സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മാർച്ച് 25, 1444 റമദാൻ 2

അധ്യായം: 42, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَوَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌوَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ مُّقِيمٍ (٤٥) وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ (٤٦) ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ (٤٧‬) فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَـٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَـٰنَ كَفُورٌ (٤٨)

45. നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്‌) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്‌. വിശ്വസിച്ചവര്‍ പറയും: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവര്‍ തന്നെയാകുന്നു തീര്‍ച്ചയായും നഷ്ടക്കാര്‍. ശ്രദ്ധിക്കുക; തീര്‍ച്ചയായും അക്രമികള്‍ നിരന്തരമായ ശിക്ഷയിലാകുന്നു.

46. അല്ലാഹുവിന് പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവര്‍ക്ക് ഉണ്ടായിരിക്കുകയുമില്ല. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന്ന് (ലക്ഷ്യപ്രാപ്തിക്ക്‌) യാതൊരു മാര്‍ഗവുമില്ല.

47. ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം നിങ്ങള്‍ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന് നിങ്ങള്‍ക്ക് യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങള്‍ക്ക് (കുറ്റങ്ങള്‍) നിഷേധിക്കാനുമാവില്ല.

48. ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീര്‍ച്ചയായും നാം മനുഷ്യന് നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിന്‍റെ പേരില്‍ അവന്‍ ആഹ്ലാദം കൊള്ളുന്നു. അവരുടെ കൈകള്‍ മുമ്പ് ചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല തിന്‍മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യന്‍ നന്ദികെട്ടവന്‍ തന്നെയാകുന്നു.

45). (അവർ അതിന് മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം) അതായത് നരകത്തിന് മുമ്പിൽ. (നിന്ദ്യതയാൽ കീഴൊതുങ്ങിയവരായിക്കൊണ്ട്) അവരുടെ ഹൃദയങ്ങളിൽ നിന്ദ്യതയും ശരീരം കീഴൊതുങ്ങിയതുമായും കാണാം. (ഒളികണ്ണിട്ടായിരിക്കും അവർ നോക്കുന്നത്) നരകത്തിലേക്ക് അവർ കട്ടുനോക്കും. അതിനെക്കുറിച്ചുള്ള ഭയവും ആശങ്കയും നിമിത്തം.

(വിശ്വസിച്ചവർ പറയും) ആളുകളുടെ ശിക്ഷ വെളിപ്പെടുകയും സത്യവാന്മാർ മറ്റുള്ളവരിൽനിന്ന് വ്യക്തമാവുകയും ചെയ്താൽ. (തീർച്ചയായും നഷ്ടക്കാർ) യഥാർഥത്തിൽ (ഉയിർത്തെഴുന്നേൽപിന്റെ നാളിൽ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ അവർ തന്നെയാകുന്നു നഷ്ടക്കാർ) മഹത്തായ പ്രതിഫലങ്ങളെ അവർ അവർക്ക് നഷ്ടപ്പെടുത്തി കഠിനമായ ശിക്ഷ കരസ്ഥമാക്കുകയും സ്വന്തം ബന്ധുക്കളെ വേർപെടുകയും ചെയ്തു. അവർ അവരെ കൂടെ കൂട്ടിയില്ല. (ശ്രദ്ധിക്കുക തീർച്ചയായും അക്രമികൾ) പാപങ്ങളും അവിശ്വാസവുംകൊണ്ട് സ്വന്തങ്ങളോട് അക്രമം ചെയ്തവർ. (നിരന്തരമായ ശിക്ഷയിലാകുന്നു) അതിന്റെ മധ്യത്തിലും ദുരിതത്തിലും ഒരിക്കും പുറത്തുവരാത്തവിധം അതിൽ മുങ്ങിയവർ. അതിൽ അവർക്കൊരു ഇടവേളയില്ല. അതിലവർ നിരാശപ്പെട്ടവരായിരിക്കും.

46). (അല്ലാഹുവിന് പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവർക്ക് ഉണ്ടായിരിക്കുകയുമില്ല) ഇഹലോകത്ത് അവർക്ക് അവരെക്കുറിച്ചുണ്ടായിരുന്ന മോഹങ്ങളെപ്പോലെ. എന്നാൽ ഉയിർത്തെഴുന്നേൽപുനാളിൽ അവർക്കും മറ്റുള്ളവർക്കും വ്യക്തമാകും അവരുടെ പ്രതീക്ഷയുടെ കാരണങ്ങൾ നഷ്ടമായെന്ന്. അല്ലാഹുവിന്റെ ശിക്ഷ വന്നെത്തുമ്പോൾ അതിനെ അവരിൽനിന്നും തടയപ്പെട്ടില്ല. (ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന് യാതൊരു മാർഗവുമില്ല) സന്മാർഗം കരസ്ഥമാക്കാൻ. അവരുടെ പങ്കാളികൾ ഉപകാരം വരുത്തുകയും ഉപദ്രവം തടുക്കുകയും ചെയ്യുമെന്നവർ വാദിച്ചപ്പോൾ അവർ പിഴച്ചുപോയി. ശിക്ഷ വന്നപ്പോൾ അവരുടെ വഴികേട് അവർക്ക് വ്യക്തമായി.

