സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

അധ്യായം: 40, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَٱلَّذِينَ كَذَّبُوا۟ بِٱلْكِتَـٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ (٧٠) إِذِ ٱلْأَغْلَـٰلُ فِىٓ أَعْنَـٰقِهِمْ وَٱلسَّلَـٰسِلُ يُسْحَبُونَ (٧١) فِى ٱلْحَمِيمِ ثُمَّ فِى ٱلنَّارِ يُسْجَرُونَ (٧٢) ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ (٧٣) مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا بَل لَّمْ نَكُن نَّدْعُوا۟ مِن قَبْلُ شَيْـًٔا ۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلْكَـٰفِرِينَ (٧٤) ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ (٧٥) ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ (٧٦) فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۚ فَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ (٧٧) وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ ۚ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ (٧٨)

70. വേദഗ്രന്ഥത്തെയും നാം നമ്മുടെ ദൂതന്മാരെയും അയച്ചത് എന്തൊരു ദൗത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചുകളഞ്ഞവരത്രെ അവർ. എന്നാൽ വഴിയെ അവർ അറിഞ്ഞുകൊള്ളും.

71. അതെ; അവരുടെ കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവർ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം.

72. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും.

73. പിന്നീട് അവരോട് പറയപ്പെടും: നിങ്ങൾ പങ്കാളികളായി ചേർത്തിരുന്നവർ എവിടെയാകുന്നു?

74. അല്ലാഹുവിന് പുറമെ. അവർ പറയും: അവർ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങൾ മുമ്പ് പ്രാർഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു.

75. ന്യായമില്ലാതെ നിങ്ങൾ ഭൂമിയിൽ ആഹ്ലാദംകൊണ്ടിരുന്നതിന്റെയും ഗർവ് നടിച്ചിരുന്നതിന്റെയും ഫലമത്രെ അത്.

76. നരകത്തിന്റെ കവാടങ്ങളിലൂടെ അതിൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ കടന്നുകൊള്ളുക. അഹങ്കാരികളുടെ പാർപ്പിടം ചീത്തതന്നെ (എന്ന് അവരോട് പറയപ്പെടും).

77. അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. എന്നാൽ നാം അവർക്ക് താക്കീത് നൽകുന്ന ശിക്ഷയിൽ ചിലത് നിനക്ക് നാം കാണിച്ചുതരുന്നതായാലും (അതിന്നിടക്കുതന്നെ) നിന്നെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നത്.

78. നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരിൽ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരിൽ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതനും അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടുവരാനാവില്ല. എന്നാൽ അല്ലാഹുവിന്റെ കൽപന വന്നാൽ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്. അസത്യവാദികൾ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.

70-72). ചൂട്ടുപൊള്ളുന്ന നരകമാണ് ഇവർക്ക് പ്രതിഫലം, ആ ശിക്ഷയെ അല്ലാഹു ഇവിടെ താക്കീത് ചെയ്യുന്നു. (എന്നാൽ അവർ വഴിയെ അറിഞ്ഞുകൊള്ളും. അവരുടെ കഴുത്തുകളിൽ വളയങ്ങളും ചങ്ങലകളുമായി) അതുമൂലം ചലിക്കാൻപോലും സാധ്യമല്ല. (ചങ്ങലകൾ) അവരെയും പിശാചുക്കളെയും ബന്ധിക്കുന്നു. (വലിച്ചിഴക്കപ്പെടുന്ന സന്ദർഭം, ചുട്ടുതിളയ്ക്കുന്ന വെള്ളത്തിലൂടെ). കഠിനമായ ചൂടോടെ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം. (പിന്നീട് അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും) വലിയ ജ്വാലകൾ അവർക്കുമേൽ കത്തിക്കപ്പെടും. അങ്ങനെ അതിൽ അവർ കടന്നെരിയുകയും അവർ ചെയ്ത ശിർക്കും നിഷേധവും കാരണം അപമാനിക്കപ്പെടുകയും ചെയ്യും.

