സൂറഃ സൂറ: അശ്ശൂറാ (കൂടിയാലോചന), ഭാഗം 8

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

അധ്യായം: 42, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّاوَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ (٢٥) وَيَسْتَجِيبُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَيَزِيدُهُم مِّن فَضْلِهِۦ ۚ وَٱلْكَـٰفِرُونَ لَهُمْ عَذَابٌ شَدِيدٌ (٢٦) وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ ۚ إِنَّهُۥ بِعِبَادِهِۦ خَبِيرٌۢ بَصِيرٌ (٢٧) وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ ۚ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ (٢٨)

25. അവനാകുന്നു തന്റെ ദാസൻമാരിൽനിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ ദുഷ്‌കൃത്യങ്ങൾക്ക് മാപ്പുനൽകുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അവൻ അറിയുകയും ചെയ്യുന്നു.

26. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ (പ്രാർഥനയ്ക്ക്) ഉത്തരം നൽകുകയും, തന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് കൂടുതൽ നൽകുകയും ചെയ്യും. സത്യനിഷേധികളാവട്ടെ, കഠിനമായ ശിക്ഷയാണ് അവർക്കുള്ളത്.

27. അല്ലാഹു തന്റെ ദാസൻമാർക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കിൽ ഭൂമിയിൽ അവർ അതിക്രമം പ്രവർത്തിക്കുമായിരുന്നു. പക്ഷേ, അവൻ ഒരു കണക്കനുസരിച്ച് താൻ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു. തീർച്ചയായും അവൻ തന്റെ ദാസൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.

28. അവൻ തന്നെയാകുന്നു മനുഷ്യർ നിരാശപ്പെട്ടുകഴിഞ്ഞതിനു ശേഷം മഴ വർഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ. അവൻ തന്നെയാകുന്നു സ്തുത്യർഹനായ രക്ഷാധികാരി.

25). അല്ലാഹുവിന്റെ ഔദാര്യവും അതിന്റെ പൂർണതയും വിശാലതയും അവന്റെ സമ്പൂർണ സ്‌നേഹവുമാണ് ഇവിടെ വ്യക്തമാക്കുന്നത്. (പശ്ചാത്താപം സ്വീകരിക്കുന്നവൻ) സംഭവിക്കുന്നതിന്. (തന്റെ ദാസന്മാരിൽനിന്ന്) പാപങ്ങളെ പിഴുതെറിയുകയും അത് സംഭവിച്ചുപോയതിൽ ഖേദിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ച് അതിലേക്ക് മടങ്ങില്ലെന്ന് തീരുമാനിക്കുകയും ചെയ്യുമ്പോൾ, ഇഹലോകത്തും പരലോകത്തും ശിക്ഷ ലഭിക്കുന്നതും നാശത്തിന് കാരണവുമായേക്കാവുന്ന ഒരു തെറ്റ് സംഭവിച്ചതിനുശേഷം. (അവൻ ദുഷ്‌കൃത്യങ്ങൾക്ക് മാപ്പ് നൽകുകയും ചെയ്യുന്നു) അതിനെ മായ്ച്ചുകളയുന്നു. അതുമൂലമുണ്ടാകുന്ന തകരാറുകളെയും ലഭിച്ചേക്കാവുന്ന ശിക്ഷയെയും. അങ്ങനെ പശ്ചാത്തപിക്കുന്നവൻ മാന്യനാകുന്നു; തീരെ തിന്മ പ്രവർത്തിക്കാത്തവനെപ്പോലെ. അവനെ അല്ലാഹു സ്‌നേഹിക്കുകയും അവന്റെ സാമീപ്യം ലഭിക്കാനുള്ള വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു.

