സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

അധ്യായം: 40, ഭാഗം 11 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَذَٰلِكَ يُؤْفَكُ ٱلَّذِينَ كَانُوا۟ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ (٦٣) ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ قَرَارًا وَٱلسَّمَآءَ بِنَآءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ فَتَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ (٦٤) هُوَ ٱلْحَىُّ لَآ إِلَـٰهَ إِلَّا هُوَ فَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۗ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ (٦٥) قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَـٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَـٰلَمِينَ (٦٦) هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ثُمَّ لِتَكُونُوا۟ شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوٓا۟ أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ (٦٧) هُوَ ٱلَّذِى يُحْىِۦ وَيُمِيتُ ۖ فَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ (٦٨) أَلَمْ تَرَ إِلَى ٱلَّذِينَ يُجَـٰدِلُونَ فِىٓ ءَايَـٰتِ ٱللَّهِ أَنَّىٰ يُصْرَفُونَ (٦٩)

63. അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവർ (സന്മാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്.

64. അല്ലാഹുവാകുന്നു നിങ്ങൾക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേൽപുരയും ആക്കിയവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവൻ നിങ്ങളുടെ രൂപങ്ങൾ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളിൽനിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു.

65. അവനാകുന്നു ജീവിച്ചിരിക്കുന്നവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനോട് പ്രാർഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.

66. (നബിയേ,) പറയുക: എന്റെ രക്ഷിതാവിങ്കൽനിന്ന് എനിക്ക് തെളിവുകൾ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവരെ ആരാധിക്കുന്നതിൽനിന്ന് തീർച്ചയായും ഞാ ൻ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന് ഞാൻ കീഴ്‌പ്പെടണമെന്ന് കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

67. മണ്ണിൽനിന്നും പിന്നെ ബീജകണത്തിൽനിന്നും പിന്നെ ഭ്രൂണത്തിൽനിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവൻ പുറത്തു കൊണ്ടുവരുന്നു. പിന്നീട് നിങ്ങൾ നിങ്ങളുടെ പൂർണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങൾ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളിൽ ചിലർ മുമ്പേതന്നെ മരണമടയുന്നു. നിർണിതമായ ഒരു അവധിയിൽ നിങ്ങൾ എത്തിച്ചേരുവാനും നിങ്ങൾ ഒരുവേള ചിന്തിക്കുന്നതിനും വേണ്ടി.

68. അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ. ഒരു കാര്യം അവൻ തീരുമാനിച്ചുകഴിഞ്ഞാൽ ഉണ്ടാകൂ എന്ന് അതിനോട് അവൻ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അത് ഉണ്ടാകുന്നു.

69. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നവരുടെ നേർക്ക് നീ നോക്കിയില്ലേ? എങ്ങനെയാണ് അവർ വ്യതിചലിപ്പിക്കപ്പെടുന്നത് എന്ന്.

63). (അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവർ തെറ്റിക്കപ്പെടുന്നത്) ഏകദൈവവിശ്വാസത്തെ കയ്യൊഴിക്കുകയും പ്രവാചകന്മാരോട് ധിക്കാരം കാണിക്കുകയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തതിന്റെ ശിക്ഷയാണിത്.

 

وَإِذَا مَآ أُنزِلَتْ سُورَةٌ نَّظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَىٰكُم مِّنْ أَحَدٍ ثُمَّ ٱنصَرَفُوا۟ ۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ

“ഏതെങ്കിലും ഒരധ്യായം അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ മറ്റു ചിലരെ നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തിൽ നോക്കും. എന്നിട്ട് അവർ തിരിഞ്ഞുകളയുകയും ചെയ്യും. അവർ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാൽ അല്ലാഹു അവരുടെ മനസ്സുകളെ തിരിച്ചുകളഞ്ഞിരിക്കുകയാണ്’’ (9:127).

