സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഏപ്രിൽ 08, 1444 റമദാൻ 17

അധ്യായം: 41, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

حمٓ (١) تَنزِيلٌ مِّنَ ٱلرَّحْمَـٰنِ ٱلرَّحِيمِ (٢) كِتَـٰبٌ فُصِّلَتْ ءَايَـٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ (٣) بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ (٤) وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَـٰمِلُونَ (٥)

01. ഹാമീം.

02. പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്‌.

03. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം.)

04. സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിട്ടുള്ള (ഗ്രന്ഥം) എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ട് മനസ്സിലാക്കുന്നില്ല.

05. അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്‌. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു.

1. അധ്യായത്തിന്റെ തുടക്കത്തിൽ വരുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് മുമ്പ് വിശദീകരിച്ചിട്ടുണ്ട്.

2. അല്ലാഹു ഇവിടെ പരാമർശിക്കുന്നത്; ഈ മഹത്തായ ഗ്രന്ഥം, മനോഹരമായ ക്വുർആൻ,(അവതരിപ്പിക്കപ്പെട്ടത്) വന്നത്. (പരമകാരുണികനും കരുണാനിധിയുമായുള്ളവന്റെ പക്കൽനിന്ന്) അവന്റെ കരുണ എല്ലാറ്റിലും വിശാലമായിരിക്കുന്നു. അറിവും സന്മാർഗവും ലഭിക്കുന്ന, വെളിച്ചവും ശമനവും കാരുണ്യവും ഒട്ടനവധി ഗുണങ്ങളും ഉൾക്കൊണ്ട ഗ്രന്ഥം. തന്റെ ദാസന്മാർക്ക് അവൻ നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹം. ഇരുലോകത്തും സൗഭാഗ്യത്തിനുള്ള മാർഗവുമാണത്.

3). തുടർന്ന് ഈ ഗ്രന്ഥത്തിന്റെ വിശദീകരണത്തിന്റെ പൂർണതയെ പുകഴ്ത്തുകയാണ് ചെയ്യുന്നത്. ഓരോന്നിനെയും അതിന്റെ ഇനമനുസരിച്ച് സൂക്ഷ്മമായി വിശദീകരിക്കുന്നു. ഇതുതന്നെയാണ് വിശദീകരണത്തിന്റെ പരിപൂർണത. അതായത് എല്ലാറ്റിനെയും വേർതിരിച്ചു പറയുക. വസ്തുതകളിൽ വ്യക്തത വരുത്തുകയും ചെയ്യുക. (അറബി ഭാഷയിൽ പാരായണം ചെയ്യപ്പെടുന്ന) ഭാഷകളിൽ മികച്ച സാഹിത്യ ഭാഷയിൽ വചനങ്ങൾ വിശദീകരിക്കപ്പെട്ടു. അത് അറബിയിൽ ആക്കപ്പെടുകയും ചെയ്തു. (മനസ്സിലാക്കുന്ന ആളുകൾക്കുവേണ്ടി) അതിന്റെ ആശയം അവർക്ക് വ്യക്തമാക്കി കൊടുക്കുന്നതിനുവേണ്ടി. അതിന്റെ പദങ്ങൾ വ്യക്തമായതുപോലെത്തന്നെ; വഴികേടിൽനിന്ന് സന്മാർഗവും നേർമാർഗത്തിൽനിന്ന് ദുർമാർഗവും. എന്നാൽ വിവരമില്ലാത്തവർ; സന്മാർഗത്തിലേക്കുള്ള ക്ഷണം അവരെ കൂടുതൽ ദുർമാർഗത്തിലാക്കും. വ്യക്തത നൽകുമ്പോൾ അവർക്ക് അന്ധത വർധിക്കും. അവർക്കുവേണ്ടി സംസാരിക്കുന്നതിൽ കാര്യമില്ല.

وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ

“നീ അവർക്ക് താക്കീത് നൽകിയോ അതല്ല താക്കീത് നൽകിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവർ വിശ്വസിക്കുകയില്ല’’(36:10).

