സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

അധ്യായം: 41, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟وَمَالَّا يَأْتِيهِ ٱلْبَـٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ (٤٢) مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ (٤٣) وَلَوْ جَعَلْنَـٰهُ قُرْءَانًا أَعْجَمِيًّا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَـٰتُهُۥٓ ۖ ءَا۬عْجَمِىٌّ وَعَرَبِىٌّ ۗ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ ۖ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُو۟لَـٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍ (٤٤) وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ فَٱخْتُلِفَ فِيهِ ۗ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ (٤٥) مَّنْ عَمِلَ صَـٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّـٰمٍ لِّلْعَبِيدِ (٤٦) إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّـٰكَ مَا مِنَّا مِن شَهِيدٍ (٤٧)

42. അതിന്‍റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.

43. (നബിയേ,) നിനക്ക് മുമ്പുണ്ടായിരുന്ന ദൂതന്‍മാരോട് പറയപ്പെട്ടതല്ലാത്ത ഒന്നും നിന്നോട് പറയപ്പെടുന്നില്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പാപമോചനം നല്‍കുന്നവനും വേദനയേറിയ ശിക്ഷ നല്‍കുന്നവനുമാകുന്നു.

44. നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്‍) അറബിയും ആവുകയോ? നീ പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ അവരുടെ കാതുകളില്‍ ഒരു തരം ബധിരതയുണ്ട്‌. അത് (ഖുര്‍ആന്‍) അവരുടെ മേല്‍ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടര്‍ വിദൂരമായ ഏതോ സ്ഥലത്ത് നിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം).

45. മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടായി. ഒരു വചനം മുമ്പ് തന്നെ നിന്‍റെ രക്ഷിതാവിന്‍റെ പക്കല്‍ നിന്ന് ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഇപ്പോള്‍ തന്നെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെ (ഖുര്‍ആനിനെ) പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

46. വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് (തന്‍റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല.

47. ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ് അവങ്കലേക്കാണ് മടക്കപ്പെടുന്നത്‌. പഴങ്ങളൊന്നും അവയുടെ പോളകളില്‍ നിന്ന് പുറത്ത് വരുന്നില്ല; ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നുമില്ല; അവന്‍റെ അറിവോട് കൂടിയല്ലാതെ. എന്‍റെ പങ്കാളികളെവിടെ എന്ന് അവന്‍ അവരോട് വിളിച്ചുചോദിക്കുന്ന ദിവസം അവര്‍ പറയും: ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളില്‍ (അതിന്ന്‌) സാക്ഷികളായി ആരുമില്ല.

 

42). (അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല) മനുഷ്യരിലോ ജിന്നുകളിലോ പെട്ട യാതൊരു പിശാചും അതിനോടടുക്കുകയില്ല. അതിലില്ലാത്തതൊന്നും ചേർക്കാനോ കട്ടെടുക്കാനോ സാധ്യമല്ല; അതുപോലെത്തന്നെ കൂട്ടാനും കുറയ്ക്കാനും. അതിന്റെ അവതരണത്തിൽ അത് സംരക്ഷിതമാണ്. വാക്കുകളും ആശയങ്ങളും സംരക്ഷിക്കപ്പെട്ടതാണ്. അതിനെ ഇറക്കിയവൻതന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ

“തീർച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’(15:9).

(യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്). തന്റെ സൃഷ്ടിപ്പിലും തന്റെ നിർദേശങ്ങളിലും. എല്ലാം അതാതിന്റെ സ്ഥാനത്താണ് അവൻ നിശ്ചയിക്കുന്നത്. അതാതിന്റെ സ്ഥാനങ്ങളിലാണ് ഇറക്കിവെക്കുന്നത്. (സ്തുത്യർഹൻ) അവനുള്ള പൂർണതയുടെ വിശേഷണങ്ങളിലും മഹത്ത്വത്തിന്റെ സവിശേഷതകളിലും അവന്റെ നീതിയിലും ഔദാര്യത്തിലുമെല്ലാം. അതുകൊണ്ടുതന്നെ അവന്റെ ഗ്രന്ഥം യുക്തിയുടെ പരിപൂർണതയെ ഉൾക്കൊള്ളുന്നു. എല്ലാ നന്മകളും പ്രയോജനങ്ങളും കൈവരിക്കാനും ഉപദ്രവങ്ങളും കുഴപ്പങ്ങളും തടുക്കാനും. ഇതെല്ലാംകൊണ്ടാണ് അവൻ സ്തുതിക്കപ്പെട്ടവനായത്.

