സൂറഃ സൂറ: അശ്ശൂറാ (കൂടിയാലോചന), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

അധ്യായം: 42, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ (١٢) شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ (١٣)

12. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു. (മറ്റുള്ളവർക്ക്) അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

13. നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം - നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക. എന്നകാര്യം-അവൻ നിങ്ങൾക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവർക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാർഗത്തിൽ നയിക്കുകയും ചെയ്യുന്നു.

12). അല്ലാഹു പറയുന്നു: (ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു) ആകാശ ഭൂമികളുടെ അധികാരം അവനുതന്നെ എന്നർഥം. സർവ അനുഗ്രഹത്തിന്റെയും ഭക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും താക്കോലുകൾ അവന്റെ കൈകളിലാണ്. ഏത് സാഹചര്യങ്ങളിലും ഉപകാരത്തിനും ഉപദ്രവങ്ങൾ തടുക്കാനും എല്ലാ പടപ്പുകളും അല്ലാഹുവിനെ ആവശ്യമുള്ളവരാണ്. മറ്റൊരാൾക്കും യാതൊരു കാര്യത്തിനുമാകില്ല. അല്ലാഹുവാണ് ഉപദ്രവം വരുത്തുന്നവനും ഉപകാരം ചെയ്യുന്നവനും നൽകുന്നവനും തടയുന്നവനുമെല്ലാം. അവങ്കൽനിന്നല്ലാതെ സൃഷ്ടികൾക്ക് യാതൊരു അനുഗ്രഹവും ലഭിക്കില്ല. അവനല്ലാതെ യാതൊരു ഉപദ്രവവും തടയുകയുമില്ല.

مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ

“അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്നക്ഷം, അത് പിടിച്ചുവെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ചുവെക്കുന്നപക്ഷം അതിനുശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല’’ (35:2). അതാണ് ഇവിടെയും പറഞ്ഞത്. (അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു) അവന്റെ ഉദ്ദേശ്യമനുസരിച്ച് വിവിധങ്ങളായ ഉപജീവനങ്ങൾ അവന് നൽകുകയും വിശാലമാക്കിക്കൊടുക്കുകയും ചെയ്യുന്നു എന്നർഥം. (അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു) അവനുദ്ദേശിക്കുന്ന ചിലർക്ക് അധികമാവാതെ ആവശ്യത്തിനുമാത്രം പരിമിതപ്പെടുത്തുന്നു. ഇതെല്ലാം അവന്റെ അറിവും യുക്തിയും അനുസരിച്ചാണ്. അതാണ് അല്ലാഹു പറഞ്ഞത്: (തീർച്ചയായും അവൻ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. തന്റെ ദാസന്മാരുടെ സാഹചര്യങ്ങളറിഞ്ഞ് തന്റെ യുക്തിയുടെയും ഉദ്ദേശ്യത്തിന്റെയും താൽപര്യമനുസരിച്ചും അവൻ നൽകുന്നു).

13). അല്ലാഹു തന്റെ ദാസന്മാർക്ക് ചെയ്ത ഏറ്റവും വലിയ അനുഗ്രഹമാണിത്. മതങ്ങളിൽ ഏറ്റവും ഉത്തമമായ മതം അവൻ അവർക്ക് നൽകി, നിയമമാക്കി. അത് ഏറ്റവും പരിശുദ്ധവും പരിപാവനവുമാണ്. തന്റെ ദാസന്മാരിൽ ഉത്തമർക്കും തെരഞ്ഞെടുക്കപ്പെട്ടവർക്കും അല്ലാഹു നൽകിയ മതമാണ് ഇസ്‌ലാം. ഈ ആയത്തിൽ പരാമർശിക്കപ്പെട്ട പ്രവാചകന്മാർ (ദൃഢമനസ്‌കർ) ആണ്. സ്വഭാവത്തിൽ ഉന്നതപദവിയിലുള്ളവർ. എല്ലാ നിലയ്ക്കും പൂർണത പ്രാപിച്ചവർ. അവർക്ക് അല്ലാഹു നിശ്ചയിച്ച നിയമം അവരുടെ സാഹചര്യങ്ങളോട് യോജിക്കുന്നതും അവരുടെ പൂർണതക്ക് നിരക്കുന്നതുമായിരിക്കും. അതെ, അല്ലാഹു അവരെ സമ്പൂർണരാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തു. അവർ അത് നിർവഹിച്ചതുനിമിത്തം. ഇസ്‌ലാം മതം ഇല്ലായിരുന്നുവെങ്കിൽ ഒരു സൃഷ്ടിക്കും ഉയർച്ച പ്രാപിക്കാനാകുമായിരുന്നില്ല. അത് സൗഭാഗ്യജീവിതത്തിന്റെ ആത്മാവാണ്. സമ്പൂർണവൃത്തത്തിന്റെ കേന്ദ്രബിന്ദുവും. അതാണ് ഈ വിശുദ്ധ ഗ്രന്ഥത്തിലും ഉൾക്കൊള്ളുന്നത്. അതിൽപ്പെട്ട തൗഹീദ്, കർമങ്ങൾ, സ്വഭാവം, മര്യാദകൾ എന്നതിലേക്കാണ് ഇതും ക്ഷണിക്കുന്നത്.

(നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക) മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ എല്ലാ കാര്യവും ശരിയായി നിലനിർത്താൻ അവൻ നിങ്ങളോട് കൽപിക്കുന്നു. നിങ്ങൾ സ്വന്തം ജീവിതത്തിൽ അത് നിലനിർത്തുകയും മറ്റുള്ളവരിൽ അത് നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യണം. പുണ്യത്തിലും സൂക്ഷ്മതയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപത്തിലും ശത്രുതയിലും നിങ്ങൾ പരസ്പരം സഹായിക്കുകയും ചെയ്യരുത്. (അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക). മതത്തിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ എ ല്ലാ കാര്യത്തിലും നിങ്ങൾക്കിടയിൽ യോജിപ്പുണ്ടാകണം. മതപരമായ പ്രശ്‌നങ്ങളിൽ ഭിന്നത വരാതെ സൂക്ഷിക്കണം. അതിൽ കക്ഷികളായും വിഭാഗങ്ങളായും തിരിയരുത്. അന്യോന്യം ശത്രുത കാണിക്കുകയും ചെയ്യരുത്. മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ യോജിച്ചവരായിരിക്കണം. മതത്തിന്റെ കാര്യത്തിൽ ഒരുമിക്കണം, ഭിന്നിക്കരുത് എന്ന് പറയുമ്പോൾ ഒരുമിച്ച് ചേർന്നു നിർവഹിക്കാൻ കൽപിച്ച മതകാര്യങ്ങളുമാകാം. ഹജ്ജിനും പെരുന്നാളുകൾക്കും ജുമുഅക്കും ധർമസമരത്തിനും അതല്ലാത്ത ഒരുമിച്ചുചേരാതെ പൂർണമാവാത്ത മറ്റ് ആരാധനകളും ഉൾപ്പെടും.

(ആ ബഹുദൈവ വിശ്വാസികളെ നിങ്ങൾ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവർക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു) അല്ലാഹുവിനെ മാത്രം ആരാധിക്കാൻ നീ അവരെ ക്ഷണിക്കുന്നു എന്നത് അവർക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്നുണ്ട്.

وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ

“അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങൾക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവർ സന്തുഷ്ട ചിത്തരാകുന്നു’’ (39:45). അവരുടെ ചോദ്യവും ഇതിനു തെളിവാണ്:

أَجَعَلَ ٱلْـَٔالِهَةَ إِلَـٰهًا وَٰحِدًا ۖ إِنَّ هَـٰذَا لَشَىْءٌ عُجَابٌ

“ഇവൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീർച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യംതന്നെ’’ (38:5).

(താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹുവിന്റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു). തന്റെ സൃഷ്ടികളിൽനിന്നും ദൗത്യനിർവഹണത്തിന് പറ്റുമെന്ന് അവൻ മനസ്സിലാക്കുന്നവരെ അവൻ തെരഞ്ഞെടുക്കുന്നു. ഇതിൽപെട്ടത് തന്നെയാണ് ഈ സമുദായത്തെ തെരഞ്ഞെടുത്തതും. മറ്റ് സമുദായങ്ങളെക്കാൾ ഈ സമുദായത്തെ ശ്രേഷ്ഠമാക്കി. ഏറ്റവും നല്ല മതമായി അതിനെ തെരഞ്ഞെടുക്കുകയും ചെയ്തു. (താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാർഗത്തിൽ നയിക്കുകയും ചെയ്യുന്നു). അല്ലാഹു നൽകുന്ന സന്മാർഗത്തിലേക്കെത്താൻ തന്റെ ദാസനിൽനിന്നും ഉണ്ടാവേണ്ട ഒരു കാരണമാണിത്. തന്റെ ഹൃദയവികാരങ്ങളെ അല്ലാഹുവിലേക്ക് തിരിച്ചുവിടുകയും അവനിലേക്ക് താഴ്മയോടെ മടങ്ങുകയും ചെയ്യുക എന്നത്. സന്മാർഗം ലഭിക്കാനുള്ള പരിശ്രമത്തോടൊപ്പം അവന്റെ ഉദ്ദേശ്യവും നന്നാക്കണം

يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَـٰمِ

“അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അതുമുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു’’ (5:16)