സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

അധ്യായം: 40, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَوَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَوَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ (٣٦) أَسْبَـٰبَ ٱلسَّمَـٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ كَـٰذِبًا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِى تَبَابٍ (٣٧) وَقَالَ ٱلَّذِىٓ ءَامَنَ يَـٰقَوْمِ ٱتَّبِعُونِ أَهْدِكُمْ سَبِيلَ ٱلرَّشَادِ (٣٨‬) يَـٰقَوْمِ إِنَّمَا هَـٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَـٰعٌ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ (٣٩) مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰٓ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ (٤٠) وَيَـٰقَوْمِ مَا لِىٓ أَدْعُوكُمْ إِلَى ٱلنَّجَوٰةِ وَتَدْعُونَنِىٓ إِلَى ٱلنَّارِ (٤١) تَدْعُونَنِى لِأَكْفُرَ بِٱللَّهِ وَأُشْرِكَ بِهِۦ مَا لَيْسَ لِى بِهِۦ عِلْمٌ وَأَنَا۠ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّـٰرِ (٤٢)

36. ഫിർഔൻ പറഞ്ഞു: ഹാമാനേ, എനിക്ക് ആ മാർഗങ്ങളിൽ എത്താവുന്ന വിധം എനിക്കുവേണ്ടി നീ ഒരു ഉന്നത സൗധം പണിതു തരൂ!

37. അഥവാ ആകാശമാർഗങ്ങളിൽ. എന്നിട്ടു മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാൻ. തീർച്ചയായും അവൻ (മൂസാ) കളവു പറയുകയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്രകാരം ഫിർഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാർഗത്തിൽനിന്ന് അവൻ തടയപ്പെടുകയും ചെയ്തു. ഫിർഔന്റെ തന്ത്രം നഷ്ടത്തിൽ തന്നെയായിരുന്നു.

38. ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ എന്നെ പിന്തുടരൂ. ഞാൻ നിങ്ങൾക്ക് വിവേകത്തിന്റെ മാർഗം കാട്ടിത്തരാം.

39. എന്റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താൽക്കാലിക വിഭവം മാത്രമാണ്. തീർച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം.

40. ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തത്തുല്യമായ പ്രതിഫലമെ അവന്നു നൽകപ്പെടുകയുള്ളൂ. സത്യവിശ്വാസിയായിക്കൊണ്ട് സൽകർമം പ്രവർത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവർക്ക് അവിടെ ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കും.

41. എന്റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാൻ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു.

42. ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാൻ പങ്കുചേർക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.

36,37). (ഫിർഔൻ പറഞ്ഞു) മൂസാ നബി (അ)യെ എതിർത്തുകൊണ്ടും ലോകരക്ഷിതാവിനെ അംഗീകരിക്കണമെന്ന പ്രബോധനത്തെ തള്ളിക്കളഞ്ഞുകൊണ്ടും. ലോകരക്ഷിതാവ് സിംഹാസനത്തിൽ ഉപവിഷ്ഠനായവനും തന്റെ സൃഷ്ടികളിൽ പരമാധികാരമുള്ളവനുമാണ്. (ഹാമാനേ, എനിക്കുവേണ്ടി നീ ഒരു ഉന്നത സൗധം പണിതുതരൂ) ഉയർന്നുനിൽക്കുന്ന വലിയൊരു കെട്ടിടം. അതിന്റെ ഉദ്ദേശ്യം (എനിക്ക് ആ മാർഗങ്ങളിൽ അഥവാ ആകാശ മാർഗങ്ങളിൽ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാനും. തീർച്ചയായും അവൻ (മുസാ) കളവ് പറയുകയാണെന്നാണ് ഞാൻ വിചാരിക്കുന്നത്) ആകാശങ്ങൾക്ക് മുകളിൽ ഒരു രക്ഷിതാവുണ്ടെന്നാണല്ലോ അദ്ദേഹത്തിന്റെ വാദം.

എന്നാൽ മൂസാനബി(അ) ഫിർഔനെ സൂക്ഷിക്കാനും കാര്യങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കാനും വിചാരിച്ചു. ഇത്രയും ധിക്കാരപരമായ ഒരുവാക്ക് പറയാൻ ഫിർഔനിനെ പ്രേരിപ്പിച്ച കാര്യം അല്ലാഹുതന്നെ പറയുന്നു: (അപ്രകാരം ഫിർഔനിന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിപ്പിക്കപ്പെട്ടു) ദുഷ്പ്രവൃത്തി നല്ലതെന്ന് അവനുതോന്നി. പിശാച് അത് നല്ലതെന്ന് അവന് തോന്നിപ്പിച്ചുകൊണ്ടിരിക്കുകയും അതിലേക്ക് അവനെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അത് അവന് നല്ലതെന്ന് തോന്നി. ഏറ്റവും വലിയ അസത്യത്തിന്റെയും കുഴപ്പത്തിന്റെയും വക്താവ് സത്യത്തിന്റെ ആളുകളെപ്പോലെ വാദപ്രതിവാദത്തിനൊരുങ്ങി.