43). (നിന്നോട് പറയപ്പെടുന്നില്ല) പ്രവാചകരേ, നിന്നെ കളവാക്കുകയും നിന്നോട് ധിക്കാരം കാണിക്കുകയും ചെയ്യുന്നവരിൽ നിന്നുണ്ടാകുന്ന വാക്കുകൾ. (നിനക്ക് മുമ്പുണ്ടായിരുന്ന ദൂതന്മാരോട് പറയപ്പെട്ടതല്ലാതെ) അതുപോലെയുള്ളതുതന്നെയാണ്, അല്ല ചിലപ്പോൾ അവർ പറഞ്ഞതുതന്നെയാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കണം, അവനിൽ ഒരാളെയും പങ്കുചേർക്കരുത് എന്നും. പ്രബോധനത്തിൽ പ്രവാചകന്മാരെ കളവാക്കിയ എല്ലാ സമൂഹവും ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവർക്ക് ബാധിക്കുന്ന എല്ലാ വഴികളിലും അവരതിനെ എതിർക്കുകയും ചെയ്തു. അവർ പറഞ്ഞു:

قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌ مِّثْلُنَا

“നിങ്ങൾ ഞങ്ങളെപ്പോലുള്ള മനുഷ്യർ മാത്രമാകുന്നു’’ (36:15).

തങ്ങൾക്ക് ആവശ്യമില്ലാത്ത പല ദൃഷ്ടാന്തങ്ങളും കൊണ്ടുവരാൻ ആവശ്യപ്പെട്ട് അവരുടെ ദൂതന്മാരെ അവർ ബുദ്ധിമുട്ടിച്ചു. നിഷേധികളുടെ വാക്കുകൾ അതുപോലെയാണ്. നിഷേധത്തിൽ അവരുടെ ഹൃദയങ്ങൾ പരസ്പരം സദൃശ്യമായി. വാക്കുകളും ഒരുപോലെതന്നെ. ദൂതന്മാർ അവരെ കളവാക്കിയതും ഉപദ്രവിച്ചതുമെല്ലാം സഹിച്ചു. നിനക്ക് മുമ്പുള്ളവർ ക്ഷമിച്ചതുപോലെ നീയും ക്ഷമിക്കുക.

പിന്നീട് അവരോട് പശ്ചാത്തപിക്കാനും പാപമോചനം ലഭിക്കുന്നതിനുവേണ്ടി പ്രാർഥിക്കുവാനും ആവശ്യപ്പെടുകയും വഴികേടിൽ തുടർന്നുപോകുന്നതിനെ താക്കീത് ചെയ്യുകയും ചെയ്യുന്നു. (നിന്റെ രക്ഷിതാവ് പാപമോചനം നൽകുന്നവനാണ്) മഹത്തായ പാപമോചനം. തെറ്റിനെ പിഴുതെറിയുകയും ഖേദിച്ച് മടങ്ങുകയും ചെയ്തവന് എല്ലാ തെറ്റും അവൻ മായ്ച്ചുകൊടുക്കും. (വേദനയേറിയ ശിക്ഷ നൽകുന്നവനുമാകുന്നു) തെറ്റിൽ ഉറച്ചുനിൽക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവന്.

44) അറബിയായ പ്രവാചകന് തന്റെ ഭാഷയിൽ അറബി വേദഗ്രന്ഥം അവർക്ക് വിശദീകരിച്ചുകൊടുക്കുവാൻ വേണ്ടി ഇറക്കിയത് അവന്റെ ഒരു ഔദാര്യവും അനുഗ്രഹവുമായി എടുത്തുപറയുന്നു. ഇതുകൊണ്ടുതന്നെ ഇതിനെ കൂടുതൽ പരിഗണിക്കാൻ അവർക്ക് ബാധ്യതയുണ്ട്. അതിനെ ഏറ്റെടുക്കാനും അതിന് കീഴ്‌പ്പെടാനും ക്വുർആനിനെ അവൻ അനറബി ഭാഷയിലുള്ള ഗ്രന്ഥമാക്കിയിരുന്നുവെങ്കിൽ കളവാക്കുന്നവർക്ക് തടസ്സമുന്നയിക്കാമായിരുന്നു. അവർ പറഞ്ഞു: (എന്തുകൊണ്ട് ഇതിലെ വചനങ്ങൽ ആശയങ്ങൾ വ്യക്തമാക്കപ്പെട്ടവയായില്ല?) അതിന്റെ വചനങ്ങൾ വ്യക്തമാക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തുകൂടായിരുന്നോ? (അനറബിയും അറബിയും ആവുകയോ?) മുഹമ്മദ് അറബിയും ഗ്രന്ഥം അനറബിയുമാവുകയോ? അതുണ്ടാവില്ല!