4). (സന്തോഷവാർത്ത അറിയിക്കുന്നതും താക്കീത് നൽകുന്നതുമായിട്ടുള്ള) ഇപ്പോഴും പിന്നിട് ലഭിക്കുന്നതുമായ പ്രതിഫലത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നത്. അതുപോലെതന്നെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുന്നതും. ആ ശിക്ഷയെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും അത് വിശദീകരിച്ചുതരികയും അതിന്റെ കാരണങ്ങൾ പരാമർശിക്കുകയും ചെയ്യുന്നു. ആ സന്തോഷവും താക്കീതും ലഭിക്കുന്നത് എന്തുകൊണ്ടൊക്കെയാണെന്ന് വ്യക്തമാക്കുന്നു. അതിന് അനിവാര്യമായി സ്വീകരിക്കേണ്ട കാര്യങ്ങളും. കീഴ്‌പ്പെടേണ്ടതും വിശ്വസിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായതെല്ലാം. എന്നാൽ അധിക പടപ്പുകളും അഹങ്കാരത്തോടെ ഇതിൽനിന്നെല്ലാം തിരിഞ്ഞുകളയുന്നു. (അവർ കേട്ട് മനസ്സിലാക്കുന്നില്ല) അതായത് സ്വീകരിക്കാനും ഉത്തരം നൽകാനും മനസ്സുള്ള കേൾവി. അവർ കേൾക്കുന്നുണ്ടായിരിക്കാം. അവർക്കെതിരെയുള്ള മതപരമായ ഒരു തെളിവാകും വിധം.

5). (അവർ പറഞ്ഞു) ഇതിലേക്കെത്തുന്ന സർവവഴികളും കൊട്ടിയടച്ച് തങ്ങളോടിത് പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് വ്യക്തമാക്കി. തിരിഞ്ഞുകളയുന്നവർ പറഞ്ഞു: (ഞങ്ങളുടെ ഹൃദയങ്ങൾ മൂടികൾക്കുള്ളിലാകുന്നു) കവചിതമായ മൂടികൾ. (നീ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്തവിധം ഞങ്ങളുടെ കാതുകൾക്ക് ബധിരതയുമാകുന്നു). കേൾക്കാത്തവിധം ബധിരത. (ഞങ്ങൾക്കും നിനക്കുമിടയിൽ ഒരു മറയുണ്ട്) അതിനാൽ നിന്നെ ഞങ്ങൾ കാണുന്നില്ല. ഇതിന്റെ ഉദ്ദേശ്യം എല്ലാ നിലക്കും അവരുടെ തിരിഞ്ഞുകളയൽ അവർ പ്രകടമാക്കി എന്നതാണ്. അദ്ദേഹത്തോടുള്ള അവരുടെ വെറുപ്പും അവർ ഇപ്പോൾ നിലകൊള്ളുന്ന നിലപാടിലുള്ള തൃപ്തിയും പ്രകടമാക്കുകയും ചെയ്തു. അതാണവർ പറഞ്ഞത്: (അതിനാൽ നീ പ്രവർത്തിച്ചുകൊള്ളുക. ഞങ്ങളും പ്രവർത്തിക്കുന്നവരാകുന്നു) നീ എന്റെ ദീനനുസരിച്ച് പ്രവർത്തിക്കുന്നതിൽ സംതൃപ്തനായതുപോലെ ഞങ്ങൾ ഞങ്ങളുടെ മതമനുസരിച്ച് പ്രവർത്തിക്കുന്നതിലും സംതൃപ്തരാണ്. ഏറ്റവും വലിയ നിരാകരണമാണിത്. സന്മാർഗത്തിനുപകരം വഴികേടുകൊണ്ട് തൃപ്തിപ്പെടുക. വിശ്വാസത്തിന് പകരം അവിശ്വാസത്തെ പകരമാക്കുക. ഇഹലോകത്തിന് വേണ്ടി പരലോകത്തെ അവർ വിറ്റുകളയുകയും ചെയ്തു.