തൗബ(പശ്ചാത്താപം) എന്നത് ഒരു മഹത്തായ കർമമാണ്. സത്യസന്ധതയോടും ആത്മാർഥതയോടും കൂടിയാകുമ്പോൾ അത് പൂർണമായിരിക്കും. എന്നാൽ അവ രണ്ടും കുറയുമ്പോൾ തൗബ അപൂർണമായിരിക്കുകയും ചെയ്യും. മാത്രവുമല്ല ഭൗതിക ലക്ഷ്യങ്ങൾക്കാകുമ്പോൾ അത് അധർമം കൂടിയാണ്. ഇതെല്ലാം സംഭവിക്കുന്നത് ഹൃദയത്തിനകത്താണ്. അതറിയാൻ അല്ലാഹുവിന് മാത്രമെ കഴിയൂ. അതാണ് ഈ വചനത്തിന്റെ അവസാനത്തിൽ പറഞ്ഞത്: (നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അതവൻ അറിയുകയും ചെയ്യുന്നു)

26). എല്ലാ ന്യൂനതകളിൽനിന്നും പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാൻ എല്ലാ അടിമകളോടും അല്ലാഹു ആവശ്യപ്പെടുകയാണിവിടെ. അവൻ ഉത്തരം നൽകുന്നതിന്റെ തോതനുസരിച്ച് അവൻ ദാസന്മാരെ രണ്ടായി തിരിക്കുന്നു. ഒന്ന്, ഉത്തരം നൽകുന്നവർ. അവരെക്കുറിച്ച് പറഞ്ഞത് (വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ ഉത്തരം നൽകുന്നു.) തങ്ങളുടെ രക്ഷിതാവിന് അവൻ വിളിക്കുന്നതിലേക്ക് ഉത്തരം നൽകുന്നവർ. അവന് കീഴൊതുങ്ങുകയും ചെയ്യുന്നവർ. കാരണം, ശരിയായ വിശ്വാസവും സൽകർമവും അവരെ അതിന് പ്രേരിപ്പിക്കുന്നു. അവന് അവർ ഉത്തരം നൽകുമ്പോ ൾ അവൻ അവർക്ക് നന്ദി ചെയ്യും. അവൻ എല്ലാം പൊറുക്കുന്നവനും അങ്ങേയറ്റം നന്ദി കാണിക്കുന്നവനുമാകുന്നു. (തന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് കൂടുതൽ നൽകുകയും ചെയ്യുന്നു) അതായത് സൽകർമങ്ങൾ ചെയ്യാനുള്ള ആവേശവും സഹായവും അവരുടെ പ്രവർത്തനങ്ങൾക്ക് അർഹതപ്പെട്ടതിലും അധികം ഇരട്ടി പ്രതിഫലവും നൽകുന്നു. എന്നാൽ അവൻ ഉത്തരം നൽകാത്തവർ; അവർ ധിക്കാരികളാണ്. (സത്യനിഷേധികൾ) അല്ലാഹുവിലും അവന്റെ ദൂതന്മാരിലും. തീർച്ചയായും (കഠിന ശിക്ഷയാണവർക്കുള്ളത്) ഇഹത്തിലും പരത്തിലും.

27). തുടർന്ന് പരാമർശിക്കുന്നത് അല്ലാഹുവിന് തന്റെ ദാസന്മാരോടുള്ള സ്‌നേഹമാണ്. അവരുടെ മതജീവിതത്തിന് ദോഷകരമാകാതിരിക്കാനാണ് അവൻ അവന് സമ്പത്തിൽ വിശാലത നൽകാതിരുന്നത്. അല്ലാഹു പറയുന്നു:

وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِۦ لَبَغَوْا۟ فِى ٱلْأَرْضِ

“അല്ലാഹു തന്റെ ദാസന്മാർക്ക് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നുവെങ്കിൽ ഭൂമിയിൽ അവർ അതിക്രമം പ്രവർത്തിക്കുമായിരുന്നു’’ (42:27).

