സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഏപ്രിൽ 15, 1444 റമദാൻ 24

അധ്യായം: 41, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ (٦) ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ (٧) إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ (٨‬) قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ۚ ذَٰلِكَ رَبُّ ٱلْعَـٰلَمِينَ (٩) وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَـٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ (١٠) ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ (١١)

6. നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവാരാധകര്‍ക്കാകുന്നു നാശം.

7. സകാത്ത് നല്‍കാത്തവരും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായ.

8. തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മുറിഞ്ഞ് പോവാത്ത പ്രതിഫലമുള്ളത്‌.

9. നീ പറയുക: രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.

10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍

11. അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

6,7). (നീ പറയുക) അവരോട്, ഓ പ്രവാചകരേ, (ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു. എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു) ഇതാണ് ഞാൻ, ഇതാണെന്റെ ദൗത്യം. അതായത് ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രം. യാതൊരുവിധ കൽപനാധികാരവും എനിക്ക് സ്വന്തമായില്ല. നിങ്ങൾ ധൃതികൂട്ടുന്ന ശിക്ഷ തരാനും എനിക്കാവില്ല. അല്ലാഹു എന്നെ നിങ്ങളെക്കാൾ ശ്രേഷ്ഠനാക്കി എന്നുമാത്രം. എനിക്ക് നൽകപ്പെട്ട ദിവ്യസന്ദേശത്തിലൂടെ എന്നെ സവിശേഷനാക്കുകയും പ്രത്യേകപ്പെടുത്തുകയും ചെയ്തു. അല്ലാഹുവിനെ പിൻപറ്റാനും അവനിലേക്ക് ക്ഷണിക്കാനും എന്നോട് കൽപിക്കുകയും ചെയ്തു. (ആകയാൽ അവങ്കലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുക) അല്ലാഹുവിലേക്കെത്തുന്ന മാർഗത്തിൽ നിങ്ങൾ പ്രവേശിക്കുക. അവൻ അറിയിച്ച വിവരങ്ങളിൽ വിശ്വസിച്ചും അവന്റെ കൽപനകളെ പിൻതുടർന്നും അവന്റെ വിരോധങ്ങളെ ഉപേക്ഷിച്ചും. ഇതാണ് നേരെനിലകൊള്ളുക എന്നതിന്റെ താൽപര്യം. തുടർന്ന് അതിൽ നിത്യമായി നിലകൊള്ളുകയും ചെയ്യുക. (അവനിലേക്ക്) എന്ന പദത്തിൽ ആത്മാർഥമായിരിക്കണം എന്ന ഓർമപ്പെടുത്തലുമുണ്ട്. പ്രവർത്തിക്കുന്നവന്റെ ഉദ്ദേശ്യവും ലക്ഷ്യവും പ്രവർത്തിക്കുന്നവന്റെ യഥാർഥ ലക്ഷ്യത്തിനുവേണ്ടിയാവണം. അല്ലാഹുവിലേക്കെത്തുക, അവന്റെ പരിശുദ്ധ ഭവനത്തിൽ എത്തിച്ചേരുക. അങ്ങനെയാകുമ്പോൾ അവന്റെ പ്രവർത്തനം നിഷ്‌ക്കളങ്കവും ഫലപ്രദവുമായിരിക്കും. ഈ ആത്മാർഥത നഷ്ടപ്പെട്ടാൽഅവന്റെ പ്രവർത്തനം നിഷ്ഫലമാകും.

ഒരു ദാസൻ നേരെ നിലകൊള്ളാൻ എത്രതന്നെ ആഗ്രഹിച്ചാലും ചില കാര്യങ്ങളിൽ അവന് വീഴ്ചകളും തകരാറുകളും സംഭവിക്കാതിരിക്കില്ല. ചില വിരോധങ്ങൾ പ്രവർത്തിച്ചെന്നും വരാം. പശ്ചാത്താപത്തെ ഉൾക്കൊള്ളുന്ന പാപമോചനം തേടാനുള്ള കൽപന അതിനുള്ള പ്രതിവിധിയായിട്ടാണ് നിർദേശിക്കുന്നത്. അതാണ് പറഞ്ഞത്: (അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ) തുടർന്ന് നേരെ നിലകൊള്ളാതിക്കുന്നവരെ താക്കീത് ചെയ്തുകൊണ്ട് പറയുന്നു: (സകാത്ത് നൽകാത്തവരായ ബഹുദൈവാരാധകർക്കാകുന്നു നാശം) അവർ അല്ലാഹുവിന് പുറമെ ആരാധിച്ചത് ഗുണമോ ദോഷമോ മരണമോ ജീവിതമോ പുനരുദ്ധാനമോ ഉടമപ്പെടുത്താത്തവരെയാണ്. അവർ അവരെത്തന്നെ മറന്നുകളഞ്ഞു. തങ്ങളുടെ രക്ഷിതാവിന്റെ ഏകത്വത്തെ അംഗീകരിച്ചുകൊണ്ടും ആരാധന അവന് മാത്രമാക്കിക്കൊണ്ടും അവരുടെ മനസ്സുകളെ അവർ സംസ്‌കരിച്ചില്ല. നമസ്‌കരിക്കുകയോ സകാത്ത് നൽകുകയോ ചെയ്തില്ല. സ്രഷ്ടാവിന് നൽകേണ്ട ഏകദൈവാരാധനയിലും നമസ്‌കാരത്തിലും അവർ അവനോട് ആത്മാർഥത കാണിച്ചില്ല. സകാത്ത്‌പോലുള്ള കാര്യങ്ങളെക്കൊണ്ട് പടപ്പുകൾക്കും അവർ പ്രയോജനകരമായില്ല. (പരലോകത്തിൽ വിശ്വസിക്കാത്തവരുമായിരുന്നു അവർ). അതായത് ഉയിർത്തെഴുന്നേൽപിൽ അവർ വിശ്വസിച്ചിരുന്നില്ല. അതുപോലെതന്നെ സ്വർഗ നരകങ്ങളിലും. അതിനാൽ അവരുടെ മനസ്സിന്റെ ഭയം നീങ്ങിയപ്പോൾ അവർ ചെയ്തുകൊണ്ടിരുന്നതിലേക്കുതന്നെ പരലോകത്ത് അവർക്ക് ദോഷകരമായതിലേക്ക് അവർ വരികയും ചെയ്തു.

