സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 03

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

അധ്യായം: 41, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَفَقَضَىٰهُنَّ سَبْعَ سَمَـٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ (١٢) فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَـٰعِقَةً مِّثْلَ صَـٰعِقَةِ عَادٍ وَثَمُودَ (١٣) إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَـٰٓئِكَةً فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ (١٤)

12. അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.

13. എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക: ആദ്‌, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു.

14. അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്‌, അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് ദൈവദൂതന്‍മാര്‍ ചെന്ന സമയത്ത് അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു.

12). (അങ്ങനെ രണ്ട് ദിവസങ്ങളിലായി അവയെ അവൻ ഏഴ് ആകാശങ്ങളാക്കിത്തീർത്തു). അങ്ങനെ ആറു ദിനങ്ങളിലായി ആകാശ ഭൂമികളുടെ സൃഷ്ടിപ്പും അവൻ പൂർത്തിയാക്കി. ആദ്യദിനം ഞായറാഴ്ചയും അവസാനത്തേത് വെള്ളിയാഴ്ചയും. ഒരുനിമിഷംകൊണ്ട് എല്ലാം സൃഷ്ടിക്കാൻ കഴിവും ഉദ്ദേശ്യവും ഉണ്ടായിട്ടും. അതോടൊപ്പം അവൻ യുക്തിമാനും സൗമ്യനുമാണ്. അവന്റെ സൗമ്യതയും യുക്തിയുമാണ് അതിന്റെ സൃഷ്ടിപ്പ് ഈ നിർണിത സമയത്താക്കുക എന്നത്. ഈ വചനത്തിന്റെ ബാഹ്യാർഥം പരിശോധിക്കുമ്പോൾ, ആകാശത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് സൂറതുന്നാസിആത്തിൽ പറഞ്ഞപ്പോൾ അല്ലാഹു പറഞ്ഞത് (അതിനുശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു) എന്നാണ്. ഇവ തമ്മിൽ ഒരു വൈരുധ്യം പ്രകടമാകുന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ വൈരുധ്യമോ ഭിന്നതയോ ഉണ്ടാകില്ല എന്നതോടൊപ്പംതന്നെ.

ഇതിന്റെ മറുപടി മുൻകാല പണ്ഡിതൻ പറഞ്ഞിട്ടുണ്ട്. ഇവിടെ പറഞ്ഞപോലെത്തന്നെ ആകാശത്തിന്റെ സൃഷ്ടിപ്പിന് മുമ്പെ ഭൂമിയുടെ സൃഷ്ടിപ്പും രൂപപ്പെടുത്തലും നടന്നിട്ടുണ്ട്. എന്നാൽ ഭൂമിയിൽ (അതിൽനിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവൻ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു). ഇത് ചെയ്തത് സൂറതുന്നാസിആത്തിൽ കാണുന്നപോലെ ആകാശങ്ങളുടെ സൃഷ്ടിപ്പിനുശേഷമാണ്. അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. (അതിനുശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു. അതിൽ നിന്നവൻ പുറത്തുകൊണ്ടുവരികയും) എന്നാണ് പറഞ്ഞത് ‘അതിനുശേഷം ഭൂമിയെ സൃഷ്ടിച്ചു എന്നല്ല.’

(ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവൻ നിർദേശിക്കുകയും ചെയ്തു) അതിനു യോജ്യമായ നിയന്ത്രണങ്ങളും നിർദേശങ്ങളും യുക്തിമാന്മാരിൽ ഏറ്റവും യുക്തിയുള്ളവനായ അല്ലാഹുവിന്റെ യുക്തി താൽപര്യപ്പെടും പ്രകാരം. (സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകൾകൊണ്ട് അലങ്കരിക്കുകയും ചെയ്തു) അത് നക്ഷത്രങ്ങളാണ്. അവകൊണ്ട് വെളിച്ചം തേടപ്പെടുകയും വഴികണ്ടെത്തപ്പെടുകയും അത് ആകാശത്തിന് അലങ്കാരവും ഭംഗിയും ആയിത്തീരുകയും ചെയ്യുന്നു. (സംരക്ഷണവും) ആന്തരികമായി ആകാശത്തെ വർത്തമാനങ്ങൾ കട്ടുകേൾക്കാതിരിക്കാൻ; പിശാചുക്കളെ എറിയാനുള്ളതും. (അത്) ഈ പരാമർശിക്കപ്പെട്ടതെല്ലാം. ഭൂമിയിൽ ഉള്ളതിനെക്കുറിച്ചും ആകാശത്തുള്ളതിനെക്കുറിച്ചുമെല്ലാം. (പ്രതാപശാലി വ്യവസ്ഥപ്പെടുത്തിയത്) എല്ലാറ്റിനെയും നിയന്ത്രിക്കുവാനും കീഴ്‌പ്പെടുത്തുവാനുമുള്ള അവന്റെ പ്രതാപം. അതുകൊണ്ടാണവൻ സൃഷ്ടികളെ മുഴുവൻ സൃഷ്ടിച്ചത്. (സർവജ്ഞനുമായ) ദൃശ്യവും അദൃശ്യവുമായ സകല സൃഷ്ടികളെക്കുറിച്ചും അവന്റെ അറിവ് സൂക്ഷ്മമായി നിൽക്കുന്നു.

