സൂറ: ഫുസ്സിലത് (വിശദീകരിക്കപ്പെട്ട), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

അധ്യായം: 41, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟وَمَالَّاوَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ (٤٨) لَّا يَسْـَٔمُ ٱلْإِنسَـٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ (٤٩) وَلَئِنْ أَذَقْنَـٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَـٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ (٥٠) وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ (٥١) قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍ (٥٢) سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ (٥٣) أَلَآ إِنَّهُمْ فِى مِرْيَةٍ مِّن لِّقَآءِ رَبِّهِمْ ۗ أَلَآ إِنَّهُۥ بِكُلِّ شَىْءٍ مُّحِيطٌۢ (٥٤)

48. മുമ്പ് അവർ വിളിച്ച് പ്രാർഥിച്ചിരുന്നതെല്ലാം അവരെ വിട്ട് മറഞ്ഞുപോകുകയും തങ്ങൾക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന് അവർക്ക് ബോധ്യം വരികയും ചെയ്യും.

49. നന്മയ്ക്ക് വേണ്ടി പ്രാർഥിക്കുന്നതിൽ മനുഷ്യന് മടുപ്പ് തോന്നുന്നില്ല. തിന്മ അവനെ ബാധിച്ചാലോ അവൻ മനം മടുത്തവനും നിരാശനുമായിത്തീരുന്നു.

50. അവന്ന് കഷ്ടത ബാധിച്ചതിനു ശേഷം നമ്മുടെ പക്കൽനിന്നുള്ള കാരുണ്യം നാം അവന്ന് അനുഭവിപ്പിച്ചാൽ തീർച്ചയായും അവൻ പറയും: ഇത് എനിക്ക് അവകാശപ്പെട്ടതാകുന്നു. അന്ത്യസമയം നിലവിൽ വരുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇനി എന്റെ രക്ഷിതാവിങ്കലേക്ക് ഞാൻ തിരിച്ചയക്കപ്പെടുകയാണെങ്കിലോ എനിക്ക് അവന്റെ അടുക്കൽ തീർച്ചയായും ഏറ്റവും മെച്ചപ്പെട്ട നില തന്നെയാണുണ്ടായിരിക്കുക. എന്നാൽ സത്യനിഷേധികൾക്ക് അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം വിവരം നൽകുകയും കഠിനമായ ശിക്ഷയിൽനിന്ന് നാം അവർക്ക് അനുഭവിപ്പിക്കുകയും ചെയ്യും.

51. നാം മനുഷ്യന് അനുഗ്രഹം ചെയ്താൽ അവനതാ പിന്തിരിഞ്ഞ് കളയുകയും അവന്റെ പാട്ടിന് മാറിക്കളയുകയും ചെയ്യുന്നു. അവന്ന് തിന്മ ബാധിച്ചാലോ അവനതാ നീണ്ട പ്രാർഥനക്കാരനായിത്തീരുന്നു.

52. നീ പറയുക: നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ക്വുർആൻ) അല്ലാഹുവിങ്കനിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളതിൽ അവിശ്വസിച്ചിരിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനെക്കാളും കൂടുതൽ പിഴച്ചുപോയവൻ ആരുണ്ട്?

53. ഇത് (ക്വുർആൻ) സത്യമാണെന്ന് അവർക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽതന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്റെ രക്ഷിതാവ് ഏതു കാര്യത്തിനും സാക്ഷിയാണ് എന്നതുതന്നെ മതിയായതല്ലേ?

54. ഓർക്കുക, തീർച്ചയായും അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓർക്കുക, തീർച്ചയായും അവൻ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു.

48). (മുമ്പ് അവർ വിളിച്ചു പ്രാർഥിച്ചിരുന്നതെല്ലാം അവരെവിട്ട് മറഞ്ഞുപോകും) അല്ലാഹുവിനു പുറമെ. അതായത്, അല്ലാഹു അല്ലാത്തവരെ ആരാധിച്ച് തുലച്ച അവരുടെ വിശ്വാസവും പ്രവർത്തനങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോയി. അതവർക്ക് ഉപകാരപ്പെടുമെന്നാണ് അവർ വിചാരിച്ചത്; അവർ അവരെ ശിക്ഷയിൽ നിന്ന് തടുക്കുമെന്നും. അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്നും അവർ ധരിച്ചു. അങ്ങനെ അവരുടെ പരിശ്രമം പരാജയപ്പെട്ടു. ധാരണക്ക് വിപരീതം സംഭവിച്ചു. അവരുടെ പങ്കാളികൾ അവർക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. (അവർക്കത് ബോധ്യംവന്നു) ആ സന്ദർഭത്തിൽ അവർക്ക് ഉറപ്പായി. (തങ്ങൾക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന്) അവരെ രക്ഷിക്കുന്ന രക്ഷകനില്ല എന്ന്. സഹായിയോ അഭയം നൽകുന്നവനോ ഇല്ലെന്ന്. ഇതാണ് അല്ലാഹുവിൽ മറ്റുള്ളവരെ പങ്കുചേർക്കുന്നവരുടെ പര്യവസാനം. ശിർക്കിനെ സൂക്ഷിക്കാൻ അല്ലാഹു തന്റെ ദാസന്മാർക്ക് അത് വിശദീകരിച്ചുനൽകുന്നു.

