സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

അധ്യായം: 40, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

حمٓ (١) تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْعَلِيمِ (٢) غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ (٣) مَا يُجَـٰدِلُ فِىٓ ءَايَـٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُوا۟ فَلَا يَغْرُرْكَ تَقَلُّبُهُمْ فِى ٱلْبِلَـٰدِ (٤) كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَـٰدَلُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ (٥) وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ أَصْحَـٰبُ ٱلنَّارِ (٦) ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ (٧)

01. ഹാ-മീം.

02. ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും സർവജ്ഞനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു.

03. പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക്തന്നെയാകുന്നു മടക്കം.

04. സത്യനിഷേധികളല്ലാത്തവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുകയില്ല. അതിനാൽ നാടുകളിൽ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.

05. അവർക്ക് മുമ്പ് നൂഹിന്റെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും (സത്യത്തെ) നിഷേധിച്ചുതള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാൻ ഉദ്യമിക്കുകയും, അസത്യത്തെക്കൊണ്ട് സത്യത്തെ തകർക്കുവാൻവേണ്ടി അവർ തർക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാൻ അവരെ പിടികൂടി. അപ്പോൾ എന്റെ ശിക്ഷ എങ്ങനെയണ്ടായിരുന്നു!

06. സത്യനിഷേധികളുടെ മേൽ, അവർ നരകാവകാശികളാണ് എന്നുള്ള നിന്റെ രക്ഷിതാവിന്റെ വചനം അപ്രകാരം സ്ഥിരപ്പെട്ടുകഴിഞ്ഞു.

07. സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകൾ) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം നടത്തുകയും അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്കുവേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾക്കൊള്ളുന്നതായിരിക്കുന്നു. ആകയാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയി ൽനിന്ന് കാക്കുകയും ചെയ്യേണമേ.

1. തന്റെ മഹത്തായ ഗ്രന്ഥത്തെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. അല്ലാഹുവിൽ നിന്നും ഇറക്കപ്പെട്ടതാണത്. തന്റെ പ്രവർത്തനങ്ങളുടെ ഏകത്വംകൊണ്ടും പരിപൂർണതകൊണ്ടും ആരാധ്യനായവൻ,

2. (പ്രതാപിയും) തന്റെ പ്രതാപംകൊണ്ട് എല്ലാ സൃഷ്ടികളെയും അവൻ കീഴ്‌പ്പെടുത്തുന്നു. (സർവജ്ഞൻ) എല്ലാ കാര്യത്തെക്കുറിച്ചും.

3. (പാപം പൊറുക്കുന്നവൻ) കുറ്റവാളികൾക്ക്. (പശ്ചാത്താപം സ്വീകരിക്കുന്നവൻ) പശ്ചാത്തപിക്കുന്നവരിൽനിന്ന്. (കഠിനമായി ശിക്ഷിക്കുന്നവനും) തെറ്റുകൾ ചെയ്യാൻ ധൈര്യപ്പെടുകയും അതിൽനിന്ന് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവന്. (വിപുലമായ കഴിവുള്ളവൻ) ഔദാര്യപൂർണനും നന്മ ചെയ്യുന്നതിൽ തികഞ്ഞവനും.

ഇവിടെ അല്ലാഹുവിനെ പൂർണനായി അവൻ സ്ഥിരീകരിച്ചു. കാര്യങ്ങളെല്ലാം അവന് മാത്രം. ആരാധനക്കാർഹനായിരിക്കുക എന്നത് അനിവാര്യമാക്കുന്നു. പ്രവർത്തനങ്ങളെല്ലാം അവന് മാത്രമായിരിക്കേണ്ടവൻ. അല്ലാഹു പറയുന്നു: (അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം).

