സൂറഃ സൂറ: അശ്ശൂറാ (കൂടിയാലോചന), ഭാഗം 7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഫെബ്രുവരി 18, 1444 റജബ് 27

അധ്യായം: 42, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تَرَى ٱلظَّـٰلِمِينَ مُشْفِقِينَ مِمَّا كَسَبُوا۟ وَهُوَ وَاقِعٌۢ بِهِمْ ۗ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فِى رَوْضَاتِ ٱلْجَنَّاتِ ۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ (٢٢) ذَٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا إِلَّا ٱلْمَوَدَّةَ فِى ٱلْقُرْبَىٰ ۗ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُۥ فِيهَا حُسْنًا ۚ إِنَّ ٱللَّهَ غَفُورٌ شَكُورٌ (٢٣) أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ۖ فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ ۗ وَيَمْحُ ٱللَّهُ ٱلْبَـٰطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَـٰتِهِۦٓ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ (٢٤)

22. (പരലോകത്തുവെച്ച്) ആ അക്രമകാരികളെ തങ്ങൾ സമ്പാദിച്ചുവെച്ചതിനെപ്പറ്റി ചകിതരായ നിലയിൽ നിനക്ക് കാണാം. അത് (സമ്പാദിച്ചുവെച്ചതിനുള്ള ശിക്ഷ) അവരിൽ വന്നുഭവിക്കുകതന്നെചെയ്യും. വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗത്തോപ്പുകളിലായിരിക്കും. അവർ ഉദ്ദേശിക്കുന്നതെന്തോ അത് അവരുടെ രക്ഷിതാവിങ്കൽ അവർക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.

23. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത തന്റെ ദാസൻമാർക്ക് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നതത്രെ അത്. നീ പറയുക: അതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്‌നേഹമല്ലാതെ. വല്ലവനും ഒരു നൻമ പ്രവർത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വർധിപ്പിച്ചു കൊടുക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.

24. അതല്ല, അദ്ദേഹം (പ്രവാചകൻ) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? എന്നാൽ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിന്റെ ഹൃദയത്തിനുമേൽ അവൻ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്റെ വചനങ്ങൾകൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ ഹൃദങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.

22). ആ ദിവസത്തിൽ (അക്രമകാരികളെ നിനക്ക് കാണാം) തെറ്റിലും നിഷേധത്തിലുമായിരുന്നവരെ. (ഭയചകിതരായി) ഭയപ്പെടുന്നവരും പേടിക്കുന്നവരും. (തങ്ങൾ സമ്പാദിച്ചുവെച്ചതിനെപ്പറ്റി) അതിനാൽ ശിക്ഷിക്കപ്പെടുമോ എന്ന ഭയത്താൽ.

ഭയപ്പെടുന്നവൻ ആശങ്കപ്പെടുന്ന കാര്യം ചിലപ്പോൾ അവന് സംഭവിക്കും. ചിലപ്പോൾ സംഭവിക്കാതിരിക്കുകയും ചെയ്യാം. അതാണ് അല്ലാഹു പറയുന്നത്: (അത് അവരിൽ വന്നുഭവിക്കുക തന്നെ ചെയ്യും) അവർ ഭയപ്പെട്ട ശിക്ഷ. കാരണം, ശിക്ഷ കിട്ടാവുന്ന കാരണം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ശിക്ഷ ലഭിക്കാതിരിക്കാനുള്ള തടസ്സങ്ങളോ പശ്ചാത്താപമോ മറ്റോ അവരിൽനിന്നുണ്ടായിട്ടില്ലതാനും. കാത്തിരിപ്പും സാവകാശവുമില്ലാത്ത ഒരവസ്ഥയിലാണ് ശിക്ഷയുടെ കാര്യത്തിൽ അവരിപ്പോൾ എത്തിയിട്ടുള്ളത്.

