സൂറഃ സൂറ: അശ്ശൂറാ (കൂടിയാലോചന), ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഫെബ്രുവരി 11, 1444 റജബ് 19

അധ്യായം: 42, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ (١٩) مَن كَانَ يُرِيدُ حَرْثَ ٱلْـَٔاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِن نَّصِيبٍ (٢٠) أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ (٢١) لَهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ (١٢) شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ (١٣)

19. അല്ലാഹു തന്റെ ദാസൻമാരോട് കനിവുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവൻ.

20. വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവന്റെ കൃഷിയിൽ നാം അവന് വർധന നൽകുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാം അവന് അതിൽനിന്ന് നൽകുന്നതാണ്. അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.

21. അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെപറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.

19). അല്ലാഹു അറിയിക്കുന്നു: (അല്ലാഹു തന്റെ ദാസന്മാരോട് കനിവുള്ളവനാകുന്നു) അവനെ അവർ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യാൻ; അവന്റെ ഔദാര്യത്തിനും കനിവിനും വിധേയമാകാനും. കനിവ് എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ടതാണ്. അതുകൊണ്ടുദ്ദേശിക്കുന്നത് അവൻ തന്റെ ദാസന്മാർക്ക്-പ്രത്യേകിച്ചും വിശ്വാസികൾക്ക്-അവർക്ക് കണക്കുകൂട്ടാനോ മനസ്സിലാക്കാനോ പറ്റാത്തവിധം ഗുണങ്ങൾ എത്തിക്കുന്നു എന്നതാണ്.

തന്റെ വിശ്വാസിയായ ദാസന് നൽകിയ ഗുണത്തിൽ ഉൾപ്പെടുന്നതാണ് അവനെ സന്മാർഗത്തിലാക്കി എന്നത്. നാം വിചാരിക്കാതെതന്നെ ആ സന്മാർഗത്തിലേക്കുള്ള വഴികളെയും കാരണങ്ങളെയും അവൻ സൗകര്യപ്പെടുത്തിത്തന്നു. സത്യത്തെ ഇഷ്ടപ്പടാനും കീഴ്‌പ്പെടാനുമുള്ള മനുഷ്യപ്രകൃതിയും മലക്കുകളിൽനിന്നുണ്ടാകുന്ന പ്രേരണകളും സന്മാർഗത്തിലെത്താൻ കാരണമാണ്. അവർ വിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുകയും നന്മയ്ക്ക് പ്രചോദനം നൽകുകയും ശരിയായ വിശ്വാസികളുടെ ഹൃദയങ്ങളിൽ അത് അലങ്കാരമായി കാണിക്കുകയും ചെയ്യുന്നു. അത് സത്യത്തെ പിൻപറ്റാൻ പ്രചോദനമായിത്തീരുന്നു.

അല്ലാഹുവിന്റെ കനിവിൽപെട്ടതു തന്നെയാണ് സാമൂഹികമായ ആരാധനകൾക്ക് വിശ്വാസികളോട് അവൻ കൽപിച്ചു എന്നത്. അത് അവരുടെ മനഃശക്തിയെ ബലപ്പെടുത്തുന്നു. മനോദൃഢതയെ ഉത്തേജിപ്പിക്കുന്നു. നന്മകൾ ആഗ്രഹിക്കാനും അതിനായി മത്സരിക്കാനും പരസ്പരം മാതൃകകൾ കൈമാറാനും പിൻപറ്റാനും സഹായകമാകുന്നു. അവന്റെ കനിവിൽപെട്ടതാണ് തിന്മകളിലേക്ക് തന്റെ ദാസനെത്തിച്ചേരുന്ന എല്ലാ കാരണങ്ങൾക്കും അവനും ഇടയിൽ തടസ്സവും പ്രയാസവും ഏർപ്പെടുത്തി എന്നത്. എത്രമാത്രമെന്നാൽ, ഒരു ദാസനെ അശ്രദ്ധനാക്കുകയും അല്ലാഹുവിനെ അനുസരിക്കുന്നതിൽനിന്ന് തടയുകയും ചെയ്യുന്ന സമ്പത്തിനും അധികാരത്തിനും ഭൗതിക ജീവിത സൗകര്യങ്ങൾക്കും വേണ്ടിയുള്ള മത്സരങ്ങളിലും അല്ലാഹു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതാണിവിടെ പറഞ്ഞത്. (അവനുദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു) അവന്റെ യുക്തിയുടെയും സ്‌നേഹത്തിന്റെയും താൽപര്യമനുസരിച്ച്. (അവനാകുന്നു ശക്തവാനും പ്രതാപശാലിയുമായിട്ടുള്ളവൻ) അവനാണ് സർവശക്തിയും. അവനെക്കൊണ്ടല്ലാതെ സൃഷ്ടികളിൽ ഒരാൾക്കും യാതൊരു ശക്തിയും കഴിവുമില്ല. എല്ലാ വസ്തുക്കളും അവന് കീഴൊതുങ്ങുന്നു