64). (അല്ലാഹുവാകുന്നു നിങ്ങൾക്കുവേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേൽപ്പുരയും ആക്കിയവൻ) ശാന്തമായ വാസസ്ഥലം. എല്ലാ സൗകര്യങ്ങളോടും കൂടിയത്, കൃഷിക്കും കെട്ടിടനിർമാണത്തിനും യാത്രയ്ക്കും താമസത്തിനുമെല്ലാം സൗകര്യമാകുംവിധം. (ആകാശത്തെ മേൽപ്പുരയും) ഭൂമിക്കുള്ള മേൽപ്പുര, ആ ഭൂമിയിലാണ് നിങ്ങൾ താമസം, ആ മേൽപ്പുരയിൽ വിവിധങ്ങളായ പ്രകാശങ്ങളും കടലിലെയും കരയിലെയും ഇരുട്ടിൽ വഴി കണ്ടെത്താനുള്ള അടയാളങ്ങളും അവനുണ്ടാക്കി. (അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവൻ നിങ്ങളുടെ രൂപങ്ങൾ മികച്ചതാക്കി) മറ്റു ജീവികളിലൊന്നിലും കണ്ടെത്താനാവാത്തത്ര മനോഹരരൂപം അവൻ മനുഷ്യന് നൽകി. അല്ലാഹു തന്നെ പറയുന്നു

لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ

“തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടൂകൂടി സൃഷ്ടിച്ചിരിക്കുന്നു’’ (95:4)

മനുഷ്യ സൃഷ്ടിപ്പിന്റെ മനോഹാരിതയും അതിൽ അല്ലാഹു ഉണ്ടാക്കിയ അത്ഭുതങ്ങളും മനസ്സിലാക്കാൻ ഓരോ അവയവവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതി. അതിന് അതിനെക്കാൾ പറ്റിയ മറ്റൊരു സ്ഥാനമുണ്ടോ എന്ന് ചിന്തിച്ചാൽ മതി. ഹൃദയങ്ങൾക്ക് പരസ്പരം തോന്നുന്ന താൽപര്യം ഇതും മനുഷ്യനല്ലാത്ത മറ്റ് ജീവികളിൽ കാണുക സാധ്യമാണോ? അതുപോലെതന്നെ ബുദ്ധി, വിശ്വാസം, സ്‌നേഹം, അറിവ് തുടങ്ങിയവയെല്ലാം മനോഹരമായ രൂപത്തിന് ചേർന്ന മനോഹരഗുണങ്ങളായി നൽകി.

(വിശിഷ്ട വസ്തുക്കളിൽനിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തു) വിശിഷ്ടമായതെല്ലാം ഇതിൽപെടും. ഭക്ഷണം, പാനീയങ്ങൾ, വിവാഹം, വസ്ത്രം, കാഴ്ച, കേൾവി, എല്ലാം അല്ലാഹു അവന്റെ ദാസന് സൗകര്യപ്പെടുത്തിക്കൊടുത്ത വിശിഷ്ടമായ അനുഗ്രഹങ്ങളാണ്. അത് നേടാനുള്ള വഴിയും അവൻ ഉണ്ടാക്കിക്കൊടുത്തു. മാത്രവുമല്ല വിശിഷ്ടമല്ലാത്തത് അവൻ തടഞ്ഞു. അതെല്ലാം അവനെതിരാണ്. അവന്റെ ശരീരത്തെ ദ്രോഹിക്കുന്നതും അവന്റെ മതത്തെയും ഹൃദയത്തെയും പ്രതികൂലമായി ബാധിക്കുന്നതുമാണ്.

(അവനാകുന്നു) കാര്യങ്ങൾ നിയന്ത്രിക്കുന്നവനും ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്ക് നൽകിയവനും. (അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു) മഹത്ത്വമുള്ളവൻ, ധാരാളം അനുഗ്രഹം നൽകുന്നവൻ, കരുണയാൽ സർവ ലോകങ്ങളെയും സംരക്ഷിക്കുന്നവൻ.

65). (അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവൻ) പരിപൂർണ ജീവിതത്തിന്നുടയവൻ, ജീവിതത്തിന് അനിവാര്യമായതെല്ലാം അവനുണ്ട്. കേൾവി, കാഴ്ച, കഴിവ്, അറിവ്, സംസാരം തുടങ്ങിയ മഹത്തായ സർവ ഗുണങ്ങളും.

(അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. (അതിനാൽ നിങ്ങൾ അവനോട് പ്രാർഥിക്കുക). ആവശ്യങ്ങൾ നിറവേറുന്നതിനും ആരാധനയെന്ന നിലക്കുമുള്ള രണ്ട് പ്രാർഥനകളും ഇതിൽപെടും. (കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട്) എല്ലാ പ്രവർത്തനത്തിലും പ്രാർഥനയിലും ആരാധനയിലുമെല്ലാം അവന്റെ പ്രീതി നിങ്ങളാഗ്രഹിക്കണം. നിഷ്‌ക്കളങ്കത നമ്മോട് കൽപിക്കപ്പെട്ട കാര്യമാണ്.

وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ

“കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കുവാനും അല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല’’(98:5).

(ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സ്തുതി) സർവസ്തുതികളും സ്‌തോത്രങ്ങളും ദിക്‌റുകളായി പറയുന്നതും ആരാധന പോലുള്ള പ്രവർത്തനങ്ങളും എല്ലാം അവനുതന്നെ. യാതൊരു പങ്കുകാരുമില്ലാത്ത ഏകൻ, പ്രവർത്തനങ്ങളിലും വിശേഷണങ്ങളിലും അനുഗ്രഹം നൽകുന്നതിലും അവൻ മാത്രമാണ് പരിപൂർണൻ.

66) ആരാധന അല്ലാഹുവിന് മാത്രമായിരിക്കണമെന്ന് നിർദേശിക്കുമ്പോൾ അതിനുള്ള വ്യക്തമായ തെളിവുകളും വിശദീകരിച്ചുതരുന്നു. അവനല്ലാത്തവരെ ആരാധിക്കരുതെന്നും കൽപിക്കുന്നു. (-നബിയേ പറയുക-അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചുപ്രാർഥിക്കുന്നവരെ ആരാധിക്കുന്നതിൽനിന്ന് തീർച്ചയായും ഞാൻ വിലക്കപ്പെട്ടിരിക്കുന്നു). ബിംബങ്ങളെയും വിഗ്രഹങ്ങളെയും അല്ലാഹുവിന് പുറമെ, ആരാധിക്കപ്പെടുന്ന സർവതും.

ഞാനീ പറയുന്ന കാര്യത്തിൽ എനിക്ക് അൽപംപോലും സംശയമില്ല. മറിച്ച് ഉറപ്പും തെളിവുമുണ്ട്. അതാണ് അല്ലാഹു പറഞ്ഞത്. (എന്റെ രക്ഷിതാവിൽനിന്ന് എനിക്ക് തെളിവുകൾ വന്നുകിട്ടിയിരിക്കെ ലോകങ്ങളുടെ രക്ഷിതാവിന് ഞാൻ കീഴ്‌പ്പെടണമെന്ന് ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു) എന്റെ ഹൃദയംകൊണ്ടും നാവുകൊണ്ടും ശരീരാവയവങ്ങൾകൊണ്ടുമെല്ലാം അവന്റെ നിർദേശങ്ങൾക്ക് കീഴ്‌പ്പെടണമെന്ന്. മറ്റുള്ളവരെ ആരാധിക്കുക എന്നതാണ് വിരോധിക്കപ്പെട്ടതിൽ ഏറ്റവും പ്രധാനകാര്യം. തുടർന്ന് അവൻ സ്രഷ്ടാവും പല ഘട്ടങ്ങളിലായി നിങ്ങളെ സൃഷ്ടിച്ചവനുമാണ് എന്ന് പറഞ്ഞ് അവന്റെ ഏകത്വത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.

67) അവൻ ഏകനായാണ് നിങ്ങളെ സൃഷ്ടിച്ചത്. അതിനാൽ അവനെ മാത്രമെ ആരാധിക്കാൻ പാടുള്ളൂ (മണ്ണിൽനിന്നും നിങ്ങളെ സൃഷ്ടിച്ചവനാണവൻ) നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും (ആദം) ഉത്ഭവം അതിൽനിന്നാണ്. (പിന്നെ ബീജകണത്തിൽനിന്നും) മറ്റ് മനുഷ്യരെല്ലാം മാതാ വിന്റെ വയറ്റിൽ സൃഷ്ടിക്കപ്പെട്ടത് ഇതിൽനിന്നാണ്.

