സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

അധ്യായം: 42, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةً وَٰحِدَةً وَلَـٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِىٍّ وَلَا نَصِيرٍ (٨‬) أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ (٩) وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ (١٠) فَاطِرُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَـٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ (١١)

8. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെ (മനുഷ്യരെ)യെല്ലാം അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷേ, താൻ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തിൽ അവൻ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവർക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.

9. അതല്ല, അവർ അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാൽ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.

10. നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.

11. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു(അവൻ). നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ വർഗത്തിൽനിന്നുതന്നെ അവൻ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു). അതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ച് വർധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാകുന്നു.

8). ഇതോടൊപ്പംതന്നെ (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ അവരെ ആക്കുമായിരുന്നു) ജനങ്ങളെ. (ഒരു സമുദായം) സന്മാർഗം സ്വീകരിച്ച കാരണം അവൻ ഉദ്ദേശിക്കുന്ന ഒരു കാര്യത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ തന്റെ സൃഷ്ടികളിൽനിന്നും താനുദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തിൽ ഉൾപ്പെടുത്താനാണ് അവൻ വിചാരിച്ചത്. എന്നാൽ അക്രമകാരികൾ നന്മയ്ക്ക് പറ്റിയവരല്ല. അവർ കാരുണ്യം തടയപ്പെടേണ്ടവരാണ്. അല്ലാഹുവിനുപുറമെ അവരെ ഏറ്റെടുക്കാനോ അവരുടെ ആഗ്രഹങ്ങൾ നേടിക്കൊടുക്കാനോ വിഷമങ്ങളെ പ്രതിരോധിക്കാനോ ഒരാളുമില്ല.

9). (അതല്ല, അവർ അവനുപുറമെ രക്ഷാധികാരികളെ സ്വീകരിക്കുകയാണോ?) അവരെ ആരാധിച്ചുകൊണ്ട് അവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നു. അവർക്ക് ഏറ്റവും വലിയ പിഴവാണ് സംഭവിച്ചത്. (എന്നാൽ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി). അവനെ ആരാധിച്ചും അനുസരിച്ചും കഴിയുന്നത്ര നന്മകൾ ചെയ്ത് അവന്റെ സാമീപ്യം നേടിയും അവന്റെ ദാസൻ അവനെ രക്ഷാധികാരിയാക്കുന്നു. തന്റെ എല്ലാ ദാസന്മാരെയും സംരക്ഷിച്ചും അവരിൽ തന്റെ തീരുമാനം നടപ്പാക്കിയും അവൻ അവരുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുന്നു. വിശ്വാസികളായ തന്റെ ദാസന്മാരെ അവൻ സംരക്ഷിക്കുന്നത് അവരെ ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്കെത്തിച്ചും സ്‌നേഹത്തോടെ അവരെ സംരക്ഷിച്ചും മുഴുവൻ കാര്യങ്ങളിലും അവരെ സഹായിച്ചുകൊണ്ടുമാണ്. (അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു) അവൻ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. അവനാണ് വിധിയും ഉദ്ദേശ്യവും നടപ്പിൽവരുത്തുകയും ചെയ്യുന്നത്. യാതൊന്നിനെയും പങ്കുചേർക്കാതെ ആരാധിക്കപ്പെടാൻ അർഹതപ്പെട്ടവനാണവൻ.

