സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

അധ്യായം: 42, ഭാഗം 11 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَوَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ (٤٠) وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَـٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ (٤١) إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ (٤٢) وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ (٤٣) وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ (٤٤)

40. ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു.( എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.

41. താന്‍ മര്‍ദ്ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍ഗവുമില്ല.

42. ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളൂ. അത്തരക്കാര്‍ക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.

42. വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.

44. അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന് അതിന് ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരില്‍ കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന് വല്ല മാര്‍ഗവുമുണ്ടോ എന്ന് അക്രമകാരികള്‍ പറയുന്നതായി നിനക്ക് കാണാം.

36. നിങ്ങള്‍ക്ക് വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ (താല്‍ക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെ പക്കലുള്ളത് കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെ അത്‌.

37. മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌.

38. തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.

39. തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.

40). ശിക്ഷയുടെ മൂന്ന് തലങ്ങളാണ് ഈ വചനത്തിൽ പരാമർശിക്കുന്നത്. ഇതിന് മൂന്ന് തലങ്ങളുണ്ട്: (നീതി), (ശ്രേഷ്ഠമായത്), (അക്രമപരമായത്). നീതിയുടെ തലമെന്നത് തിന്മയ്ക്ക് പകരം തത്തുല്യമായത് ചെയ്യുക. കൂടുകയോ കുറയുകയോ ചെയ്യാതെ ജീവനു ജീവൻ, എല്ലാ മുറിവിനും തത്തുല്യമായത്. ധനമാണെങ്കിൽ തുല്യമായ ധനം. ശ്രേഷ്ഠതയുടെ തലമെന്നത് തിന്മ ചെയ്തവന് വിട്ടുവീഴ്ച നൽകുകയും രജ്ഞിപ്പുണ്ടാക്കുകയും ചെയ്യുക എന്നതാണ്. അതാണ് അല്ലാഹു പറഞ്ഞത്: (ആരെങ്കിലും മാപ്പ് നൽകുകയും രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കിൽ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു) അവന് അല്ലാഹു മഹത്തായ പ്രതിഫലം നൽകും, ധാരാളമായി.

എന്നാൽ വിട്ടുവീഴ്ചയ്ക്കും രഞ്ജിപ്പുണ്ടാക്കലിനുമെല്ലാം ചില നിബന്ധനകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്തവൻ വിട്ടുവീഴ്ചക്ക് അർഹനല്ലാതിരിക്കുകയോ മതപരമായി അവന്റെ ശിക്ഷ നടപ്പിലാക്കേണ്ടതുമാണെങ്കിൽ അവിടെ വിട്ടുവീഴ്ച നിർദേശിക്കപ്പെട്ടിട്ടില്ല. വിട്ടുവീഴ്ച ചെയ്യുന്നവന്റെ പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയാണെന്ന് പറഞ്ഞാൽ തന്റെ ദാസന്മാരോട് അവനിഷ്ടപ്പെടുന്ന പ്രകാരം പ്രവർത്തിക്കുന്നവരോട് അതുപോലെ അല്ലാഹു പ്രതികരിക്കും. തനിക്ക് അല്ലാഹു ഏത് രൂപത്തിൽ വിട്ടുവീഴ്ച നൽകണമെന്നാണോ ആഗ്രഹിക്കുന്നത് അതുപ്രകാരം അവർക്കും വിട്ടുവീഴ്ച നൽകണം. തന്നോട് അല്ലാഹു കാണിക്കണമെന്നാഗ്രഹിക്കുന്ന വിശാലത അവരോട് കാണിക്കണം. പ്രതിഫലം പ്രവർത്തനത്തിന്റെ അതേ തരത്തിൽ തന്നെയായിരിക്കും.

എന്നാൽ അനീതിയുടെ തലം; അതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത്: (അക്രമം പ്രവർത്തിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല) മറ്റുള്ളവരോട് ഒരു കാരണവുമില്ലാതെ അക്രമം കാണിക്കുന്നവർ, അല്ലെങ്കിൽ അക്രമം ചെയ്തവരോട് അവൻ ചെയ്ത കുറ്റത്തെക്കാൾ വർധിച്ച അനീതി ചെയ്യുന്നവർ.

41). (താൻ മർദിക്കപ്പെട്ടതിനുശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്നപക്ഷം) താൻ അക്രമിക്കപ്പെട്ടശേഷം അക്രമിച്ചവനെതിരെ രക്ഷാനടപടി സ്വീകരിച്ചവൻ. (അത്തരക്കാർക്കെതിരിൽ യാതൊരു മാർഗവുമില്ല) അതിൽ ഒരു കുറ്റവും ചുമത്താവതല്ല. (തങ്ങൾക്ക് വല്ല മർദനവും നേരിട്ടാൽ) എന്ന വചനവും (രക്ഷാനടപടി സ്വീകരിക്കുന്നവൻ) (താൻ അക്രമിക്കപ്പെട്ടതിനുശേഷം) എന്നീ വചനങ്ങളുമെല്ലാം അക്രമം അനിവാര്യമായും സംഭവിച്ചിരിക്കണം എന്നതിനെ അറിയിക്കുന്നു.