അല്ലാഹുവിന്റെ വിശേഷണങ്ങളും അല്ലാഹുവിൽനിന്നാണ് ക്വുർആനിന്റെ അവതരണം എന്നതും ഒന്നിച്ചു പറഞ്ഞതിന്റെ ബന്ധം ക്വുർആനിലെ ആശയങ്ങളുടെ വിശേഷണം അവനുണ്ടായിരിക്കുക എന്നതിനെ അനിവാര്യമാക്കുന്നു. തീർച്ചയായും ക്വുർആൻ ഒന്നുകിൽ അല്ലാഹുവിന്റെ നാമങ്ങൾ, വിശേഷണങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പറയുന്നു. ഇവിടെ പറഞ്ഞതും അവന്റെ നാമങ്ങളും വിശേഷണങ്ങളും പ്രവർത്തനങ്ങളുമാണ്. അല്ലെങ്കിൽ അവന്റെ മഹത്തായ ഔദാര്യങ്ങളെ ക്കുറിച്ചും ശാരീരികമായ അനുഗ്രങ്ങളെക്കുറിച്ചും അതിനുവേണ്ടിയുള്ള നിർദേശങ്ങളും പരാമർശിക്കലായിരിക്കും. അതാണ് അവന്റെ വാക്കിലെ (വിപുലമായ കഴിവുള്ളവൻ) എന്ന് പറഞ്ഞതിലുള്ളത്.

അല്ലെങ്കിൽ തിന്മ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കാവുന്ന അനിവാര്യമായ കഠിനശിക്ഷകളെക്കുറിച്ച് പറയുന്നു. അതാണ് (കഠിനമായി ശിക്ഷിക്കുന്നവനും) എന്നതിൽനിന്ന് മനസ്സിലാകുന്നത്. അതുമല്ലെങ്കിൽ ഖേദിച്ചുമടങ്ങാനും പശ്ചാത്തപിക്കാനും കുറ്റവാളികളെ ക്ഷണിക്കുക. അതാണ് (പാപം പൊറുക്കുന്നവും) എന്നത് സൂചിപ്പിക്കുന്നത്.

അതുമല്ലെങ്കിൽ ആരാധനക്കർഹനായി അ ല്ലാഹു മാത്രമെയുള്ളൂ എന്നറിയിക്കുക. അതിനുള്ള ബുദ്ധിപരവും പ്രമാണികവുമായ തെളിവ് സ്ഥാപിക്കുക. അതിന് പ്രേരിപ്പിക്കുകയും അവനല്ലാത്തവരെ ആരാധിക്കുന്നതിനെ വിരോധിക്കുകയും അതിന്റെ തകരാറുകളെക്കുറിച്ചുള്ള ബുദ്ധിപരവും പ്രാമാണികവുമായ തെളിവ് നിലനിർത്തുകയും അതിനെക്കുറിച്ച് താക്കീത് ചെയ്യുകയും ചെയ്യുന്നു. അതാണ് (അവനല്ലാതെ യാതൊരു ആരാധ്യനുമില്ല) എന്നതിലെ ആശയം.

അതുമല്ലെങ്കിൽ നീതിപൂർവകമായ അവന്റെ പ്രതിഫലം നൽകാനുള്ള വിധികളും സുകൃതം ചെയ്യുന്നവരുടെ പ്രതിഫലവും തെറ്റ് ചെയ്യുന്നവരുടെ ശിക്ഷയും അറിയിക്കുക. അതാണ് (അവങ്കലേക്ക് തന്നെയാകുന്നു മടക്കം) എന്നതിലടങ്ങിയിരിക്കുന്നത്. ഇതെല്ലാമാണ് ക്വുർആൻ ഉൾക്കൊള്ളുന്ന ഉന്നതമായ ലക്ഷ്യങ്ങൾ.

4. അല്ലാഹു പറയുന്നു: (സത്യനിഷേധികളല്ലാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുകയില്ല) ഇവിടെ തർക്കിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങളെ ഖണ്ഡിക്കുക എന്നതാണ്; അസത്യങ്ങളിലൂടെ അതിനെ എതിരിടുന്നതും. ഇത് സത്യനിഷേധികളുടെ പ്രവർത്തനമാണ്. എന്നാൽ വിശ്വാസികൾ; അല്ലാഹു നൽകുന്ന സത്യങ്ങൾക്ക് അവർ കീഴൊതുങ്ങുന്നു.