എല്ലാ കാര്യങ്ങളെയും അല്ലാഹു നിരാകരിക്കുന്നു. അസത്യത്തിന്റെ ആളുകൾക്ക് അതിൽ സംശയമുണ്ടാകാം. ഈ ഗ്രന്ഥത്തെക്കുറിച്ച് അവർക്ക് അംഗീകരിക്കാവുന്ന സർവവിശദീകരണങ്ങളും നൽകി. എന്നാൽ സത്യവിശ്വാസികൾ അതിനോട് യോജിക്കുകയും അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്തു. അതിലൂടെ അവർ ഉയർച്ച പ്രാപിച്ചു; മറ്റുള്ളവരുടെ അവസ്ഥയിൽനിന്ന് വ്യത്യസ്തമായി.

അതാണ് അല്ലാഹു പറഞ്ഞത്: (അത് സത്യവിശ്വാസികൾക്ക് മാർഗദർശനവും ശമനൗഷധവുമാകുന്നു). ചൊവ്വായ മാർഗവും ശരിയായ വഴിയും അവർക്കത് കാണിക്കുന്നു. ഉപകാരപ്രദമായ വിജ്ഞാനങ്ങൾ അവരെ അത് പഠിപ്പിക്കുന്നു. പൂർണമായ മാർഗദർശനം അതിലൂടെ അവർ നേടുന്നു. ശാരീരികവും മാനസികവുമായ രോഗങ്ങളിൽനിന്ന് അവർക്ക് ശമനം ലഭിക്കുന്നു. കാരണം, അത് ചീത്ത സ്വഭാവങ്ങളെ അകറ്റും; ഏറ്റവും മോശമായ പ്രവർത്തനങ്ങളെയും. നിഷ്‌കളങ്കമായ പശ്ചാത്താപത്തിന് അത് പ്രേരിപ്പിക്കും; ഹൃദയത്തിന് ശമനം ലഭിക്കുന്ന പാപങ്ങളെ കഴുകിക്കളയുന്ന പശ്ചാത്താപം.

(വിശ്വസിക്കാത്തവരാവട്ടെ) ക്വർആനിൽ. (അവരുടെ കാതുകളിൽ ഒരുതരം ബധിരതയുണ്ട്) അത് ശ്രദ്ധിക്കാതിരിക്കാനും തിരിച്ചറിയാനുമുള്ള ബധിരത. (അവരുടെ മേൽ ഒരു അന്ധതയായിരിക്കുന്നു) അതുകൊണ്ട് അവവർ നേർവഴി കാണുന്നില്ല. നേർമാർഗം പ്രാപിക്കുന്നുമില്ല. വഴികേടല്ലാതെ അവർക്ക് അധികരിപ്പിക്കുന്നില്ല. സത്യത്തെ അവർ നിരാകരിക്കുമ്പോൾ അവർക്ക് അന്ധത വർധിച്ചുകൊണ്ടിരിക്കുന്നു, വഴികേടും. (ആ കൂട്ടർ വിദൂരമായ ഏതോ സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നു). സത്യവിശ്വാസത്തിലേക്ക് വിളിക്കപ്പെടുമ്പോഴും ക്ഷണിക്കപ്പെടുമ്പോഴും അവർ ഉത്തരം നൽകുന്നില്ല. ഏതോ വിദൂരസ്ഥലത്ത് അവനായിരിക്കെ വിളിക്കപ്പെടുന്നവനെപ്പോലെയാണവന്റെ അവസ്ഥ. ക്ഷണിക്കുന്നവനെ കേൾക്കുകയോ വിളിക്കുന്നവന് ഉത്തരം നൽകുകയോ ചെയ്യുന്നില്ല. ഇവിടെ ഉദ്ദേശ്യം, ക്വുർആനിൽ വിശ്വസിക്കാതിരിക്കുകയും അതിന്റെ സന്മാർഗത്തെ പ്രയോജനപ്പെടുത്താതിരിക്കുകയും അതിന്റെ വെളിച്ചം കാണാതിരിക്കുകയും അതിൽ നിന്ന് യാതൊരു നന്മയും പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്നവരാണവർ. സന്മാർഗത്തിലേക്കുള്ള കവാടങ്ങൾ അവരുടെ മേൽ അവർതന്നെ അടച്ചു; അവരുടെ നിഷേധവും അവഗണനയുംമൂലം.