47). തന്റെ ആഹ്വാനങ്ങൾ സ്വീകരിക്കണമെന്നാണ് അല്ലാഹു ദാസന്മാരോട് നിർദേശിക്കുന്നത്; അവന്റെ കൽപനകൾ അനുഷ്ഠിച്ചും വിരോധങ്ങൾ ഉപേക്ഷിച്ചുംകൊണ്ട്. പിന്നീട് ചെയ്യാമെന്ന് വെക്കാതെ താൽപര്യപൂർവം അത്‌നിർവഹിക്കണമെന്നും നിർദേശിക്കുന്നു. നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ കഴിയാത്ത, തടുക്കാൻ സാധിക്കാത്ത അന്ത്യദിനം വരുന്നതിനു മുമ്പായിരിക്കുമതെന്നും നിർദേശിക്കുന്നു.

അന്നേദിവസം ദാസന് അഭയം നൽകുന്ന ഒരു അഭയ കേന്ദ്രവുമില്ല. അന്നവൻ ഓടിപ്പോകാൻ ശ്രമിക്കും. എന്നാൽ മലക്കുകൾ അവരെ വലയം ചെയ്യും. അന്ന് വിളിച്ചുപറയപ്പെടും:

يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍ

“ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളിൽനിന്ന് പുറത്തുകടന്നുപോകാൻ നിങ്ങൾക്ക് സാധിക്കുന്നപക്ഷം നിങ്ങൾ കടന്നുപോയ്‌ക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങൾ കടന്നുപോവുകയില്ല’’ (55:33).

താൻ ചെയ്ത കുറ്റങ്ങളും പാപങ്ങളും അന്നൊരാൾക്കും നിഷേധിക്കാനാവില്ല. ഇനി നിഷേധിക്കുകയാണെങ്കിൽ അവന്റെ സ്വന്തം അവയവങ്ങൾതന്നെ അവനെതിരെ സാക്ഷി പറയും.

ഈ വചനവും ഇതുപോലുള്ള വചനങ്ങളും തെറ്റായ പ്രതീക്ഷകളെ വിമർശിക്കുന്നു. തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യുന്നു. വൈകിപ്പിക്കുന്നതിൽ ധാരാളം അപകടങ്ങളുണ്ട്.

48). (ഇനി അവർ തിരിഞ്ഞുകളയുകയാണെങ്കിൽ) താങ്കൾ അവർക്ക് കൊണ്ടുവന്നതിന്റെ വ്യക്തമായ വിശദീകരണം കിട്ടിയശേഷവും. (നിന്നെ നാം അവരുടെമേൽ കാവൽക്കാരനായി അയച്ചിട്ടില്ല) അവരുടെ പ്രവർത്തനങ്ങൾക്ക് കാവൽ നിൽക്കാനും അതിനെക്കുറിച്ച് നീ അവരോട് ചോദിക്കാനും. (നിന്റെമേൽ പ്രബോധനബാധ്യത മാത്രമേയുള്ളൂ) നിന്നെ ഏൽപിച്ചത് നീ എത്തിച്ചാൽ നിന്റെ പ്രതിഫലം നിനക്കുറപ്പായി. അവർ സ്വീകരിച്ചാലും അവഗണിച്ചാലും ശരി. അവരുടെ ചെറുതും വലുതും പ്രത്യക്ഷവും പരോക്ഷവുമായ പ്രവർത്തനങ്ങളെ വിചാരണ ചെയ്യാനും സൂക്ഷിക്കാനുമുള്ള ബാധ്യത അല്ലാഹുവിനാണ്.

മനുഷ്യന്റെ ഒരവസ്ഥയെക്കുറിച്ചാണ് തുടർന്ന് അല്ലാഹു പറയുന്നത്. പ്രശസ്തിയായോ ആരോഗ്യമായോ വല്ല കാരുണ്യവും അല്ലാഹു അവനെ അനുഭവിപ്പിച്ചാൽ: (അതിന്റെ പേരിൽ അവൻ ആഹ്ലാദം കൊള്ളുന്നു) അവന്റെ സന്തോഷം അതിൽ പരിമിതമാകുന്നു. അതുമൂലം മാത്രമാകുന്നു അവന്റെ സമാധാനം. അനുഗ്രഹം ചെയ്തവനെ അവഗണിക്കുകയും ചെയ്യുന്നു. (അവർക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ) ദാരിദ്ര്യം, രോഗം പോലുള്ളവ. (അവരുടെ കൈകൾ മുമ്പ് ചെയ്തുവെച്ചതിന്റെ ഫലമായി, മനുഷ്യൻ നന്ദികെട്ടവൻ തന്നെയാകുന്നു) ലഭിച്ച അനുഗ്രഹത്തിന് നന്ദികേട് കാണിക്കുന്നതാണ് അവന്റെ പ്രകൃതം; ബാധിക്കുന്ന തിന്മയിൽ അനിഷ്ടം കാണിക്കലും.