സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

അധ്യായം: 39, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ (٤١) ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ (٤٢) أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًٔا وَلَا يَعْقِلُونَ (٤٣) قُل لِّلَّهِ ٱلشَّفَـٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ (٤٤)

41. തീർച്ചയായും നാം മനുഷ്യർക്കുവേണ്ടിസത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്റെ മേൽ ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ വല്ലവനും സൻമാർഗം സ്വീകരിച്ചാൽ അത് അവന്റെ ഗുണത്തിനുതന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാൽ അവൻ വഴിപിഴച്ചു പോകുന്നതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ മേൽ കൈകാര്യകർത്താവൊന്നുമല്ല.

42. ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി ഏറ്റെടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചുവയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.

43. അതല്ല, അല്ലാഹുവിനു പുറമെ അവർ ശുപാർശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: ‘അവർ (ശുപാർശക്കാർ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും (അവരെ ശുപാർശക്കാരാക്കുകയോ?).

44. പറയുക: ‘അല്ലാഹുവിനാകുന്നു ശുപാർശ മുഴുവൻ. അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്കുതന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നത്.’

41). സത്യം ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം തന്റെ ദൂതന് അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കുകയാണിവിടെ. അതിലെ വർത്തമാനങ്ങളും കൽപനകളും വിരോധങ്ങളുമെല്ലാം സത്യംതന്നെ. അതാണ് സന്മാർഗത്തിന്റെ അവലംബം. അല്ലാഹുവിലേക്കും അവന്റെ സ്വർഗത്തിലേക്കും എത്തിക്കുന്നത്. അതാവട്ടെ ലോകർക്കെതിരെയുള്ള തെളിവുമാണ്.

(ആകയാൽ വല്ലവനും സന്മാർഗം സ്വീകരിച്ചാൽ) അവന്റെ പ്രകാശത്താൽ അവന്റെ കൽപനകൾ അനുസരിച്ചുകൊണ്ട്. അതിന്റെ പ്രയോജനം മടങ്ങുന്നത് (അവന്റെ ഗുണത്തിനുതന്നെയാണ്. വല്ലവനും വഴിപിഴച്ചുപോയാൽ) സന്മാർഗം വ്യക്തമായിട്ടും. (പിഴച്ചുപോകുന്നതിന്റെ ദോഷവും അവനുതന്നെ) അല്ലാഹുവിന് യാതൊരു ദ്രോഹവും വരുത്തുകയില്ല. (നീ അവരുടെ മേൽ കൈകാര്യകർത്താവൊന്നുമല്ല) അവർ എന്ത് ചെയ്യുന്നു എന്ന് നോക്കുകയും അതിന് അവരെ വിചാരണ ചെയ്യുകയും ചെയ്യുന്ന, അല്ലെങ്കിൽ നീ ഉദ്ദേശിക്കുന്ന കാര്യത്തിന് അവരെ നിർബന്ധിക്കുന്നവനുമല്ല. നീ എത്തിച്ചുകൊടുക്കുന്നവൻ മാത്രം. നിന്നോട് കൽപിച്ചത് നീ അവർക്ക് എത്തിച്ചുകൊടുക്കുന്നു.

42). ആരാധനക്കർഹനായി അവൻ മാത്രമേയുള്ളൂ എന്നാണ് അല്ലാഹു പറയുന്നത്. ഉറക്കത്തെയും ഉണർച്ചയെയും ജീവിതത്തെയും മരണത്തെയുമെല്ലാം അവനാണ് നിയന്ത്രിക്കുന്നത്. (ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി ഏറ്റെടുക്കുന്നു). ഇതാണ് വലിയ മരണം. ഇവിടെ മരിപ്പിക്കുക എന്നത് അല്ലാഹു, അവൻ ചെയ്യുന്നതായാണ് പറയുന്നത്. മരണത്തിന്റെ മലക്കിനെ ഇക്കാര്യം ഏൽപിച്ചിട്ടുണ്ട് എന്നത് ഇവിടെ എതിരാകുന്നില്ല

قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ

“(നബിയേ) പറയുക: നിങ്ങളുടെ കാര്യത്തിൽ ഏൽപിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്...’’(32:11).

حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ

“അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ നമ്മുടെ ദൂതന്മാർ അവരെ പൂർണമായി ഏറ്റെടുക്കുന്നു. അവർ ഒരു വീഴ്ചയും വരുത്തുകയില്ല” (6:61)

സ്രഷ്ടാവും നിയന്താവും അവനാണെന്ന നിലയ്ക്ക് എല്ലാം അവനിലേക്ക് ചേർത്തു പറയുകയാണ്. അത് അല്ലാഹുവിന്റെ നടപടിക്രമമാണ്. എല്ലാ കാര്യത്തിനും അവൻ ചില കാരണങ്ങൾ നിശ്ചയിക്കും. (മരണപ്പെടാത്തവയെ അവൻ ഉറക്കത്തിലും) ഇതാണ് ചെറിയ മരണം. അതായത് ഉറക്കത്തിൽ ആത്മാവിനെ പിടിച്ചുവയ്ക്കുന്നു. (അവയെ അവൻ പിടിച്ചുവയ്ക്കുന്നു) ഈ രണ്ടുതരം അവസ്ഥയിലും. (അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചുവയ്ക്കുന്നു) മരണപ്പെട്ടതോ ഉറക്കത്തിൽ മരിക്കാൻ വിധിച്ചതോ ആയ ആത്മാവിനെ. (അവൻ വിട്ടയക്കുകയും ചെയ്യുന്നു) ആത്മാവിനെ. (മറ്റുള്ളവയെ നിശ്ചിതമായ ഒരവധിവരെ) അതായത് ആ ആത്മാവിന് നിശ്ചയിച്ച അവധിയും ഭക്ഷണവും പൂർത്തിയാക്കുംവരെ. (തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്) അവന്റെ കഴിവാണ് മരണപ്പെട്ടവരെ ജീവിപ്പിക്കുമെന്നതും.

