സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 സെപ്തംബർ 09 , 1445 സ്വഫർ 24

അധ്യായം: 40, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ بِغَيْرِ سُلْطَـٰنٍ أَتَىٰهُمْ ۙ إِن فِى صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَـٰلِغِيهِ ۚ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ (٥٦) لَخَلْقُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ (٥٧) وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَلَا ٱلْمُسِىٓءُ ۚ قَلِيلًا مَّا تَتَذَكَّرُونَ (٥٨) إِنَّ ٱلسَّاعَةَ لَـَٔاتِيَةٌ لَّا رَيْبَ فِيهَا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ (٥٩) وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (٦٠) ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ (٦١) ذَٰلِكُمُ ٱللَّهُ رَبُّكُمْ خَـٰلِقُ كُلِّ شَىْءٍ لَّآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ (٦٢)

56. തങ്ങൾക്ക് യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളിൽ തീർച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവർ അവിടെ എത്തുന്നതേ അല്ല. അതുകൊണ്ട് നീ അല്ലാഹുവോട് ശരണം തേടുക. തീർച്ചയായും അവനാണ് എല്ലാം കേൾക്കുന്നവനും കാണുന്നവനും.

57. തീർച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. പക്ഷേ, അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

58. അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. വിശ്വസിച്ച് സൽകർമങ്ങൾ ചെയ്തവരും ദുഷ്‌കൃത്യം ചെയ്തവരും സമമാകുകയില്ല. ചുരുക്കത്തിൽ മാത്രമെ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.

59. ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്. അതിൽ സംശയമേ ഇല്ല. പക്ഷേ, മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല.

60. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീ ർച്ച.

61. അല്ലാഹുവാകുന്നു നിങ്ങൾക്കു വേണ്ടി രാത്രിയെ നിങ്ങൾക്കു ശാന്തമായി വസിക്കാൻ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവൻ. തീർച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷേ, മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല.

62. അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ് (സന്മാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്?

56) ഇവിടെ അല്ലാഹു പറയുന്നത്; അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ വ്യക്തമായ കൽപനയോ തെളിവോ പ്രമാണമോ ഇല്ലാതെ വിമർശിക്കുന്നത് സത്യത്തോടുള്ള മനസ്സിലെ അഹങ്കാരമാണ്; ആ സത്യം പറഞ്ഞുതന്നവനോടും. അവന്റെ മേൽ ഔന്നത്യമാണ് അവരുടെ ഉദ്ദേശ്യം. ഇതൊന്നും പൂർത്തിയാക്കാനോ നേടാനോ അവർക്കാവില്ല. ഇത് വ്യക്തമായ പ്രമാണവും സുവിശേഷവുമാണ്. സത്യത്തോട് ഏറ്റുമുട്ടുന്നവൻ പരാജയപ്പെടും. എല്ലാ അഹങ്കാരികളുടെയും പര്യവസാനം നിന്ദ്യമായിരിക്കും.

(അതുകൊണ്ട് നീ കാവൽതേടുക) രക്ഷതേടുകയും ഭരമേൽപിക്കുകയും ചെയ്യുക (അല്ലാഹുവിൽ). എന്തിൽനിന്നാണ് രക്ഷതേടേണ്ടത് എന്ന് ഇവിടെ എടുത്തുപറയാത്തത് എല്ലാം ഉൾപ്പെടുന്നതിനുവേണ്ടിയാണ്. രക്ഷതേടേണ്ടത് സത്യത്തോട് അഹങ്കാരം കാണിക്കുന്നതിൽനിന്നും മനുഷ്യരും ജിന്നുകളുമായ എല്ലാ പിശാചുക്കളിൽനിന്നും സർവ തിന്മകളിൽനിന്നുമാണ്. (അവനാണ് എല്ലാം കേൾക്കുന്നവൻ) വ്യത്യസ്തങ്ങളായ എല്ലാ ശബ്ദങ്ങളും. (കാണുന്നവനും) എല്ലാ കാഴ്ചകളും, ഏത് സ്ഥലത്തും കാലത്തും സമയത്തും ഉള്ളതെല്ലാം.