(വിശ്വസിക്കുകയും) തങ്ങളുടെ ഹൃദയംകൊണ്ട്; അല്ലാഹുവിലും അവന്റെ വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അവൻ കൊണ്ടുവന്നതിലുമെല്ലാം. (സൽകർമം പ്രവർത്തിക്കുകയും) ഐഛികമായതും നിർബന്ധമായതുമായ ശാരീരിക ആരാധനകളും ഹൃദയത്തിൽനിന്നുണ്ടാകുന്നതുമായ സർവ സത്യപ്രവരത്തനങ്ങളും ഇതിൽപെടുന്നു. ഇവർ (സ്വർഗത്തോപ്പുകളിലായിരിക്കും). ഇവിടെ പൂന്തോപ്പുകളെ സ്വർഗത്തിലേക്ക് ചേർത്താണ് പറഞ്ഞത്. ചേർക്കപ്പെടുന്ന വസ്തുവിന്റെ മഹത്ത്വമനുസരിച്ചാണ് ചേർക്കുന്നതിന്റെ മഹത്ത്വം. ഭംഗിയാർന്ന ആ പൂന്തോപ്പിന്റെ പ്രശോഭയെക്കുറിച്ച് നീ ചോദിക്കേണ്ടതില്ല; അതിലെ കുതിച്ചൊഴുകുന്ന നദികളെക്കുറിച്ചും പുൽമേടുകളെയും മനോഹര കാഴ്ചകളെയും ഫലവൃക്ഷങ്ങളെയും പാട്ടുപാടുന്ന പക്ഷികളെയും ആനന്ദിപ്പിക്കുന്ന മധുരശബ്ദങ്ങളെയും കുറിച്ചുമെല്ലാം. എല്ലാ ഇഷ്ടപ്പെട്ടവരുമായി അവിടെ സംഗമിക്കും. പരസ്പര സഹവാസങ്ങളും ബന്ധങ്ങളുമെല്ലാം അതിന്റെ പുർണാവസ്ഥയിൽ അവിടെയുണ്ടാകും.

പൂന്തോട്ടത്തിന്റെ വിശാലത ഭംഗിയും ശോഭയും വർധിപ്പിക്കുക മാത്രമെ ചെയ്യൂ. അതിലുള്ളവർക്ക് ആഗ്രഹവും ഇഷ്ടവും അധികരിപ്പിക്കുകയും ചെയ്യും. (അവർ ഉദ്ദേശിക്കുന്നത് അവർക്കുണ്ടായിരിക്കും) അതായത് ആ സ്വർഗങ്ങളിൽ. (അവരുടെ രക്ഷിതാവിങ്കൽ) അവർ എന്ത് ഉദ്ദേശിച്ചാലും അത് ലഭിച്ചിരിക്കും. അവർ ആവശ്യപ്പെട്ടതെന്തും കിട്ടിയിരിക്കും. അതാവട്ടെ ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യഹൃദയവും ചിന്തിക്കുക പോലും ചെയ്യാത്തതുമായിരിക്കും. (അതത്രെ മഹത്തായ അനുഗ്രഹം) അല്ലാഹുവിന്റെ ആദരണീയ ഭവനത്തിൽ അവന്റെ സാമീപ്യവും അനുഗ്രഹവും തൃപ്തിയും നേടുന്നതിനെക്കാൾ വലിയ വിജയം മറ്റെന്താണുള്ളത്?

