സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 ഏപ്രിൽ 01, 1444 റമദാൻ 10

അധ്യായം: 42, ഭാഗം 13 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَمَآ أُوتِيتُم مِّن شَىْءٍ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَوَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌوَتَرَىٰهُمْ يُعْرَضُونَلِّلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَـٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ (٤٩) أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَـٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ (٥٠) وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌ (٥١) وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ (٥٢) صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ (٥٣)

49. അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു.

50. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു.

51. (നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ( അയച്ച് അല്ലാഹുവിന്‍റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു.

52. അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്‌.

53. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാതയിലേക്ക്‌. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌.

49). അല്ലാഹുവിന്റെ ആധിപത്യത്തിന്റെ വിശാലതയാണ് ഇവിടെ അല്ലാഹു പരാമർശിക്കുന്നത്; തന്റെ സൃഷ്ടികളിൽ അവനുദ്ദേശിക്കുന്ന പ്രകാരം അധികാരം വിനിയോഗിക്കുന്നതിനെക്കുറിച്ചും മുഴുവൻ കാര്യങ്ങളിലുമുള്ള അവന്റെ നിയന്ത്രണത്തെക്കുറിച്ചും. പൊതുവായി കാര്യങ്ങളുടെ നിയന്ത്രണത്തിൽ, തന്റെ സൃഷ്ടികളിൽ നടപ്പാക്കുന്നത് തന്റെ ദാസന്മാരുമായി ബന്ധപ്പെട്ട കാരണങ്ങൾ മുഖേനയാണ്. വിവാഹമെന്നത് മക്കളുണ്ടാകാനുള്ള കാരണമാണ്. എന്നാൽ മക്കളെ താനുദ്ദേശിക്കുന്നവർക്ക് അവൻ നൽകുന്നു.

50). അവന്റെ സൃഷ്ടിപ്പിൽപെട്ടതാണ് അവനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെ നൽകുന്നത്. അവൻ ആൺമക്കളെ നൽകുന്നവരുമുണ്ട്. ചിലർക്ക് ഇടകലർന്നാണ് നൽകുന്നത്. സന്താനങ്ങളില്ലാതെ ഷണ്ഡരാക്കപ്പെടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. (തീർച്ചയായും അവൻ സർവജ്ഞനും) എല്ലാറ്റിനെക്കുറിച്ചും (സർവശക്തനുമാകുന്നു) എല്ലാകാര്യത്തിനും. അതിനാൽ കാര്യങ്ങളെ തന്റെ അറിവുകൊണ്ടും സൂക്ഷ്മമായ കഴിവുകൊണ്ടും അവൻ കൈകാര്യം ചെയ്യുന്നു.

51). നിഷേധികൾ അല്ലാഹുവിനെ കളവാക്കിക്കൊണ്ട് പ്രവാചകന്മാരോട് പറഞ്ഞു:

لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌ

“എന്തുകൊണ്ട് ഞങ്ങളോട് അല്ലാഹു സംസാരിക്കുന്നില്ല, അല്ലെങ്കിൽ ഞങ്ങൾക്കൊരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല?’’ (2:118).

അവരുടെ അഹങ്കാരം കാരണം പറഞ്ഞതാണിത്. അതിന് അല്ലാഹു മറുപടി പറയുകയാണ് ഈ വചനത്തിൽ. ലോകരിൽനിന്ന് അവൻ തെരഞ്ഞടുക്കുന്ന പ്രവാചകന്മാരും ദൂതന്മാരുമായ തന്റെ പ്രത്യേക സൃഷ്ടികളോട് മാത്രമെ അവൻ സംസാരിക്കൂ. അതാവട്ടെ ഇവിടെ പറഞ്ഞ ഏതെങ്കിലും ഒരു രൂപത്തിലായിരിക്കും. ഒന്നുകിൽ പ്രാവചക ഹൃദയത്തിൽ ഇട്ടുകൊടുക്കുന്ന വഹ്‌യിലൂടെ, മലക്കിനെ അയക്കാതെയും നേർക്കുനേരെ സംസാരിക്കാതെയും. (അല്ലെങ്കിൽ) നേരിട്ടു സാസാരിക്കും. പക്ഷേ (ഒരു മറയ്ക്ക് പിന്നിൽ നിന്നായിക്കൊണ്ട്) കലാമുറഹ്‌മാൻ മൂസാ(അ)യോട് സംസാരിച്ചപോലെ. (അല്ലെങ്കിൽ) മലക്കായ ഒരു ദൂതൻ മുഖേന സംസാരിക്കും. (ഒരു ദൂതനെ അയച്ച്) ജിബ്‌രീലിനെപ്പോലെയുള്ള മലക്കുകളെയോ അല്ലാത്തവരെയോ അയച്ച്. (അല്ലാഹുവിന്റെ അനുവാദപ്രകാരം ബോധനം നൽകുക എന്ന നിലയിലോ അല്ലാതെ) അതായത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമല്ല. മറിച്ച് അല്ലാഹുവിന്റെ അനുമതിപ്രകാരം. (തീർച്ചയായും അവൻ) അല്ലാഹു അവന്റെ ദാത്തും വിശേഷണങ്ങളും ഉള്ളവനാണ്. അവ മഹത്ത്വമേറിയതാണ്. ഉന്നത പ്രവർത്തനങ്ങളിലുമാണ്. എല്ലാറ്റിനെയും അവൻ അടക്കിഭരിക്കുന്നു. എല്ലാ സൃഷ്ടിജാലങ്ങളും അവന് കീഴൊതുങ്ങുന്നു. അവക്കെല്ലാം അവയുടെതായ സ്ഥാനം നിശ്ചയിക്കുന്നതിൽ അവൻ സർവജ്ഞനാണ്; സൃഷ്ടിപ്പിലും നിയമനിർമാണത്തിലും.

