സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

അധ്യായം: 39, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَٱلَّذِينَ كَذَّبُوا۟ بِٱلْكِتَـٰبِ وَبِمَآ أَرْسَلْنَا بِهِۦ رُسُلَنَا ۖ فَسَوْفَ يَعْلَمُونَتَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ (١) إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ فَٱعْبُدِ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ (٢) أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَـٰذِبٌ كَفَّارٌ (٣) لَّوْ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدًا لَّٱصْطَفَىٰ مِمَّا يَخْلُقُ مَا يَشَآءُ ۚ سُبْحَـٰنَهُۥ ۖ هُوَ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ (٤)

1. ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു.

2. തീർച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക.

3. അറിയുക; അല്ലാഹുവിനുമാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻവേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച.

4. ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ സൃഷ്ടിക്കുന്നതിൽനിന്ന് അവൻ ഇഷ്ടപ്പെടുന്നത് അവൻ തെരഞ്ഞെടുക്കുമായിരുന്നു. അവൻ എത്ര പരിശുദ്ധൻ! ഏകനും സർവാധിപതിയുമായ അല്ലാഹുവത്രെ അവൻ.

1) ക്വുർആനിന്റെ മഹത്ത്വത്തെക്കുറിച്ചും അത് സംസാരിച്ചവന്റെയും അത് ഇറക്കിയവന്റെയും മഹത്ത്വത്തെക്കുറിച്ചും അല്ലാഹു ഇവിടെ പറയുന്നു. യുക്തിമാനും പ്രതാപിയുമായവന്റെ പക്കൽനിന്നിറങ്ങിയ ഗ്രന്ഥം. പടപ്പുകളുടെ ആരാധ്യനായവൻ, മനുഷ്യരാശിയോട് സ്‌നേഹമുള്ളവൻ, അവൻ ആരാധ്യനാകുന്നത് അവന്റെ മഹത്ത്വത്താലും പൂർണതയാലുമാണ്. എല്ലാ സൃഷ്ടികളുടെ മേലും അധിപതിയായ പ്രതാപശാലി. എല്ലാം അവന് കീഴൊതുങ്ങുന്നു. അവന്റെ സൃഷ്ടിപ്പിലും കൽപനാധികാരത്തിലും മഹത്തായ യുക്തികളുണ്ട്.

ഈ വിശേഷണങ്ങളുടെ ഉടമസ്ഥനിൽനിന്നിറങ്ങിയതാണ് ക്വുർആൻ. സംസാരമെന്നത് സംസാരിക്കുന്നവന്റെ വിശേഷണമാണ്. അല്ലാഹു സമാനതകളില്ലാത്ത പരിപൂർണനാണ്. എല്ലാ നിലയ്ക്കും അവൻ ഏകനാണ്. അതുപോലെ അവന്റെ വചനം എല്ലാവശങ്ങളിലും തികഞ്ഞതാണ്. അതിനു സമാനമായി ഒന്നുമില്ല. ഇതു മാത്രം മതി ക്വുർആനിന്റെ മഹത്ത്വം തെളിയിക്കാൻ.

എന്നാൽ ക്വുർആനിന്റെ മഹത്ത്വം വീണ്ടും വിശദീകരിക്കുന്നു. ക്വുർആൻ ഇറക്കിയത് ആർക്കാണ്? മുഹമ്മദ് നബി(സ)ക്ക്. സൃഷ്ടികളിൽ അത്യുത്തമൻ. ക്വുർആനാകട്ടെ ഗ്രന്ഥങ്ങളിൽ അത്യുത്തമമെന്നത് അംഗീകരിക്കപ്പെട്ടതും. അതിലുള്ളതാകട്ടെ പരിപൂർണ സത്യങ്ങളും. അതിൽ യാതൊരു സംശയവുമില്ല. പടപ്പുകളെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് എത്തിക്കലാണ് അതിന്റെ ലക്ഷ്യം. അതിലെ ശരിയായ വിവരങ്ങളും നീതിപൂർണമായ മതവിധികളും ആ സത്യതയെ സ്ഥാപിക്കുന്നു. അതിലുള്ളതെല്ലാം എല്ലാ മേഖലകളിലുമുള്ള സത്യത്തിന്റെ വിവിധ ഇനങ്ങളാണ്. സത്യമല്ലാത്തതെല്ലാം വഴികേട് മാത്രമാണ്.