10). അല്ലാഹു പറയുന്നു: (നിങ്ങൾ അഭിപ്രായ വ്യത്യാസത്തിലായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ) നിങ്ങൾ വിയോജിക്കുന്ന മതത്തിന്റെ അടിസ്ഥാനപരമോ ശാഖാപരമോ ആയ കാര്യങ്ങൾ. (അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിനാകുന്നു). അത് ക്വുർആനിലേക്കും അവന്റെ ദൂതന്റെ ചര്യയിലേക്കും മടക്കപ്പെടണം. അവർ രണ്ടുപേരും എന്ത് തീരുമാനിച്ചുവോ അതാണ് ശരി. അതല്ലാത്തത് തെറ്റും. (അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു) നിയന്ത്രിക്കുന്നവനും ഭക്ഷണം നൽകുന്നവനും സ്രഷ്ടാവും രക്ഷിതാവും അവനായതുപോലെ തന്റെ ദാസന്മാരുടെ മുഴുവൻ കാര്യങ്ങളിലും മതപരമായ നിയമങ്ങൾ നിശ്ചയിക്കുന്ന വിധികർത്താവും അവനാണ്. ഇത് സമുദായത്തിന്റെ ഏകോപിച്ച അഭിപ്രായവും ഖണ്ഡിത തെളിവാണെന്നു ഈ ആയത്തിൽനിന്ന് ഗ്രഹിക്കാം. കാരണം, നമുക്ക് അഭിപ്രായ ഭിന്നതയുള്ള കാര്യം മാത്രമെ അവനിലേക്ക് മടക്കാൻ നിർദേശിക്കുന്നുള്ളൂ.

അപ്പോൾ നാം ഭിന്നതയില്ലാതെ ഏകോപിച്ച കാര്യങ്ങൾ ആ ഏകോപനംകൊണ്ട് മതിയാക്കാം എന്നർഥം. അത് പിഴവ് പറ്റുന്നതിൽനിന്ന് മുക്തമായിരിക്കും. മാത്രവുമല്ല, അത് ക്വുർആനിനോടും സമൂഹത്തിനോടും യോജിക്കുന്നതുമായിരിക്കും. അല്ലാഹു പറയുന്നു: (അവന്റെമേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു) ഉപകാരം തരാനും ഉപദ്രവങ്ങൾ തടുക്കാനും എന്റെ ഹൃദയം അവനെ ഏൽപിച്ചിരിക്കുന്നു. അതിൽ ആശ്വാസം തരാൻ അവനു കഴിയുമെന്ന ഉറച്ച വിശ്വാസത്താൽ. (അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു) അവനെ ആരാധിക്കാനും അവനെ അനുസരിക്കാനും ഹൃദയംകൊണ്ടും ശരീരംകൊണ്ടും ഞാൻ അവനിലേക്ക് തിരിയുന്നു. ഈ രണ്ട് അടിസ്ഥാനകാര്യങ്ങൾ അല്ലാഹു തന്റെ ഗ്രന്ഥത്തിൽ ധാരാളം ആവർത്തിച്ചു പറയുന്നുണ്ട്. അവ രണ്ടും കൈവരിക്കുന്നതിലൂടെ ഒരു ദാസൻ പൂർണത പ്രാപിക്കുന്നു. അവ രണ്ടുമോ അല്ലെങ്കിൽ അതിലൊന്നോ നഷ്ടപ്പെടുമ്പോൾ ആ പൂർണത നഷ്ടമാവുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

“നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു’’ (1:5).

فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ

“അവനെ നീ ആരാധിക്കുകയും അവനിൽ ഭരമേൽപിക്കുകയും ചെയ്യുക’’ (ഹൂദ് 123).

11). (ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു അവൻ) തന്റെ കഴിവ്, ഉദ്ദേശ്യം, യുക്തി എന്നിവയാൽ അവ രണ്ടിനെയും അവൻ സൃഷ്ടിക്കും. (നിങ്ങൾക്കുവേണ്ടി നിങ്ങളുടെ വർഗത്തിൽനിന്നുതന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു). നിങ്ങൾ അവളിൽ സമാധാനം കണ്ടെത്താനും നിങ്ങളിൽനിന്നും സന്താനങ്ങൾ ഉണ്ടാകാനും വിവിധങ്ങളായ പ്രയോജനങ്ങൾ നിങ്ങൾക്ക് ലഭിക്കാനും വേണ്ടി. (കന്നുകാലികളിൽനിന്ന് ഇണകളെയും) എല്ലാ വർഗങ്ങളിലും ആണിനെയും പെണ്ണിനെയും; അനേകം നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകാനും അത് നിലനിൽക്കാനും.

