സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂലൈ 22 , 1444 മുഹറം 04

അധ്യായം: 40, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَ (٢٦) وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ (٢٧) وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَـٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَـٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَـٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ (٢٨‬) يَـٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَـٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ (٢٩) وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ (٣٠)

26. ഫിർഔൻ പറഞ്ഞു: നിങ്ങൾ എന്നെ വിടൂ; മൂസായെ ഞാൻ കൊല്ലും. അവൻ അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചുകൊള്ളട്ടെ. അവൻ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ ഭൂമിയിൽ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

27. മൂസാ പറഞ്ഞു: എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽനിന്നും ഞാൻ ശരണം തേടുന്നു.

28. ഫിർഔന്റെ ആൾക്കാരിൽപ്പെട്ട-തന്റെ വിശ്വാസം മറച്ചുവച്ചുകൊണ്ടിരുന്ന-ഒരു വിശ്വാസിയായ മനുഷ്യൻ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാൽ നിങ്ങൾ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള വ്യക്തമായ തെളിവുകൾ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങൾക്ക് താക്കീത് നൽകുന്ന ചില കാര്യങ്ങൾ (ശിക്ഷകൾ) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.

29. എന്റെ ജനങ്ങളേ, ഭൂമിയിൽ മികച്ചുനിൽക്കുന്നവർ എന്ന നിലയിൽ ഇന്ന് ആധിപത്യം നിങ്ങൾക്ക് തന്നെ. എന്നാൽ അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വന്നാൽ അതിൽനിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാൻ ആരുണ്ട്? ഫിർഔൻ പറഞ്ഞു: ഞാൻ (ശരിയായി) കാണുന്ന മാർഗം മാത്രമാണ് ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്നത്. ശരിയായ മാർഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയില്ല.

30. ആ വിശ്വസിച്ച ആൾ പറഞ്ഞു: എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീർച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാൻ ഭയപ്പെടുന്നു.

26) (ഫിർഔൻ പറഞ്ഞു:) അഹങ്കാരത്തോടെയും ദുരഭിമാനത്തോടെയും, വിഡ്ഢികളായ തന്റെ ജനതയെ വഞ്ചിച്ചുകൊണ്ട്. (നിങ്ങൾ എന്നെ വിടൂ. മൂസായെ ഞാൻ കൊല്ലും. അവൻ അവന്റെ രക്ഷിതാവിനോട് വിളിച്ച് പ്രാർഥിച്ചുകൊള്ളട്ടെ) തന്റെ ജനത എന്ത് ചിന്തിക്കുമെന്ന് പരിഗണിച്ചിട്ടില്ലെങ്കിൽ അവൻ മൂസാ(അ)യെ കൊല്ലുമെന്നും മൂസാ(അ) തന്റെ രക്ഷിതാവിനോട് പ്രാർഥിക്കുന്നുവെന്നത് അവന് തടസ്സമല്ലെന്നുമാണ് അവൻ വാദിക്കുന്നത്.

തുടർന്ന് കൊല്ലാനുള്ള കാരണവും അവൻ പറയുന്നു. തന്റെ ജനതയോടുള്ള ഗുണകാംക്ഷയും ഭൂമിയിൽനിന്നും ഒരു തിന്മയെ ഉന്മൂലനം ചെയ്യാനുമാണെന്നാണ്. (അവൻ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ) അതായത് നിങ്ങൾ ഇപ്പോൾ നിലകൊള്ളുന്ന. (ഭൂമിയിൽ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന്) ഇത് അത്ഭുതംതന്നെ. പടപ്പുകളിൽ ഏറ്റവും നികൃഷ്ടൻ ഏറ്റവും ഉത്തമനെ പിൻപറ്റരുതെന്ന് ഉപദേശിക്കുക. ഇത് സത്യത്തെ മറച്ചുവെക്കാനാണ്. ബുദ്ധിയില്ലാത്തവരേ ഇത് അംഗീകരിക്കൂ

فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ

“അങ്ങനെ ഫിർൗൻ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവർ അവനെ അനുസരിച്ചു. തീർച്ചയായും അവർ അധർമകാരികളായ ഒരു ജനതയായിരുന്നു’’ (43:54).