എന്നാൽ മറ്റൊരാളുടെമേൽ അക്രമം ഉദ്ദേശിച്ചാൽ അതായത് സംഭവിച്ചിട്ടില്ല എങ്കിൽ തുല്യമായ പ്രതിക്രിയ ചെയ്യാവതല്ല. മറിച്ച് അവനിൽനിന്നുണ്ടായ വാക്കിനും പ്രവൃത്തിക്കും ഒരു താക്കീത് നൽകലോ മര്യാദ പഠിപ്പിക്കലോ മാത്രമെ പാടുള്ളൂ.

42). (മാർഗമുള്ളത്) ശിക്ഷ നടത്താൻ മതം നിർദേശിക്കുന്നത്. (ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരിൽ മാത്രമെ-കുറ്റം ചുമത്താൻ-മാർഗമുള്ളൂ). ജനങ്ങളോടുള്ള എത് അക്രമവും അനീതിയും ഇതിൽപെടും. ആ അക്രമം അവരുടെ രക്തത്തിലോ സമ്പത്തിലോ അഭിമാനത്തിലോ ഏതിലായാലും. (അത്തരക്കാർക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും) അക്രമത്തിന്റെയും അനീതിയുടെയും കണക്കനുസരിച്ച് ഹൃദയത്തെയും ശരീരത്തെയും വേദനിപ്പിക്കുന്നു.

43). (വല്ലവനും ക്ഷമിക്കുകയും) ആളുകളി ൽനിന്നും തനിക്ക് നേരിടേണ്ടിവരുന്ന ഉപദ്രവ ങ്ങളിൽ. (പൊറുക്കുകയും) അവരിൽനിന്ന് സംഭവിച്ച കാര്യത്തിൽ അവർക്ക് വിട്ടുവീഴ്ച നൽകുക. (തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു) അല്ലാഹു ഊന്നൽ നൽകുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇതെല്ലാം. മാത്രവുമല്ല, മഹാഭാഗ്യവും ക്ഷമയും ഉള്ളവർക്കല്ലാതെ അത് സാധ്യമെല്ലന്നും അവനറിയിച്ചിട്ടുണ്ട്. ഇത്തം കാര്യങ്ങൾ നിർവഹിക്കാനാവുന്നത് മനക്കരുത്തും മനോദൃഢതയുമുള്ളവർക്ക് മാത്രമാണ്; അതുപോലെ ബുദ്ധിയും ഉൾക്കാഴ്ചയും ഉള്ളവർക്കും.

തനിക്കെതിരെ വരുന്ന വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള കാര്യങ്ങളിൽ രക്ഷാനടപടി ഉപേക്ഷിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ആ ബുദ്ധിമുട്ടുകൾ സഹിക്കലും അതിന് വിട്ടുവീഴ്ച ചെയ്യലും നന്മകൊണ്ട് പ്രതിരോധിക്കലും അങ്ങേയറ്റം പ്രയാസകരമാണ്. എന്നാൽ സ്വന്തത്തോട് സമരം ചെയ്യുന്നവർക്കും അതിന് അല്ലാഹുവിന്റെ സഹായം തേടുന്നവർക്കും അല്ലാഹു എളുപ്പമാക്കിക്കൊടുത്തവർക്കും അത് നിഷ്പ്രയാസം ചെയ്യാനാവും. തുടർന്ന് ഒരാൾക്ക് അത് അതിന്റെ മധുരവും സദ്ഫലങ്ങളും ഹൃദയവിശാലതയും ആസ്വാദനവും അതിൽ അനുഭവപ്പെടുന്നു.

44). അല്ലാഹു ഇവിടെ പരാമർശിക്കുന്നത് സന്മാർഗത്തിലാക്കുന്നവനും വഴികേടിലാക്കുന്നവനും അവൻ മാത്രമാണെന്നാണ്. (അല്ലാഹു ഏതൊരാളെ വഴിപിഴപ്പിലാക്കിയോ അവന്) അവന്റെ അക്രമം കാരണം. (അതിനുശേഷം യാതൊരു രക്ഷാധികാരിയുമില്ല) അവനെ ഏറ്റെടുക്കുകയും സന്മാർഗത്തിലാക്കുകയും ചെയ്യുന്നവൻ. (ശിക്ഷ നേരിൽ കാണുമ്പോൾ അക്രമകാരികളെ നിങ്ങൾക്ക് കാണാം) പ്രയാസകരവും വഷളായതും മോശവുമായ കാഴ്ച, വമ്പിച്ച ഖേദം അവർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അവർക്ക് കഴിഞ്ഞുപോയതിലുള്ള ദുഃഖവും (ഒരു തിരിച്ചുപോക്കിന് വല്ല മാർഗവുമുണ്ടോ എന്ന് പറയുന്നവരായി) ഇഹലോകത്തേക്ക് മടങ്ങാൻ വല്ല വഴിയോ സൂത്രമോ ഉണ്ടോ എന്ന്. എങ്കിൽ ഞങ്ങൾ ഇതുവരെ ചെയ്യാത്ത പ്രവൃത്തികൾ ചെയ്യും. അസാധ്യവും അസംഭവ്യവുമായ കാര്യമാണ് അവർ ഇവിടെ ആവശ്യപ്പെടുന്നത്.