20). തുടർന്ന് അല്ലാഹു പറയുന്നു: (വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ) അതായത് അവിടുത്തെ പ്രതിഫലവും ഗുണവും ഉദ്ദേശിച്ച് അതിനെ സത്യപ്പെടുത്തിയും വിശ്വസിച്ചും അതിന് ആവശ്യമായ പരിശ്രമങ്ങൾ നടത്തുകയും ചെയ്യുന്നവൻ. (അവന്റെ കൃഷിയിൽ നാം അവന് വർധനവ് നൽകുന്നതാണ്) അവന്റെ പ്രവർത്തനത്തെയും പ്രതിഫലത്തെയും ഇരട്ടിയായി വർധിപ്പിച്ചു നൽകും. അല്ലാഹു പറയുന്നു:

وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا

“ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാർഹമായിരിക്കും’’ (17:19).

അതോടൊപ്പം ഇഹലോകത്ത് കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യും: (വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാം അവന് അതിൽനിന്ന് നൽകുന്നതാണ്) ഇഹലോകത്തെ തന്റെ ഉദ്ദേശ്യവും താൽപര്യവുമായി കാണുകയും പരലോക ജീവിതത്തിനോ അവിടുത്തെ പ്രതിഫലത്തിനോ പ്രാധാന്യം നൽകുകയോ അവിടുത്തെ ശിക്ഷയെ ഭയപ്പെടുകയോ ചെയ്യാത്തവൻ. (അവന് അതിൽനിന്ന് നൽകുന്നതാണ്) അവന് നിശ്ചയിക്കപ്പെട്ട വിഹിതം. (അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുകയില്ല) സ്വർഗവും അതിന്റെ സുഖങ്ങളും നിഷേധിക്കപ്പെടും. നരകത്തിന് അർഹനാകും. ഈ വചനത്തോട് സാദൃശ്യമുള്ള മറ്റൊരു വചനമാണ്:

مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَـٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ

“ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ അവിടെവെച്ച് അവർക്ക് നിറവേറ്റിക്കൊടുക്കുന്നതാണ്. അവർക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല’’ (11:15)

21). ഇവിടെ അല്ലാഹു പറയുന്നത്, മുശ്‌രിക്കുകൾ അതിനോട് ആത്മബന്ധം പുലർത്തുകയും നിഷേധത്തിലും അതിന്റെ പ്രവർത്തനത്തിലും പങ്കാളികളെ സ്വീകരിക്കുകയും ചെയ്തു. നിഷേധത്തിലേക്ക് ക്ഷണിക്കുന്നവർ: (അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം, മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്തു) ശിർക്ക് ബിദ്അത്തുകളുണ്ടാക്കിയ, അല്ലാഹു അനുവദിച്ചത് നിഷിദ്ധമാക്കിയും നിഷിദ്ധമാക്കിയത് അനുവദിച്ചും സ്വന്തം ദേഹേച്ഛകൾക്കനുസരിച്ച് പ്രവർത്തിച്ചും മതത്തിൽ നിയമമുണ്ടാക്കിയവർ.

അല്ലാഹു നിയമമാക്കിയതുമാത്രമെ മതമാകൂ, അതിനാണ് അടിമകൾ കീഴ്‌പ്പെടേണ്ടത്. അതിലൂടെയാണ് അല്ലാഹുവിലേക്ക് അടുക്കേണ്ടതും. അല്ലാഹുവിൽനിന്നും അവന്റെ ദൂതനിൽനിന്നും വന്ന ദീനിൽ എന്തെങ്കിലും നിയമം നിർമിക്കൽ ആർക്കും പാടില്ലെന്നതാണ് മതത്തിന്റെ അടിസ്ഥാനം. എന്നിട്ടാണോ നിഷേധത്തിൽ പങ്കാളികളായ ഈ അധർമകാരികളും അവരുടെ പിതാക്കളും നിയമം നിർമിക്കുന്നത്?

(നിർണായക വിധിയെപ്പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപിക്കപ്പെടുമായിരുന്നു) വ്യത്യസ്ത വിഭാഗങ്ങൾക്ക് അല്ലാഹു നിശ്ചയിച്ച ഒരവധിയുണ്ട്. അതിലേക്ക് അവരെ അവൻ പിന്തിക്കും. അല്ലെങ്കിൽ ശരി ചെയ്തവനുള്ള സൗഭാഗ്യവും തെറ്റ് ചെയ്തവന്റെ നാശവും ഉടൻ സംഭവിക്കുമായിരുന്നു. നശിപ്പിക്കപ്പെടാൻ അർഹതയുണ്ട്, എന്നാൽ ഭാവിയിൽ പരലോകത്ത് വേദനയേറിയ ശിക്ഷ ഈ അക്രമികളായ സർവർക്കും വരാനുണ്ട്.