സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

അധ്യായം: 39, ഭാഗം 11 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَإِنَّكَ مَيِّتٌإِنَّآ أَنزَلْنَا عَلَيْكَ ٱلْكِتَـٰبَ لِلنَّاسِ بِٱلْحَقِّ ۖ فَمَنِ ٱهْتَدَىٰ فَلِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ (٤١) ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ (٤٢) أَمِ ٱتَّخَذُوا۟ مِن دُونِ ٱللَّهِ شُفَعَآءَ ۚ قُلْ أَوَلَوْ كَانُوا۟ لَا يَمْلِكُونَ شَيْـًٔا وَلَا يَعْقِلُونَ (٤٣) قُل لِّلَّهِ ٱلشَّفَـٰعَةُ جَمِيعًا ۖ لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ (٤٤)

45. അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങൾക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവർ സന്തുഷ്ടചിത്തരാകുന്നു.

46. പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ ദാസന്മാർക്കിടയിൽ അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെയാണ് വിധി കൽപിക്കുന്നത്.

47. ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയുംകൂടിയും അക്രമം പ്രവർത്തിച്ചവരുടെ അധീനത്തിൽ ഉണ്ടായിരുന്നാൽ പോലും ഉയിർത്തെഴുന്നേൽപിന്റെ നാളിലെ കടുത്ത ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അതവർ പ്രായച്ഛിത്തമായി നൽകിയേക്കും. അവർ കണക്കുകൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കൽനിന്ന് അവർക്ക് വെളിപ്പെടുകയും ചെയ്യും.

45). ഇവിടെ പരാമർശിക്കുന്നത് ശിർക്ക് ചെയ്യുന്നവരുടെ അവസ്ഥയും ശിർക്കുമൂലം അവർക്കുണ്ടാകുന്ന സമീപനവുമാണ്. അവരോട് (അല്ലാഹുവിനെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാൽ) അവന്റെ ഏകത്വവും കീഴ്‌വണക്കം അവന് മാത്രമാക്കണമെന്നും മറ്റുള്ളവരെ ആരാധിച്ചുകൂടെന്നും പറയപ്പെട്ടാൽ അവർ അസഹ്യത കാണിക്കുന്നു. ഓടിപ്പോവുകയും വളരെയധികം അതിനെ വെറുക്കുകയും ചെയ്യുന്നു.

(അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രഖ്യാപിക്കപ്പെട്ടാലോ) വിഗ്രഹങ്ങളെക്കുറിച്ചും സമന്മാരെക്കുറിച്ചും പറയുകയും അവയെ ആരാധിക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ. (അപ്പോഴതാ അവർ സന്തുഷ്ടചിത്തരാകുന്നു) അവരുടെ ആരാധ്യവസ്തുക്കളെ പരാമർശിച്ചതിലുള്ള സന്തോഷത്താൽ. ശിർക്കിനോടാണ് അവരുടെ മനസ്സുകൾക്ക് ആഭിമുഖ്യം. ഇത് വളരെ മോശമായ കാര്യമാണ്. എന്നാൽ പ്രതിഫലദിനത്തിൽ അവരുടെ കാര്യം തീരുമാനമാകും. അവിടെ സത്യം പുലരും. അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്നവർ അവർക്ക് തുണയാകുമോ?

46) അതാണ് അല്ലാഹു പറഞ്ഞത്: (പറയുക, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും) അവ രണ്ടിനെയും സൃഷ്ടിച്ചതും നിയന്ത്രിച്ചതും. (ദൃശ്യവും അദൃശ്യവും അറിയുന്നവൻ) നമ്മുടെ കാഴ്ചയ്ക്കും അറിവിനും അപ്പുമുള്ളത് അറിയുന്നവൻ. (ദൃശ്യവും) നമുക്ക്

അറിയാൻ കഴിയുന്നത്. (നിന്റെ ദാസന്മാർക്കിടയിൽ അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ നീതന്നെയാണ് വിധി കൽപിക്കുന്നത്) അഭിപ്രായ ഭിന്നതകളിൽ ഏറ്റവും വലുത് നിഷ്‌കളങ്കരായ ഏകദൈവവിശ്വാസികൾക്കിടയിലുള്ള ഭിന്നതയാണ്.

അവർ സത്യത്തിൽ നിലകൊള്ളുന്നവരാണ്. പരലോകത്തെ നന്മ അവർക്ക് മാത്രമുള്ളതാണ്. എന്നാൽ ബഹുദൈവ വിശ്വാസികളാവട്ടെ, അവർ നിനക്ക് പുറമെ സമന്മാരെയും ആരാധ്യവസ്തുക്കളെയും ഉണ്ടാക്കി. നിനക്കൊരിക്കലും സമാനമല്ലാത്തവരെ നിനക്ക് സമന്മാരാക്കി. നിന്നിൽ ന്യൂനതകൾ ആരോപിച്ചു. അവരുടെ ആരാധ്യരെക്കുറിച്ച് പറയുമ്പോൾ അവർ സന്തോഷം പ്രകടിപ്പിച്ചു. നിന്നെക്കുറിച്ച് പറയുമ്പോഴാകട്ടെ, അവർക്ക് അസഹ്യത അനുഭവപ്പെടുകയും ചെയ്യുന്നു. എന്നിട്ടും അവർ സത്യത്തിലാണ് നിലകൊള്ളുന്നതെന്ന് വാദിക്കുന്നു; മറ്റുള്ളവർ അസത്യത്തിലാണെന്നും അവർക്കാണ് നന്മയുള്ളതെന്നും.

