സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 നവംബർ 11 , 1445 റ.ആഖിർ 27

അധ്യായം: 39, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِأَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَـٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَـٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ (٢٢) ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَـٰبًا مُّتَشَـٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ (٢٣)

22. അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാൽ അല്ലാഹുവിന്റെ സ്മരണയിൽനിന്ന് അകന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ.

23. അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങൾക്ക് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതുനിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാർഗദർശനം. അതുമുഖേന താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു. വല്ലവനെയും അവൻ പിഴവിലാക്കുന്നപക്ഷം അവന് വഴികാട്ടാൻ ആരും തന്നെയില്ല.

22). അതായത് ഇസ്‌ലാം സ്വീകരിക്കാൻ ഹൃദയത്തിന് വിശാലത ലഭിച്ചവൻ. മതനിയമങ്ങൾ അവൻ പാലിക്കുന്നു, തൃപ്തിയോടെ അത് പ്രവർത്തിക്കുന്നു. അവന്റെ നിർദേശങ്ങളിൽ ഉൾക്കാഴ്ച ഉണ്ടാവുകയും അതിൽ സന്തോഷിക്കുക യും ചെയ്യുന്നു. അതാണല്ലാഹു പറഞ്ഞത് (അവൻ തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കും). ഇതിന് വിപരീതമായ മറ്റൊരാളുണ്ട്. (അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അകന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം) അല്ലാഹുവിന്റെ ഗ്രന്ഥത്തിന് അവൻ വഴങ്ങിയില്ല. അവന്റെ ദൃഷ്ടാന്തങ്ങൾ അവനെ ചിന്തിപ്പിച്ചില്ല. അവന്റെ സ്മരണകൾ അവന്റെ മനസ്സിനെ ശാന്തമാക്കിയില്ല. തന്റെ രക്ഷിതാവിനെ അവൻ അവഗണിച്ചു. അവനല്ലാത്തവരിലേക്കവൻ തിരിഞ്ഞു. ഇവർക്കാണ് നാശം. ഇതാണ് ഏറ്റവം വലിയ തിന്മ. (അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ). തന്റെ രക്ഷിതാവിനെ അവഗണിക്കുന്നതിനെക്കാൾ വലിയ വഴികേട് മറ്റെന്താണുള്ളത്. അവനെ സ്വീകരിക്കുന്നതിലാണ് സർവസൗഭാഗ്യവും). എന്നാൽ അവനെ സ്മരിക്കാതെ ഹൃദയം കടുത്തുപോയവൻ, തനിക്ക് ദോഷകരമായതിനെയെല്ലാം അവൻ സ്വീകരിക്കുന്നു.

23). അല്ലാഹു അവനിറക്കിയ ഗ്രന്ഥത്തെക്കുറിച്ച് പറയുന്നു: (ഏറ്റവും ഉത്തമമായ വർത്തമാനം) എല്ലാ നിലയ്ക്കും ഉത്തമമായ വർത്തമാനം അല്ലാഹുവിന്റെ കലാമാണ്. ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ ഏറ്റവും ഉത്തമം അല്ലാഹുവിന്റെ വചനങ്ങളായ ഈ ക്വുർആനാണ്. ഏറ്റവും ഉത്തമമായത് എന്നാൽ; അതിന്റെ പദങ്ങൾ വ്യക്തതയുള്ളതാണ്, ആശയങ്ങൾ ഉന്നതമായതും. ആശയത്തിലും പദത്തിലും ഏറ്റവും നല്ല സംസാരം. മേന്മയിലും പൊരുത്തത്തിലും വൈരുധ്യമില്ലായ്മയിലും പരസ്പര സാമ്യമുള്ളതാണ്. ഏത് നിലയിൽ പരിശോധിച്ചാലും ചിന്തിച്ച് പഠിക്കുന്നവൻ അതിന്റെ പരസ്പര യോജിപ്പ് കണ്ടെത്തുന്നു. അതിന്റെ നിഗൂഢമായ ആശയങ്ങളിൽപോലും അതുണ്ട്. കാഴചക്കാരെ അത് വിസ്മയിപ്പിക്കുന്നു. അഗാധജ്ഞനും യുക്തിമാനുമായവനിൽനിന്നല്ലാതെ അതുണ്ടാവില്ലെന്ന് അവനുറപ്പിക്കുന്നു. ഇവിടെ പരസ്പര സാമ്യമുള്ളത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അതാണ്.