2). സത്യമായിട്ടവതരിച്ചതിനാൽ മഹാനായ ഒരു വ്യക്തിയിലൂടെ മനുഷ്യർക്കെല്ലാം അത് സത്യത്തിന്റെ നേർവഴി കാണിക്കുന്നു എന്നൊരാശയവും അതിലുണ്ട്. അത് മനുഷ്യർക്ക് ലഭിച്ച മഹത്തായ ഒരനുഗ്രഹമാണ്. നന്ദി അനിവാര്യമാകുന്ന കാര്യം. ആ നന്ദിയാവട്ടെ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കുക എന്നതാണ്. അതാണ് അല്ലാഹു പറഞ്ഞത്:(അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക). കാര്യങ്ങളെല്ലാം, അത് പ്രത്യക്ഷമാകട്ടെ പരോക്ഷമാകട്ടെ അല്ലാഹുവിൽ മാത്രമായി സമർപ്പിക്കുക. അതിൽ ഇസ്‌ലാമും ഈമാനും ഇഹ്‌സാനും ഉൾപ്പെട്ടു. ഇതിലെല്ലാം അവന്റെ പ്രീതി മാത്രം ആഗ്രഹിക്കണം. അത് അവന് മാത്രമായിരിക്ക ണം. മറ്റു താൽപര്യങ്ങളൊന്നും ഉണ്ടായിക്കൂടാ.

3). (അറിയുക, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം) ആരാധനകൾ അല്ലാഹുവിന് നിഷ്‌കളങ്കമാക്കുക എന്ന കൽപനയെ സ്ഥാപിക്കുകയാണിവിടെ. അല്ലാഹുവിന്റെ പരിപൂർണതയെക്കുറിച്ചും തന്റെ ദാസന്മാരിൽ എല്ലാ നിലയ്ക്കും അവനുള്ള മഹത്ത്വത്തെക്കുറിച്ചും നാം വിശദീകരിച്ചിട്ടുണ്ട്. അതുപോലെതന്നെയാണ് നിഷ്‌കളങ്കമായ കീഴ്‌വണക്കവും. ഒരു കലർപ്പുമില്ലാത്ത തെളിഞ്ഞ ഒരു മതമാണിത്. അല്ലാഹു അതിനെ സ്വയം തൃപ്തിപ്പെടുകയും തന്റെ പടപ്പുകൾക്ക് അതിനെ തൃപ്തിപ്പെട്ട് നൽകുകയും ചെയ്തു. അതനുസരിച്ച് ജീവിക്കാൻ അവരോട് കൽപിക്കുകയും ചെയ്തു. അവനോടുള്ള ഭയത്തിലും പ്രതീക്ഷയിലും സ്‌നേഹത്തിലും ഖേദത്തിലും ആവശ്യങ്ങൾ ചോദിക്കുന്നതിലുമെല്ലാമുള്ള ആരാധന അവനു മാത്രമായിരിക്കണം എന്നൊരാശയം അതുൾക്കൊള്ളുന്നു. ആരാധനയിൽ യാതൊരു ശിർക്കും സംഭവിക്കാതെ എല്ലാം അവനിലേക്കാകുന്നതിലൂടെ മനസ്സുകൾ സംസ്‌കരിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുക യും ചെയ്യുന്നു. എല്ലാ ശിർക്കിൽനിന്നും അല്ലാഹു ഒഴിവാണ്. അവൻ പങ്കാളികളെ സ്വീകരിക്കാൻ യാതൊരാവശ്യവുമില്ലാത്തവനാണ്. ശിർക്കാകട്ടെ ഹൃദയങ്ങളെ മലിനമാക്കും, ഇഹത്തിലും പരത്തിലും മനസ്സിനെ അത് വലിയ ദുരന്തങ്ങളിൽ എത്തിക്കും.