23). (അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നതത്രെ അത്) അതുമൂലം. (വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത തന്റെ ദാസന്മാർക്ക്) എല്ലാ നിലക്കും ഈ സന്തോഷവാർത്ത ഏറ്റവും വലിയ സന്തോഷവാർത്തയാണ്. പരമകാരുണികനും കരുണാനിധിയുമാണ് ഈ സന്തോഷവാർത്ത അറിയിക്കുന്നത്. സൽപ്രവർത്തനങ്ങളുടെയും വിശ്വാസത്തിന്റെയും ആളുകൾക്ക് ഏറ്റവും ഉത്തമനായ സൃഷ്ടി മുഖേന അറിയിക്കുന്ന സന്തോഷവാർത്ത. ഏറ്റവും ശ്രേഷ്ഠമായ ലക്ഷ്യത്തിലെത്തിക്കുന്ന ഏറ്റവും ഉത്തമമാർഗം. (അതിന്റെ പേരിൽ നിങ്ങളിൽനിന്ന് ഞാൻ ചോദിക്കുന്നില്ല) ഈ ക്വുർആൻ നിങ്ങൾക്ക് എത്തിച്ചുതരുന്നതിനും അതിന്റെ വിധികൾ നിങ്ങൾക്ക് പ്രബോധനം ചെയ്യുന്നതിനും. (യാതൊരു പ്രതിഫലവും) നിങ്ങളുടെ സമ്പത്തോ നിങ്ങളുടെ മേലുള്ള അധികാരമോ മറ്റ് യാതൊരു ലക്ഷ്യങ്ങളും ഇല്ലതന്നെ. (അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്‌നേഹമല്ലാതെ) അതിന്റെ ഉദ്ദേശ്യം ഇങ്ങനെയായിരിക്കാം: അതായത് ഒരു പ്രതിഫലം മാത്രമെ ഞാൻ നിങ്ങളോട് ചോദിക്കുന്നുള്ളൂ. അതാവട്ടെ നിങ്ങൾക്കുതന്നെയാണ് ലഭിക്കുന്നത്. അതിന്റെ പ്രയോജനം നിങ്ങളിലേക്ക് മടങ്ങുന്നു. നാം തമ്മിലുള്ള അടുത്ത ബന്ധത്തിൽ നിങ്ങളെന്നെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. വിശ്വാസപരമായ സ്‌നേഹബന്ധമാണ് ഈ വർധിക്കുന്ന സ്‌നേഹത്തിനു നിദാനം. റസൂലിലുള്ള വിശ്വാസം, അതിൽനിന്നുള്ള സ്‌നേഹം സർവ സ്‌നേഹങ്ങളെയും അതിജയിക്കുന്നു; അല്ലാഹുവിനോടുള്ള സ്‌നേഹമൊഴിച്ച്. ഇതാവട്ടെ, എല്ലാ മുസ്‌ലിമിനും നിർബന്ധമാണ്. ആ സ്‌നേഹം വർധിപ്പിക്കണമെന്നാണ് അദ്ദേഹം അവരോട് ആവശ്യപ്പെട്ടത്; ബന്ധത്തിന്റെ പേരിൽ. കാരണം പ്രബോധന ബന്ധത്തിലൂടെ അദ്ദേഹം അവർക്കെല്ലാം അടുത്ത ബന്ധമുള്ളവനായി. എത്രത്തോളമെന്നാൽ ക്വുറൈശി ഗോത്രങ്ങളിൽ പ്രവാചകനോട് ബന്ധമില്ലാത്തവരായി ആരുമില്ലെന്ന് പറയുന്നിടത്തോളം ആ ബന്ധമെത്തി.

മറ്റൊരു വ്യാഖ്യാനം ‘അല്ലാഹുവിന്റെ സ്‌നേഹം’ എന്നതാണ്. അതാകട്ടെ അവനോട്അടുക്കുന്നതിലൂടെ ലഭിക്കുന്നതാണ്; അവനെ അനുസരിക്കുക വഴിയും. അതാണ് അദ്ദേഹം സത്യസന്ധനും സ്വീകാര്യനുമാണെന്നതിന്റെ തെളിവ്. അതാണ് അല്ലാഹു പറഞ്ഞത്: (അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്‌നേഹമല്ലാതെ) അതായത് അല്ലാഹുവിലേക്ക് അടുക്കുന്നതിലൂടെ. രണ്ട് വ്യാഖ്യാനം സ്വീകരിച്ചാലും മൊത്തത്തിൽ പറഞ്ഞത് ഒരു പ്രതിഫലവും നിങ്ങളോട് ചോദിക്കുന്നില്ല എന്നുതന്നെയാണ്. ഉണ്ടെങ്കിൽ തന്നെ അതിന്റെ പ്രയോജനം അവർക്കുതന്നെയാണ്. യഥാർഥത്തിൽ ഇത് അദ്ദേഹത്തിൽനിന്നുള്ള പ്രതിഫലമല്ല. അവർക്ക് അദ്ദേഹത്തിൽനിന്ന് ലഭിക്കുന്ന അവർക്കുള്ള പ്രതിഫലമാണ്. അല്ലാഹു പറഞ്ഞതുപോലെയുള്ള ഒരാശയം:

وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ

“പ്രതാപശാലിയും സ്തുത്യർഹനുമായ അല്ലാഹുവിൽ അവർ വിശ്വസിക്കുന്നുവെന്നത് മാത്രമായിരുന്നു അവരുടെ മേൽ അവർ ചുമത്തിയ കുറ്റം’’(85:8). മറ്റൊരു നിലയ്ക്ക് പറഞ്ഞാൽ ‘അയാൾ എന്നോടൊരു തെറ്റും ചെയ്തിട്ടില്ല, നിനക്ക് ചില ഉപകാരങ്ങൾ ചെയ്തുവെന്നതല്ലാതെ’ എന്ന് പറയുന്നതുപോലെ. (വല്ലവനും ഒരു നന്മ പ്രവർത്തിക്കുന്നപക്ഷം) നമസ്‌കാരമോ നോമ്പോ ഹജ്ജോ, അതല്ലെങ്കിൽ ഏതെങ്കിലും സൃഷ്ടികൾക്ക് എന്തെങ്കിലും നന്മ. (അവനു നാം അതിന്റെ ഗുണം വർധിപ്പിച്ചുകൊടുക്കുന്നതാണ്) അവന്റെ ഹൃദയത്തെ വിശാലമാക്കിയും അവന്റെ കാര്യങ്ങൾക്ക് സൗകര്യമേർപ്പെടുത്തിയും മറ്റു സൽപ്രവർത്തനങ്ങൾക്ക് അവസരമൊരുക്കിയും. അതിലൂടെ സത്യവിശ്വാസിയുടെ പ്രവർത്തനങ്ങൾ വർധിക്കുന്നു; അല്ലാഹുവിന്റെ അടുക്കലും മറ്റു സൃഷ്ടികൾക്കിടയിലും. അവന്റെ പദവി വർധിക്കുന്നു. ഇഹത്തിലും പരത്തിലും അവൻ പ്രതിഫലാർഹനായിത്തീരുകയും ചെയ്യുന്നു. (അല്ലാഹു ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു) ശരിയായ പശ്ചാത്താപത്തിലൂടെ അവൻ പാപങ്ങൾ പൊറുക്കുന്നു. കുറഞ്ഞ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകി അവൻ നന്ദി കാണിക്കുന്നു. അവന്റെ പാപമോചനത്താൽ പാപം പൊറുത്തും ന്യൂനതകൾ മറച്ചുവെച്ചും നന്മകൾ സ്വീകരിക്കുന്നതും അനേകം ഇരട്ടി പ്രതിഫലം നൽകുന്നതും അവൻ കാണിക്കുന്ന നന്ദി തന്നെയാണ്.