45). അല്ലാഹു പറയുന്നു: (മൂസാക്ക് നാം വേദഗ്രന്ഥം നൽകുകയുണ്ടായി). നിനക്ക് വേദഗ്രന്ഥം നൽകിയതുപോലെ. താങ്കളെ ചെയ്തതുതന്നെയാണ് ജനങ്ങൾ അദ്ദേഹത്തെയും ചെയ്തത്. അതിലവർ വിഭിന്നരായി. അതിൽ വിശ്വസിക്കുകയും സന്മാർഗം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തു. പ്രയോജനപ്പെടുത്താതെ തള്ളിക്കളഞ്ഞവരും അവരിലുണ്ട്. അല്ലാഹുവിന്റെ സഹനവും ശിക്ഷയെ പിന്തിക്കും, ഒരു നിശ്ചിത അവധിവരെ. ആ അവധി മുന്നോട്ടോ പിന്നോട്ടോ ആവില്ലെന്നുള്ള മുൻവചനവും ഇല്ലായിരുന്നുവെങ്കിൽ (അവർക്കിടയിൽ -ഇപ്പോൾതന്നെ- തീർപ്പ് കൽപിക്കപ്പെടുമായിരുന്നു) അവിശ്വാസികളെ നശിപ്പിക്കുന്നതിലൂടെ. വിശ്വാസികളെയും അവിശ്വാസികളെയും വേർതിരിക്കാൻ നാശത്തിന്റെ ഈ കാരണം നിർബന്ധമാവുകയും യാഥാർഥ്യമാവുകയും ചെയ്തുകഴിഞ്ഞു. (അവർ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു. അവരെ അസ്വസ്ഥമാക്കുന്ന സംശയത്തിലേക്ക് അവരെത്തിയിട്ടുണ്ട്. അതുകൊണ്ട് അവർ അദ്ദേഹത്തെ കളവാക്കുകയും നിഷേധിക്കുകയും ചെയ്തു).

46). (വല്ലവനും നല്ലത് പ്രവർത്തിച്ചാൽ) അല്ലാഹുവും അവന്റെ ദൂതനും നിർദേശിച്ച പ്രവർത്തനങ്ങളാണത്. (അതിന്റെ ഗുണം അവനുതന്നെയാകുന്നു) ഇഹത്തിലും പരത്തിലും അതിന്റെ പ്രതിഫലവും പ്രയോജനവും. (വല്ലവനും തിന്മ ചെയ്താൽ, അതിന്റെ ദോഷവും അവനുതന്നെ) ഇഹത്തിലും പരത്തിലും അതിന്റെ ദോഷവും ശിക്ഷയും.

ഇതിൽ നല്ലത് ചെയ്യാനുള്ള പ്രോത്സാഹനമുണ്ട്; തിന്മ ഉപേക്ഷിക്കാനും. നല്ലത് പ്രവർത്തിക്കുന്നവർക്ക് അതുകൊണ്ട് പ്രയോജനമുണ്ടെന്നും തിന്മയായ പ്രവർത്തനങ്ങൾകൊണ്ട് അതിന്റെ ഉപദ്രവമുണ്ടന്നും ഒരു പാപഭാരം വഹിക്കുന്നവനും മറ്റൊരുത്തന്റെ പാപഭാരം വഹിക്കുകയില്ല എന്നും. (നിന്റെ രക്ഷിതാവ് അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല) തന്റെ തിന്മയെക്കാൾ ഒരാളെ വഹിപ്പിക്കുക എന്നത്.

