സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

അധ്യായം: 39, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۗ أَلَا هُوَ ٱلْعَزِيزُ ٱلْغَفَّـٰرُ (٥) خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ ٱلْأَنْعَـٰمِ ثَمَـٰنِيَةَ أَزْوَٰجٍ ۚ يَخْلُقُكُمْ فِى بُطُونِ أُمَّهَـٰتِكُمْ خَلْقًا مِّنۢ بَعْدِ خَلْقٍ فِى ظُلُمَـٰتٍ ثَلَـٰثٍ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ (٦) إِن تَكْفُرُوا۟ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ ۖ وَإِن تَشْكُرُوا۟ يَرْضَهُ لَكُمْ ۗ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ (٧)

5. ആകാശങ്ങളും ഭൂമിയും അവൻ യാഥാർഥ്യപൂർവം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവൻ പകലിന്മേൽ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവൻ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂ ര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.

6. ഒരൊറ്റ അസ്തിത്വത്തിൽനിന്ന് അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതിൽനിന്ന് അതിന്റെ ഇണയെയും അവൻ ഉണ്ടാക്കി. കന്നുകാലികളിൽനിന്ന് എട്ടു ജോഡികളെയും അവൻ നിങ്ങൾക്ക് ഇറക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു. മൂന്നുതരം അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ ഒരു ഘട്ടത്തിനുശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല എന്നിരിക്കെ നിങ്ങളെങ്ങനെയാണ് (സത്യത്തിൽനിന്ന്) തെറ്റിക്കപ്പെടുന്നത്?

7. നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തിൽനിന്ന് മുക്തനാകുന്നു. തന്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുന്നപക്ഷം നിങ്ങളോട് അതുവഴി അവൻ സംതൃപ്തനായിരിക്കുന്നതാണ്. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരം അറിയിക്കുന്നതാണ്. തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.

5). (ആകാശവും ഭൂമിയും അവൻ യാഥാർഥ്യപൂർവം സൃഷ്ടിച്ചിരിക്കുന്നു) എന്നാണല്ലാഹു പറയുന്നത്. യുക്തിപൂർവവും പ്രയോജനകരമായവിധത്തിലും. അവൻ തന്റെ ദാസന്മാരോട് കൽപിക്കുകയും വിരോധിക്കുകയും ചെയ്യുന്നു. അവരെ ശിക്ഷിക്കുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നു.

(രാത്രിയെക്കൊണ്ടവൻ പകലിന്മേൽ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവൻ രാത്രിമേലും ചുറ്റിപ്പൊതിയുന്നു) ഓരോന്നും മറ്റൊന്നിൽ പ്രവേശിക്കുന്നു. ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്ന് വരുമ്പോഴും അവ സംഗമിക്കുന്നില്ല. മറിച്ച് ഒന്നുവന്നാൽ മറ്റൊന്ന് അതിന്റെ അധികാരമൊഴിഞ്ഞുപോകുന്നു.(സൂര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു). വ്യവസ്ഥാപിതമായ നിയന്ത്രണവും അന്യൂനമായ സഞ്ചാരവും (എല്ലാം) സൂര്യനും ചന്ദ്രനും. (സഞ്ചരിക്കുന്നു) നിയന്ത്രണം കൃത്യമായി പാലിച്ചുകൊണ്ട്. (നിശ്ചിതമായ പരിധിവരെ) ഈ ലോകം നശിച്ചു സമാപിക്കുന്നതുവരെ. ലോകം നശിക്കുമ്പോൾ അതിലുള്ള സംവിധാനങ്ങളും സൂര്യനും ചന്ദ്രനും നശിക്കും. സൃഷ്ടികൾ പുനഃസൃഷ്ടിക്കപ്പെടും. സ്ഥിരതാമസത്തിന്റെ ലോകത്ത് സ്വർഗത്തിലോ നരകത്തിലോ എത്തിപ്പെടാൻ. (അറിയുക, അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും). അതിജയിക്കപ്പെടാത്തവൻ, എല്ലാറ്റിനെയും നിയന്ത്രിക്കുന്നവൻ, യാതൊന്നും അവനെ അനുസരിക്കാതിരിക്കില്ല. മഹത്തായ സൃഷ്ടിപ്പുകൾ നടത്തിയവൻ, അവയെല്ലാം അവന്റെ കൽപനയനുസരിച്ച് ചലിക്കും. (ഏറെ പൊറുക്കുന്നവൻ) വിശ്വാസികളായ ഖേദിച്ചുമടങ്ങുന്ന തന്റെ ദാസന്മാർക്ക്.

وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًا ثُمَّ ٱهْتَدَىٰ

“പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും പിന്നെ നേർമാർഗത്തിൽ നിലകൊള്ളുകയും ചെയ്തവർക്ക് തീർച്ചയായും ഞാൻ ഏറെ പൊറുത്തു കൊടുക്കന്നവനത്രെ’’(20:82).