ഈ വാക്യം സൂചിപ്പിക്കുന്നത്; റൂഹ് അല്ലെങ്കിൽ നഫ്‌സ് ഒരു സ്വതന്ത്ര അസ്തിത്വമാണ്. അതിന്റെ സാരാംശം (സത്ത) ശരീരത്തിൽ നിന്ന് വ്യത്യസ്തമാണ്. അല്ലാഹു അതിനെ തടഞ്ഞുവയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യുമ്പോൾ, അത് സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അല്ലാഹുവാണ് എന്ന് വന്നു. ജീവിച്ചിരിക്കുന്നവരുടെയും മരണമടഞ്ഞവരുടെയും ആത്മാക്കൾ ബർസഖിൽ കണ്ടുമുട്ടുന്നു. സംഗമിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്നു. ജീവിക്കുന്നവരുടെ ആത്മാക്കളെ അല്ലാഹു വിട്ടുകൊടുക്കുകയും മരണപ്പെടുന്നവരുടെ ആത്മാക്കളെ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു.

43). അല്ലാഹുവിന് പുറമെ ശുപാർശകന്മാരെ സ്വീകരിക്കുന്നതിനെയാണ് ഇവിടെ വിലക്കുന്നത്. അവരുമായി ബന്ധം പുലർത്തുന്നതും ചോദിക്കുന്നതും ആരാധിക്കുന്നതുമെല്ലാം നിരോധിക്കുന്നു. (പറയുക) അവരുടെ അറിവില്ലായ്മ മനസ്സിലാക്കിക്കൊടുത്തുകൊണ്ട്; അവരാരും ആരാധനയ്ക്ക് അർഹരല്ലെന്ന് മനസ്സിലാക്കിക്കൊടുത്തുകൊണ്ടും. (അവരാണെങ്കിലോ) അതായത് നിങ്ങൾ സ്വീകരിച്ച ശുപാർശകന്മാർ. (യാതൊന്നും അധീനപ്പെടുത്തുകയോ) ആകാശത്തിലോ ഭൂമിയിലോ അണുമണിത്തൂക്കംപോലും, അതിനെക്കാൾ ചെറുതോ വലുതോ ആയ യാതൊന്നും ഉടമപ്പെടുത്തുന്നില്ല. മാത്രവുമല്ല, (ചിന്തിച്ച് മനസ്സിലാക്കുകയോ ചെയ്യുന്നില്ല) പുകഴ്ത്തപ്പെടാൻ അർഹത നേടാവുന്ന യാതൊരു ബുദ്ധിയും അവർക്കില്ല. കാരണം അവ നിർജീവ വസ്തുക്കളാണ്. കല്ലുകൾ, മരങ്ങൾ, പ്രതിമകൾ, മരണപ്പെട്ടവർ മുതലായവർ. ഇവയെ ആരാധ്യരായി സ്വീകരിച്ചവർക്ക് ബുദ്ധിയുണ്ടോ, അതോ അവർ ജനങ്ങളിൽ ഏറ്റവും വഴിപിഴച്ചവരോ, ഏറ്റവും വലിയ അക്രമികളോ?

44) (പറയുക), അവരോട്. (അല്ലാഹുവിനാകുന്നു ശുപാർശ മുഴുവൻ) കാരണം അധികാരം മുഴുവൻ അല്ലാഹുവിനാണ്. എല്ലാ ശുപാർശകരും അവനെ ഭയക്കുന്നു. അവന്റെ അനുമതികൂടാതെ അവന്റെയടുക്കൽ യാതൊരാൾ ക്കും ശുപാർശ ചെയ്യാനാവില്ല. അവൻ ഒരടിമക്ക് കരുണ വിചാരിച്ചാൽ അവന്റെയടുക്കൽ ആദരണീയനായ ഒരു വ്യക്തിക്ക് ശുപാർശക്ക് അനുമതി നൽകും. അത് രണ്ടുപേരോടുമുള്ള കരുണയാണ്. തുടർന്ന് അല്ലാഹു ശുപാർശ മുഴുവൻ തന്റെ അധികാരമാണെന്ന് സ്ഥാപിക്കുന്നു. (അവന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം) അതിലുള്ള സർവ വസ്തുക്കളുടെയും പ്രവർത്തനങ്ങളുടെയും വിശേഷങ്ങളുടെയും ഉടമസ്ഥത അവന്നാണ്. അതിനാൽ അവന്റെ അധികാരത്തിലുള്ളവർ അവനോടാണ് ശുപാർശ ചോദിക്കേണ്ടത്. അവനു മാത്രമാണ് ആരാധന അർപ്പിക്കേണ്ടത്. (പിന്നീട് അവങ്കലേക്കുതന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നത്) അപ്പോൾ അവനെ മാത്രം ആരാധിച്ചവർക്ക് അവൻ മഹത്തായ പ്രതിഫലം നൽകും. പങ്കുചേർത്തവർക്ക് വമ്പിച്ച ശിക്ഷയും.