27). (മൂസാ പറഞ്ഞു) നേരത്തെ വളരെ മോശമായതും അതിക്രമം കാണിക്കുമെന്ന് ഉറച്ചതുമായ വാക്ക് പറഞ്ഞപ്പോൾ അല്ലാഹുവോട് സഹായം തേടിക്കൊണ്ട് മൂസാനബി(അ) പറഞ്ഞു: (എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട് ഞാൻ ശരണം തേടുന്നു) എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്ന അവന്റെ രക്ഷാകർതൃത്വത്തെ പ്രതിരോധമാക്കി. (വിചാരണയുടെ ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരിയിൽനിന്നും) അഹങ്കാരവും വിചാരണ ദിവസത്തിൽ വിശ്വസിക്കാതിരിക്കുന്നതും അക്രമത്തിനും തിന്മക്കും പ്രേരണയാകുന്നു. കുറച്ചുമുമ്പ് പറഞ്ഞ തത്ത്വപ്രകാരം ഇത് ഒരു പൊതുവായ പ്രയോഗമാണ്. ഇതിൽ ഫിർഔനും അല്ലാത്തവരും ഉൾപ്പെടും. അങ്ങനെ വിചാരണ ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽനിന്നും കാരുണ്യംകൊണ്ട് അല്ലാഹു അദ്ദേഹത്തെ പ്രതിരോധിച്ചു. ഫിർഔനിന്റെയും സംഘത്തിന്റെയും ഉപദ്രവങ്ങളിൽനിന്ന് തടയാനാവശ്യമായ കാരണങ്ങൾ നിശ്ചയിച്ചുകൊടുക്കുകയും ചെയ്തു.

28). അതിൽപെട്ട ഒരു കാരണമാണ് ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട ഈ മനുഷ്യൻ; അദ്ദേഹത്തിന്റെ വാക്കുകൾക്ക് സ്വീകാര്യതയുണ്ടാകുമെന്നുറപ്പാണല്ലോ. പ്രത്യേകിച്ചും അയാൾ പരസ്യമായി അവരോട് യോജിക്കുകയും വിശ്വാസം രഹസ്യമാക്കി വെക്കുകയും ചെയ്യുകകൂടി ചെയ്യുമ്പോൾ. പ്രത്യക്ഷത്തിൽ അയാൾ അവരോട് വിയോജിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ പലപ്പോഴും അവർ ശ്രദ്ധിച്ചു. ഇതുപോലെ തന്നെയാണ് ക്വുറൈശികളിൽപെട്ട പിതൃവ്യനായ അബൂത്വാലിബിനെക്കൊണ്ട് നബിയെ പ്രതിരോധിച്ചതും. അദ്ദേഹം അവരിൽ കാരണവരും അവരുടെ മതത്തിൽ യോജിക്കുന്നവനുമായിരുന്നു. അദ്ദേഹം മുസ്‌ലിമായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സംരക്ഷണം ഉപകരിക്കുമായിരുന്നില്ല. മൂസാ നബി (അ)യോട് ആശയപരമായി യോജിപ്പുള്ളവനും വിശ്വാസിയും ബുദ്ധിമാനും ശക്തനുമായ അദ്ദേഹം തന്റെ ജനത അദ്ദേഹത്തോട് ചെയ്യാൻ തീരുമാനിച്ച കാര്യത്തിലും അവരുടെ പ്രവർത്തനത്തിലും അവരെ ശാസിച്ചു. (എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാൽ ഒരു മനുഷ്യനെ നിങ്ങൾ കൊല്ലുകയോ?) നിങ്ങളെങ്ങനെ അദ്ദേഹത്തെ വധിക്കും? എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞതാണ് അദ്ദേഹത്തിന്റെ തെറ്റ്. അതിനുള്ള തെളിവുകൾ അദ്ദേഹം പറയാതിരുന്നിട്ടുമില്ല. (അദ്ദേഹം നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള വ്യക്തമായ തെളിവുകൾ കൊണ്ടുവന്നിട്ടുമുണ്ട്). അദ്ദേഹം കൊണ്ടുവന്ന തെളിവുകൾ അവരിലെ ചെറിയവർക്കും വലിയവർക്കും നന്നായറിയുന്നതുമാണ്. ഇക്കാരണത്താൽ അദ്ദേഹം കൊ ല്ലപ്പെട്ടുകൂടാ. ഇതിനു മുമ്പ് നിങ്ങൾ അദ്ദേഹം കൊണ്ടുവന്ന സത്യത്തെ പരാജയപ്പെടുത്തേണ്ടിയിരുന്നു. അതിനെ ഖണ്ഡിക്കാവുന്ന തെളിവുകൾകൊണ്ട് അതിനെ നേരിടണമായിരുന്നു. തെളിവുകൊണ്ട് അദ്ദേഹത്തിനെതിരെ വിജയിച്ചാൽ പിന്നീട് അദ്ദേഹത്തെ വധിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് നോക്കാം. എന്നാൽ അദ്ദേഹത്തിന്റെ തെളിവുകളും പ്രമാണങ്ങളും വിജയിച്ചു നിൽക്കുന്നു. അതിനാൽ അദ്ദേഹത്തെ വധിക്കാൻ നിങ്ങൾക്ക് ന്യായമില്ല.