57). ബുദ്ധിയുള്ളവർക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ അല്ലാഹു പറയുന്നത്. ആകാശം വലുതും വിശാലമായതുമായിരിക്കെ അതിനെ സൃഷ്ടിക്കുക എന്നത് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. ആകാശഭൂമികളുടെ സൃഷ്ടിയെക്കാൾ നിസ്സാരമായതാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. അന്യൂനമായ മഹാഗോളങ്ങളെ സൃഷ്ടിച്ചവൻ മരണാനന്തരം മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും കഴിവുള്ളവനാണ്. ഉയിർത്തെഴുന്നേൽപിനുള്ള ഏറെ നല്ല ബുദ്ധിപരമായ ഒരു തെളിവാണിത്. ഖണ്ഡിതമായ തെളിവ്. ഈ തെളിവിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പ്രവാചകന്മാർ പറഞ്ഞ ഉയിർത്തെഴുന്നേൽപിൽ യാതൊരു സംശയത്തിനും ഇടയില്ല. എന്നാൽ ഇത് ചിന്തിക്കാനോ പരിശോധിക്കാനോ അധിക ആളുകളും സന്നദ്ധരല്ല. (പക്ഷേ, മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല). അതിനാൽ അവർ അതിൽ ശ്രദ്ധ കൊടുക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല.

58). തുടർന്ന് അല്ലാഹു പറയുന്നു: (അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. വിശ്വസിച്ച് സൽകർമങ്ങൾ ചെയ്തവരും ദുഷ്‌കൃത്യം ചെയ്തവരും) കാഴ്ചയുള്ളവനും ഇല്ലാത്തവനും സമമാകാത്തതുപോലെത്തന്നെ അല്ലാഹുവിൽ വിശ്വസിച്ച് സൽപ്രവർത്തനങ്ങൾ ചെയ്യുന്നവനും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിൽ അഹങ്കരിച്ച,് പാപം ചെയ്ത്, അല്ലാഹുവിന്റെ കോപത്തിനുവേണ്ടി പരിശ്രമിക്കുന്നവനും സമമാകില്ല. (ചുരുക്കത്തിൽ മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ) കുറച്ച് മാത്രമെ നിങ്ങൾ ആലോചിക്കുന്നുള്ളൂ. കാര്യങ്ങളെ വേണ്ടരൂപത്തിൽ മനസ്സിലാക്കുകയും നന്മ തിന്മകളെ വേർതിരിച്ചറിയുകയും വിവേചിച്ചറിയുകയും ചെയ്യുന്നവർക്ക് മനഃശക്തിയുണ്ടാകും. ഉപദ്രവത്തെക്കാൾ ഉപകാരത്തെ സ്വീകരിക്കും. വഴികേടല്ല സന്മാർഗമാണ് പിൻപറ്റുക. നശിക്കുന്ന ലോകത്തെക്കാൾ നിത്യസൗഭാഗ്യ ജീവിതത്തിന് മുൻഗണന നൽകും.

59) (അന്ത്യസമയം വരാനുള്ളത് തന്നെയാണ്; അതിൽ സംശയമേ ഇല്ല) പടപ്പുകളിൽ ഏറ്റവും സത്യവാന്മാരായ പ്രവാചകന്മാരാണ് അതിനെക്കുറിച്ച് അറിയിച്ചുതന്നത്. ദൈവിക ഗ്രന്ഥങ്ങളിലുള്ളതാണത്. അവയിലെ ആശയങ്ങളെല്ലാം ഉയർന്ന സത്യങ്ങളാണ്. അതിന് കാണുന്ന തെളിവുകളുണ്ട്. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുണ്ട്. (പക്ഷേ, മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല) സത്യം അംഗീകരിക്കാനും അതിന് വിധേയമാകാനും ഉതകുന്ന ഇത്രയും വ്യക്തമായ തെളിവുകളുണ്ടായിട്ടും.

60). തന്റെ ദാസന്മാരോടുള്ള അല്ലാഹുവിന്റെ സ്‌നേഹവും മഹത്തായ കാരുണ്യവുമാണ് ഇവിടെ പറയുന്നത്. ഇഹപര വിജയത്തിനുവേണ്ടിയുള്ള അവരുടെ പ്രാർഥന, അതിനായി അവരോട് നിർദേശിക്കുന്നു. ആരാധനയായ പ്രാർഥനയും ആവശ്യങ്ങൾക്കായുള്ള പ്രാർഥനയും രണ്ടായാലും അവർക്ക് അവൻ ഉത്തരം നൽകുമെന്ന് ഉറപ്പുനൽകുന്നു. ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരെ അവൻ താക്കീത് ചെയ്യുകയും ചെയ്യുന്നു. (എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്, തീർച്ച!) നിന്ദ്യരും നിസ്സാരരുമായി. ശിക്ഷയും നിന്ദ്യതയും അവരിൽ സംഗമിക്കും. അവരുടെ അഹങ്കാരത്തിന്റെ ഫലം.