എന്നാൽ മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌ ۖ

“നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നത് അവനത്രെ. അതിൽ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട് അവയത്രെ ഗ്രന്ഥത്തിന്റെ മൗലികഭാഗം’’ (3:7).

ഇവിടെ ഉദ്ദേശ്യം ജനങ്ങൾക്ക് അവ്യക്തതയുള്ളവയാണ്; വ്യക്തതയുള്ള വിശദീകരണം ലഭിക്കുന്നതുവരെ അവ്യക്തമായിരിക്കുന്ന വചനങ്ങൾ. അതാണ് അല്ലാഹു പറഞ്ഞത:്

مِنْهُ ءَايَـٰتٌ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌ

“അതിൽ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. ആശയത്തിൽ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്’’ (3:7).

ചിലതിൽ സാദൃശ്യമുണ്ടാക്കിയിട്ടുണ്ട്. ക്വുർആനിലെ മുഴുവൻ വചനങ്ങളെക്കുറിച്ചുമാണ് ഇവിടെ പറഞ്ഞത്; അത് ഉത്തമ ഗുണമായിട്ടാണ്. (ഏറ്റവും ഉത്തമമായ വർത്തമാനം). അത് അധ്യായങ്ങളും വചനങ്ങളുമാണ്; എല്ലാം പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു. (ആവർത്തിക്കപ്പെടുന്ന വചനങ്ങളും) മതവിധികൾ, കഥകൾ, താക്കീതുകൾ, വാഗ്ദത്തങ്ങൾ എന്നിവ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നന്മയുടെയും തിന്മകളുടെയും ആളുകളെക്കുറിച്ചും അല്ലാഹുവിന്റെ നാമങ്ങളും ആവർത്തിച്ച് പറയുന്നുണ്ട്. നാമങ്ങൾ ആവർത്തിച്ചു പറയുന്നത് അതിന്റെ മഹത്ത്വം, ഉൽകൃഷ്ടത എന്നിവയാലാണ്. അല്ലാഹുവിന്റെ നാമങ്ങളുടെ അർഥം മനസ്സിലാകുന്നതിലൂടെ ഹൃദയങ്ങൾ സംസ്‌കരിക്കപ്പെടുകയും സ്വഭാവപൂർത്തീകരണം നടക്കുകയും ചെയ്യുന്നു. മരത്തിന് വെള്ളം എന്നപോലെ പ്രധാനമാണ് ഹൃദയങ്ങൾക്ക് ഇത്തരം ആശയ ങ്ങൾ. വെള്ളം കുറയുന്നത് മരത്തെ ബാധിക്കുന്നു. ചിലപ്പോളത് നശിച്ചുപോവുകയും ചെയ്യും. നനക്കൽ തുടങ്ങുമ്പോൾ അത് പുഷ്ടിപ്പെടുന്നു. ഉപകാരപ്രദമായ വിവിധ ഫലങ്ങൾ അവ നൽകുന്നു. അല്ലാഹുവിന്റെ വചനങ്ങളുടെ നിരന്തര പഠനം ഹൃദയങ്ങൾക്ക് ഏറെ ആവശ്യമാണ്. ഒരു പക്ഷേ, ഇത്തരം ഉപകാരപ്രദമായ ആശയങ്ങൾ ആവർത്തിക്കപ്പെടാതെ ക്വുർആൻ ഒരു സ്ഥലത്തു മാത്രം പറഞ്ഞവസാനിപ്പിച്ചാൽ അതിന് അർഹിക്കുന്ന പ്രാധാന്യമോ ഫലമോ ലഭിച്ചുകൊള്ളണമെന്നില്ല.