തന്റെ ഭൗതിക അവസ്ഥയിൽ വഞ്ചിതനാവാൻ മനുഷ്യന് പാടില്ല. ഇഹലോകത്ത് അല്ലാഹു നൽകുന്നത് അവനെ അല്ലാഹു സ്‌നേഹി ക്കുന്നു എന്നതിന് അവൻ തെളിവായിക്കാണ ണം; അവൻ സത്യത്തിലാണെന്നതിനും. അതാണ് അല്ലാഹു പറഞ്ഞത്: (അതിനാൽ നാടുകളിൽ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ) വിവിധ കച്ചവടങ്ങൾക്കും സമ്പാദ്യത്തിനും വേണ്ടിയുള്ള വിഹാരങ്ങൾ. ജനങ്ങൾ ശരിയിലാണോ എന്നതാണ് പരിഗണിക്കേണ്ടത്. മതപരമായ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കണം. സത്യവുമായിട്ട് ജനങ്ങളെ തുലനം ചെയ്യുകയാണ് വേണ്ടത്. ജനങ്ങളുമായി സത്യത്തെ തുലനം ചെയ്യുകയല്ല വേണ്ടത്. അറിവും ബുദ്ധിയും ഇല്ലാത്തവരാണ് അങ്ങനെ ചെയ്യുന്നത്.

5. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അസത്യമാക്കാൻ തർക്കം നടത്തുന്നവരെ താക്കീത് ചെയ്യുകയാണ് തുടർന്ന് ചെയ്യുന്നത്. മുൻസമൂദായങ്ങൾ ചെയ്തപോലെ (നൂഹിന്റെ ജനത). (അവരുടെ ശേഷമുള്ള കക്ഷികളും) കക്ഷികളായി പിരിഞ്ഞവർ. സത്യത്തിന്നെതിരെ; അതിനെ ഇല്ലാതാക്കാൻ ഒന്നിച്ചു, അസത്യത്തെ സഹായിക്കാനും.

ആ കക്ഷിത്വം അവരെ എത്രത്തോളം എ ത്തിച്ചുവെന്നാൽ (ഓരോ സമുദായവും ഉദ്യമിക്കുകയും) എല്ലാ സമൂഹങ്ങളിലും പെട്ടവർ. (തങ്ങളുടെ റസൂലിനെ പിടികൂടാൻ) അതായ ത് ആ റസൂലിനെ കൊന്നുകളയാൻ. നന്മ ചെയ്യുന്നവരുടെ നായകരായ ദൂതന്മാർക്ക് ഉണ്ടാകാവുന്നതിന്റെ പരമാവധിയാണ് ഇത്. സത്യം അവരോടൊപ്പമാണെന്നതിൽ സംശയമില്ല. ആശയക്കുഴപ്പവുമില്ല. അവരെ അവർ കൊല്ലാൻ ശ്രമിച്ചു. ഈ അക്രമത്തിനും വഴികേടിനും ദൗർഭാഗ്യത്തിനും പുറത്തുകടക്കാൻ കഴിയാത്ത വർധിച്ച ശിക്ഷയല്ലാതെയുണ്ടോ?

അവർക്കുള്ള ഭൗതികവും പാരത്രികവുമായ ശിക്ഷയാണിവിടെ അല്ലാഹു പറയുന്നത്. (ഞാൻ അവരെ പിടികൂടി) അവരുടെ കക്ഷിത്വവും കളവാക്കലും കാരണം. (അപ്പോൾ എന്റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?) ശിക്ഷ അതികഠിനവും ഏറ്റവും മോശമായതുമായിരുന്നു. ഒരു ഘോരമായ ശബ്ദം, അല്ലെങ്കിൽ അവരുടെ മേൽ ഇറങ്ങുന്ന ഒരു ചരൽവർഷം. അവരെ പിടികൂടാൻ ഭൂമിയോട് കൽപിക്കുക യോ കടലിനോട് മുക്കിക്കളയാൻ നിർദേശിക്കുകയോ ചെയ്യുക. അപ്പോഴേക്കും അവരതാ കെട്ടടങ്ങിക്കഴിഞ്ഞു.