49) മനുഷ്യനെന്ന നിലയ്ക്ക് അവന്റെ പ്രകൃതിയാണ് അല്ലാഹു ഇവിടെ പറയുന്നത്. അവന്റെ ക്ഷമയും സഹനവും ഇല്ലാത്തതിനെക്കുറിച്ചും; നന്മ വരുമ്പോഴുമില്ല തിന്മ വരുമ്പോഴുമില്ല. ഈ അവസ്ഥയിൽനിന്ന് അല്ലാഹു പൂർണതയിലേക്കെത്തിച്ചവരൊഴികെ. അല്ലാഹു പറയുന്നു: (നന്മയ്ക്കുവേണ്ടി പ്രാർഥിക്കുന്നതിൽ മനുഷ്യന് മടുപ്പ് തോന്നുന്നില്ല) വിജയത്തിനും ധനത്തിനും മക്കൾക്കും മറ്റ് ഭൗതിക ആവശ്യങ്ങൾക്കുമെല്ലാം വേണ്ടി എപ്പോഴും പ്രാർഥിച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു മടുപ്പും അവനില്ല. അതിനുവേണ്ടി അവൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിൽ അൽപം കൊണ്ടോ അധികംകൊണ്ടോ അവൻ തൃപ്തനാകുന്നില്ല. ദുനിയാവിൽ എത്ര കിട്ടിയാലും വർധിച്ച് കിട്ടാൻ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. (തിന്മ അവനെ ബാധിച്ചാലോ) രോഗം, ദാരിദ്ര്യം, വ്യത്യസ്ത പരീക്ഷണങ്ങൾ പോലെയുള്ള അനിഷ്ടകരമായ കാര്യങ്ങൾ. (അവൻ മനം മടുത്തവനും നിരാശനും ആയിത്തീരുന്നു) അതായത്, അല്ലാഹുവിന്റെ കാരുണ്യത്തിൽ അവൻ നിരാശപ്പെടുന്നു. ഈ പരീക്ഷണം അവനെ അവസാനിപ്പിക്കുന്ന നാശമാണെന്ന് അവൻ വിചാരിക്കുന്നു. താൻ അന്വേഷിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്ത കാരണങ്ങളുണ്ടാകുന്നതിൽ അവൻ ആശയക്കുഴപ്പത്തിലാകുന്നു.

എന്നാൽ ക്ഷമിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയല്ല. അവർക്ക് നന്മയോ അനുഗ്രഹമോ ഇഷ്ടപ്പെട്ടതോ ലഭിച്ചാൽ അവർ അല്ലാഹുവിന് നന്ദിചെയ്യും. സാവകാശത്തിലോ പടിപടിയായോ ആ അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ഇനി അവർക്ക് അവരുടെ സ്വത്തിലോ ശരീരത്തിലോ മക്കളിലോ വല്ല വിപത്തും ബാധിച്ചാൽ അവർ ക്ഷമിക്കും. തങ്ങളുടെ രക്ഷിതാവിന്റെ ഔദാര്യം ആഗ്രഹിക്കും. അവർ നിരാശപ്പെടില്ല.