അതിനാൽ, ഈ വ്യാഖ്യാനത്തിൽ ഞാൻ അതേ രീതിശാസ്ത്രം പിന്തുടർന്നു. ഒരു സ്ഥലത്തും ഈയൊരു മാറ്റം കാണുകയില്ല. എല്ലാ സ്ഥലത്തും വിശദീകരിക്കുന്നുണ്ട്. മുമ്പ് പറഞ്ഞുപോയി എന്നതുകൊണ്ട് ഓരോ തവണയും ഒരു ആശയം പരാമർശിക്കുമ്പോൾ അത് പൂർണമായി വിശദീകരിക്കുന്നതായി നിങ്ങൾ കണ്ടെത്തും. ചില സ്ഥലങ്ങളിൽ സംക്ഷിപ്തമായി പറഞ്ഞത് മറ്റു ചില സ്ഥലങ്ങളിൽ വിശദമായി പറയുന്നുണ്ട്. അത് കൂടുതൽ ഉപകാരപ്രദമായിരിക്കും. അതുകൊണ്ടുതന്നെ ക്വുർആൻ പഠിക്കുന്ന വ്യക്തി അതിന്റെ ആശയങ്ങൾ വിശകലനം ചെയ്യുമ്പോൾ ഒരേ ആശയം വരുന്ന എല്ലാ സ്ഥലത്തും പഠനംനടത്തണം. അതുകൊണ്ട് വലിയ പ്രയോജനം അയാൾക്ക് ലഭിക്കും.

ഈ മഹത്ത്വം കാരണം സന്മാർഗികളായ ബുദ്ധിമാന്മാർക്ക് ഹൃദയങ്ങളിൽ ക്വുർആൻ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. (തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതുനിമിത്തം രോമാഞ്ചമണിയുന്നു) അതിൽ ഭയപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളുണ്ട്. (പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു) പ്രതീക്ഷയും ആഗ്രഹവും പരാമർശിക്കുമ്പോൾ അത് ചില സന്ദർഭങ്ങളിൽ നന്മക്ക് പ്രേരിപ്പിക്കും.

(അതത്രെ) ക്വുർആൻ അവരിലുണ്ടാക്കുന്ന സ്വാധീനം. (അല്ലാഹുവിന്റെ മാർഗദർശനം) തന്റെ ദാസന്മാർക്ക് അവൻ നൽകുന്ന മാർഗദർശനം. അത് അവർക്കവൻ ചെയ്യുന്ന കാരുണ്യവും ഔദാര്യവും കൂടിയാണ്. (അതുമുഖേന അവൻ നേർവഴിയിലാക്കുന്നു) അതുനിമിത്തം. (അവൻ ഉദ്ദേശിക്കുന്നവരെ) തന്റെ ദാസന്മാരിൽനിന്നും. അതത്രെ എന്നു പറഞ്ഞത് നേരത്തെ വിശദീകരിച്ച, സവിശേഷമായ ക്വുർആനുമാകാം.

(അല്ലാഹുവിന്റെ മാർഗദർശനം) അതുമുഖേന മാത്രമെ അല്ലാഹുവിലേക്കെത്തൂ. (അതുമുഖേന താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു) ഉദ്ദേശ്യം നന്നായാൽ,

يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَـٰمِ

“അല്ലാഹു തന്റെ പൊരുത്തം നേടിയവരെ അതുമുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു’’ (5:16).

(വല്ലവനെയും അവൻ പിഴവിലാക്കുന്നപക്ഷം അവന് വഴികാട്ടാൻ ആരുംതന്നെയില്ല) അവന്റെ തൗഫീക്വില്ലാതെ സന്മാർഗം പ്രാപിക്കില്ല. വിശുദ്ധ ക്വുർആനിലൂടെയല്ലാതെ അവന്റെ തൗഫീക്വ് ഉണ്ടാവുകയുമില്ല. ക്വുർആനിലേക്ക് തിരിയാതെ മറ്റു വഴികളില്ല. മറ്റുള്ളതെല്ലാം വ്യക്തമായ വഴികേടും ദുരന്തങ്ങളുമാണ്.