13). എല്ലാം അടക്കിഭരിക്കുന്ന ഏകനും മഹാനമായ ഈ രക്ഷിതാവിനോട് ആത്മാർഥത കാണിക്കുന്നതിനെ ബഹുദൈവവിശ്വാസികൾ ഉപേക്ഷിക്കുന്നു. എല്ലാ സൃഷ്ടിജാലങ്ങളും അവന്റെ കൽപനകൾക്ക് കീഴൊതുങ്ങുകയും അവയിലെല്ലാം അവന്റെ വിധി നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് അത്ഭുതകരമായ ഒരു കാര്യം തന്നെയാണ്. അവന് സമന്മാരെ സ്വീകരിക്കുന്നതും അവരെ അവനോട് സമപ്പെടുത്തുന്നതും അവർ അവരുടെ വാക്കിലും പ്രവൃത്തിയിലുമെല്ലാം വീഴ്ച വരുത്തുന്നതും മഹാത്ഭുതം തന്നെ. ഇവർ ഈ തിരിഞ്ഞുകളയൽ തുടരുകയാണെങ്കിൽ ഇഹലോകത്തും പരലോകത്തുമുള്ള ശിക്ഷയല്ലാതെ മറ്റൊരു മരുന്നുമില്ല അവർക്ക്. അതാണ് അല്ലാഹു അവരെ ഭീഷണിപ്പെടുത്തിപ്പറയുന്നത്: (എന്നിട്ടവർ തിരിഞ്ഞുകളയുന്നപക്ഷം ആദ്, സമൂദ് എന്നീ സമുദായങ്ങൾക്ക് നേരിട്ട ഭയങ്കര ശിക്ഷയെപ്പോലുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു). മഹാനായ അല്ലാഹുവിന്റെ വിശേഷണങ്ങളും പ്രശംസനീയമായ ക്വുർആനിന്റെ പ്രത്യേകതകളും വ്യക്തമായതിനുശേഷം ഈ കളവാക്കുന്നവർ തിരിഞ്ഞുകളയുന്ന പക്ഷം. (ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു) നിങ്ങളെ ഉന്മൂലനം ചെയ്ത് നശിപ്പിക്കുന്ന ഒരു ശിക്ഷ. (ആദ്, സമുദ് നേരിട്ട ഭയങ്കര ശിക്ഷപോലെയുള്ള ശിക്ഷ). പ്രസിദ്ധമായ രണ്ട് ഗോത്രങ്ങളാണിവ. ശിക്ഷ അവരെ പിഴുതെറിഞ്ഞു. ശിക്ഷയുടെ നാശങ്ങൾ അവരിലിറങ്ങി. അതവരുടെ അവിശ്വാസവും അക്രമവും കാരണമായിരുന്നു.

14). (അവരുടെ മുന്നിലൂടെയും പിന്നിലൂടെയും അവരുടെ അടുത്ത് ദൈവദൂതന്മാർ ചെന്ന സന്ദർഭം) തുടരെത്തുടരെ പലപല പ്രവാചകന്മാർ, അവരുടെയെല്ലാം പ്രബോധനം ഒന്നായിരുന്നു. (അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത് എന്ന്) അതായത് അല്ലാഹുവിനു മാത്രം നിഷ്‌കളങ്കമാകണമെന്ന് അവരോട് കൽപിക്കുകയും ബഹുദൈവത്വം വിലക്കുകയും ചെയ്യുന്നവരായി. അവരുടെ സന്ദേശത്തെ അവർ തള്ളിക്കളയുകയും അവരെ കളവാക്കുകയും ചെയ്തു. (ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ മലക്കുകളെ ഇറക്കുമായിരുന്നു) അതായത്, നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യരാണ്. (അതിനാൽ നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ തീർച്ചയായും ഞങ്ങൾ വിശ്വാസമില്ലാത്തവരാകുന്നു) ഈ സംശയം സമുദായങ്ങളിലെ നിഷേധികൾക്കിടയിൽ പാരമ്പര്യമായി തുടർന്നുവരുന്നതാണ്. ഇതാവട്ടെ, ഏറ്റവും ദുർബലമായ ഒരു സംശയവുമാണ്.

പ്രവാചകന്മാരെ നിയോഗിക്കുന്നതിൽ അവർ മലക്കുകളായിരിക്കണമെന്ന നിബന്ധനയില്ല. മറിച്ച് പ്രവാചകത്വത്തിലെ നിബന്ധന അവരുടെ സത്യതക്കുള്ള തെളിവ് അവർ കൊണ്ടുവരണമെന്ന് മാത്രമാണ്. അവർക്ക് സാധിക്കുമെങ്കിൽ പ്രവാചകന്മാരുടെ സത്യസന്ധതയിൽ അവർ ആക്ഷേപം ഉന്നയിക്കട്ടെ. പ്രാമാണികമോ ബുദ്ധിപരമോ ആയ തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആക്ഷേപം ഒരു നിലക്കും അതിന്നവർക്ക് സാധ്യമല്ല.