സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മെയ് 20 , 1444 ശവ്വാൽ 27

അധ്യായം: 41, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَإِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَـٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ (٣٠) نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ (٣١) نُزُلًا مِّنْ غَفُورٍ رَّحِيمٍ (٣٢) وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَـٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ (٣٣) وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ (٣٤)

30. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുക.

31. ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങൾക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും.

32. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കൽനിന്നുള്ള സൽക്കാരമത്രെ അത്.

33. അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?

34. നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട്‌നീ (തിൻമയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.

30) ഇവിടെ അല്ലാഹു തന്റെ മിത്രങ്ങളെക്കുറിച്ച് പറയുന്നു. അതിൽ അവരുടെ സജീവതയും അവരെ പിൻപറ്റാനുള്ള പ്രേരണയും ഉൾക്കൊള്ളുന്നു. അല്ലാഹു പറയുന്നു: (ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ) അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തെ അംഗീകരിക്കുകയും തൃപ്തിപ്പെടുകയും അവന്റെ കൽപനകൾക്ക് കീഴൊതുങ്ങുകയും, അത് പറയുകയും പിന്നീട് ശരിയായ മാർഗത്തിൽ നേരെ നിലകൊള്ളുകയും ചെയ്തവർ; വാക്കിലും പ്രവൃത്തിയിലുമെല്ലാം. അവർക്ക് ഇഹലോകത്തും പരലോകത്തും സന്തോഷവാർത്തയുണ്ട്. (അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവരും; ആദരണീയരായ. അതായത് മരണാസന്നരാകുമ്പോൾ അവർക്ക് സന്തോഷവാർത്ത അറിയിച്ചുകൊണ്ട് അവരുടെ മേൽ മലക്കുകൾ ആവർത്തിച്ച് ഇറങ്ങിക്കൊണ്ടേയിരിക്കും. (നിങ്ങൾ ഭയപ്പെടേണ്ടതില്ല) നിങ്ങളുടെ കാര്യത്തിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്നതിൽ. (നിങ്ങൾ ദുഃഖിക്കുകയേ വേണ്ട) കഴിഞ്ഞുപോയതിൽ. (നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുക). അത് നിങ്ങൾക്ക് സ്ഥിരപ്പെടുകയും ഉറപ്പാവുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ വാക്ക് നടപ്പിലാക്കപ്പെടുന്നതാണ്.

31. അവർക്ക് സ്ഥൈര്യം നൽകിയും സന്തോഷവാർത്ത അറിയിച്ചും മലക്കുകൾ അവരോട് പറയും: (ഐഹിക ജീവിതത്തിലും പരലോക ജീവിതത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു) ഇഹലോകത്ത് നന്മക്കവർ അവരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതവർക്ക് അലങ്കാരമായി കാണിച്ചുകൊടുത്തു. തിന്മയിൽ അവർക്കവൻ ഭയം ഉണ്ടാക്കി. അത് മോശമായി അവരുടെ ഹൃദയങ്ങളിൽ തോന്നിപ്പിക്കുകയും ചെയ്തു. അവർക്കുവേണ്ടി അല്ലാഹുവോടവർ പ്രാർഥിച്ചു. ഭയത്തിന്റെയും വിപത്തിന്റെയും സന്ദർഭങ്ങളിൽ അവരെ ഉറപ്പിച്ചുനിർത്തി. പ്രത്യേകിച്ചും മരണത്തിന്റെയും അതിന്റെ പ്രയാസത്തിന്റെയും സമയത്ത്. ക്വബ്‌റിലും അതിലെ ഇരുട്ടിലും ഉയിർത്തെഴുന്നേൽപിന്റെ ഭയാനകതയിലും സ്വിറാത്തിലും സ്വർഗത്തിലും തങ്ങളുടെ രക്ഷിതാവിന്റെ ഔദാര്യത്താൽ അവർക്കവർ ആശംസകൾ നേർന്നു. എല്ലാ വാതിലുകളിലൂടെയും അവരുടെ അടുക്കൽ അവർ പ്രവേശിച്ചു.

سَلَـٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ (٢٤)

“നിങ്ങൾ ക്ഷമ കൈക്കൊണ്ടതിനാൽ നിങ്ങൾക്ക് സമാധാനം. അപ്പോൾ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്’’(13:24).

മലക്കുകൾ അവരോട് പറയും: (നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാം ഉണ്ടായിരിക്കും). ഒരുക്കപ്പെട്ടുകഴിഞ്ഞു, തയ്യാറാക്കപ്പെട്ടു. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം ഉണ്ടായിരിക്കും. നിങ്ങളുടെ ഉദ്ദേശ്യതാൽപര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ ആവശ്യപ്പെടുന്നവ. വ്യത്യസ്തമായ ആസ്വാദനങ്ങളും ആഗ്രഹങ്ങളുമായി നിങ്ങൾ ആവശ്യപ്പെടുന്നതും. അവയാകട്ടെ, ഒരുകണ്ണും കാണാത്തതും ഒരുകാതും കേൾക്കാത്തതും ഒരു മനുഷ്യഹൃദയവും നിനക്കാത്തതുമാണ്.

32). (ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കൽനിന്നുള്ള സൽക്കാരമത്രെ അത്) അതായത്, ഈ മഹത്തായ പ്രതിഫലവും നിത്യാനുഗ്രഹങ്ങളും വിരുന്നും ആതിഥ്യവും. (ഏറെ പൊറുക്കുന്നവനിൽനിന്നുള്ള) നിങ്ങൾക്കവൻ പാപങ്ങൾ പൊറുത്തുതരുന്നു. (കരുണാനിധി) സൽപ്രവർത്തനങ്ങൾക്ക് അവസരം സൃഷ്ടിക്കുന്നതിലൂടെ, അത് നിങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിലൂടെ, പാപമോചനമെന്നത് നിങ്ങൾ ഭയപ്പെടുന്നത് നിങ്ങളിൽനിന്ന് നീക്കലാണ്. അവന്റെ കാരുണ്യം നിങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിയലുമാണ്.

33) ഇവിടെ ഈ ചോദ്യത്തിലുള്ളത് നിഷേധത്തെ അംഗീകരിക്കലാണ്. അതായത് വാക്ക് നന്നാക്കിയ ഒരാളുമില്ല; വാക്കിലും മാർഗത്തിലും അവസ്ഥയിലും (അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനെക്കാൾ) അറിവില്ലാത്തവരെ പഠിപ്പിക്കാൻ, തിരിഞ്ഞുപോകുന്ന അശ്രദ്ധരെ ഉപദേശിക്കാൻ, അസത്യവാദികളോട് വാഗ്വാദം നടത്താൻ, അല്ലാഹുവിനെ ആരാധിക്കണമെന്ന് നിർദേശിക്കാൻ, അതുമായി ബന്ധപ്പെട്ടതെല്ലാം; അതിന് പ്രേരണനൽകാനും കഴിയുന്നപോലെ അത് നന്നാക്കാനും. അല്ലാഹു വിരോധിച്ചതിൽനിന്നും തടയുക. ഉപേക്ഷിക്കൽ അനിവാര്യമാക്കുന്ന എല്ലാ വഴിക്കും അതിന്റെ തകരാറുകൾ ബോധ്യപ്പെടുത്തൽ. പ്രത്യേകിച്ചും ഈ പ്രബോധനമെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനവും അതിന്റെ നന്മകളും ബോധ്യപ്പെടുത്തിക്കൊടുക്കാനാണ്. ഏറ്റവും നല്ലരൂപത്തിൽ അതിന്റെ എതിരാളികളോട് വാഗ്വാദത്തിൽ ഏർപ്പെടലും ഇസ്‌ലാമിനെതിരായ അവിശ്വാസം, ശിർക്ക് തുടങ്ങിയവയെ വിരോധിക്കലുമാണ്; നന്മ കൽപിക്കലും തിന്മ വിരോധിക്കലും.