6. (സത്യനിഷേധികളുടെമേൽ നിന്റെ രക്ഷിതാവിന്റെ വചനം അപ്രകാരം സ്ഥിരപ്പെട്ടുകഴിഞ്ഞു) ശിക്ഷയ്ക്ക് കാരണമാകുന്ന വഴികേടിന്റെ വചനം അവരുടെമേൽ യാഥാർഥ്യമാ യി. അതാണ് അല്ലാഹു പറഞ്ഞത്: (അവർ നരകാവകാശികളാണെന്ന്).

7. സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്റെ കനിവിനെക്കുറിച്ചാണ് ഇവിടെ പറയുന്ന ത്. സൗഭാഗ്യത്തിന് അവരുടെ കഴിവിനപ്പുറത്ത് അവൻ നിശ്ചയിച്ച നിമിത്തങ്ങളും ഇവിടെ പരാമർശിക്കുന്നു. അതിൽപെട്ടതാണ് അവന്റെ സാമീപ്യം സിദ്ധിച്ച മലക്കുകളുടെ പാപമോചന തേട്ടവും പ്രാർഥനയും; അവരുടെ ഇഹപര നന്മയ്ക്കുവേണ്ടി. അതിൽ പെട്ടതുതന്നെയാണ് തന്റെ സിംഹാസനം വഹിക്കുന്ന മലക്കുകളെക്കുറിച്ചും അതിന് ചുറ്റിലുള്ളവരെക്കുറിച്ചുമുള്ള പരാമർശവും. അവർക്ക് തങ്ങളുടെ രക്ഷിതാവുമായുള്ള അടുപ്പവും അവരുടെ ആരാധനകളുടെ ആധിക്യവും അല്ലാഹുവിന്റെ ദാസന്മാരോടും അല്ലാഹുവിന് അവരെ ഇഷ്ടമാണെന്നറിയുന്നതുകൊണ്ടുള്ള ഗുണകാംക്ഷയുമെല്ലാം ഇതിലുണ്ട്. അല്ലാഹു പറയുന്നു: (സിംഹാസനം വഹിക്കുന്നവർ) സർവ സൃഷ്ടികളുടെയും മുകളിലുള്ള പരമകാരുണികന്റെ സിംഹാസനം. ഏറ്റവും മഹത്തായതും വിശാലമാ യും ഭംഗിയുള്ളതുമായ, അല്ലാഹുവിലേക്ക് ഏറ്റവും അടുത്തതുകൂടിയാണത്. കുർസിയ്യിലും ആകാശ ഭൂമികളിലും വിശാലമാണത്. ഈ മലക്കുകളെ അല്ലാഹു അർശ് വഹിക്കാൻ ഏൽപിച്ചു. മലക്കുകളിൽ ഏറ്റവും വലിയവരും മഹത്ത്വമുള്ളവരും ഏറ്റവും ശക്തിയുള്ളവരുമായിരിക്കും അവരെന്നതിൽ സംശയമില്ല.

അർശ് വഹിക്കാൻ അല്ലാഹു അവരെയാണ് തെരഞ്ഞെടുത്തത് എന്നതും അവരെ ആദ്യം പരാമർശിച്ചു എന്നതും അവനിലേക്കുള്ള അവരുടെ അടുപ്പവും മലക്ക് വർഗത്തിൽ ഏറ്റവും ശ്രേഷ്ഠർ അവരാണെന്നതിനെക്കുറിക്കുന്നു. അല്ലാഹു പറയുന്നു:

وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَـٰنِيَةٌ

“നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അത് എട്ട് കൂട്ടർ വഹിക്കുന്നതാണ്’’(69:17).