ഇവിടെ (ലകും) എന്നതിലെ ‘ല’ എന്ന അക്ഷരം കാരണത്തെ അറിയിക്കാനാണ്. അതായത് അത് അവൻ ചെയ്തത് നിങ്ങൾക്ക് വേണ്ടിയും നിങ്ങൾക്ക് അനുഗ്രഹമായിത്തീരാൻ വേണ്ടിയുമാണ്. അതാണ് അല്ലാഹു പറഞ്ഞത്: (അതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ച് വർധിപ്പിക്കുന്നു) നിങ്ങളെ വ്യാപിപ്പിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളിൽ നിന്നും നാൽക്കാലികളിൽനിന്നും ഇണകളെ ഉണ്ടാക്കിയതിലൂടെ. (അവനു തുല്യമായി യാതൊന്നുമില്ല) അല്ലാഹുവനോട് അവന്റെ സത്തയിലോ നാമങ്ങളിലോ ഗുണങ്ങളിലോ പ്രവർത്തനങ്ങളിലോ സാദൃശ്യവും തുല്യവുമാകുന്ന യാതൊന്നും അവന്റെ സൃഷ്ടികളിലില്ല. കാരണം അവന്റെ നാമങ്ങളെല്ലാം അതിവിശിഷ്ടമായതാണ്. അവന്റെ വിശേഷണങ്ങളാവട്ടെ പൂർണവും മഹത്ത്വമേറിയതുമാണ്. യാതൊന്നിന്റെയും പങ്കില്ലാതെ മഹത്തായ സൃഷ്ടികളെ അവനുണ്ടാക്കി എന്നത് അവന്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ്. അവനു തുല്യമായി യാതൊന്നുമില്ല. എല്ലാ നിലയ്ക്കും അവനേകനും പങ്കുകാരില്ലാത്തവനുമാണ്. (അവൻ എല്ലാം കേൾക്കുന്നവനും) മുഴുവൻ ശബ്ദങ്ങളും ഭാഷാവ്യത്യാസങ്ങളോ വിഷയ വൈവിധ്യങ്ങളോ പ്രശ്‌നമാവാതെ. (എല്ലാം കാണുന്നവനും) ഇരുണ്ട രാത്രിയിൽ നിശ്ചലമായ പാതയിലൂടെ ഇഴയുന്ന കറുത്ത ഉറുമ്പിനെ അവൻ കാണുന്നു. നിസ്സാര ജീവികളുടെ ശരീരാവയവങ്ങളിൽ ഭക്ഷണ പദാർഥങ്ങൾ സഞ്ചരിക്കുന്നത് എങ്ങനെയെന്ന് അവനറിയുന്നു; സൂക്ഷ്മമായ ശിഖരങ്ങളിൽ വെള്ളം സഞ്ചരിക്കുന്നത് എങ്ങനെയെന്നും. ഇതും ഇതുപോലെയുള്ള വചനങ്ങളും അല്ലാഹുവിന്റെ നാമങ്ങളെ സ്ഥാപിക്കുന്നതിലും സൃഷ്ടികളോട് അവനെ തുല്യപ്പെടുത്തുന്ന കാര്യത്തിലും അഹ്‌ലുസ്സുന്ന വൽജമാഅത്തിന്റെ അഭിപ്രായത്തെ ശരിവെക്കുന്നതാണ്. സാദൃശ്യവാദികൾക്കുള്ള മറുപടിയും ഇതിലുണ്ട്. (അവന് തുല്യമായി യാതൊന്നുമില്ല) അല്ലാഹുവിന്റെ ഗുണങ്ങളെ നിരാകരിക്കുന്നവർക്ക് മറുപടിയാണ് (അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു) എന്നത്.