(നേരായ മാർഗത്തിൽനിന്ന് അവൻ തടയപ്പെടുകയും ചെയ്തു) അവന് സത്യമായി തോന്നിയ അസത്യംമൂലം യഥാർഥ സത്യത്തിൽനിന്ന് അവൻ തടയപ്പെട്ടു. (ഫിർഔനിന്റെ തന്ത്രം) മൂസാ അസത്യവാദിയും താൻ സത്യവാദിയുമാണെന്ന് സ്ഥാപിക്കാൻ അവൻ സത്യത്തോട് കാണിക്കാൻ വിചാരിച്ച തന്ത്രം. (നഷ്ടത്തിൽ തന്നെയാകുന്നു) നാശവും നഷ്ടവും ഉണ്ടാക്കുന്നത്. ഇഹപര ജീവിതത്തിൽ കഷ്ടതയല്ലാതെ അത് മറ്റൊന്നും നേടിത്തരില്ല.

38 (ആ വിശ്വസിച്ച വ്യക്തി പറഞ്ഞു) ജനങ്ങളോടുള്ള തന്റെ ഉപദേശം ആവർത്തിച്ചുകൊണ്ട്. (എന്റെ ജനങ്ങളേ, നിങ്ങൾ എന്നെ പിൻതുടരൂ. ഞാൻ നിങ്ങൾക്ക് വിവേകത്തിന്റെ മാർഗം കാണിച്ചുതരാം) ഫിർഔൻ പറയുന്നതുപോലെയല്ല, അവൻ പിഴച്ചതും നശിച്ചതുമായ മാർഗത്തിലേക്കല്ലാതെ നിങ്ങളെ നയിക്കില്ല.

39 (എന്റെ ജനങ്ങളേ, ഐഹിക ജീവിതം ഒരു -താൽക്കാലിക-വിഭവം മാത്രമാണ്). അത് അനുഭവിക്കാനും ആസ്വദിക്കാനും കുറച്ചുകാലം മാത്രം. അത് കഴിഞ്ഞാൽ അത് നഷ്ടപ്പെടുകയും നിന്നുപോവുകയും ചെയ്യും. അതിനാൽ നിങ്ങൾ എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നത് മറന്ന് നിങ്ങൾ വഞ്ചിതരാവരുത്. (തീർച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം) അതാണ് സ്ഥിരതാമസത്തിന്റെ സ്ഥലം. സമാധാനത്തിന്റെയും നിത്യതയുടെയും ഭവനം. അതിനാണ് നിങ്ങൾ മുൻഗണന നൽകേണ്ടത്. അവിടെ സൗഭാഗ്യം ലഭിക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്.

40 (ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ) അനുസരണക്കേടോ, അധർമമോ, ശിർക്കോ, ഏതുമാവട്ടെ (തത്തുല്യമായ പ്രതിഫലമെ അവന് നൽകപ്പെടുകയുള്ളൂ) അതിന് തുല്യമായ വിഷമവും ബുദ്ധിമുട്ടും മാത്രമെ അവന് നൽകൂ. കാരണം തിന്മക്ക് തിന്മയാണല്ലോ പ്രതിഫലം.

(സത്യവിശ്വാസിയായിക്കൊണ്ട് സൽകർമം പ്രവർത്തിക്കുന്നതാരോ-പുരുഷനോ സ്ത്രീയോ ആകട്ടെ-) ഹൃദയംകൊണ്ടും ശരീരംകൊണ്ടുമുള്ള പ്രവർത്തനങ്ങളും നാവുകൊണ്ടുള്ള വാക്കുകളും. (അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. കണക്ക് നോക്കാതെ അവർക്ക് അവിടെ ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കും) എണ്ണമോ പരിധിയോ ഇല്ലാതെ അവർക്ക് പ്രതിഫലം നൽകപ്പെടും. അല്ല, അവരുടെ പ്രവർത്തനംകൊണ്ട് നേടാനാവാത്തത്ര.

41 (എന്റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം, ഞാൻ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു) ഞാൻ നിങ്ങളോട് പറയുന്ന കാര്യങ്ങളിലൂടെ. (നിങ്ങളാകട്ടെ, എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു) അല്ലാഹുവിന്റെ പ്രവാചകനായ മൂസാ(അ)യെ പിന്തുടരാതെ.

42 തുടർന്ന് അതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു: (ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാൻ പങ്ക് ചേർക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു) അല്ലാഹു അല്ലാത്തവർ ആരാധിക്കപ്പെടാൻ അർഹരാണെന്ന്. അറിവില്ലാതെ അല്ലാഹുവിനെക്കുറിച്ച് പറയുന്നത് വലിയ പാപവും അപരാധവുമാണ്. (ഞാനാകട്ടെ, പ്രതാപശാലിയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു) എല്ലാ ശക്തിയുമുള്ളവൻ, അവനല്ലാത്തവരുടെ കൈയിൽ യാതൊരധികാരവുമില്ല. (ഏറെ പൊറുക്കുന്നവൻ) സ്വന്തം ആത്മാക്കളോട് കണക്കില്ലാതെ പാപങ്ങൾ പ്രവർത്തിക്കുകയും അല്ലാഹുവിന്റെ കോപത്തിന് വിധേയമാകുന്ന തെറ്റുകൾക്ക് ധൈര്യം കാണിക്കുകയും ചെയ്തവർ പിന്നീട് പശ്ചാത്തപിക്കുകയും ഖേദിച്ചുമടങ്ങുകയും ചെയ്താൽ അവരുടെ പാപങ്ങളും തെറ്റുകളും അവൻ അവർക്ക് പൊറുത്തുകൊടുക്കുകയും ഇഹപര ശിക്ഷകളിൽനിന്ന് അവരെ തടയുകയും ചെയ്യും.