സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 നവംബർ 04 , 1445 റ.ആഖിർ 20

അധ്യായം: 39, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًاٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَـٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَـٰبِ (١٨) أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ (١٩) لَـٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ (٢٠) أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَسَلَكَهُۥ يَنَـٰبِيعَ فِى ٱلْأَرْضِ ثُمَّ يُخْرِجُ بِهِۦ زَرْعًا مُّخْتَلِفًا أَلْوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَجْعَلُهُۥ حُطَـٰمًا ۚ إِنَّ فِى ذَٰلِكَ لَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ (٢١)

18. അതായത് വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ ഏറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർക്കാകുന്നു അല്ലാഹു മാർഗദർശനം നൽകിയിട്ടുള്ളത്. അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ.

19. അപ്പോൾ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെവചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ (അവനെ നിനക്ക് സഹായിക്കാനാകുമോ?), അപ്പോൾ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ?

20. പക്ഷേ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവർക്കാണ് മേൽക്കുമേൽ തട്ടുകളായി നിർമിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.

21. നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളിൽ അതവൻ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വർണങ്ങളിലുള്ള വിള അവൻ ഉൽപാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവൻ അതിനെ വൈക്കോൽത്തുരുമ്പാക്കുന്നു. തീർച്ചയായും അതിൽ ബുദ്ധിമാന്മാർക്ക് ഒരു ഗുണപാഠമുണ്ട്.

18). അവർക്ക് സന്തോഷവാർത്തയുണ്ട് എന്ന് പറയുന്നതോടൊപ്പം അവരെ സന്തോഷവാർത്ത അറിയിക്കാൻ അല്ലാഹു കൽപിക്കുകയും ചെയ്യുന്നു. ഈ സന്തോഷത്തിന് അവരെ അർഹരാക്കിയ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. (അതിനാൽ എന്റെ ദാസന്മാർക്ക് നീ സന്തോഷവാർത്ത അറിയിക്കുക). (അതായത് വാക്ക് ശ്രദ്ധിച്ചുകേൾക്കുകയും അതിൽ ഏറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്ക്) ‘വാക്കുകൾ’ എന്നതിൽ എല്ലാ വാക്കും ഉൾപ്പെടും. അവർ കേൾക്കുന്ന വാക്ക് സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ഏതെല്ലാമാണെന്ന് വേർതിരിച്ച് മനസ്സിലാക്കാൻ അവർ എല്ലാത്തരം വാക്കുകളും ശ്രദ്ധിക്കുന്നു. അതുകൊണ്ട് അവരുടെ മനസ്സിലുള്ളത് അവർ ഏറ്റവും ശരിയായതിനെ പിൻപറ്റുന്നവരാണെന്നാണ്. ഏറ്റവും ശരിയായത് അല്ലാഹുവിന്റെയും പ്രവാചകന്റെയും വചനങ്ങളാണ്. ക്വുർആൻതന്നെ അക്കാര്യം പറയുന്നുണ്ട്:

ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَـٰبًا مُّتَشَـٰبِهًا

“അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്’’ (39:23).

ഈ വചനത്തിൽ ഒരു പ്രധാന കാര്യമുണ്ട്. ഇവിടെ പറയപ്പെട്ട ഈ വിഭാഗം; അവർ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുകയും ഏറ്റവും ശരിയായതിനെ പിൻപറ്റുകയും ചെയ്യും. അപ്പോൾ ഒരു ചോദ്യമുണ്ട്, ഏറ്റവും ശരിയായത് മനസ്സിലാക്കാൻ വല്ല വഴിയുമുണ്ടോ? ബുദ്ധിമാന്മാരുടെ വിശേഷണമായി പറഞ്ഞതാണത്. അതിലൂടെ ബുദ്ധിമാന്മാരെ മനസ്സിലാക്കാൻ കഴിയുമോ? അതെ, ഏറ്റവും ശരിയേതാണെന്ന് അല്ലാഹുതന്നെ വ്യക്തമാക്കി:

“അല്ലാഹവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്’’ (39:23).