ഏതവസ്ഥയിലും ബുദ്ധിയുള്ളവർക്ക് ബോധ്യപ്പെടുന്ന ഒരു വാക്കാണ് തുടർന്ന് അദ്ദേഹം അവരോട് പറഞ്ഞത്: (അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങൾക്ക് താക്കീത് നൽകുന്ന ചില കാര്യങ്ങൾ നിങ്ങളെ ബാധിക്കുകയും ചെയ്യും). രണ്ടിലൊരു കാര്യത്തിലാണ് മൂസാ(അ)യുള്ളത്. ഒന്നുകിൽ അദ്ദേഹം പറയുന്ന കാര്യത്തിൽ സത്യവാൻ അല്ലെങ്കിൽ കളവ് പറയുന്നവൻ. ഇനി കളവ് പറയുന്നവനാണെങ്കിൽ അദ്ദേഹത്തിന്റെ കളവിന്റെ ദോഷം അദ്ദേഹത്തിൽ മാത്രം പരിമിതമാണ്. നിങ്ങൾക്ക് അതിൽ യാതൊരു പ്രശ്‌നവുമില്ല; നിങ്ങൾ അദ്ദേഹത്തെ സത്യപ്പെടുത്തുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുന്നതിൽ. ഇനി സത്യം പറയുന്നവനാണെങ്കിലോ, അദ്ദേഹം വ്യക്തമായ തെളിവ് കൊണ്ടുവരികയും നിങ്ങളെ അറിയിക്കുകയും ചെയ്തിട്ടും നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അല്ലാഹു ഇഹലോകത്തും പരലോകത്തും നിങ്ങളെ ശിക്ഷിക്കും.

നിങ്ങൾക്ക് താക്കീത് നൽകപ്പെട്ടത് നിങ്ങളെ ബാധിക്കുകതന്നെ ചെയ്യും എന്ന് പറഞ്ഞത് ഇഹലോകത്തെ ശിക്ഷയാണ്. മൂസാ നബി(അ)യെ പ്രതിരോധിക്കാൻ അദ്ദേഹത്തിന്റെ സ്‌നേഹവും സൽബുദ്ധിയുമാണിത്. അവർക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാക്കാത്ത മറുപടിയാണിത്. ഈ രണ്ടിലൊരവസ്ഥയിലായിരിക്കും എപ്പോഴും. കാര്യം അങ്ങനെയാകുമ്പോൾ അദ്ദേഹത്തെ വധിക്കണമെന്ന് പറയുന്നത് അജ്ഞതയും അവിവേകവുമാണ്.

തുടർന്ന് അദ്ദേഹം-അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കുകയും അനുഗ്രഹം നൽകുകയും ചെയ്യട്ടെ-വിവരിക്കുന്നത് മൂസാ നബി(അ) എങ്ങനെ സത്യത്തോട് അടുത്തുനിൽക്കുന്നു എന്നതാണ്. ഇതിനെക്കാൾ പ്രസക്തമായ കാര്യമാണത്. (അതിക്രമകാരി ആയിട്ടുള്ള ഒരാളെ അല്ലാഹു നേർവഴിയിലാക്കുകയില്ല) അസത്യം സ്വീകരിച്ചും സത്യം നിരാകരിച്ചും പരിധിവിട്ടവനെ. (വ്യാജവാദിയെയും) അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിൽ. ഇത് ചെയ്യുന്നവരെ അല്ലാഹു സത്യത്തിന്റെ വഴിയിലേക്കോ അതിലേക്കെത്തിച്ചേരാവുന്ന കാര്യങ്ങളിലേക്കോ എത്തിക്കില്ല. ശരിയായ മാർഗത്തിൽ അവനെത്തിച്ചേരാനും സാധ്യമല്ല. മൂസാ(അ) ക്ഷണിക്കുന്ന സത്യവും ദൈവിക ദൃഷ്ടാന്തങ്ങളുടെയും ബുദ്ധിപരമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ മൂസാ ക്ഷണിക്കുന്ന കാര്യങ്ങളും നിങ്ങൾ കണ്ടുവല്ലോ. ഇത്തരം ഒരു സന്മാർഗത്തിൽ പരിധിവിട്ടവനോ വ്യാജനോ എത്തിച്ചേരുക എന്നതുണ്ടാവില്ല. ഈ സംസാരങ്ങൾ അദ്ദേഹത്തിന്റെത് തന്നെ. രക്ഷിതാവിനെക്കുറിച്ച് നന്നായി അറിയാമെന്നതിനും ബുദ്ധിമാനാണെന്നതിനും തെളിവുകൂടിയാണിത്.

