സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മെയ് 06 , 1444 ശവ്വാൽ 14

അധ്യായം: 41, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ (٢١) وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَآ أَبْصَـٰرُكُمْ وَلَا جُلُودُكُمْ وَلَـٰكِن ظَنَنتُمْ أَنَّ ٱللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ (٢٢) وَذَٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَىٰكُمْ فَأَصْبَحْتُم مِّنَ ٱلْخَـٰسِرِينَ (٢٣) فَإِن يَصْبِرُوا۟ فَٱلنَّارُ مَثْوًى لَّهُمْ ۖ وَإِن يَسْتَعْتِبُوا۟ فَمَا هُم مِّنَ ٱلْمُعْتَبِينَ (٢٤)

21. തങ്ങളുടെ തൊലികളോട് അവർ പറയും: നിങ്ങളെന്തിനാണ് ഞങ്ങൾക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികൾ) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.

22. നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങൾ (അവയിൽനിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാൽ നിങ്ങൾ വിചാരിച്ചത് നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അല്ലാഹു അറിയില്ലെന്നാണ്.

23. അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങൾ ധരിച്ചുവെച്ച ധാരണ; അത് നിങ്ങൾക്ക് നാശം വരുത്തി. അങ്ങനെ നിങ്ങൾ നഷ്ടക്കാരിൽപെട്ടവരായിത്തീർന്നു.

24. ഇനി അവർ സഹിച്ചു കഴിയുകയാണെങ്കിൽ ആ നരകം തന്നെയാകുന്നു അവർക്കുള്ള പാർപ്പിടം. അവർ വിട്ടുവീഴ്ച തേടുകയാണെങ്കിലോ, വിട്ടുവീഴ്ച നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ അവർ പെടുകയുമില്ല.

21). അവർക്കെതിരെ അവ സാക്ഷിപറയുമ്പോൾ അവർ അതിനെ ആക്ഷേപിക്കും. (തങ്ങളുടെ തൊലികളോട് അവർ പറയും) എല്ലാ അവയവങ്ങളും സാക്ഷിപറയും എന്ന് നേരത്തെ പറഞ്ഞതിന്റെ തെളിവുകൂടിയാണിത്. (നിങ്ങൾ എന്തിനാണ് ഞങ്ങൾക്കെതിരെ സാക്ഷ്യം വഹിച്ചത്?) ഞങ്ങൾ നിങ്ങളെ പ്രതിരോധിക്കുകയല്ലേ? (അവ പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു) ഇത് ഞങ്ങളുടെ കഴിവിൽപെട്ടതല്ല. ഈ സാക്ഷ്യത്വം ഞങ്ങൾക്ക് തടയാനാവില്ല. തന്റെ ഉദ്ദേശ്യങ്ങൾക്ക് ഒന്നും എതിരുനിൽക്കാത്തവനാണ് ഞങ്ങളെ സംസാരിപ്പിച്ചത്

(ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ) ശരീരങ്ങളെ സൃഷ്ടിച്ചപോലെ ചില പ്രത്യേകതകളും നിങ്ങൾക്കവൻ സൃഷ്ടിച്ചു. അതിൽപെട്ട ഒന്നാണ് സംസാരശേഷി. (അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു) പരലോകത്ത് അങ്ങനെ നിങ്ങൾ പ്രവർത്തിച്ചതിന് പ്രതിഫലവും തരുന്നു. ഇവിടെ മറ്റൊരു ഉദ്ദേശ്യം ആദി സൃഷ്ടിപ്പിനെ ഉയിർത്തെഴുന്നേൽപിന് തെളിവാക്കലാണ്. അത് ക്വുർആൻ സ്വീകരിച്ച ഒരു മാർഗമാണ്.

22) (നിങ്ങളുടെ കാതുകളോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങൾ ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. നിങ്ങളുടെ ശരീരാവയവങ്ങളുടെ സാക്ഷ്യം നിങ്ങൾ മറച്ചുവെച്ചിരുന്നില്ല. അതിൽ നിങ്ങൾ ഭയപ്പെടുകയും ചെയ്തിരുന്നില്ല. (എന്നാൽ നിങ്ങൾ വിചാരിച്ചത്) തെറ്റിലൂടെ കടന്നുപോകുമ്പോൾ, (നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അല്ലാഹു അറിയില്ലെന്നാണ്) അതുകൊണ്ടാണ് നിങ്ങളിൽനിന്നും പല കാര്യങ്ങളും സംഭവിച്ചുപോയത്.