ബാക്കിയുള്ള ഘട്ടങ്ങൾകൂടി ഓർമപ്പെടുത്തുന്നു. അതായത് ഭ്രൂണം, തുടർന്ന്, മാംസപിണ്ഡം, അസ്ഥി, ശേഷം ആത്മാവ് ഊതപ്പെടുന്നു. (പിന്നീട് ശിശുവായി നിങ്ങളെ അവൻ പുറത്തുകൊണ്ടുവരുന്നു) ഇതാണ് ദൈവികമായ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ. (പിന്നീട് നിങ്ങൾ പൂർണ ശക്തിപ്രാപിക്കുവാനും) ബുദ്ധിയും ശരീരവും മറ്റ് സർവ ആന്തരിക-ബാഹ്യ കഴിവുകളെല്ലാം. (പിന്നീട് നിങ്ങൾ വൃദ്ധരായിത്തീരുവാനും നിങ്ങളിൽ ചിലർ മുമ്പേതന്നെ മരണമടയുന്നു) പൂർണ ശക്തിയെത്തും മുമ്പുതന്നെ. (ഒരു അവധിയിൽ നിങ്ങൾ എത്തിച്ചേരുവാനും) ഈ നിർണയിക്കപ്പെട്ട ഘട്ടങ്ങളിലൂടെ. (നിർണിത അവധി) ആയുസ്സ് അവസാനിക്കുന്നു. (നിങ്ങൾ ഒരുവേള ചിന്തിക്കുന്നതിനും വേണ്ടി) നിങ്ങളുടെ അവസ്ഥകൾ, അപ്പോൾ ഈ ഘട്ടങ്ങളിലൂടെയെല്ലാം നിങ്ങളെ കൊണ്ടുപോകുന്നവനെ നിങ്ങൾക്ക് മനസ്സിലാകും. ഏറെ കഴിവുറ്റവൻ. അതിനാൽ എല്ലാ നിലക്കും കഴിവുകുറഞ്ഞവരായ നിങ്ങൾ അവനെ മാത്രമെ ആരാധിക്കാവൂ.

68) (അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ). ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അവൻ മാത്രമാണ്. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും അവന്റെ അനുവാദം കൂടാതെ ഒരാളും മരിക്കില്ല.

وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَـٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

“ഒരു ദീർഘായുസ്സ് നൽകപ്പെട്ട ഒരാൾക്കും ആയുസ്സ് നീട്ടിക്കൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സിൽ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയിൽ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു’’ (35:11)

(ഒരു കാര്യം അവൻ തീരുമാനിച്ചുകഴിഞ്ഞാ ൽ) അത് ചെറുതോ വലുതോ ആകട്ടെ. (ഉണ്ടാകൂ എന്ന് അതിനോട് അവൻ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു) അത് ഉണ്ടാവാതിരിക്കുകയോ ആവർത്തിക്കേണ്ടിവരികയോ തടസ്സപ്പെടുകയോ ഇല്ല.

69) (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നവരുടെ നേർക്ക് നീ നോക്കിയില്ലേ?) വ്യക്തമായ തെളിവുകളിൽ തർക്കിക്കുന്നവരുടെ മോശമായ നിലപാടുകളിൽ അത്ഭുതപ്പെട്ടുകൊണ്ട്. (എങ്ങനെയാണ് അവർ തെറ്റിക്കപ്പെടുന്നത് എന്ന്) ശരിയായി മനസ്സിലായിട്ടും എന്തിലേക്കാണ് അവർ പോകുന്നത്? അല്ലാഹുവിന്റെ തെളിവുകൾക്കെതിരായ വല്ല തെളിവും അവർ കണ്ടെത്തിയിട്ടുണ്ടോ? ഒരിക്കലുമില്ല. അവരുടെ തന്നിഷ്ടങ്ങളെ പിന്തുണയ്ക്കുന്ന വല്ലതും അവർ കണ്ടുവോ? അവർ അവർക്കുവേണ്ടി തെരഞ്ഞെടുത്തതും പകരമാക്കിയതും എത്ര ചീത്ത. അല്ലാഹു നൽകിയ ഗ്രന്ഥത്തെയാണ് അവർ കളവാക്കിയത്; അവൻ അയച്ച ദൂതരെയും. അവരാകട്ടെ, മനുഷ്യരിൽ ഉത്തമരും സത്യസന്ധരുമാണ്. അതീവ ബുദ്ധിമാന്മാരും.