സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

അധ്യായം: 39, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ (٨) أَمَّنْ هُوَ قَـٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَـٰبِ (٩) قُلْ يَـٰعِبَادِ ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ (١٠)

11. പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്.

12. ഞാൻ കീഴ്‌പെടുന്നവരിൽ ഒന്നാമനായിരിക്കണമെന്നും എനിക്ക് കൽപന നൽകപ്പെട്ടിരിക്കുന്നു.

13. പറയുക: ഞാൻ എന്റെ രക്ഷിതാവിനെ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീർച്ചയായും ഞാ ൻ പേടിക്കുന്നു.

14. പറയുക: അല്ലാഹുവെയാണ് ഞാൻ ആരാധിക്കുന്നത്. എന്റെ കീഴ്‌വണക്കം അവന്ന് നിഷ്‌കളങ്കമാക്കിക്കൊണ്ട്.

15. എന്നാൽ നിങ്ങൾ അവന്നു പുറമെ നിങ്ങൾ ഉദ്ദേശിച്ചതിന് ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിർത്തെഴുന്നേൽപിന്റെ നാളിൽ സ്വദേഹങ്ങൾക്കും തങ്ങളുടെ ആളുകൾക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീർച്ചയായും നഷ്ടക്കാർ. അതുതന്നെയാണ് വ്യക്തമായ നഷ്ടം

16. അവർക്ക് അവരുടെ മുകൾ ഭാഗത്ത് തീയിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകൾ. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാൽ എന്റെ ദാസൻമാരേ, നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ.

17. ദുർമൂർത്തിയെ-അതിനെ ആരാധിക്കുന്നത്- വർജിക്കുകയും അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവർക്കാണ് സന്തോഷവാർത്ത. അതിനാൽ എന്റെ ദാസൻമാർക്ക് നീ സന്തോഷവാർത്ത അറിയിക്കുക.

11). (പറയുക) പ്രവാചകരേ, ജനങ്ങളോട് പറയുക. (കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്) ഈ സൂറത്തിന്റെ തുടക്കത്തിലും ഇക്കാര്യം പറയുന്നുണ്ട്. (കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുക).

12). (ഞാൻ കീഴ്‌പ്പെടുന്നവരിൽ ഒന്നാമനായിരിക്കണമെന്നും എനിക്ക് കൽപന നിൽകപ്പെട്ടിരിക്കുന്നു). മനുഷ്യർക്ക് അവരുടെ രക്ഷിതാവിങ്കലേക്ക് വഴി കാണിച്ചുകൊടുക്കുന്നവനാണു ഞാൻ. അതിനാൽ കൽപിക്കുന്ന കാര്യം ഞാൻ ആദ്യം ചെയ്യേണ്ടതുണ്ട്. ഒന്നാമത്തെ മുസ്‌ലിം ഞാനാകണം. ഈ കാര്യം ആദ്യം മുഹമ്മദ് നബിﷺയിൽനിന്നുണ്ടാകണം; അദ്ദേഹത്തെ പിൻപറ്റുന്നു എന്ന് പറയുന്നവരിൽനിന്നും. തീർച്ചയായും ഇസ്‌ലാമിൽ പ്രത്യക്ഷമായ കർമങ്ങളുണ്ട്. പ്രത്യക്ഷമായും പരോക്ഷമായുമുള്ള കർമങ്ങളിൽ ആത്മാർഥതയും ഉണ്ടായിരിക്കണം.

13). (ഞാൻ എന്റെ രക്ഷിതാവിനെ ധിക്കരിക്കുന്നപക്ഷം ഞാൻ ഭയപ്പെടുന്നു) എന്റെ ഇസ്‌ലാമിലും ഇഖ്‌ലാസിലും ഞൻ വീഴ്ചവരുത്തുന്നപക്ഷം. (ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ). ശിർക്ക് ചെയ്യുന്നവർ അതിൽ ശാശ്വതമായിരിക്കും. തെറ്റ് ചെയ്തവർ അതിൽ ശിക്ഷിക്കപ്പെടും.

14,15). (പറയുക: അല്ലാഹുവെയാണ് ഞാൻ ആരാധിക്കുന്നത്. എന്റെ കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട്. എന്നാൽ നിങ്ങൾ അവനുപുറമെ നിങ്ങൾ ഉദ്ദേശിച്ചതിന് ആരാധന ചെയ്തുകൊള്ളുക) ഈ ആശയം തന്നെയാണ് അല്ലാഹു സുറതുൽ കാഫിറൂനിൽ പറയുന്നത്.

قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ (١) لَآ أَعْبُدُ مَا تَعْبُدُونَ (٢) وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ (٣) وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ (٤) وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ (٥) لَكُمْ دِينُكُمْ وَلِىَ دِينِ (٦)

“(നബിയേ) പറയുക: അവിശ്വാസികളേ, നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങൾ ആരാധിച്ചുവന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല. ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല. നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.’’

(പറയുക, തീർച്ചയായും നഷ്ടക്കാർ) യഥാർഥത്തിൽ അവർ. (സ്വദേഹങ്ങൾക്ക് നഷ്ടം വരുത്തിയവർ) അക്കാരണത്താൽതന്നെ അവർക്ക് പ്രതിഫലം നഷ്ടപ്പെടുത്തുകയും ഏറ്റവും മോശമായ ശിക്ഷ അനുഭവിപ്പിക്കുകയും ചെയ്യും. (ഉയിർത്തെഴുന്നേൽപിന്റെ നാളിൽ തങ്ങളുടെ ആളുകൾക്കും നഷ്ടം വരുത്തിയവർ) കുടുംബങ്ങളെ വേർപിരിയേണ്ടി വന്നു. അതിയായ ദുഃഖമുണ്ടായി. ആ നഷ്ടം അതിഭയങ്കരമായിരിക്കും. (അതുതന്നെയാണ് വ്യക്തമായ നഷ്ടം). അതുപോലെ ഒരു നഷ്ടവുമില്ല. അവസാനിക്കാത്ത നഷ്ടം. ഇനിയൊരു രക്ഷയോ ലാഭമോ ഇല്ല.