അതുകൊണ്ടാണ് തൗഹീദ് പരാമർശിച്ചപ്പോൾ തന്നെ ശിർക്കിനെ വിരോധിച്ചതും ശിർക്ക് വെക്കുന്നവരെ ആക്ഷേപിക്കുകയും കൂടി ചെയ്തത്. (അവനു പുറമെ രക്ഷാധികാരികളെ സ്വീകരിക്കുന്നവർ പറയുന്നു) ആരാധിക്കാനും പ്രാർഥിക്കാനുമുള്ള രക്ഷാധികാരികളാക്കിയവർ, തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിച്ചുകൊണ്ട് പറയുന്നു: (അല്ലാഹുവിങ്കലേക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻവേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്) ഞങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിലേക്ക് എത്തിക്കാനും അവന്റെയടുക്കൽ ഞങ്ങൾക്ക് ശുപാർശ ചെയ്യാനും വേണ്ടിയാണ്. ഞങ്ങൾക്കറിയാമല്ലോ അവർ സൃഷ്ടിക്കുകയോ ഭക്ഷണം നൽകുകയോ ഏതെങ്കിലും കാര്യം ഉടമപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന്.

ശരിയായ തൗഹീദിനെ ഇവർ ഉപേക്ഷിച്ചു. ഏറ്റവും വലിയ നിഷിദ്ധം പ്രവർത്തിക്കാൻ അവർ ധൈര്യപ്പെട്ടു. അതായത് ശിർക്ക് ചെയ്യാൻ. രാജാധിരാജന്, തുല്യരില്ലാത്തവന് അവർ തുല്യരെയുണ്ടാക്കി. പിഴച്ച ചിന്തയും ദുർബല അഭിപ്രായങ്ങളുംകൊണ്ട് അവർ ന്യായീകരിച്ചു. രാജാക്കന്മാരിലേക്ക് മന്ത്രിമാരും ശുപാർശകരും അടുപ്പക്കാരുമില്ലാതെ എത്താനാവില്ല. അവരാണ് പ്രജകളുടെ ആവശ്യം അവരിലേക്കെത്തിക്കുകയും അവരോട് ദയ ചോദിക്കുകയും അവർക്ക് ആവശ്യമുള്ളത് നേടാൻ ആളുകളെ സഹായിക്കുകയും ചെയ്യുന്നത്. അല്ലാഹുവും അതുപോലെയാണെന്ന് അവർ വാദിച്ചു.

ഈ സമാനതപ്പെടുത്തൽ വളരെയേരെ അപകടകരമാണ്. അത് സൃഷ്ടിയെയും സ്രഷ്ടാവിനെയും തുല്യരാക്കുകയാണ്. അവ തമ്മിലാവട്ടെ, വലിയ അന്തരമുണ്ട്. ബുദ്ധിയും പ്രമാണവുമെല്ലാം അതിനെ ശരിവെക്കുന്നു. രാജാക്കന്മാർക്ക് പ്രജകൾക്കിടയിൽ മധ്യസ്ഥന്മാർ വേണം. കാരണം അവർക്ക് തങ്ങളുടെ പ്രജകളുടെ അവസ്ഥകൾ അറിയില്ല. അപ്പോൾ പറഞ്ഞുകൊടുക്കാൻ ആളുവേണം. അറിയുമെങ്കിൽ തന്നെ അവർ അവരോട് ദയ കാണിച്ചുകൊള്ളണമെന്നുമില്ല. അപ്പോൾ ദയ കാണിക്കാൻ പറയേണ്ടിവരും. അവർക്കത് നേരെ പറയാൻ ഭയമായിരിക്കും. അപ്പോൾ മധ്യസ്ഥരുടെ വാക്ക് സ്വീകരിച്ച് അവരുടെ ആവശ്യം നിർവഹിക്കപ്പെടും. തങ്ങളുടെ സമ്പത്ത് നഷ്ടപ്പെടുമെന്ന ഭയത്താൽ അവർ സഹായം തടഞ്ഞേക്കാം എന്നതിനാൽ അവർക്കും ആവശ്യമുണ്ട്.