അതായത് അല്ലാഹുവിനെ അനുസരിക്കുന്നതിൽനിന്ന് അവർ അശ്രദ്ധരാവുകയും ഇഹലോക സുഖങ്ങൾ ആസ്വദിക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുമായിരുന്നു. അക്രമവും അനുസരണക്കേടുമാണെങ്കിൽപോലും അവരുടെ ദേഹേച്ഛകൾക്ക് വഴിപ്പെടാൻ അവർ നിർബന്ധിതരാവുകയും ചെയ്യും. (പക്ഷേ, അവൻ ഒരു കണക്കനുസരിച്ച് താൻ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു). അവന്റെ കാരുണ്യവും യുക്തിയും താൽപര്യപ്പെടുന്നതിനനുസരിച്ച്. (അവൻ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു).

ചില ഹദീസുകളിൽ അല്ലാഹു പറയന്നതായി ഇങ്ങനെ വന്നിട്ടുണ്ട്:

“എന്റെ ചില അടിമകളുടെ വിശ്വാസത്തിന് നല്ലത് ദാരിദ്ര്യമാണ്. അവന് ഐശ്വര്യം നൽകിയാൽ അത് അവന്റെ വിശ്വാസത്തെ തകരാറിലാക്കും. ചിലരുടെ വിശ്വാസത്തിന് നല്ലത് ആരോഗ്യാവസ്ഥയായിരിക്കും. അവനെ രോഗിയാക്കിയാൽ അത് അവന്റെ വിശ്വാസത്തെ തകരാറിലാക്കും. ചില അടിമകൾക്ക് രോഗമാണ് നല്ലത്, സുഖാവസ്ഥ അവരെ കുഴപ്പത്തിലാക്കും. ഞാനെന്റെ അടിമകളെ നിയന്ത്രിക്കുന്നത് അവരുടെ ഹൃദയാവസ്ഥ നോക്കിയാണ്. തീർച്ചയായും ഞാൻ കണ്ടറിയുന്നവനാകുന്നു).’’

28). (അവനാകുന്നു മഴ വർഷിപ്പിക്കുന്നവൻ) സൃഷ്ടികൾക്കും നാടുകൾക്കും വെള്ളം നൽകുന്ന മഴ ഇറക്കുന്നത് അവനാണ്. (അവർ നിരാശപ്പെട്ടു കഴിഞ്ഞതിനുശേഷം) നീണ്ടകാലം മഴയില്ലാതായതിനുശേഷം മഴവരില്ലെന്ന് അ വർ വിചാരിച്ചുപോയ സമയം. അവർ നിരാശപ്പെടുകയും ആ വരൾച്ചയിൽ അവർ വിഷമിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു മഴയിറക്കുകയും (അവൻ വ്യാപിപ്പിക്കുകയും) ചെയ്തു. (അവന്റെ കാരുണ്യം) മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള ഭക്ഷണം ഉൽപാദിപ്പിച്ചു നൽകിക്കൊണ്ട്. അതവർക്ക് വലിയ അനുഭവമായി. അതുമൂലം അവർ അതിയായി സന്തോഷിക്കുകയും ചെയ്തു. (അവനാകുന്നു രക്ഷാധികാരി) തന്റെ ദാസന്മാരെ ഏറ്റെടുക്കുന്നു; വിവിധ കാര്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ട്. ഇഹപര നന്മകൾ അവർ നിർവഹിച്ചുകൊടുത്തു കൊണ്ട് അവൻ അവരുടെ കാര്യം ഏറ്റെടുക്കുന്നു. (സ്തുത്യർഹൻ) അവന്റെ അധികാരത്തിലും കൈകാര്യത്തിലുമെല്ലാം; അവന്റെ പൂർണതയിലും. അവൻ സ്തുതിക്കപ്പെടേണ്ടവൻ തന്നെ; വ്യത്യസ്ത അനുഗ്രഹങ്ങൾ അവന്റെ സൃഷ്ടികൾക്ക് എത്തിച്ചുനൽകുന്നതിലും.