73,74). (പിന്നീട് അവരോട് പറയപ്പെടും: നിങ്ങൾ പങ്കാളികളായി ചേർത്തിരുന്നവർ എവിടെയാകുന്നു?) അവരെക്കൊണ്ട് നിങ്ങൾക്ക് വല്ല ഉപകാരവും ലഭിച്ചുവോ? അൽപമെങ്കിലും ശിക്ഷ ഒഴിവാക്കിത്തരാൻ അവർക്ക് സാധിച്ചുവോ?

(അവർ പറയും: അവർ ഞങ്ങളെവിട്ട് അപ്രത്യക്ഷരായിരിക്കുന്നു) അവർ വന്നില്ല. അവർ വന്നാലും യാതൊരു പ്രയോജനവും ഇല്ല.

പിന്നീടവർ നിഷേധിച്ചുകൊണ്ട് പറയും: (ഞങ്ങൾ മുമ്പ് പ്രാർഥിച്ചിരുന്നത് യാതൊന്നിനോടും ആയിരുന്നില്ല) ചെയ്ത കാര്യങ്ങൾ നിഷേധിച്ചാൽ പ്രയോജനമുണ്ടാകുമെന്ന് അവർ കരുതി. ചിലപ്പോൾ അവർ ആരാധിച്ചിരുന്നവരുടെ നിരർഥകത അംഗീകരിച്ച് പറയുന്നതാവാനും സാധ്യതയുണ്ട്. യഥാർഥത്തിൽ അല്ലാഹുവിന് പങ്കുകാരില്ല. ആരാധ്യതയ്ക്ക് അവകാശമില്ലാത്തവരെ ആരാധിക്കുന്നതിലൂടെ അവർക്ക് തെറ്റ് പറ്റിയതാണ്. തുടർന്ന് പറയുന്നത് ഈ ആശയത്തെ ബലപ്പെടുത്തുന്നു. (അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു). ഇഹലോകത്ത് സംഭവിച്ച വഴിപിഴവ്, ഓരോരുത്തർക്കും വ്യക്തമായി മനസ്സിലാകുന്ന വഴികേട്. ഉയിർത്തെഴുന്നേൽപ് നാളിൽ അവർ സ്വയമേ അത് അംഗീകരിക്കുന്നു.

അല്ലാഹുവിന്റെ ഈ വചനത്തിന്റെ ആശയം അവർക്ക് അവിടെ വെച്ച് മനസ്സിലാകും.

وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

“അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചുപ്രാർഥിക്കുന്നവർ എന്തൊന്നിനെയാണ് പിൻപറ്റുന്നത്? അവർ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവർ അനുമാനിച്ച് പറയുക മാത്രമാണ് ചെയ്യുന്നത്’’(10:66).

وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ

“അല്ലാഹുവിന് പുറമെ ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ച് പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്. അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു’’ (46:5).

75) നരകക്കാരോട് പറയപ്പെടും (അത്) നിങ്ങൾ അനുഭവിക്കുന്ന ശിക്ഷ. (ന്യായമില്ലാതെ ഭൂമിയിൽ ആഹ്ലാദംകൊണ്ടിരുന്നതിന്റെയും ഗർവ് നടിച്ചിരുന്നതിന്റെയും ഫലമത്രെ) നിങ്ങളുടെ തെറ്റായ നിലപാടുകളിലും ദൈവിക വിജ്ഞാനങ്ങൾക്ക് വിരുദ്ധമായ അറിവുകളിലും നിങ്ങൾ ആഹ്ലാദം കൊണ്ടു. അക്രമയും അനീതിയും അനുസരണക്കോടും ശത്രുതയുംകൊണ്ട് അല്ലാഹുവിന്റെ നല്ല ദാസന്മാർക്കുനേരെ നിങ്ങൾ ധിക്കാരം കാണിച്ചു. അതാണല്ലാഹു ഈ വചനത്തിന്റെ അവസാനം പറഞ്ഞത്: (അങ്ങനെ അവരിലേക്കുള്ള ദൂതന്മാർ വ്യക്തമായ തെളിവുംകൊണ്ട് അവരുടെ അടുത്തുചെന്നപ്പോൾ അവരുടെ പക്കലുള്ള അറിവുകൊണ്ട് അവർ തൃപ്തിയടയുകയാണ് ചെയ്തത്) ക്വാറൂനിന്റെ ജനത അദ്ദേഹത്തോട് പറഞ്ഞതും ഇതുതന്നെയാണ്.

لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ

“നീ പുളകംകൊള്ളേണ്ട. പുളകംകൊള്ളുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുകയില്ല’’ (28:76).

ഈ ആഹ്ലാദം വിരോധിക്കപ്പെട്ടതും ശിക്ഷാർഹവുമാണ്. അനുവദനീയമായ മറ്റൊരു ആഹ്ലാദത്തെക്കുറിച്ച് അല്ലാഹുതന്നെ പറയുന്നുണ്ട്.

قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ

“പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവർ സന്തോഷിച്ചുകൊള്ളട്ടെ. അതാണ് അവർ സമ്പാദിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നതിനെക്കാൾ ഉത്തമമായിട്ടുള്ളത്’’ (10:58).

ഈ സന്തോഷം പ്രയോജനകരമായ വിജ്ഞാനംകൊണ്ടും സൽകർമങ്ങളെക്കൊണ്ടുമാണ്.

76) (നരകത്തിന്റെ കവാടങ്ങളിലൂടെ നിങ്ങൾ കടന്നുകൊള്ളുക) കർമങ്ങളുടെ കണക്കനുസരിച്ചും ഓരോരുത്തരുടെയും പദവി അനുസരിച്ചും. (അതിൽ നിത്യവാസികളെന്ന നിലയിൽ) ഒരിക്കലും അതിൽനിന്നവർ പുറത്തുവരികയില്ല. (അഹങ്കാരികളുടെ പാർപ്പിടം ചീത്തതന്നെ) അപമാനിതരാകുന്ന, നിസ്സാരരാകുന്ന, ബന്ധനസ്ഥരാകുന്ന, പീഡിതരാകുന്ന, പാർപ്പിടം. കൊടുംതണുപ്പിനും ചൂടിനും ഇടയിൽ അവർ മാറ്റിയിടപ്പെട്ടുകൊണ്ടിരിക്കും.

77) (അതിനാൽ നീ ക്ഷമിക്കുക). പ്രവാചകരേ, നിന്റെ ജനതയുടെ പ്രബോധനത്തിലും അതുമൂലമുണ്ടാകുന്ന പ്രയാസങ്ങളിലും വിശ്വാസത്തെ മുൻനിർത്തി ക്ഷമയോടെ അല്ലാഹുവോട് സഹായം തേടുക. (അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു) തന്റെ മതത്തെ അവൻ സഹായിക്കും. അവന്റെ വചനം ഉന്നതമാകും. അവന്റെ ദൂതർ ഇഹത്തിലും പരത്തിലും വിജയിക്കും. രണ്ട് ലോകത്തും നിന്റെ ശത്രുക്കൾക്ക് ശിക്ഷ ലഭിക്കാനും നിനക്ക് പ്രാർഥിക്കാം. അതാണല്ലാഹു പറഞ്ഞത്: (നാം അവർക്ക് താക്കീത് നൽകുന്ന ശിക്ഷയിൽ ചിലത് നിനക്ക് നാം കാണിച്ചുതരുന്നതായാലും) ഇഹലോകത്ത് തന്നെ. അത് (നിന്നെ മരിപ്പിക്കുന്നതായാലും) അവരുടെ ശിക്ഷയ്ക്ക് മുമ്പ്. (നമ്മുടെ അടുത്തേക്ക് തന്നെയാണ് അവർ മടക്കപ്പെടുന്നത്) അപ്പോൾ അവരുടെ ചെയ്തികൾക്ക് പ്രതിഫലം ലഭിക്കും.

وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ

“അക്രമികൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിക്കരുത്’’(14:42).

78) തുടർന്ന് സഹോദരങ്ങളായ മറ്റ് പ്രവാചകന്മാരെക്കുറിച്ച് പറഞ്ഞ് ആശ്വസിപ്പിക്കുകയും ക്ഷമക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു: (നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്; അസത്യവാദികളിലേക്ക്). അതായത്, ധാരാളം പ്രവാചകന്മാരെ തങ്ങളുടെ ജനതയിലേക്ക് അയക്കുകയുണ്ടായി. അവർ അവരെ പ്രബോധനം ചെയ്യുകയും അതുമൂലമുണ്ടായ പ്രയാസങ്ങളിൽ ക്ഷമ അവലംബിക്കുകയും ചെയ്തു. (അവരിൽ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്). അവരുടെ വിവരങ്ങൾ. (അവരിൽ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല) അവർക്ക് സ്വന്തമായി യാതൊന്നും ചെയ്യാനാവില്ല. അവരെല്ലാം നിയന്ത്രിക്കപ്പെടുന്നവരാണ്.

(യാതൊരു ദൂതനും അല്ല) അവരിൽ പെട്ട. (ഒരു ദൃഷ്ടാന്തംകൊണ്ട് വരാനാവില്ല) ചിന്തിക്കാവുന്നതോ കേൾക്കാവുന്നതോ ആയ വല്ല ദൃഷ്ടാന്തവും. (അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ) അവന്റെ നിർദേശവും ഉദ്ദേശ്യവും വേണം. പ്രവാചകന്മാർ സ്വന്തമായി ദൃഷ്ടാന്തങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവരാണെന്നത് അനീതിപരമായ ഒരു ആരോപണം മാത്രമാണ്. അവർ കൊണ്ടുവന്നതിന്റെ സത്യത തെളിയിക്കാവുന്ന ദൃഷ്ടാന്തങ്ങൾ അവർ അവർക്ക് കാണിച്ചുകൊടുത്തിട്ടുണ്ട്. (എന്നാൽ അല്ലാഹുവിന്റെ കൽപന വന്നാൽ) പ്രവാചകന്മാർക്കും ശത്രുക്കൾക്കുമിടയിൽ ആരു വിജയിക്കണമെന്ന തീരുമാനത്തിന്റെ കൽപന. (വിധിക്കപ്പെടും) അവർക്കിടയിൽ. (ന്യായപ്രകാരം) അത് അതിന്റെ സമയത്ത് സംഭവിക്കും. പ്രവാചകന്മാരെയും അനുയായികളെയും രക്ഷപ്പെടുത്തിക്കൊണ്ടും ശത്രുക്കളെ നശിപ്പിച്ചുകൊണ്ടും യഥാർഥ സത്യം പുലരും. അതാണല്ലാഹു പറഞ്ഞത്: (അവിടെ നഷ്ടത്തിലാവുകയും ചെയ്യും) പ്രസ്തുത തീരുമാനത്തിന്റെ സമയം. (അസത്യവാദികൾ) അവരുടെ പേരുതന്നെ അസത്യസാദികൾ എന്നാണ്. അവർ കൊണ്ടുവന്ന വിജ്ഞാനവും പ്രവൃത്തിയും അസത്യത്തിന്റെതുതന്നെ. അവരുടെ ഉദ്ദേശ്യലക്ഷ്യവും അസത്യമായതാണ്. അതിനാൽ ഇവർ ഭയപ്പെടട്ടെ. ഈ അസത്യത്തിൽ തുടരുന്നതിനെ. അങ്ങനെയായാൽ ഇവരും നഷ്ടത്തിലാവും. അവർ നഷ്ടത്തിലായതുപോലെ. ഇവരിൽ ഒരു നന്മയും ഇല്ല. വേദംകൊണ്ട് വിജയിക്കാനും ഇവർക്കാവില്ല.