47) അല്ലാഹുവിന്റെ അറിവിന്റെ വിശാലതയെക്കുറിച്ചും മറ്റൊരാൾക്കും അറിയാൻ കഴിയാത്തതും അവനുമാത്രം പ്രത്യേകമായ അറിവിനെക്കുറിച്ചും അല്ലാഹു ഇവിടെ അറിയിക്കുന്നു. അല്ലാഹു പറയുന്നു. (ആ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ് അവങ്കലേക്കാണ് മടക്കപ്പെടുന്നത്) സർവ പടപ്പുകളുടെയും അറിവ് അവനിലേക്ക് മടക്കപ്പെടുന്നു. പ്രവാചകന്മാരും മലക്കുകളും അല്ലാത്തവരുമെല്ലാം അവരുടെ ആ ശക്തിയെ അംഗീകരിക്കുകയും ചെയ്യുന്നു. (പഴങ്ങളൊന്നും അവയുടെ പോളകളിൽനിന്ന് പുറത്തുവരുന്നില്ല) അത് പുറത്തേക്ക് വരുന്ന പോളകളിൽനിന്ന്. എല്ലാ പ്രദേശങ്ങളിലുമുള്ള സർവ വൃക്ഷങ്ങളും ഇതിൽ പെടും. ഒന്നും ഒഴിവാകില്ല. അതിനെക്കുറിച്ചെല്ലാം അവൻ വിശദമായി അറിയുകതന്നെ ചെയ്യും (ഒരു സ്ത്രീയും ഗർഭം ധരിക്കുകയില്ല) മനുഷ്യരും അല്ലാത്തതുമായ സർവജീവിവർഗങ്ങളും, അവനറിഞ്ഞിട്ടല്ലാതെ. (പ്രസവിക്കുകയോ ചെയ്യുന്നില്ല) ഗർഭിണിയായ ഒരു പെണ്ണും (അവന്റെ അറിവോടുകൂടിയല്ലാതെ). പിന്നെ എങ്ങനെയാണ് ബഹുദൈവവിശ്വാസികൾ അല്ലാഹുവിന് സമപ്പെടുത്തുന്നത്; അറിവില്ലാത്തവരോടും കാഴ്ചയും കേൾവിയും ഇല്ലാത്തവരോടും?

(അവരെ വിളിച്ച് ചോദിക്കുന്ന ദിവസം) അതായത്, ഉയിർത്തെഴുന്നേൽപ് നാളിൽ ബഹുദൈവവിശ്വാസികളെ, അവരെ അപമാനിച്ചുകൊണ്ടും അവരുടെ കളവ് പുറത്തുകൊണ്ടുവന്നുകൊണ്ടും ചോദിക്കും: (എന്റെ പങ്കാളികളെവിടെ?) എന്റെ പങ്കാളികളാണെന്ന് നിങ്ങൾ വാദിച്ചുകൊണ്ടിരുന്നവർ, അങ്ങനെ നിങ്ങളവരെ ആരാധിക്കുകയും അതിൽ തർക്കിക്കുകയും ചെയ്തു. അവർക്കുവേണ്ടി നിങ്ങൾ ദൂതന്മാരോട് ശത്രുത കാണിക്കുകയും ചെയ്തു. (അവർ പറയും) ആ പങ്കാളികളുടെ ദിവ്യത്വത്തിന്റെ നിർഥകതയും അല്ലാഹുവോടൊപ്പം അവരെ പങ്കുചേർത്തതിന്റെ തെറ്റും അംഗീകരിച്ചുകൊണ്ട് ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളിൽ-അതിന്-സാക്ഷികളായി ആരുമില്ല).

ഞങ്ങളുടെ നാഥാ, നിന്നെ ഞങ്ങൾ അറിയിക്കുന്നു. അവരുടെ പങ്കാളിത്തത്തിന്റെയും ദിവ്യത്വത്തിന്റെയും സ്വീകാര്യതയക്ക് സാക്ഷ്യം വഹിക്കുന്ന ഒരാളും ഞങ്ങളിലില്ലെന്ന് ഞങ്ങൾക്കെതിരായി ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു. അവയെ ആരാധിച്ചതിന്റെ നിരർഥകതയിതാ ഞങ്ങളിപ്പോൾ അംഗീകരിക്കുന്നു. ഞങ്ങൾ അതിൽനിന്ന് ഒഴിവാകുന്നു. അതാണ് അല്ലാഹു പറഞ്ഞത്.