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـِٔينَ وَٱلنَّصَـٰرَىٰ وَٱلْمَجُوسَ وَٱلَّذِينَ أَشْرَكُوٓا۟ إِنَّ ٱللَّهَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ شَهِيدٌ

“സത്യവിശ്വാസികൾ, യഹൂദന്മാർ, സാബീ മതക്കാർ, ക്രിസ്ത്യാനികൾ, മജൂസികൾ, ബഹുദൈവവിശ്വാസികൾ എന്നിവർക്കിടയിൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ തീർച്ചയായും അല്ലാഹു തീർപ്പ് കൽപിക്കുന്നതാണ്. തീർച്ച യായും അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു’’ (22:17).

തീർപ്പ് കൽപിക്കുന്നതിനെക്കുറിച്ച് അല്ലാഹു നമ്മെ അറിയിക്കുന്നു:

هَـٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ (١٩) يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ (٢٠) وَلَهُم مَّقَـٰمِعُ مِنْ حَدِيدٍ (٢١)

“‘ഈ രണ്ടു വിഭാഗം രണ്ട് എതിർകക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിെൻറ കാര്യത്തിൽ അവർ എതിർവാദക്കാരായി. എന്നാൽ അവിശ്വസിച്ചവരാരോ അവർക്ക് അഗ്‌നികൊണ്ടുള്ള വസ്ത്രങ്ങൾ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കു മീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചർമങ്ങളും ഉരുക്കപ്പെടും. അവർക്ക് ഇരുമ്പിെൻറ ദണ്ഡുകളുമുണ്ടായിരിക്കും.’ (22:19-21).

തുടർന്ന് പറയുന്നത്:

إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ

“വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകന്ന സ്വർഗത്തോപ്പുകളിൽ തീർച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവർക്ക് അവിടെ സ്വർണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവർക്ക് അവിടെയുള്ള വസ്ത്രം’’ (22:23).

ഈ വചനങ്ങളിൽ അല്ലാഹു തന്റെ സൃഷ്ടിപ്പിന്റെയും അറിവിന്റെയും വിശാലതയും തന്റെ അടിമകൾക്കിടയിലുള്ള അവന്റെ തീരുമാന ത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. അവന്റെ കഴിവിൽനിന്നാണ് സർവ സൃഷ്ടികളും ഉണ്ടായത്. അവന്റെ അറിവ് എല്ലാ വസ്തുക്കളെയും ബന്ധപ്പെട്ടു നിൽക്കുന്നു. ഇതിൽനിന്നും അവന്റെ നിയമങ്ങളുടെ യുക്തിപരതയും ഉയിർത്തെഴുന്നേൽപിക്കാനുള്ള അവന്റെ കഴിവും അവരെക്കുറിച്ചുള്ള അവന്റെ അറിവും മനസ്സിലാകുന്നു. അവരുടെ പ്രവർത്തനങ്ങളിലെ ശരിയും തെറ്റും പ്രതിഫലങ്ങളുടെ തോതും അവനറിയുന്നു. സൃഷ്ടിച്ചു എന്നത് അവൻ എല്ലാം അറിയും എന്നതിനുള്ള തെളിവാണ്.

أَلَا يَعْلَمُ مَنْ خَلَقَ

“സൃഷ്ടിച്ചവൻ അറിയുകയില്ലയോ?’’(67:14).

47). അല്ലാഹുവാണ് തന്റെ ദാസന്മാർക്കിടയിൽ തീർപ്പു കൽപിക്കുന്നത് എന്ന് പറയുമ്പോൾ തന്നെ മുശ്‌രിക്കുകളുടെ മോശമായ പ്രസ്താവനകളും പരാമർശിക്കുന്നുണ്ട്. ഇത്തരം വാക്കുകൾ പറയുന്നവരുടെ ശിക്ഷ ഉയിർത്തെഴുന്നേൽപുനാളിൽ എന്തായിരിക്കുമെന്നറിയാൻ മനസ്സുകൾ കൊതിക്കുന്നതുപോലെയാണ് തുടർന്ന് പറയുന്നത്. അവർക്കുള്ളത്: (കടുത്ത ശിക്ഷ) ഏറ്റവും കഠിനമായതും വഷളായതും, അവരുടെ നിഷേധത്തിന്റെയും നീചവൃത്തിയുടെയും തോതനുസരിച്ച്. ഇനി ഭൂമിയിലുള്ളത് സർവതും; അതായത് അതിലുള്ള സ്വർണം, വെള്ളി, മുത്ത്, ജീവികൾ, മരങ്ങൾ, കൃഷികൾ, വിവിധ പാത്രങ്ങൾ, വീട്ടുപകരണങ്ങൾ അത്രതന്നെ വേറെയും അവർക്കുണ്ടെന്ന് സങ്കൽപിച്ചാലും അത് മുഴുവനും ശിക്ഷയ്ക്ക് പകരമായി നൽകാമെന്ന് വിചാരിച്ചാലും അവ സ്വീകരിക്കപ്പെടുകയോ അതിൽ നിന്ന് അവർ രക്ഷപ്പെടുകയോ ചെയ്യില്ല. ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവർക്കാവില്ല. അത് അവരിൽനിന്ന് സ്വീകരിക്കപ്പെടുകയുമില്ല.

يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ (٨٨) إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ (٨٩)

“അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൾ ചെന്നവർക്കൊഴികെ’’ (26:88,89).

(അവർ കണക്കുകൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കൽനിന്ന് അവർക്ക് വെളിപ്പെടുകയും ചെയ്യും) അവർ വിചാരിച്ചിരുന്നത്രയല്ല അവർ ഏൽക്കേണ്ടിവരുന്ന അല്ലാഹുവിന്റെ കോപത്തിന്റെയും വെറുപ്പിന്റെയും കാഠിന്യം.