50). തുടർന്ന് അല്ലാഹു പറയുന്നു: (നാം അവനെ അനുഭവിപ്പിച്ചാൽ) നന്മയ്ക്കുവേണ്ടി പ്രാർഥിക്കുന്നതിൽ മടുപ്പില്ലാത്ത മനുഷ്യനെ. തിന്മ ബാധിച്ചാൽ അപ്പോൾ അവൻ നിരാശനാകുന്നു. (നമ്മുടെ പക്കൽനിന്നുള്ള കാരുണ്യം) തിന്മ ബാധിച്ചതിനുശേഷം രോഗത്തിൽ നിന്നുള്ള സൗഖ്യമായിട്ടോ ദാരിദ്ര്യത്തിൽനിന്നും സമ്പന്നതയായിട്ടോ, അപ്പോൾ ഇവൻ അല്ലാഹുവിന് നന്ദി കാണിക്കുന്നില്ല. മറിച്ച്, അതിരുവിടുകയും അതിക്രമം കാണിക്കുകയും ചെയ്യുന്നു. അവൻ പറയും: (ഇത് എനിക്ക് അവകാശപ്പെട്ടതാകുന്നു) എനിക്ക് കിട്ടിയത് ഞാനതിന് അർഹതപ്പെട്ടവനായതുകൊണ്ടാണ്, ഞാനതിന് അവകാശിയും ആണ്. (അന്ത്യസമയം നിലവിൽവരുമെന്ന് ഞാൻ വിചാരിക്കുന്നില്ല) ഇത് അവന്റെ ഭാഗത്തുനിന്നുള്ള ഉയിർത്തെഴുന്നേൽപിനെ നിഷേധിക്കലാണ്. അല്ലാഹു അനുഭവിപ്പിച്ച കാരുണ്യത്തിനും അനുഗ്രഹത്തിനും അവൻ കാണിക്കുന്ന നന്ദികേടുമാ ണ്.

(ഞാൻ തിരിച്ചയക്കപ്പെടുയാണെങ്കിലോ എനിക്ക് അവന്റെ അടുക്കൽ തീർച്ചയായും മെച്ചപ്പെട്ട നില തന്നെയാണ് ഉണ്ടായിരിക്കുക) ഇനി അന്ത്യദിനം വരുമെന്ന് സങ്കൽപിച്ചാലും ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങുകയാണെങ്കിൽ അവന്റെ അടുക്കൽ മെച്ചപ്പെട്ട നിലയുണ്ടാകും. ഇഹലോകത്ത് അനുഗ്രഹം ലഭിച്ചപോലെതന്നെ. ഇതൊരു വലിയ ധൈര്യം തന്നെ; അല്ലാഹുവിന്റെ മേൽ അറിവില്ലാത്ത പ്രസ്താവനയും. അതാണ് അല്ലാഹു അവന്റെ വാക്കിനാൽ താക്കീത് ചെയ്യുന്നത്: (എന്നാൽ സത്യനിഷേധികൾക്ക് അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം വിവരം നൽകുകയും കഠിനമായ ശിക്ഷയിൽനിന്ന് നാം അവർക്ക് അനുഭവിപ്പിക്കുകയും ചെയ്യും) അതികഠിനമായ ശിക്ഷ.

51). (നാം മനുഷ്യന് അനുഗ്രഹം ചെയ്താൽ) ആരോഗ്യംകൊണ്ടോ ഉപജീവനംകൊണ്ടോ അതു രണ്ടുമല്ലാത്ത മറ്റെന്തെങ്കിലുംകൊണ്ടോ. (അവൻ പിന്തിരിഞ്ഞുകളയുകയും) തന്റെ രക്ഷിതാവിൽനിന്ന്, അവന്നുള്ള നന്ദിയിൽനിന്നും. (അവൻ മാറിക്കളയുകയും ചെയ്യുന്നു) ഉയർച്ച നടിച്ച്. (അവന്റെ പാട്ടിന്) അഹങ്കാരത്താലും തന്നെക്കുറിച്ചുള്ള അമിതമനസ്സിനാലും. (അവന്ന് തിന്മ ബാധിച്ചാലോ) അതായത് രോഗം, ദാരിദ്ര്യം, അവ രണ്ടുമല്ലാത്ത മറ്റെന്തെങ്കിലും. (അവനതാ നീണ്ട പ്രാർഥനക്കാരനായിത്തീരുന്നു) ധാരാളമായി, അവന്റെ ക്ഷമകേട് കാരണം ബുദ്ധിമുട്ട് വരുമ്പോൾ അവന് ക്ഷമിക്കാനാകില്ല. സുഭിക്ഷതയിൽ നന്ദിയും ചെയ്യില്ല; അല്ലാഹു സന്മാർഗം നൽകുകയും അനുഗ്രഹം നൽകുകയും ചെയ്തവരൊഴികെ.

52). (നീ പറയുക) നിഷേധത്തിലേക്ക് ധൃതിപ്പെടുകയും ഈ ക്വുർആനിനെ കളവാക്കുകയും ചെയ്യുന്നവരോട്. (നിങ്ങൾ ആലോചിച്ചുനോക്കിയിട്ടുണ്ടോ?) ഈ ക്വുർആൻ (അല്ലാഹുവിങ്കൽനിന്നുള്ളത് ആയിരിക്കുകയും) യാതൊരു സംശയമോ ശങ്കയോ കൂടാതെ. (എന്നിട്ട് നിങ്ങളതിൽ അവിശ്വസിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനെക്കാൾ കൂടുതൽ പിഴച്ചുപോയവൻ ആരുണ്ട്?) അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള ധിക്കാരം കാരണം. നിങ്ങൾക്ക് സത്യവും ശരിയും മനസ്സിലായി. എന്നിട്ട് നിങ്ങൾ അതിൽനിന്ന് തെറ്റി, സത്യത്തിലേക്കല്ല മറിച്ച് അസത്യത്തിലേക്കും അജ്ഞതയിലേക്കും. അപ്പോൾ നിങ്ങൾ ജനങ്ങളിൽ ഏറ്റവും പിഴച്ചവരും അക്രമികളും ആയിരിക്കുന്നു.

53). ഇനി നിങ്ങൾ വെറുക്കുകയാണെങ്കിൽ, അതല്ലെങ്കിൽ നിങ്ങൾ അതിന്റെ സത്യതയെയും യാഥാർഥ്യത്തെയും സംശയിക്കുകയാണെങ്കിൽ, അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് കാണിച്ചുതരും. അല്ലാഹു പറയുന്നു: (വിവിധ ദിക്കുകളിലും അവരിൽതന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ്. ആകാശത്തിലും ഭൂമിയിലുമുള്ള ദൃഷ്ടാന്തങ്ങളെപ്പോലെ. അല്ലാഹു പുതുതായി ഉണ്ടാക്കുന്ന മഹത്തായ സംഭവങ്ങളും. ഉൾക്കാഴ്ചയുള്ളവർക്ക് സത്യം മനസ്സിലാക്കാൻ.

(അവരിൽ തന്നെയും) അവരുടെ ശരീരങ്ങളിലുള്ള പുതുമയാർന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ, അതിന്റെ നിർമാണത്തിലെ അത്ഭുതങ്ങൾ, അവന്റെ കഴിവിന്റെ ഭംഗി, കളവാക്കുന്നവർക്കിറങ്ങുന്ന മാതൃകാപരമായ ശിക്ഷകളിൽ, വിശ്വാസികളെ സഹായിക്കുന്നതിൽ (അവർക്ക് വ്യക്തമാകത്തക്കവണ്ണം) ആ ദൃഷ്ടാന്തങ്ങളിലൂടെ സംശയത്തിന്നിട നൽകാത്ത വിശദീകരണം. (ഇത് സത്യമാണെന്ന്) അതുൾക്കൊള്ളുന്നത് സത്യമാകുന്നു. അല്ലാഹു ചെയ്തത് അതുകൊണ്ട് സത്യമാണെന്ന് വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങൾ അവന്റെ ദാസന്മാർക്ക് അവൻ കാണിച്ചുകൊടുക്കുന്നു. എന്നാൽ അവനുദ്ദേശിക്കുന്നവർക്ക് അത് വിശ്വസിക്കാൻ അനുഗ്രഹം നൽകുന്നു; അവനുദ്ദേശിക്കുന്നവർക്ക് നിരാകരിക്കാനും. (നിന്റെ രക്ഷിതാവ് ഏതൊരു കാര്യത്തിനും സാക്ഷിയാണ് എന്നത് തന്നെ മതിയായതല്ലേ?) അല്ലാഹുവിന്റെ സാക്ഷ്യംപോരേ അവർക്ക് ഈ ക്വുർആൻ സത്യമാണെന്നതിനും അത് കൊണ്ടുവന്നവർ സത്യസന്ധരാണെന്നതിനും? അതിന്റെ സത്യതയ്ക്ക് അവൻ സാക്ഷ്യം വഹിച്ചിരിക്കുന്നു. സാക്ഷ്യം വഹിക്കുന്നവരിൽ ഏറ്റവും വലിയ സത്യവാൻ അവനത്രെ. അവന്റെ വാക്കിലൂടെയുള്ള സാക്ഷ്യത്തെ അവൻ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

54). (ഓർക്കുക, തീർച്ചയായും അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു) അതായത്, ഉയിർത്തെഴുന്നേൽപിന്റെയും പുനരുദ്ധാനത്തിന്റെയും കാര്യത്തിൽ. അവർ സംശയത്തിലാ ണ്. അവരെ സംബന്ധിച്ചിടത്തോളം ഇഹലോ കത്തെ വീടല്ലാതെ മറ്റൊരു വീടില്ല. അതിനാലവർ പരലോകത്തേക്ക് വേണ്ടി പ്രവർത്തിക്കുന്നുമില്ല. അതിലേക്കവർ തിരിഞ്ഞുനോക്കുന്നേയില്ല. (ഓർക്കുക. തീർച്ചയായും അവൻ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു) അറിവിനാലും കഴിവിനാലും പ്രതാപത്താലും.