അവനിൽ പങ്കുചേർത്തവർക്കും അവൻ പൊറുക്കും; മഹത്തായ തെളിവുകൾ കണ്ട് ബോധ്യപ്പെട്ട് മടങ്ങിയവർക്ക്.

6) അല്ലാഹുവിന്റെ മഹത്ത്വത്തെ അറിയിക്കുന്നതാണ്: (ഒരൊറ്റ ആത്മാവിൽനിന്ന് അവൻ നിങ്ങളെ സൃഷ്ടിച്ചു) ലോകത്തിന്റെ എല്ലാ ഭാഗത്തും വർധിച്ച് വ്യാപിക്കപ്പെടുന്നവിധം. (പിന്നീട് അതിൽനിന്ന് അതിന്റെ ഇണയെയും ഉണ്ടാക്കി) അവനിൽ അവളും അവളിൽ അവനും സമാധാനം, ശാന്തി കണ്ടെത്തുന്നതിനുവേണ്ടി. അതിലൂടെ ഈ അനുഗ്രഹം പൂർണമാകുന്നു. (കന്നുകാലികളിൽനിന്നും അവൻ ഇറക്കിത്തന്നു) നിങ്ങൾക്ക് കാരുണ്യമായി നിശ്ചിത തോതിൽ അവയെ സൃഷ്ടിച്ചു. (എട്ട് ജോഡികളെയും) ഇക്കാര്യം സൂറതുൽ അൻആമിലും പരാമർശിച്ചിട്ടുണ്ട്.

ثَمَـٰنِيَةَ أَزْوَٰجٍ ۖ مِّنَ ٱلضَّأْنِ ٱثْنَيْنِ وَمِنَ ٱلْمَعْزِ ٱثْنَيْنِ

“എട്ട് ഇണകളെ (അവൻ സൃഷ്ടിച്ചിരിക്കുന്നു). ചെമ്മരിയാടിൽനിന്ന് രണ്ടും കോലാടിൽനിന്ന് രണ്ടും...’’(6:143).

وَمِنَ ٱلْإِبِلِ ٱثْنَيْنِ وَمِنَ ٱلْبَقَرِ ٱثْنَيْنِ ۗ

“ഒട്ടകത്തിൽനിന്ന് രണ്ട് ഇണകളെയും പശുവർഗത്തിൽനിന്ന് രണ്ട് ഇണകളെയും..’’(6:144).

മനുഷ്യർക്ക് ഉപകാരമുള്ള ഒട്ടനവധി മൃഗങ്ങളെ അവൻ സൃഷ്ടിച്ചിരിക്കെ ഇവയെ മാത്രം എടുത്തുപറഞ്ഞത് എന്തുകൊണ്ടാണ്? അതിന്റെ പ്രയോജനവും പൊതുവായ ഗുണവും മഹത്ത്വവും പരിഗണിച്ചാണ്. ഇവയെ പ്രയോജനപ്പെടുന്ന ചില പ്രത്യേക ആവശ്യങ്ങൾക്ക് മറ്റുള്ളവ യോജിച്ചതുമല്ല; ഉദുഹിയ്യത്ത്, ഹജ്ജിന്റെ അറവ്, അക്വീക്വ പോലെയുള്ളതിന്. മാത്രവുമല്ല, ഇവയിൽ സകാത്ത് നൽകൽ നിർബന്ധമാണ്. പ്രായച്ഛിത്തത്തിനും ഇവയെയാണ് ഉപയോഗിക്കാറ്.

നമ്മുടെ പിതാവിന്റെയും മാതാവിന്റെയും സൃഷ്ടിപ്പിനെ പരാമർശിച്ചപ്പോൾ നമ്മുടെ സൃഷ്ടിപ്പിന്റെ ആരംഭത്തെക്കുറിച്ചും പറയുന്നു: (നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു) ഘട്ടംഘട്ടമായി. ആ സന്ദർഭങ്ങളിൽ ഒരാളുടെ കൈകളും നിങ്ങളെ തൊടുകയോ ഒരു കണ്ണും നിങ്ങളെ നോക്കിയിരിക്കുകയോ ചെയ്തിരുന്നില്ല. അവൻ മാത്രമാണ് ആ ഇടുങ്ങിയ സ്ഥലത്ത് നിങ്ങളെ പരിപാലിച്ചത്.