16). തുടർന്ന് പറയുന്നതും അവർക്ക് വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചാണ്. (അവർക്ക് അവരുടെ മുകൾഭാഗത്ത് തീയിന്റെ തട്ടുകളുണ്ട്) വലിയ കാർമേഘം പോലെ തീയിന്റെ പാളികൾ. (അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകൾ). (അതിനെപ്പറ്റി) നരകക്കാർക്ക് വരുന്ന ശിക്ഷയെക്കുറിച്ച് അല്ലാഹു നൽകുന്ന ഈ വിവരണത്തിലൂടെ അല്ലാഹു അവന്റെ അടിമകളെ അവന്റെ കാരുണ്യത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. (അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാൽ എന്റെ ദാസന്മാരേ, നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ) ദൗർഭാഗ്യവാന്മാർക്ക് തയ്യാറാക്കിയ ശിക്ഷ തന്റെ നല്ലവരായ ദാസന്മാരെ സ്വർഗത്തിന് പ്രേരിപ്പിക്കുന്നതാണ്; ശിക്ഷ അനിവാര്യമാക്കുന്ന കാര്യങ്ങൾ വിട്ടകലാനും. എല്ലാ കാര്യത്തിലും തന്റെ ദാസന്മാരോട് കരുണ ചെയ്യുന്ന അല്ലാഹു മഹാപരിശുദ്ധൻ. അല്ലാഹുവിലേക്ക് എത്തിക്കുന്ന വഴിയെ അവൻ അവർക്ക് സുഗമമാക്കി. അതിലൂടെ സഞ്ചരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. മനസ്സുകളെ അതിലേക്ക് ആഗ്രഹിപ്പിച്ചു. അതിന് വിരുദ്ധമായ പ്രവർത്തനങ്ങളെപ്പറ്റി താക്കീത് ചെയ്തു. അതിൽനിന്ന് വിട്ടുനിൽക്കേണ്ട കാരണങ്ങൾ അവരെ ബോധ്യപ്പെടുത്തി.

17). അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവരെക്കുറിച്ചും അവർക്കുള്ള പ്രതിഫലത്തെക്കുറിച്ചുമാണ് അല്ലാഹു പറയുന്നത്. (ത്വാഗൂത്തിനെ-അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ-ആരാധിക്കുന്നത് വർജിക്കുകയും) ഇവിടെ ത്വാഗൂത്ത് കൊണ്ട് ഉദ്ദേശ്യം അല്ലാഹു അല്ലാത്തവർക്കുള്ള ആരാധനയാണ്. അവയ്ക്കുള്ള ആരാധന നിങ്ങൾ ഉപേക്ഷിക്കണം. അഗാധജ്ഞനും യുക്തിമാനുമായ അല്ലാഹുവിന്റെ അതിസൂക്ഷ്മമായ ഒരു പ്രയോഗമാണിത്. അവയ്ക്കുള്ള ആരാധന ഉപേക്ഷിക്കുന്നവർ മാത്രമെ ഈ പ്രശംസക്ക് അർഹരാകൂ. (അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവർ) അവനെ ആരാധിക്കുകയും കീഴ്‌വണക്കം അവന് മാത്രമാക്കുകയും ചെയ്തുകൊണ്ട്. ബിംബങ്ങളെ ആരാധിക്കുന്നതിൽനിന്നും അവരുടെ താൽപര്യം എല്ലാമറിയുന്ന രാജാധിപതിലേക്ക്, ശിർക്കിൽനിന്നും തെറ്റുകളിൽനിന്നും തൗഹീദിലേക്കും ശരിയിലേക്കും അവർ വന്നു. (അവർക്കാണ് സന്തോഷവാർത്ത) അതിന്റെ മഹത്ത്വവും വിവരണവും അല്ലാഹു പ്രത്യേകം ആദരിക്കുന്നവർക്കല്ലാതെ മറ്റാർക്കും അറിയാൻ കഴിയില്ല. ഇഹലോകത്ത് ലഭിക്കുന്ന സന്തോഷങ്ങളും ഇതിൽ ഉൾപ്പെടുത്താം. നല്ല സ്വപ്‌നങ്ങളും അല്ലാഹുവിൽനിന്നുള്ള പരിഗണനകളും ഇതിൽ ഉൾപ്പെടുത്താം. അല്ലാഹു ഇഹപര ലോകങ്ങളിൽ അവരെ ആദരിക്കാൻ ഉദ്ദേശിക്കുന്നു. മാത്രമല്ല, അവർക്കുള്ള സന്തോഷം പരലോകജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലഭിക്കും. മരണസമയത്തും ക്വബ്‌റിലും ഉയിർത്തെഴുന്നേൽപിലുമെല്ലാം. ഈ സന്തോഷങ്ങളുടെ പരിസമാപ്തി ഔദാര്യവാനായ അല്ലാഹു തന്റെ നിത്യമായ തൃപ്തിയും നന്മയും സംരക്ഷണവും സ്വർഗത്തിൽ വെച്ച് അവരെ അറിയിക്കുമ്പോഴാണ്.