61) ഈ പരിശുദ്ധ വചനങ്ങളെക്കുറിച്ച് ചിന്തിക്കണം; അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലതയെക്കുറിച്ചും അവന്റെ മഹത്തായ ഔദാര്യത്തെക്കുറിച്ചും. അവന് നന്ദി ചെയ്യേണ്ടതിന്റെ അനിവാര്യത, അവന്റെ കഴിവും അധികാരവും ആധിപത്യവും, അവനാണ് എല്ലാം സൃഷ്ടിച്ചത്; ഇവയെല്ലാം ഈ വചനങ്ങൾ നമ്മോട് പറയുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണെന്നും അവന്റെ ഉത്തമ പ്രവർത്തനങ്ങൾകൊണ്ട് അവൻ സ്തുതിക്കർഹനാണെന്നും ഈ വചനങ്ങളിലുണ്ട്. സൃഷ്ടികർതൃത്വത്തിൽ അവനേകനാണ്. സർവലോകങ്ങളെയും സർവകാലത്തും നിയന്ത്രിക്കുന്നതും അവനേകനായിട്ടാണ്. അതിലൊരാൾക്കും പങ്കോ കഴിവോ ഇല്ല. അതിനാൽതന്നെ ആരാധനക്കും അവനേകനാണ്. മറ്റൊരാളും അതിന് അർഹനല്ല. ആരാധ്യതയിലാവട്ടെ, രക്ഷാകർതൃത്വത്തിലാവട്ടെ അവന് പങ്കുകാരില്ല. ഇതറിയുമ്പോൾ ഹൃദയത്തിൽ അല്ലാഹുവിനെ ബോധ്യപ്പെടുകയും അവനെ സ്‌നേഹിക്കുകയും ഭയപ്പെടുകയും അവനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു.

അവനെ അറിയുക, ആരാധിക്കുക എന്ന സുപ്രധാനമായ രണ്ട് കാര്യങ്ങൾക്കുവേണ്ടിയാണ് സൃഷ്ടികളെ അല്ലാഹു പടച്ചത്. ഇവ രണ്ടുമാണ് സർവ നന്മകൾക്കും കാരണമാകുന്നത്. ഇഹപര സൗഭാഗ്യം ലഭിക്കുന്നു ഇവ രണ്ടുമാണ് സ്രഷ്ടാവിന്റെ വിശിഷ്ടദാനം. അവമൂലമാണ് അതിരുകളില്ലാത്ത ആസ്വാദനം. അവ രണ്ടും നഷ്ടമായാൽ സർവ നന്മകളും നഷ്ടപ്പെടുകയും സർവ ദുരന്തങ്ങളും വന്നുചേരുകയും ചെയ്യും.

അല്ലാഹു നമ്മുടെ ഹൃദയങ്ങളിൽ അവനെക്കുറിച്ചുള്ള അറിവും അവനോടുള്ള സ്‌നേഹവും നിറക്കട്ടെ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അവന്റെ പ്രീതിക്കുവേണ്ടിയാവട്ടെ, അവന്റെ കൽപനകൾ സ്വീകരിക്കാൻ കഴിയട്ടെ. ഒരു ചോദ്യവും അവനെ പ്രയാസപ്പെടുത്തുന്നില്ല.