(മൂന്നുതരം അന്ധകാരങ്ങളിൽ) വയറിന്റെ ഇരുട്ട്, ഗർഭപാത്രത്തിന്റെ ഇരുട്ട്, കുട്ടിയെ പൊതിയുന്ന ആവരണത്തിന്റെ(മറുപിള്ള) ഇരുട്ട്. (അങ്ങനെയുള്ളവനാകുന്നു) ആകാശഭൂമികളെ സൃഷ്ടിച്ചവൻ, സൂര്യചന്ദ്രനെ കീഴ്‌പ്പെടുത്തിയവൻ, നിങ്ങളെ സൃഷ്ടിക്കുകയും നാൽക്കാലികളെ നിങ്ങൾക്ക് അനുഗ്രഹമായി നൽകുക യും ചെയ്തവൻ. (നിങ്ങളുടെ രക്ഷിതാവായ അല്ലാഹു) ആരാധനക്ക് അർഹനായവൻ, നിങ്ങളെ പരിപാലിച്ചവൻ; നിയന്ത്രിച്ചവനും. സൃഷ്ടിപ്പിലും സംരക്ഷണത്തിലുമെല്ലാം അവൻ ഏകനാണ്. അതിലൊന്നും അവന് പങ്കുകാരില്ല. അപ്പോൾ ആരാധ്യതയിലും അവൻ ഏകൻതന്നെ. അവന് പങ്കുകാരില്ല. അതാണ് അ ല്ലാഹു പറഞ്ഞത്: (അവന്നാണ് ആധിപത്യം. അവനല്ലാതെ ആരാധനക്കർഹനില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?).

7). ഈ വിശദീകരണത്തിനുശേഷം ആരാധനക്ക് അവൻ മാത്രമെ അർഹനായുള്ളൂ എന്നും വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടുകൂടാ എന്നും വിശദീകരിക്കുന്നു. അവ ഒന്നിനെയും നിയന്ത്രിക്കുന്നില്ല. ഒരധികാരവും അവക്കൊന്നുമില്ലതാനും. (നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തിൽനിന്ന് മുക്തനാകുന്നു) നിങ്ങളുടെ നിഷിദ്ധം യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. അതുപോലെ നിങ്ങൾ അവനെ അനുസരിച്ചാലും അവനതുകൊണ്ട് പ്രത്യേക പ്രയോജനമില്ല. മറിച്ച്, അവന്റെ കൽപനാവിരോധങ്ങളെല്ലാം നിങ്ങളോടുള്ള അവന്റെ ഔദാര്യവും സ്‌നേഹവുമാണ്. (തന്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല). അത് അവരോടുള്ള ഗുണകാംക്ഷകൊണ്ടാണ്. അവനറിയാം നന്ദികേട് അവരെ തീരാ കഷ്ടപ്പാടിലാക്കും എന്ന്. കാരണം അവനെ ആരാധിക്കാനാണ് അവൻ അവരെ സൃഷ്ടിച്ചത്. സൃഷ്ടിപ്പിന്റെ ലക്ഷ്യം അതാണ്. ആ സൃഷ്ടികളെ വിളിച്ചു പ്രാർഥിക്കുന്നത് അവനെങ്ങനെ തൃപ്തിപ്പെടും? (നിങ്ങൾ നന്ദികാണിക്കുന്നപക്ഷം) അവനെ മാത്രം ആരാധിച്ചുകൊണ്ട്. (അവൻ തൃപ്തനായിരിക്കുന്നതാണ്). നിങ്ങളോടുള്ള കാരുണ്യത്താലും സ്‌നേഹത്താലും സൃഷ്ടിപ്പിന്റെ ലക്ഷ്യം നിർവഹിച്ചു എന്നതിനാലും.

നിങ്ങളുടെ ശിർക്കുകൊണ്ട് അവന് ഉപദ്രവമോ തൗഹീദുകൊണ്ടും സൽപ്രവൃത്തികൾകൊണ്ടും പ്രത്യേകിച്ച് ഉപകാരമോ അവനില്ല. നല്ലതിന്റെയും ചീത്തയുടെയും പ്രതിഫലം നിങ്ങൾക്കുതന്നെ.

(പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുന്നതല്ല. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം).അന്ത്യനാളിൽ.

(നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരം അറിയിക്കുന്നതാണ്.) നിങ്ങളുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി അവനറിഞ്ഞു. അത് അവന്റെ പേനയാൽ നേരത്തെതന്നെ വിധിക്കുകയും എഴുതുകയും ചെയ്തു. ശ്രേഷ്ഠരായ മലക്കുകൾ നിങ്ങൾ ക്കെതിരെ രേഖപ്പെടുത്തുകയും നിങ്ങൾക്കെതിരെ സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ ശരീരാവയവങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ എല്ലാവർക്കും അർഹമായ പ്രതിഫലം നൽകപ്പെടും.

(തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു) ഹൃദയങ്ങളിലുള്ള നന്മതിന്മകൾക്കെല്ലാം പൂർണ നീതിയോടെ പ്രതിഫലം നൽകുമെന്നാണ് ഈ പറഞ്ഞതിന്റെ സാരം.