23). ഈ വിചാരം നിങ്ങളുടെ നാശത്തിനും കഷ്ടത്തിനും കാരണമായി. അതാണ് അല്ലാഹു പറഞ്ഞത്: (അതത്രെ നിങ്ങളുടെ രക്ഷിതാവിനെപ്പറ്റി നിങ്ങൾ ധരിച്ചുവെച്ച ധാരണ) മോശം വിചാരം അവന്റെ മഹത്ത്വത്തിന് ചേരാത്ത വിചാരമായി. (അത് നിങ്ങൾക്ക് നാശം വരുത്തി) അതായത് നിങ്ങളെ നശിപ്പിച്ചു. (അങ്ങനെ നിങ്ങൾ നഷ്ടക്കാരിൽപെട്ടവരായിത്തീർന്നു). നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും നിങ്ങളത് രക്ഷിതാവിനെക്കുറിച്ച് മോശം വിചാരത്തോടെ നിങ്ങളനുഷ്ഠിച്ച നിർബന്ധ കർമങ്ങൾ കാരണം നിങ്ങളുടെ മതവും നഷ്ടത്തിലായി. അങ്ങനെ നിങ്ങളുടെമേൽ ശിക്ഷയുടെയും ദൗർഭാഗ്യത്തിന്റെയും വചനം യാഥാർഥ്യമായി. ശിക്ഷയിൽ നിത്യവാസികളാക്കൽ അനിവാര്യമാവുകയും ചെയ്തു. ഒരു സമയത്തും വിട്ടൊഴിയാത്ത ശിക്ഷ.

24) (ഇനി അവർ സഹിച്ചുകഴിയുകയാണെങ്കിൽ, ആ നരകം തന്നെയാകുന്നു അവർക്കുള്ള പാർപ്പിടം) അതിലവർക്ക് ക്ഷമിക്കാനും സഹിക്കാനും സാധ്യമല്ല. ഏതവസ്ഥയിലും ക്ഷമയുടെ സാധ്യത നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നരകം, അതിൽ ക്ഷമ സാധ്യമല്ല. നരകത്തെ എങ്ങനെ സഹിക്കും? അതിന്റെ ചൂട് കഠിനമാണ്. ഇഹലോകത്തെ തീയിനെക്കാൾ എഴുപതിരട്ടി വർധിച്ചതാണ് അതിന്റെ ചൂട്. അതിലെ ചൂടുവെള്ളത്തിന്റെ തിളക്കൽ വമ്പിച്ചതും ചോരയും ചലവും കലർന്ന നീരിന്റെ ദുർഗന്ധം അധികരിച്ചതും കൊടുംതണുപ്പ് വർധിച്ചതും കൈയാമങ്ങളും ചങ്ങലകളും ഭയങ്കരവും ദണ്ഡുകൾ ഭീമാകാരവും കാവൽക്കാർ പരുഷവും ആയിരിക്കുന്നു. അവരുടെ ഹൃദയത്തിലെ കാരുണ്യം ഇല്ലാതെയായി. പരമാധികാരിയായ അല്ലാഹുവിന്റെ കോപത്തിന്റെ പര്യവസാനമാണത്. അതിലവർ സഹായം ചോദിക്കുകയും നിലവിളിക്കുകയും ചെയ്യുമ്പോൾ അവരോട് പറയും:

ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ

“നിങ്ങൾ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങൾ എന്നോട് മിണ്ടിപ്പോകരുത്’’ (23:108).

(അവർ വിട്ടുവീഴ്ച തേടുകയാണെങ്കിലോ) അവരുടെ കുറ്റങ്ങൾ അവരിൽനിന്നും ഒഴിവാക്കിക്കൊടുക്കുകയും അങ്ങനെ ഇഹലോകത്തേക്ക് മടങ്ങി കർമങ്ങൾ പുതിയതായി തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്താൽ (വിട്ടുവീഴ്ച നൽകപ്പെടുന്നവരുടെ കൂട്ടത്തിൽ അവർ പെടുകയുമില്ല). കാരണം സമയം അവസാനിച്ചു, ചിന്തിക്കുന്നവർക്ക് ചിന്തിക്കാൻ മാത്രമുള്ള ആയുസ്സ് ലഭിക്കുകയും അവർക്ക് മുന്നറിയിപ്പുകാർ വരികയും ചെയ്തു. അവരുടെ ന്യായയങ്ങൾ അവസാനിച്ചു. അവർ വിട്ടുവീഴ്ച ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ കളവാണ് പറയുന്നത്.

وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ

“തിരിച്ചയക്കപ്പെട്ടാൽ തന്നെയും അവർ എന്തിൽനിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്കുതന്നെ അവർ മടങ്ങിപ്പോകുന്നതാണ്. തീർച്ചയായും അവർ കള്ളം പറയുന്നവരാകുന്നു’’ (6:28).