എന്നാൽ അല്ലാഹു പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്. തന്റെ ദാസന്മാരെക്കുറിച്ചു പറഞ്ഞുകൊടുക്കുകയോ അറിയിച്ചുകൊടുക്കുകയോ ചെയ്യാൻ ആരും ആവശ്യമില്ല. അവൻ ഏറ്റവും വലിയ കാരുണ്യവാനും ഔദാര്യവാനുമാണ്. തന്റെ ദാസന്മാരോട് കരുണ ചെയ്യാൻ ആരും പറയേണ്ടതില്ല. അവർക്കും അവരുടെ മാതാപിതാക്കൾക്കും അവരോടുള്ളതിനെക്കാളും കരുണ അവന്റെതാണ്. അവർക്കവന്റെ കരുണ ലഭിക്കാനുള്ള മാർഗങ്ങൾ അവൻതന്നെ അവർക്ക് നിർദേശിച്ചുകൊടുക്കുന്നു. അവർ പോലും അവർക്ക് വിചാരിക്കാത്ത ഗുണങ്ങൾ അവൻ അവർക്ക് വിചാരിക്കുന്നു.

അവൻ ആവശ്യമില്ലാത്തവനും പൂർണമായും സ്വയം പര്യാപ്തനുമാണ്. അവന്റെ പടപ്പുകളിൽ ആദ്യത്തെ ആൾ മുതൽ അവസാനത്തെ ആൾവരെ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി ചോദിച്ചാലും അങ്ങനെ അവൻ ചോദിച്ചതും ആഗ്രഹിച്ചതും മുഴുവൻ നൽകിയാലും അവന് സ്വന്തമായുള്ളതിൽ യാതൊരു കുറവും വരികയില്ല. -എല്ലാ ശുപാർശകരും അവനെ പേടിക്കുന്നു. അവന്റെ അനുവാദമില്ലാതെ ഒരാളും അവന്റെയടുക്കൽ ശുപാർശ ചെയ്യില്ല. ശുപാർശയുടെ മുഴുവൻ അധികാരവും അവനത്രെ. ഈ വ്യതിരിക്തതകളിൽ നിന്നും അല്ലാഹുവിനെ കുറിച്ച് ബഹുദൈവ വിശ്വാസികൾക്കുള്ള അറിവില്ലായ്മയും ബുദ്ധിശൂന്യതയും മനസ്സിലാകും. അവനെതിരെ അവർക്കുള്ള ധൈര്യവും.

മറ്റൊരു കാര്യം എന്തുകൊണ്ടാണ് ശിർക്ക് പൊറുക്കപ്പെടാത്ത ഒരു പാപമായിത്തീരുന്നത് എന്നതാണ്. കാരണം, അവർ അവന്റെ മേൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു. അതിനാൽ മുശ്‌രിക്കുകൾക്കും ഏകദൈവ വിശ്വാസികൾക്കുമിടയിൽ വിധിപറഞ്ഞുകൊണ്ടും അവരെ താക്കീത് ചെയ്തുകൊണ്ടും അല്ലാഹു പറയുന്നു: (അവർ ഏതൊരു കാര്യത്തിൾ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുകതന്നെ ചെയ്യും) അവന്റെ തീരുമാനം വ്യക്തമാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന വിശ്വാസികൾ സുഖാനുഗ്രഹത്തിന്റെ സ്വർഗത്തിൽ, അല്ലാഹുവിൽ പങ്കുചേർക്കുന്നവർ നരകത്തിൽ. അവർക്ക് സ്വർഗം നിഷിദ്ധമാണ്.