(അതായത് വാക്ക് ശ്രദ്ധിച്ചുകേൾക്കുകയും അതിൽ ഏറ്റവുംനല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർക്കാകുന്നു അല്ലാഹു മാർഗദർശനം നൽകിയിട്ടുള്ളത്) ഏറ്റവും നല്ല സ്വഭാവവും കർമങ്ങളും ഉള്ളവരാകാൻ. (അവർ തന്നെയാകുന്നു ബുദ്ധിമാന്മാർ) അതായത്, വിവേകമുള്ള മനസ്സുള്ള ആളുകൾ. അവരുടെ ബുദ്ധിയുടെ പ്രത്യേകത ശരിയെ വേർതിരിച്ചു മനസ്സിലാക്കുന്നു എന്നതാണ്. സ്വീകരിക്കേണ്ടത് ഏതെന്ന് അവർ വേർതിരിച്ചറിയും. ഇത് ബുദ്ധിയുടെ അടയാളമാണ്. ഇതല്ലാത്ത മറ്റൊരു അടയാളമില്ല. ശരിയും തെറ്റും വേർതിരിച്ചു മനസ്സിലാക്കാത്തവർ ശരിയായ ബുദ്ധിയുള്ളവരല്ല. എന്നാൽ തന്നിഷ്ടങ്ങൾ ബുദ്ധിയെ കീഴ്‌പ്പെടുത്തുമ്പോൾ ബുദ്ധി ഇഷ്ടങ്ങൾക്കൊപ്പം നിൽക്കും, നന്മയെ സ്വീകരിക്കില്ല. അവൻ ബുദ്ധികുറഞ്ഞവനാണ്.

19). വഴികേടും അവിശ്വാസവും ധിക്കാരവും മൂലം ശിക്ഷ വിധിക്കപ്പെട്ടവർ ആ വഴികേടിൽ തുടരും. അവനെ സന്മാർഗത്തിലാക്കാൻ നിനക്ക് കഴിയില്ല. നരകത്തിൽനിന്ന് ഒരാളെ രക്ഷപ്പെടുത്താൻ നിനക്കാവില്ല. മറിച്ച്, ആത്യന്തിക നേട്ടവും ആത്യന്തിക വിജയവും അല്ലാഹുവിനെ ഭയപ്പെടുന്നവർക്കാണ്. ആർക്കു വേണ്ടിയാണ് അവൻ ബഹുമാനവും എല്ലാത്തരം ആനന്ദങ്ങളും ഒരുക്കിയിരിക്കുന്നത്? അവർ എത്ര വലിയവരാണെന്ന് ആർക്കും കണക്കാക്കാൻ കഴിയില്ല.

20). (അവർക്കാണ് മണിമേടകളുള്ളത്) അലംകൃതമായ ഉന്നത ഭവനങ്ങൾ. ഭംഗിയും ശോഭയും തെളിമയുമുള്ളത്. അകത്തുനിന്ന് പുറം ദൃശ്യമാവൂം; പുറത്തുനിന്ന് അകവും. കിഴക്കോ പടിഞ്ഞാറോ ചക്രവാളങ്ങളിൾ കാണപ്പെടുന്ന നക്ഷത്രം കണക്കെ ഉയർന്നുനിൽക്കുന്നവയാണവ. (മേൽക്കുമേൽ തട്ടുകളുള്ള) ഒന്നിനു മുകളിൽ ഒന്നായി നിൽക്കുന്ന. (നിർമിക്കപ്പെട്ട) സ്വർണം, വെള്ളി എന്നിവകൊണ്ട്. അതിന്റെ ചുമരുകൾക്ക് കസ്തൂരിയുടെ ഗന്ധമാണ്.

(താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു) കുത്തിയൊഴുകുന്നത്. തോട്ടത്തിലെ പൂക്കളെയും പരിശുദ്ധമായ വൃക്ഷങ്ങളെയും അവ നനക്കുന്നു. അങ്ങനെ അവയിൽ മധുരപഴങ്ങളും പാകമായ ഫലങ്ങളും കായ്ക്കുന്നു. (അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല) സൂക്ഷ്മത പാലിക്കുന്നവർക്കുള്ള ഈ പ്രതിഫലവാഗ്ദാനം, അത് പൂർത്തിയാക്കപ്പെടും. അവരുടെ ജീവിത സൂക്ഷ്മത അവർ പുലർത്തട്ടെ. അപ്പോൾ അവരുടെ പ്രതിഫലവും പുർത്തിയാക്കപ്പെടും.

21). ബുദ്ധിയുള്ളവരെ ഉദ്‌ബോധിപ്പിക്കുകയാണ് ഇവിടെ. ആകാശത്തുനിന്ന് അല്ലാഹു മഴയിറക്കുകയും അതിനെ ഉറവകളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എളുപ്പത്തിലും സൗകര്യപ്രദമായും വെള്ളമൊഴുക്കാവുന്നവിധം അവയെ ഉറവകളിൽ നിക്ഷേപിച്ചും. (അനന്തരം അത് മുഖേന വ്യത്യസ്ത വർണങ്ങളിലുള്ള വിള അവൻ ഉൽപാദിപ്പിക്കുന്നു) ഗോതമ്പ്, ചോളം, ബാൽലി, നെല്ല് മുതലായവ. (പിന്നെ അത് ഉണങ്ങിപ്പോകുന്നു) പൂർണത പ്രാപിക്കുമ്പോൾ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിപത്ത് ബാധിക്കുമ്പോൾ. (അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്കു കാണാം. പിന്നീട് അവൻ അതിനെ വൈക്കോൽത്തുരുമ്പാക്കുന്നു) ഛിന്നഭിന്നമായ. (അതിൽ ബുദ്ധിമാന്മാർക്ക് ഒരു ഉദ്‌ബോധനവുമുണ്ട്) തങ്ങളുടെ രക്ഷിതാവിന്റെ പരിഗണനയും അവർക്ക് ബോധ്യമാകുന്നു; തന്റെ ദാസന്മാരോട് അവൻ കാണിക്കുന്ന കാരുണ്യവും. അല്ലാഹു അവർക്ക് വെള്ളം ഏർപ്പെടുത്തിക്കൊടുത്തു. ഭൂമിയിൽ അതിനെ ശേഖരിച്ചുവെച്ചു. അവരുടെ ഗുണത്തിനുവേണ്ടി. അല്ലാഹുവിന്റെ കഴിവും അവർക്ക് ബോധ്യമായി. അവൻ നിർജീവമായ ഭൂമിയെ മഴയാൽ ജീവിപ്പിക്കുന്നതുപോലെ മരിച്ചവരെ ജീവിപ്പിക്കും. അതോടൊപ്പം അവർക്ക് ബോധ്യമായ മറ്റൊരു കാര്യം ഇതെല്ലാം ചെയ്യുന്നവൻ മാത്രമാണ് ആരാധനക്കർഹനായവൻ.

അല്ലാഹുവേ, ഇത്തരം ബുദ്ധിമാന്മാരിൽ ഞങ്ങളെ നീ ചേർക്കണം. നീ എടുത്തുപറഞ്ഞവരാണവർ. ബുദ്ധിയാൽ നീ അവർക്ക് സന്മാർഗം നൽകി. നിന്റെ ഗ്രന്ഥത്തിന്റെ രഹസ്യങ്ങൾ അവർക്ക് നീ കാണിച്ചുകൊടുത്തു; നിന്റെ ദൃഷ്ടാന്തങ്ങളുടെ അത്ഭുതവും. പലരും അത് മന്സ്സിലാക്കിയിട്ടില്ല. നീ അത്യധികം നൽകുന്നവൻ തന്നെ.