സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

അധ്യായം: 40, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌ فِى ٱلدُّنْيَا وَلَا فِى ٱلْـَٔاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَـٰبُ ٱلنَّارِ (٤٣) فَسَتَذْكُرُونَ مَآ أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِىٓ إِلَى ٱللَّهِ ۚ إِنَّ ٱللَّهَ بَصِيرٌۢ بِٱلْعِبَادِ (٤٤) فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُوا۟ ۖ وَحَاقَ بِـَٔالِ فِرْعَوْنَ سُوٓءُ ٱلْعَذَابِ (٤٥) ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ (٤٦) وَإِذْ يَتَحَآجُّونَ فِى ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُا۟ لِلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ ٱلنَّارِ (٤٧‬) قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا كُلٌّ فِيهَآ إِنَّ ٱللَّهَ قَدْ حَكَمَ بَيْنَ ٱلْعِبَادِ (٤٨)

43. നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല( എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു.

44. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്‍റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

45. അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്‍റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.

46. നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും.( ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന് കല്‍പിക്കപ്പെടും)

47. നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

48. അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു.

43) (ഉറപ്പായ കാര്യം) അതായത് സത്യമായതും ഉറപ്പുള്ളതും. (നിങ്ങൾ എന്നെ എന്തൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിന് ഇഹലോകത്താവട്ടെ പരലോകത്താകട്ടെ യാതൊരു പ്രാർഥനയും ഉണ്ടാവുന്നതല്ല) അതായത് പ്രാർഥിക്കപ്പെടാനോ അഭയംതേടാനോ യാതൊരർഹതയും ഇഹലോകത്തോ പരലോകത്തോ അവനില്ല. അവൻ അശക്തനും അപൂർണനുമാണ്. ഗുണമോ ദോഷമോ ജീവിതമോ മരണമോ ഉയിർത്തെഴുന്നേൽപോ അവൻ ഉടമപ്പെടുത്തുന്നില്ല.

(നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും) പ്രവർത്തിച്ചവർക്കെല്ലാം അവൻ അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ചുള്ള പ്രതിഫലം നൽകുന്നു. (അതിരുവിട്ടവർ തന്നെയാണ് നരകാവകാശികൾ) അവനിൽ അവിശ്വസിച്ചും അവനോട് അനുസരണക്കേട് കാണിച്ചും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അവൻ അവനോടുതന്നെ അതിരുവിട്ടു പ്രവർത്തിച്ചു.

44) വിശ്വാസിയായ ആ മനുഷ്യൻ അവരെ ഉപദേശിക്കുകയും താക്കീത് ചെയ്യുകയും ചെയ്‌തെങ്കിലും അവർ അദ്ദേഹത്തെ അനുസരിക്കാൻ തയ്യാറായില്ല. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: (എന്നാൽ ഞാൻ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങൾ ഓർക്കും) എന്റെ ഈ ഉപദേശങ്ങളെല്ലാം. മഹത്തായ പ്രതിഫലം നിങ്ങൾക്ക് നിരാകരിക്കപ്പെടുകയും ശിക്ഷ ബാധിക്കുകയും ചെയ്യുമ്പോൾ എന്റെ ഉപദേശങ്ങൾ സ്വീകരിക്കാത്തതിന്റെ പരിണിതി നിങ്ങൾക്ക് മനസ്സിലാകും.

(എന്റെ കാര്യം ഞാൻ അല്ലാഹുവിലേക്ക് ഏൽപിച്ചുവിടുന്നു) അവനിൽ ഞാൻ ഭരമേൽപിക്കുന്നു, എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവന്റെ മുമ്പിൽ സമർപ്പിക്കുന്നു. നിങ്ങളിൽനിന്നുണ്ടായേക്കാവുന്ന ഗുണദോഷങ്ങളെല്ലാം ഞാൻ അവനെയേൽപിക്കുന്നു. (അല്ലാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു) തന്റെ ദാസന്മാരുടെ അവസ്ഥയും അവകാശങ്ങളുമെല്ലാം അവന് നന്നായറിയാം. എന്റെ അവസ്ഥയും ബലഹീനതയും മനസ്സിലാക്കി അവൻ നിങ്ങളിൽ നിന്നും എന്നെ രക്ഷിക്കും. നിങ്ങളുടെ ദ്രോ ഹങ്ങൾ തടുക്കാൻ എനിക്കവൻ മതി. നിങ്ങളെക്കുറിച്ച് അവനറിയാം. അവന്റെ ഉദ്ദേശ്യമനുസരിച്ചല്ലാതെ നിങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. എന്റെമേൽ നിങ്ങൾക്കുള്ള അധികാരവും അവന്റെ യുക്തിപരമായ തീരുമാനമാണ്. എല്ലാം അവന്റെ ഉദ്ദേശ്യമനുസരിച്ച് മാത്രമാണുണ്ടാകുന്നത്.