24). റസൂലി ﷺ നെ നിഷേധിക്കുന്നവർ കളവായി പറയുകയാണോ? (അദ്ദേഹം അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചു എന്ന്) ഏറ്റവും മോശവും നികൃഷ്ടവുമായ ആരോപണമാണ് നിന്നിൽ അവർ ആരോപിക്കുന്നത്. പ്രവാചകത്വം വാദിക്കുന്നതിലൂടെ അല്ലാഹുവിന്റെ മേൽ കളവ് കെട്ടിച്ചമക്കുകയാണെന്നതാണത്. അവർക്കറിയാം താങ്കളുടെ സത്യതയും വിശ്വസ്തതയുമെല്ലാം. ഇത്രയും വ്യക്തമായ ഒരു കളവുപറയാൻ അവർ എങ്ങനെ ധൈര്യപ്പെട്ടു? അല്ലാഹുവിന്റെ പേരിൽ കളവ് പറയാനാണ് അവർ ധൈര്യം കാണിച്ചത്. അത് അല്ലാഹുവിനെക്കുറിച്ചുള്ള ആരോപണമാണ്. താങ്കൾ നിർവഹിക്കുന്ന ഈ മഹത്തായ പ്രബോധനം അവരുടെ വാദപ്രകാരം ഭൂമിയിലെ ഏറ്റവും വലിയ നശീകരണ പ്രവർത്തനമാണ്. അല്ലാഹു പ്രബോധനത്തിന് അദ്ദേഹത്തിന് സൗകര്യം ചെയ്തുകൊടുത്തതും പ്രകടമായ അമാനുഷിക ദൃഷ്ടാന്തങ്ങൾ, ശക്തമായ തെളിവുകൾ, വ്യക്തമായ സഹായം, എതിരാളികൾക്കെതിരെ ആധിപത്യം എന്നിവ നൽകിയതുമെല്ലാം ഈ കുഴപ്പങ്ങളുണ്ടാക്കാനാണെന്നാണ് അവരുടെ വാദം. അല്ലാഹുവാകട്ടെ, ഈ പ്രബോധനത്തെ ആവശ്യമെങ്കിൽ പാടെ നശിപ്പിക്കുവാൻ കഴിയുന്നവനാണ്. അവന്റെ പ്രവാചകന്റെ ഹൃദയത്തിന് സീൽവെക്കാനും ഒന്നും ശ്രദ്ധിക്കാൻ കഴിയാത്ത, ഒരു നന്മയും ലഭിക്കാത്തവിധം അദ്ദേഹത്തിന്റെ ഹൃദയത്തിന് സീൽ വെക്കാനും അതുമൂലം സർവ കാര്യങ്ങളും നിന്നുപോകാനും നശിപ്പിക്കാനും കഴിയുന്നവൻ, ഇതുതന്നെ മതി പ്രവാചകൻ കൊണ്ടുവന്നത് സത്യമാണെന്ന് തെളിയാൻ. അദ്ദേഹം പറയുന്നത് അല്ലാഹുവിൽനിന്നുതന്നെയാണെന്നതിന് ഏറ്റവും വലിയ സാക്ഷ്യവും. ഇതിലും വലിയൊരു സാക്ഷ്യം ആവശ്യമില്ല. അല്ലാഹുവിന്റെ യുക്തിയും കാരുണ്യവും നടപടിക്രമവുമാണ് അസത്യത്തെ ഉന്മൂലനം ചെയ്യുക എന്നത്. ചില സന്ദർഭങ്ങളിൽ അതിന് സ്വാധീനം കിട്ടിയേക്കാം.

എന്നാൽ അന്തിമ പരിണിതി സർവനാശമാണ്. (തന്റെ വചനങ്ങൾകൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു) മാറ്റമില്ലാത്ത പ്രാപഞ്ചികസത്യം, സത്യമായ വാഗ്ദാനം, ഹൃദയത്തിന് സ്ഥൈര്യം നൽകുകയും ബുദ്ധികൾക്ക് ഉൾക്കാഴ്ച നൽകുകയും ചെയ്യുന്ന, യഥാർഥ സത്യത്തെ സാക്ഷാത്കരിക്കുന്ന മതനിയമങ്ങൾ, അസത്യത്തെ നേരിടുന്നതും അല്ലാഹു സത്യത്തിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണ്. അതിനെ നേരിട്ടാൽ തെളിവും പ്രമാണങ്ങളുംകൊണ്ട് സത്യം അതിനുമേൽ വിജയം കൈവരിക്കും. അസത്യത്തെ നിഷ്പ്രഭമാക്കുംവിധം സത്യത്തിന്റെ വെളിച്ചവും പ്രകാശവും പ്രത്യക്ഷമാകും. എല്ലാവർക്കും അസത്യത്തിന്റെ നിരർഥകത വ്യക്തമാകും. എല്ലാവിധേനയും സത്യം വിജയിച്ചുനിൽക്കുകയും ചെയ്യും. (തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു) അതിലുള്ള നന്മ-തിന്മകളെ വെളിവാക്കാതെ മറച്ചുവെച്ചതും.