(തീർച്ചയായും അല്ലാഹു സന്മാർഗത്തിൽ ആക്കില്ല) ശരിയായ മാർഗത്തിലെത്താൻ അല്ലാഹു അവർക്ക് വഴി കാണിക്കില്ല. (നുണയനും നന്ദികെട്ടവനുമായവനെ) അവനെ വിശേഷിപ്പിച്ചത് കളവും നിഷേധവും കൊണ്ടാണ്. അതായത്, ഉപദേശങ്ങളും തെളിവുകളും വന്നെത്തുമ്പോഴെല്ലാം അതിനെ കളവാക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. അവർക്കെങ്ങനെ ഹിദായത്ത് കിട്ടും? ആ കവാടം അവന്റെ മേൽ അടക്കപ്പെട്ടു. അവന്റെ ഹൃദയത്തിന് അല്ലാഹു സീൽ വെച്ചു. അപ്പോൾ അവനെങ്ങനെ വിശ്വസിക്കും?

4). (ഒരു സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ) വിഡ്ഢികളായ ആളുകൾ വാദിക്കുന്നതുപോലെ. (അവൻ സൃഷ്ടിക്കുന്നതിൽനിന്ന് അവൻ ഉദ്ദേശിക്കുന്നത് അവൻ തെരഞ്ഞെടുക്കുമായിരുന്നു) തന്റെ സൃഷ്ടികളിൽനിന്ന് ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുകയും അവരെ തന്റെ സന്താനത്തിന്റെ സ്ഥാനത്ത് നിർത്തുകയും ചെയ്യുമായിരുന്നു. അവന് ഇണയെ സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. (അവൻ എത്ര പരിശുദ്ധൻ) അവിശ്വാസികൾ അവനെപ്പറ്റി വിചാരിക്കുന്നതിൽനിന്നും നിഷേധികൾ അവനിൽ ആരോപിക്കുന്നതിൽനിന്നുമെല്ലാം അവൻ പരമപരിശുദ്ധനായിരിക്കുന്നു.

(ഏകനും സർവാധിപതിയുമായ അല്ലാഹുവത്രെ അവൻ) സത്തയിലും നാമത്തിലും വിശേഷണത്തിലുമെല്ലാം ഏകനായവൻ, അവന്റെ പ്രവർത്തനത്തിലും അവന് തുല്യരാരുമില്ല. സമന്മാരും ഇല്ല. അവന് മകനുണ്ടായിരുന്നെങ്കിൽ അവന് സാദൃശ്യമായി. അപ്പോൾ അവൻ ഏകനായിരിക്കില്ല. കാരണം അത് അവനിൽ നിന്നുതന്നെയുള്ള ഒരു ഭാഗമാണ്. അവൻ ലോകത്തിന്റെ മുഴുവൻ അധിപതിയാണ്; മുഴുവൻ ലോകങ്ങളുടെയും. അവന് സന്താനമുണ്ടെങ്കിൽ അവന്റെമേൽ പൂർണ ആധിപത്യം ഉണ്ടാവി ല്ല. അവന് പിതാവിന്റെമേൽ സ്വാധീനം ഉണ്ടായിരിക്കും. അല്ലാഹുവിന്റെ ഏകത്വവും ആധിപത്യവും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നു. ഏകനാകുമ്പോൾ എല്ലാം അടക്കിഭരിക്കുന്നവനായിരിക്കും. എല്ലാം അടക്കിഭരിക്കുന്നവൻ ഏകനാവാതിരിക്കില്ല. ഇത് അവനിൽ പങ്കുചേർക്കപ്പെടുന്നതിനെയെല്ലാം നിരാകരിക്കുന്നു.