പ്രബോധനത്തിൽ പെട്ടതുതന്നെയാണ് അല്ലാഹുവിനെ തന്റെ ദാസന്മാർക്ക് ഇഷ്ടപ്പെടുത്തിക്കൊടുക്കൽ. അവന്റെ അനുഗ്രഹങ്ങളെ വിശദീകരിച്ചുകൊണ്ടും അവന്റെ ഔദാര്യത്തിന്റെ വിശാലതയും കാരുണ്യത്തിന്റെ പൂർണതയും അവന്റെ പരിപൂർണ വിശേഷണങ്ങളും മഹത്ത്വത്തിന്റെ ഗുണങ്ങളും പറഞ്ഞുകൊടുക്കലും അതിൽ പെട്ടതാണ്.

അല്ലാഹുവിലേക്കുള്ള പ്രബോധനംതന്നെയാണ് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽനിന്ന് അറിവും സന്മാർഗവും സ്വീകരിക്കാൻ ആഗ്രഹിപ്പിക്കലും പ്രവാചകന്റെ ചര്യയിൽനിന്നും അതിലേക്കെത്തിക്കാവുന്ന എല്ലാ വഴികളെയും പ്രോത്സാഹിപ്പിക്കലും.

അതിൽപെട്ടതുതന്നെയാണ് സൽസ്വഭാവങ്ങൾ പ്രോത്സാഹിപ്പിക്കലും എല്ലാ പടപ്പുകൾക്കും നന്മ ചെയ്യുന്നതിനും നന്മ ചെയ്യുന്നതിനെ മോശമാക്കുന്നവനെ എതിർക്കലും കുടുംബബന്ധത്തിനും മാതാപിതാക്കൾക്ക് നന്മ ചെയ്യാനും പ്രേരണ നൽകലുമെല്ലാം. ജനങ്ങൾക്ക് പൊതുവായി നൽകുന്ന ഉപദേശങ്ങൾ, ചില പ്രത്യേക സന്ദർഭങ്ങളിൽ, പ്രതിബന്ധങ്ങളിൽ, വിപത്തുക്കളിൽ ആ സന്ദർഭത്തോട് യോജിക്കുന്ന നിലക്കുള്ള ഉപദേശങ്ങൾ നൽകൽ; ഇതല്ലാത്തതും.

എല്ലാ നന്മകളിലേക്കും പ്രബോധനം ചെയ്യേണ്ടതുള്ളതിനാൽ അത് എണ്ണിക്കണക്കാക്കാവതല്ല. എല്ലാ തിന്മകളെക്കുറിച്ചും താക്കിത് ചെയ്യേണ്ടതുമുണ്ട്.

തുടർന്ന് അല്ലാഹു പറയുന്നു: (സൽകർമം പ്രവർത്തിക്കുകയും) ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതോടൊപ്പം തന്റെ കാര്യത്തിലും അല്ലാഹുവിന്റെ കൽപന പിൻപറ്റി തന്റെ രക്ഷിതാവ് തൃപ്തിപ്പെടുന്ന സൽകർമങ്ങൾ പ്രവർത്തിക്കാൻ തൽപരനാവണം. (തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു) ഇസ്‌ലാമിന്റെ കൽപനകൾക്ക് കീഴൊതുങ്ങുന്നവരായി; അതിന്റെ മാർഗത്തിൽ പ്രവേശിക്കുന്നവരായും. ഇതൊരു പദവിയാണ്. സ്വിദ്ദീക്വുകൾ അതിന്റെ പൂർണത പ്രാപിച്ചവരാണ്. അവർ അവരെ പൂർണമാക്കാൻ പ്രവർത്തിച്ചു; മറ്റുള്ളവരെ പൂർണരാക്കാനും. പ്രവാചകന്മാരുടെ പൂർണ അനന്തരം ലഭിച്ചവരാണവർ. ജനങ്ങളിൽ ഏറ്റവും മോശം വാക്ക് പറഞ്ഞവൻ വഴികേടിലേക്ക് ക്ഷണിക്കുകയും ആ വഴിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്.