(അതിന്റെ ചുറ്റുള്ളവരും) മഹത്ത്വത്തിലും സ്ഥാനത്തിലും സാമീപ്യം സിദ്ധിച്ച മലക്കുകൾ. (തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം നടത്തുകയും) അവർ ധാരാളം ആരാധന ചെയ്യുന്നതിനാൽ ഇത് അവർക്കുള്ള പ്രശംസയാണ്. പ്രത്യേകിച്ച് സ്തുതിക്കലും കീർത്തിക്കലും മറ്റാരാധനകളും. എല്ലാം അവനെ പരിശുദ്ധപ്പെടുത്തലാണ്; മറ്റുള്ളവർക്ക് ആരാധന നൽകാതിരിക്കുന്നതിലൂടെ. അവനെ സ്തുതിക്കുക എന്നതും അവനുള്ള ആരാധനതന്നെ. ഒരടിമ ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ എന്ന് പറയുമ്പോൾ (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും ചെയ്യുന്നു) ആരാധന എന്ന പൊതുപ്രയോഗത്തിൽ ഇതെല്ലാം ഉൾപ്പെടും. (അവനിൽ വിശ്വസിക്കുകയും വിശ്വാസികൾക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു) ഇത് വിശ്വാസത്തിന്റെ പ്രയോജനമാണ്. അതിന് ധാരാളം മഹത്ത്വങ്ങളുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുന്നവരായ, പാപം ചെയ്യാത്ത മലക്കുകൾ വിശ്വാസികൾക്കുവേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കുന്നു. അപ്പോൾ ഒരു വിശ്വാസി തന്റെ വിശ്വാസംകൊണ്ട് ഈ മഹത്തായ അനുഗ്രഹത്തിന് നിമിത്തമാകുന്നു.

പാപമോചനം ലഭിക്കാൻ ചില നിർബന്ധ കാര്യങ്ങളുണ്ട്. അതുണ്ടായെങ്കിലേ അത് പൂർത്തിയാകുകയുള്ളൂ. അധികമാളുകളും മനസ്സിലാക്കിയത് പാപം പൊറുക്കാൻ അത് ചോദിച്ചാൽ മാത്രം മതിയെന്നാണ്. മലക്കുകളുടെ പാപമോചന പ്രാർഥനയുടെ രൂപം അല്ലാഹു ഇവിടെ പറയുന്നു. അതിന് ആവശ്യമായത് ഇവിടെ പരാമർശിക്കുന്നു. അല്ലാഹു പറയുന്നു: (ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾക്കൊള്ളുന്നതായിരിക്കുന്നു) നിന്റെ അറിവ് എല്ലാറ്റിനെയും ചൂഴ്ന്നു നിൽക്കുന്നു. ഒരു രഹസ്യവും നിന്റെമേൽ രഹസ്യമാവുകയില്ല. നിന്റെ അറിവിൽനിന്നും ആകാശത്തിലോ ഭൂമിയിലോ ഒരു അണുത്തൂക്കംപോലും വിട്ടുപോവുകയില്ല; ചെറുതും വലുതുമായ ഒന്നുംതന്നെ. നിന്റെ കാരുണ്യം എല്ലാറ്റിലും വിശാലമായിരിക്കുന്നു. പ്രപഞ്ചം ഉപരിയും അല്ലാത്തതും ഉണ്ട്. അവ അവന്റെ കാരുണ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു. അത് അവരിൽ വിശാലമാണ്. അവൻ സൃഷ്ടിച്ചതിലേക്കെല്ലാം അതെത്തുന്നു.

(പശ്ചാത്തപിക്കുന്നവർക്ക് നീ പൊറുത്തുകൊടുക്കേണമേ!) തെറ്റിൽനിന്നും ശിർക്കിൽനിന്നും. (നിന്റെ മാർഗം പിന്തുടരുകയും ചെയ്യുന്നവർക്ക്) നിന്റെ ദൂതന്മാരെയും ഏകത്വത്തെയും നിനക്കുള്ള അനുസരണയെയും പിൻപറ്റുന്നതിലൂടെ. (നീ അവരെ നരകശിക്ഷയിൽനിന്ന് കാക്കുകയും ചെയ്യേണമേ) നരകത്തിലേക്കെത്തിക്കുന്ന കാരണങ്ങളിൽനിന്നും നരകത്തിൽനിന്നുതന്നെയും.