52). (അപ്രകാരം) നിനക്ക് മുമ്പുള്ള പ്രവാചകന്മാർക്ക് പ്രബോധനം നൽകിയപ്പോൾ (തന്നെ നിനക്ക് നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു) അതാണ് പരിശുദ്ധ ക്വുർആൻ. ഇതിനെ ആത്മാവെന്നാണ് അല്ലാഹു വിളിച്ചത്. കാരണം ആത്മാവ് ശരീരത്തെ ജീവിപ്പിക്കുന്നു. ക്വുർആനാകട്ടെ ഹൃദയങ്ങൾക്കും ആത്മാവുകൾക്ക് ജീവൻ നൽകുന്നതാണ്. മതപരവും ഭൗതികവുമായ മുഴുവൻ നന്മകൾക്കും അത് ജീവൻ നൽകുന്നു. ഇതിനുമാത്രം ധന്യമായ അറിവും വർധിച്ച നന്മയും അതുൾക്കൊള്ളുന്നു. സത്യവിശ്വാസികളായ തന്റെ ദാസന്മാർക്കും തന്റെ ദൂതനും അല്ലാഹു നൽകിയ പ്രതീക്ഷയായ ഒരു അനുഗ്രഹമാണിത്. അവരതിന് കാരണക്കാരല്ല. അതാണ് അല്ലാഹു പറഞ്ഞത്: (നിനക്ക് അറിയുമായിരുന്നില്ല) ഈ ക്വുർആൻ നിനക്ക് അവതരിക്കുന്നതിന് മുമ്പ.് (വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്) അതായത് പൂർവ വേദങ്ങളെക്കുറിച്ചോ വിശ്വാസമോ ദൈവികമായ നിയമങ്ങളോ അതനുസരിച്ചുള്ള പ്രവർത്തനങ്ങളോ നിനക്കറിയുമായിരുന്നില്ല. മാത്രവുമല്ല, എഴുതാനോ വായിക്കാനോ അറിയാത്ത നിരക്ഷരനായിരുന്നു താങ്കൾ. അങ്ങനെയിരിക്കെ, ഈ ഗ്രന്ഥം താങ്കൾക്ക് അവതരിച്ചു (അതിനെ നാമൊരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരിൽനിന്ന് നാം ഉദ്ദശിക്കുന്നവർക്ക് നാം വഴികാണിക്കുന്നു).

ആ ക്വുർആൻ മുഖേന അവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അതിരുവിട്ട തന്നിഷ്ടങ്ങളുടെയും ഇരുട്ടുകളിൽ അവർ പ്രകാശം തേടുന്നു. അതിലൂടെ അവർ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നു. ശരിയ മാർഗത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. (തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്) അത് അവരെ ഉണർത്തുകയും അവർക്കത് വ്യക്തത നൽകുകയും പ്രകാശം നൽകുകയും പ്രചോദിപ്പിക്കുകയും വിരുദ്ധമായതിനെ വിരോധിക്കുകയും നിരുത്സാഹപ്പെടുത്തുകയും ശരിയായ മാർഗം വിശദീകരിച്ചുനൽകുകയും ചെയ്യുന്നു.

53). തന്റെ ദാസന്മാർക്ക് അല്ലാഹു നിശ്ചയിച്ച മാർഗം. അവനിലേക്കും അവന്റെ ആദരണീയ സ്വർഗത്തിലേക്കും എത്തിക്കുന്ന മാർഗമതാണെന്ന് അവൻ അവരെ അറിയിക്കുന്നു. (അല്ലാഹുവിലേക്കാകുന്നു കാര്യങ്ങൾ ചെന്നെത്തുന്നത്) അനുകൂലവും പ്രതികൂലവുമായ എല്ലാ കാര്യങ്ങളും അവനിലേക്ക് മടങ്ങുന്നു. എല്ലാവർക്കും അവരവരുടെ പ്രവർത്തനങ്ങളുടെ കണക്കനുസരിച്ച് അവൻ പ്രതിഫലം നൽകുന്നു. നന്മക്ക് നന്മയും തിന്മക്ക് തിന്മയും.