തുടർന്ന് അല്ലാഹു പറയുന്നു: (അല്ലാഹുവാകുന്നു നിങ്ങൾക്കുവേണ്ടി രാത്രിയെ ഉണ്ടാക്കിത്തന്നവൻ) അതായത് നിങ്ങൾക്കുവേണ്ടി രാത്രിയെ അവൻ ഇരുണ്ടതാക്കി. (നിങ്ങൾക്കതിൽ ശാന്തമായി വസിക്കാൻ) നിങ്ങളുടെ ചലനങ്ങളവസാനിപ്പിച്ച്, തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് ദോഷകരമായിത്തീരും. അങ്ങനെ നിങ്ങൾ നിങ്ങളുടെ വിരിപ്പിലേക്കെത്തുന്നു. അല്ലാഹു നിങ്ങൾക്ക് ഉറക്കം നൽകുന്നു. അതുമൂലം മനസ്സും ശരീരവും വിശ്രമിക്കുന്നു. അതില്ലാതെ മനുഷ്യജീവിതം നിലനിർത്തുക സാധ്യമല്ല. എല്ലാവരും തന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തുന്ന സമയം, ജോലി കുറയുന്ന, ചിന്തിക്കാൻ അവസരം നൽകുന്ന സമയം.

അങ്ങനെ അല്ലാഹു നിങ്ങൾക്കാക്കിത്തന്നു (പകലിനെ വെളിച്ചമുള്ളതിലേക്ക്) ഭ്രമണപഥത്തിൽ പ്രകാശിച്ച് സൂര്യൻ നിലകൊള്ളുമ്പോൾ ഭൗതികവും മതപരവുമായ തിരക്കുകളിലേക്ക് എഴുന്നേറ്റുവരുന്നു. ദിക്‌റുകളും ക്വുർആൻ പാരായണവും നമസ്‌കാരവുമായി ചിലർ. വിജ്ഞാനത്തിലും പഠനത്തിലും വ്യാപൃതമാകുന്നവർ, കച്ചവടത്തിലേർപ്പെടുന്നവർ, കെട്ടിട നിർമാണവും ലോഹവിപണനങ്ങളും ചെയ്യുന്നവർ, കടലിലും കരയിലും യാത്ര ചെയ്യുന്നവർ, കൃഷിപ്പണിയിലും കന്നുകാലി വളർത്തലിലും ഏർപ്പെടുത്തുന്നവർ. (തീർച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു) വളരെയധികം, എല്ലാവരോടും. (ജനങ്ങളോട്) ഇതുപോലുള്ള ധാരാളം അനുഗ്രഹങ്ങൾ അവൻ അവർക്ക് നൽകുന്നു. പ്രയാസങ്ങൾ ഒഴിവാക്കിക്കൊടുക്കുന്നു. ഇതുമൂലം അവർ അവനെ സ്മരിക്കാനും നന്ദി ചെയ്യാനും ബാധ്യസ്ഥരായിത്തീരുന്നു. (പക്ഷേ, മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല) അജ്ഞതയും അക്രമവും മൂലം. (നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ അപൂർവവുമത്രെ) അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുകയും അവന് കീഴ്‌പ്പെടുകയും അവനെ സ്‌നേഹിക്കുകയും തങ്ങളുടെ രക്ഷിതാവിനെ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന അടിമകൾ, അപൂർവമാണ്.

62). (അവനാകുന്നു) ഇതെല്ലാം ചെയ്തവൻ. (നിങ്ങളുടെ രക്ഷിതാവായ അല്ലാഹു) ആരാധ്യതയിലും രക്ഷാകർതൃത്വത്തിലും ഏകനായവൻ. ഈ അനുഗ്രഹങ്ങളെല്ലാം നൽകുന്നത് അവൻ മാത്രമാണ്. അത് അവന്റെ രക്ഷാകർതൃത്വത്തിൽ പെട്ടതുമാണ്. അതിനാൽ അവന് നന്ദിചെയ്യുകയും അവനെ മാത്രം ആരാധിക്കുകയും വേണം.

(എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവ്) അവന്റെ രക്ഷാകർതൃത്വത്തെ സ്ഥാപിക്കുന്നു. (അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) അവൻ മാത്രമാണ് ആരാധനയ്ക്ക് അർഹനെന്നും അവന് പങ്കുകാരില്ലെന്നും സ്ഥാപിക്കുന്നു. തുടർന്ന് അവനെ ആരാധിക്കാൻ കൽപിക്കുന്നു. (നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്) നിങ്ങൾ എങ്ങനെ അവനെ ആരാധിക്കാതിരിക്കും? അവൻ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും തെളിവുകളിലൂടെ ബോധ്യപ്പെടുകയും യഥാർഥ വഴി തെളിയുകയും ചെയ്തശേഷം.