29). ബാഹ്യമായ അധികാരങ്ങളിൽ വഞ്ചിതരാകാതിരിക്കാനും പരലോകശിക്ഷയെ ഭയപ്പെടാനും തുടർന്നദ്ദേഹം തന്റെ ജനതയെ ഉപദേശിക്കുകയും താക്കീത് ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: (എന്റെ ജനങ്ങളേ, ഇന്ന് അധികാരം നിങ്ങൾക്കുതന്നെ) അതായത് ഇഹലോകത്ത്. (ഭൂമിയിൽ മികച്ചുനിൽക്കുന്നവരെന്ന നിലയിൽ) നിങ്ങളുടെ പ്രജകളാൽ നിങ്ങൾ വിചാരിക്കുന്നതുപോലെ ഭരണം നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിയുന്നു. നിങ്ങൾ ഉദ്ദേശിച്ചത് -മൂസായെ കൊല്ലൽ-നടക്കില്ല. ഇനി നടന്നുവെന്ന് സങ്കൽപിച്ചാൽ തന്നെ (എന്നാൽ അവന്റെ ശിക്ഷ നമുക്ക് വന്നാൽ അതിൽനിന്ന് നമ്മെ സഹായിക്കാൻ ആരുണ്ട്) അതായത് അവന്റെ ശിക്ഷയിൽ നിന്ന്. (നമുക്ക് വന്നാൽ) ഇത് അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ ഏറ്റവും നല്ലൊരു ശൈലിയാണ്. അദ്ദേഹത്തെയും അവരെയും ഒരുമിച്ചു ചേർത്താണ് അദ്ദേഹം പറഞ്ഞത്. (നമ്മെ സഹായിക്കാൻ ആരുണ്ട്). ‘നമുക്ക് വന്നാൽ’ എന്ന പ്രയോഗത്തിൽ അവർക്കദ്ദേഹം മനസ്സിലാക്കിക്കൊടുക്കുന്നത് തന്റെ കാര്യത്തിലുള്ളതുപോലെയുള്ള ഗുണകാംക്ഷ അവരോടുമുണ്ടെന്നും തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നത് അവർക്കുവേണ്ടിയും ഇഷ്ടപ്പെടുമെന്നാണ്. (ഫിർഔൻ പറഞ്ഞു) അതിനെ എതിർത്തുകൊണ്ടും മൂസായെ പിൻപറ്റുന്നതിൽനിന്നും തന്റെ ജനതയെ തടഞ്ഞുകൊണ്ടും. (ഞാൻ ശരിയായിക്കാണുന്ന മാർഗം മാത്രമാണ് ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്നത്. ശരിയായ മാർഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയുമില്ല). എന്നാൽ ശരിയായി അയാൾ കണ്ടതെന്താണ്? അയാൾ കണ്ടത് തന്റെ ജനതയെ വിഡ്ഢികളാക്കാനും അങ്ങനെ തന്റെ നേതൃത്വം നിലനിർത്താൻ അവരെ തന്റെ കൂടെ നിർത്താനുമാണ്. അയാൾ സത്യത്തിലാണെന്ന് അയാൾ കണ്ടില്ല. മറിച്ച ്‌സത്യം മൂസയോടൊപ്പമാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ടുതന്നെ അദ്ദേത്തെഅയാൾ നിഷേധിച്ചു. (ശരിയായ മാർഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയില്ല) ഇത് സത്യത്തെ അട്ടിമറിക്കലാണ്. അവരോട് അയാളെ പിൻപറ്റാൻ അയാൾ കൽപിക്കുന്നത് അയാൾ നിഷേധത്തിലും വഴികേടിലും ആണെങ്കിൽ അത് അപകടം കുറഞ്ഞതാണ്. എന്നാൽ അയാൾ അയാളെ പൻപറ്റാൻ കൽപിക്കുകയും അത് സത്യത്തിലാണെന്ന് വാദിക്കുകയും ചെയ്യുമ്പോൾ വഴികേടിനെ പിൻതുടരലാണ് ഇവിടെ സത്യത്തെ പിൻതുടരൽ.

30) (ആ വിശ്വസിച്ച ആൾ പറഞ്ഞു) സാധാരണ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരെപ്പോലെത്തന്നെ അവർ സന്മാർഗം സ്വീകരിക്കാത്തതിൽ നിരാശനാകാതെ തന്റെ ജനതയിൽ അദ്ദേഹം പ്രബോധനം തുടർന്നു. പ്രബോധകർ തങ്ങളുടെ ശ്രമം തുടർന്നുകൊണ്ടേയിരിക്കും. ഒരു തടസ്സവും അവർ പരിഗണിക്കുകയില്ല. അദ്ദേഹം അവരോട് പറഞ്ഞു: (എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീർച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാൻ ഭയപ്പെടുന്നു) അതായത് പ്രവാചകന്മാർക്കെതിരെ സംഘടിക്കുകയും കക്ഷികളായി തിരിയുകയും ചെയ്ത പൂർവ സമുദായങ്ങൾക്ക്.