45) (അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽനിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു) ഭാഗ്യവാനായ, വിശ്വാസിയായ ആ മനുഷ്യനെ ശക്തനായ അല്ലാഹു രക്ഷിച്ചു. അവർക്കിഷ്ടമില്ലാത്തത് അവരോട് പറഞ്ഞതിനാൽ ഫിർഔനും അവന്റെ ആളുകളും അദ്ദേഹത്തെ പീഡിപ്പിക്കാനും നശിപ്പിക്കാനും മുതിർന്നപ്പോൾ അവരുടെ കുതന്ത്രങ്ങളിൽനിന്ന് അല്ലാഹു രക്ഷിച്ചു. മൂസാ നബി(അ)യുടെ അതേ പ്രബോധനമാണ് അദ്ദേഹം നിർവഹിച്ചത്. അതവർക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു. അവർ ശക്തരായിരുന്നതിനാൽ അവരെയത് പ്രകോപിപ്പിച്ചു. അവർക്ക് അദ്ദേഹത്തോടുള്ള വിരോധം കടുത്തു. അവർ കുതന്ത്രങ്ങൾക്ക് ശ്രമിച്ചു. അല്ലാഹു അതിൽനിന്നെല്ലാം അദ്ദേഹത്തെ സംരക്ഷിച്ചു. മാത്രവുമല്ല, ആ കുതന്ത്രങ്ങളെല്ലാം അവരിലേക്കുതന്നെ തിരിച്ചടിച്ചു.

(ഫിർഔനിന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യകയുമുണ്ടായി) അവരെ മുഴുവനും ഒരു സുപ്രഭാതത്തിൽ അല്ലാഹു മുക്കിനശിപ്പിച്ചു.

46). ക്വബ്‌റിൽ (നരകം! രാവിലെയും വൈകുന്നേരവും അവർ അതിനു മുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽവരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽനിങ്ങൾ പ്രവേശിപ്പിക്കുക-എന്ന് കൽപിക്കപ്പെടും). അല്ലാഹുവിന്റെ ദൂതന്മാരുടെ കൽപനകൾ ധിക്കരിക്കുകയും അവരെ കളവാക്കുകയും ചെയ്യുന്നവർക്കുള്ള നിന്ദ്യമായ ശിക്ഷയാണിത്.

47). നരകക്കാരുടെ തർക്കത്തെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. അവർ പരസ്പരം ആക്ഷേപിച്ചുകൊണ്ടിരിക്കുകയും നരകത്തിന്റെ അപമാന ജീവിതത്തിൽനിന്ന് സഹായാഭ്യർഥന നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നും അവർക്കില്ല. (നരകത്തിൽ അവർ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദർഭം) നേതാക്കളാണ് തങ്ങളെ വഴിതെറ്റിച്ചതെന്ന് അനുയായികൾ വാദിക്കും. അപ്പോൾ നേതാക്കൾ അവരിൽനിന്നും ഒഴിഞ്ഞുമാറും.

(അപ്പോൾ ദുർബലർ പറയും) അതായത് അനുയായികൾ പറയും. (അഹംഭാവം നടിച്ചവരോട്) സത്യത്തോട് ധിക്കാരം കാണിച്ച ഈ നേതാക്കൾ അവരെ ഈ അസത്യങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. (തീർച്ചയായും ഞങ്ങൾ നിങ്ങളെ പിന്തുടർന്ന് ജീവിക്കുകയായിരുന്നു) നിങ്ങൾ ഞങ്ങളെ പിഴപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്തു. ശിർക്കും പാപങ്ങളും നിങ്ങൾ ഞങ്ങൾക്ക് നല്ലതായി പറഞ്ഞുതന്നു. (നരകശിക്ഷയിൽ നിന്നുള്ള വല്ല വിഹിതവും ഞങ്ങളിൽനിന്ന് ഒഴിവാക്കിത്തരാൻ നിങ്ങൾക്ക് കഴിയുമോ?) കുറച്ചെങ്കിലും.

48) (അഹംഭാവം നടിച്ചവർ പറയും) തങ്ങളുടെ നിസ്സഹായത വ്യക്തമാക്കിക്കൊണ്ട്; ദൈവിക വിധി ഏവരിലും നടപ്പിലാകുമെന്നറിയുന്നതുകൊണ്ടും. (നമ്മളെല്ലാം ഇതിൽ തന്നെയാകുന്നു, തീർച്ചയായും അല്ലാഹുവിന്റെ ദാസന്മാർക്കിടയിൽ വിധി കൽപിച്ചുകഴിഞ്ഞു) എല്ലാവർക്കും ശിക്ഷയിൽ അവരവർക്ക് നിശ്ചയിച്ച വിഹിതമുണ്ട്. അത് കൂടുകയോ കുറയുകയോ ഇല്ല. ഒരാൾക്കും അതിൽ മാറ്റം വരുത്താനുമാകില്ല.