തികച്ചും വ്യത്യസ്തമായ രണ്ട് പദവികളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. ഒന്ന് അത്യുന്നതങ്ങളിലേക്ക് ഉയർത്തുന്നു. മറ്റൊന്നാവട്ടെ അധമന്മാരിൽ ഏറ്റവും അധമനാക്കി താഴ്ത്തുകയും ചെയ്യുന്നു. പദവികൾ, അല്ലാഹുവിന് മാത്രമേ അതിനെ കുറിച്ചറിയൂ. എല്ലാം സൃഷ്ടികൾ നേടുന്നതാണ്.

وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا يَعْمَلُونَ (١٣٢)

“ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലമായി പല പദവികളുണ്ട്. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി നിന്റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല’’ (6:132).

34). അല്ലാഹു പറയുന്നു: (നല്ലതും ചീത്ത യും സമമാകുകയില്ല) നല്ല പ്രവർത്തനങ്ങളും ദീനീ കാര്യങ്ങളും അല്ലാഹു തൃപ്തിപ്പെടുന്നവയാണ്. അത് അല്ലാഹു കോപിക്കുന്നതും അവനെ തൃപ്തിപ്പെടുത്താത്തതുമായ തെറ്റായ പ്രവർത്തനങ്ങൾക്കും അനുസരണക്കേടുകൾക്കും സമമാവുകയില്ല. പടപ്പുകൾക്ക് ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതും ഒരുപോലെയല്ല; അതിന്റെ സത്തയിലും വിശേഷണത്തിലും ഗുണത്തിലും പ്രതിഫലത്തിലുമൊന്നും.

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٥٥)

“നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?’’ (55:60).

തുടർന്ന് നിർദേശിക്കുന്നത് ഒരു പ്രത്യേക നന്മയെക്കുറിച്ചാണ്. അതിന് വലിയ സ്ഥാനമുണ്ട്. അത് നിന്നോട് തിന്മ ചെയ്തവനോട് നീ നന്മ ചെയ്യലാണ്. അല്ലാഹു പറഞ്ഞു: (ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മ യെ പ്രതിരോധിക്കുക) പടപ്പുകളിൽനിന്ന് ആരെങ്കിലും നിന്നോട് തിന്മ ചെയ്താൽ; പ്രത്യേകിച്ചും നിന്നോട് വലിയ കടമകളുള്ള ഒരാൾ, ബന്ധുക്കൾ, കൂട്ടുകാർ പോലെയുള്ളവർ, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള തിന്മയാകാം. അതിനുപകരം അവന് നീ നന്മ ചെയ്യുക. നിന്നോട് അവൻ ബന്ധം മുറിച്ചാൽ നീ അവനോട് ബന്ധം ചേർക്കുക. നിന്നോട് അവൻ അക്രമം ചെയ്താൽ നീ അവന് വിട്ടുവീഴ്ച നൽകുക. നിന്റെ അസാന്നിധ്യത്തിലോ സാന്നിധ്യത്തിലോ നിന്നെക്കുറിച്ച് സംസാരിച്ചാൽ നീ അവനെ നേരിടരുത്. മറിച്ച്, വിട്ടുവീഴ്ച ചെയ്യണം. മൃദുലമായ വാക്കുകൊണ്ട് പെരുമാറണം. ഇനി അവൻ നിന്നെ വെടിയുകയും നിന്നോട് മിണ്ടാതിരിക്കുകയും ചെയ്താൽ നീ അവനോട് നല്ലത് പറയണം. അവന് സലാം പറയുകയും ചെയ്യണം. തിന്മയെ നന്മകൊണ്ട് നേരിട്ടാൽ അതിന് വലിയ ഫലമുണ്ടാകും: (അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ-നിന്റെ-ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു).