്കാരികളും കൂടിയായിരുന്നു. തങ്ങൾക്ക് ചുറ്റുമുള്ള മറ്റു മനുഷ്യരെ അവർ കീഴ്‌പ്പെടുത്തിവെച്ചു. അവരോടവർ അക്രമം പ്രവർത്തിക്കുകയും അവരുടെ ശക്തി അവരെത്തന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. (ഞങ്ങളെക്കാൾ ശക്തിയിൽ മികച്ചവൻ ആരുണ്ട്?) എല്ലാവർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്. അവർക്ക് അല്ലാഹു മറുപടിയായി പറഞ്ഞു: (അവർക്ക് കണ്ടുകൂടേ) അവരെ സൃഷ്ടിച്ച അല്ലാഹുതന്നെയാണ് അവരെക്കാൾ ശക്തിയിൽ മികച്ചവനെന്ന്. അവൻ അവരെ സൃഷ്ടിച്ചിട്ടില്ലായിരുന്നുവെങ്കിൽ അവരുണ്ടാകുമായിരുന്നില്ല. ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ച് അവർ ശരിയായി ചിന്തിച്ചിരുന്നുവെങ്കിൽ അവരുടെ ശക്തിയിൽ അവർ വഞ്ചിതരാകില്ല. അതിനാൽ അവർ വഞ്ചിതരായ അവരുടെ ശക്തിക്ക് തുല്യമായ യോജിക്കുന്ന ശിക്ഷകൊണ്ട് തന്നെ അല്ലാഹു അവരെ ശിക്ഷിച്ചു.

16) (ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അവരുടെ മേൽ അയച്ചു) വമ്പിച്ചൊരു കാറ്റ്. ശക്തിയിലും കാഠിന്യത്തിലും മുഴങ്ങുന്നൊരു ശബ്ദമുണ്ടതിന്. ശക്തമായ ഇടിപോലെ, അവരെ അല്ലാഹു കീഴ്‌പ്പെടുത്തി. (ദുരിതം പിടിച്ച ഏതാനും ദിവസങ്ങളിൽ)

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَـٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

“തുടർച്ചയായ ഏഴു രാത്രിയും എട്ടുപകലും അത്(കാറ്റ്) അവരുടെ നേർക്ക് അവൻ തിരിച്ചുവിട്ടു. അപ്പോൾ കടപുഴകിവീണ ഇന്തപ്പനത്തടികൾപോലെ ആ കാറ്റിൽ ജനങ്ങൾ വീണുകിടക്കുന്നതായി നിനക്ക് കാണാം’’ (69:7). അങ്ങനെ അവൻ അവരെ തകർത്തുകളയുകയും നശിപ്പിക്കുകയും ചെയ്തു.

അവരുടെ താമസസ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ഇവിടെ പറഞ്ഞത്. (ഐഹിക ജീവിതത്തിൽതന്നെ അവർക്ക് അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്). ജനങ്ങൾക്കിടയിൽ അതുമൂലം അപമാനിതരും നിന്ദ്യരുമായിത്തീരുന്നു. (എന്നാൽ പരലോകത്തിലെ ശിക്ഷയാണ് കൂടുതൽ അപമാനകരം. അവർക്ക് സഹായമൊന്നും നൽകപ്പെടുകയുമില്ല) അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് തടയപ്പെടുകയോ അവരെക്കൊണ്ട് അവർക്ക് പ്രയോജനം ലഭിക്കുകയോ ഇല്ല.

17,18). (എന്നാൽ സമൂദ് ഗോത്രമോ?) ഹിജ്‌റിന്റെ പരിസരങ്ങളിൽ താമസിച്ചിരുന്ന പ്രസിദ്ധ ഗോത്രമാണവർ. സ്വാലിഹ്(അ)യെ ആണ് അവരിലേക്ക് അല്ലാഹു നിയോഗിച്ചത്. തങ്ങളുടെ രക്ഷിതാവിന്റെ ഏകത്വത്തിലേക്ക് അദ്ദേഹം അവരെ ക്ഷണിച്ചു. ബഹുദൈവവിശ്വാസത്തെ അവർക്കദ്ദേഹം വിരോധിച്ചു. മഹത്തായ ഒരു ദൃഷ്ടാന്തമായി ഒരൊട്ടകത്തെ അല്ലാഹു അവർക്ക് നൽകി. അതിന് വെള്ളം കുടിക്കാൻ ഒരു ഊഴവും അവർക്കൊരു ഊഴവും നൽകി. അവർ അതിനുവേണ്ടി ഒന്നും ചെലവഴിച്ചില്ല. അത് അല്ലാഹുവിന്റെ ഭൂമിയിൽ നിന്നും ഭക്ഷിച്ചു. അതാണ് അല്ലാഹു ഇവിടെ പറഞ്ഞത്: (അവർക്ക് നാം നേർവഴി കാണിച്ചുകൊടുത്തു) അതായത് വ്യക്തത നൽകിക്കൊണ്ടുള്ള വഴികാണിക്കൽ. അവരെക്കുറിച്ച് ഇവിടെ വ്യക്തമായി പറയുന്നു. നശിപ്പിക്കപ്പെട്ട എല്ലാ സമൂഹങ്ങൾക്കും എതിരായി തെളിവുണ്ട്. അവർ വ്യക്തമായ വിശദീകരണങ്ങൾ ലഭിച്ചിട്ടുമുണ്ട്. എന്നാൽ സമൂദ് ഗോത്രത്തിന്റെ ദൃഷ്ടാന്തം വളരെ പ്രകടമായതാണ്. അവരിൽ ചെറിയവരും വലിയവരും ആണും പെണ്ണുമെല്ലാം അത് കണ്ടു. കണ്ണ് തുറപ്പിക്കുന്ന ദൃഷ്ടാന്തായിരുന്നു അത്. അതുകൊണ്ടാണിവിടെ വിശദീകരണവും മാർഗദർശനവും എടുത്തുപറഞ്ഞത്.

പക്ഷേ, അവരുടെ അക്രമവും തിന്മയും കാരണം അവർ അന്ധതയെ ഇഷ്ടപ്പെട്ടു. സന്മാർഗത്തെക്കാൾ ആ സന്മാർഗമാണ് യഥാർഥ അറിവും വിശ്വാസവും. (അങ്ങനെ അവർ ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമായി അപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി). അല്ലാഹുവിന്റെ പക്കൽനിന്ന് അനീതിയായിട്ടല്ല. (വിശ്വസിക്കുകയും ധർമനിഷ്ഠ പുലർത്തിക്കൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു). സ്വാലിഹ് നബി (അ)യെ അല്ലാഹു രക്ഷപ്പെടുത്തി; അദ്ദേഹത്തെ പിൻപറ്റിയ, ശിർക്കിനെയും പാപത്തെയും സൂക്ഷിച്ച് ജീവിച്ച സത്യവിശ്വാസികളെയും.

19). തന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചും പ്രവാചകന്മാരെ കളവാക്കിയും അവരോട് ശത്രുതകാണിച്ചും അവനോട് ഏറ്റുമുട്ടുന്ന ശത്രുക്കളുടെ പരലോകത്ത് ഒരുമിച്ചുകൂട്ടപ്പെടുമ്പോഴുണ്ടാകുന്ന മോശമായ അവസ്ഥയാണിവിടെ പരാമർശിക്കുന്നത്. (നരകത്തിലേക്ക് തെളിച്ച് കൂട്ടിക്കൊണ്ടുപോകും) ആദ്യത്തെയാൾ മുതൽ അവസാനത്തെ ആളുവരെ. ആദ്യത്തെ ആളെ പിൻതുടർന്ന് അവസാനത്തയാളും വരും. വളരെ പരുഷമായി അവരെ തെളിക്കും. അവർക്കത് തടയാനാകില്ല. സ്വയം സഹായിക്കാനുമാകില്ല. അവർ സഹായിക്കപ്പെടുകയില്ല.

20). (അങ്ങനെ അവർ അവിടെ-നരകത്തിൽ -തുടർന്നാൽ) അങ്ങനെ അവർ നരകത്തിലെത്തിയാൽ അവർ അതിനെ നിഷേധിക്കാൻ ശ്രമിക്കും; അവർ ചെയ്ത തെറ്റുകളെ നിഷേധിക്കാനും. (അവരുടെ കാതും കണ്ണുകളും അവരുടെ തൊലികളും അവർക്കെതിരായി സാക്ഷ്യം വഹിക്കുന്നതാണ്) പ്രത്യേകമായി സാക്ഷ്യംവഹിച്ചശേഷം പൊതുവായി. (അവർ പ്രവർത്തിച്ചതിനെപ്പറ്റി) അതായത് അവരുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളും സാക്ഷ്യം വഹിക്കും. ഓരോ അവയവവും പറയും; ഞാൻ ഇന്ന ദിവസം ഇങ്ങനെയെല്ലാം പ്രവർത്തിച്ചു എന്ന്. ഈ മൂന്ന് അവയവങ്ങളെ പ്രത്യേകം പറയാൻ കാരണം അധികതെറ്റും സംഭവിക്കുന്നത് ഈ മൂന്ന് അവയവം കാരണത്താലാണ് എന്നതാണ്.