8). അവിശ്വാസികളെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ വിശ്വാസികളെക്കുറിച്ചും അവരുടെ പ്രത്യേകതകളും അവർക്കുള്ള പ്രതിഫലവും പറഞ്ഞു. (തീർച്ചയായും വിശ്വസിച്ചവർ) ഈ ഗ്രന്ഥത്തിലും അതുൾക്കൊള്ളുന്നതും അത് ക്ഷണിക്കുന്നതുമായ വിശ്വാസത്തിലും ആത്മാർഥവും പ്രവാചകമാതൃക പിൻതുടർന്നുകൊണ്ടുമുള്ള സൽപ്രവർത്തനങ്ങൾകൊണ്ടും അവർ ആ വിശ്വാസത്തെ സാക്ഷാത്കരിക്കുന്നു. (അവർക്ക് പ്രതിഫലമുണ്ട്) മഹത്തായ പ്രതിഫലം: തീർത്തുപോകാത്തതും നിന്നുപോകാത്തതും. എല്ലാ സമയത്തും അത് തുടർന്നുകൊണ്ടിരിക്കും. ചില സമയങ്ങളിൽ അത് വർധിക്കും. അതാവട്ടെ, എല്ലാ ആഗ്രഹങ്ങളെയും ആസ്വാദനങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്.

9). ഇവിടെ അല്ലാഹു സത്യനിഷേധികളുടെ നിലപാടിനെ എതിർക്കുകയും അതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവർ അവന് സമന്മാരെ ഏർപ്പെടുത്തി. അവനിൽ പങ്കുചേർക്കുന്നതിനെയും അവർക്ക് തോന്നിയപോലെ അവരെ ആരാധിക്കുന്നതിനെയും മഹത്ത്വമേറിയവനായ അല്ലാഹുവോട് അവരെ സമമാക്കുന്നതിനെയും. അവൻ അത്യുദാരനായ രാജാവാണ്. വലുതും ബലിഷ്ഠവുമായ ഭൂമിയെ രണ്ട് ദിനങ്ങളിൽ സൃഷ്ടിച്ചവൻ. തുടർന്ന് രണ്ട് ദിനങ്ങളിൽ അതിനെ വിതാനിച്ചു. അങ്ങനെ അതിനുമുകൾ പർവതങ്ങളെ ഉണ്ടാക്കി. അത് ഇളകാതെയും കുലുങ്ങാതെയും അസ്ഥിരമാകാതെയും അതിനെ ഉറപ്പിക്കുകയും ചെയ്തു.

10). അങ്ങനെ അതിന്റെ സൃഷ്ടിപ്പ് പൂർണമാക്കി അതിനെ വിതാനിച്ചു. അതിൽ ഭക്ഷണവസ്തുക്കൾ ഉണ്ടാക്കി. തുടർന്നുള്ള (നാല് ദിവസങ്ങളിലായിട്ട് ആവശ്യപ്പെടുന്നവർക്കുവേണ്ടി ശരിയായ അനുപാതത്തിൽ) ഇതിനെക്കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനെപ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല. കൂട്ടലോ കുറക്കലോ ഇല്ലാത്ത സത്യസന്ധമായ വിവരമാണിത്.

11). (അതിനുപുറമെ) ഭൂമിയെ സൃഷ്ടിച്ചശേഷം. (അവൻ തിരിഞ്ഞു) ഉദ്ദേശിച്ചു എന്നർഥം. (സൃഷ്ടിപ്പിലേക്ക്). (ആകാശം അത് ഒരു പുകയായിരുന്നു) വെള്ളത്തിനു മുകളിൽ നിൽക്കുന്ന. (എന്നിട്ട് അതിനോടവൻ പറഞ്ഞു) എന്നാൽ അതിനെ പ്രത്യേകമാക്കിക്കൊണ്ടുള്ളതാണ്. അതിനോട് ചേർത്ത് തുടർന്ന് പറയുന്നു: (ഭൂമിയോടും) (നിങ്ങൾ രണ്ടുപേരും അനുസരണപൂർവമോ നിർബന്ധമായോ വരിക) അതായത് എന്റെ കൽപനയ്ക്ക് കീഴ്‌പ്പെട്ട് അനുസരിക്കുന്നവരായി, അല്ലെങ്കിൽ നിർബന്ധിതമായി. അത് ചെയ്‌തേ പറ്റൂ എന്നർഥം. (അവ) രണ്ടും പറഞ്ഞു: (ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു). നിന്റെ താൽപര്യത്തിന് വിരുദ്ധമായി ഞങ്ങൾക്കൊരു താൽപര്യവുമില്ല.