സൂറ: ഗാഫിർ (പാപം പൊറുക്കുന്നവൻ), ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 സെപ്തംബർ 02 , 1445 സ്വഫർ 17

അധ്യായം: 40, ഭാഗം 09 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ ٱلْعَذَابِ (٤٩) قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَـٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَـٰٓؤُا۟ ٱلْكَـٰفِرِينَ إِلَّا فِى ضَلَـٰلٍ (٥٠) إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَـٰدُ (٥١) يَوْمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ (٥٢) وَلَقَدْ ءَاتَيْنَا مُوسَى ٱلْهُدَىٰ وَأَوْرَثْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَـٰبَ (٥٣) هُدًى وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ (٥٤) فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱسْتَغْفِرْ لِذَنۢبِكَ وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلْإِبْكَـٰرِ (٥٥)

49. നരകത്തിലുള്ളവർ നരകത്തിന്റെ കാവൽക്കാരോട് പറയും: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാർഥിക്കുക. ഞങ്ങൾക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവൻ ലഘൂകരിച്ചു തരട്ടെ.

50. അവർ (കാവൽക്കാർ) പറയും: നിങ്ങളിലേക്കുള്ള ദൂതന്മാർ വ്യക്തമായ തെളിവുകളുംകൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവർ പറയും: അതെ. അവർ (കാവൽക്കാർ) പറയും: എന്നാൽ നിങ്ങൾതന്നെ പ്രാർഥിച്ചുകൊള്ളുക. സത്യനിഷേധികളുടെ പ്രാർഥന വൃഥാവിലായിപ്പോകുകയേയുള്ളൂ.

51. തീർച്ചയായും നാം നമ്മുടെ ദൂതന്മാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികൾ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുകതന്നെ ചെയ്യും.

52. അതായത് അക്രമികൾക്ക് അവരുടെ ഒഴികഴിവ് പ്രയോജനപ്പെടാത്ത ദിവസം. അവർക്കാകുന്നു ശാപം. അവർക്കാകുന്നു ചീത്തഭവനം.

53. മൂസായ്ക്ക് നാം മാർഗദർശനം നൽകുകയും ഇസ്‌റാഈല്യരെ നാം വേദഗ്രന്ഥത്തിന്റെ അവകാശികളാക്കിത്തീർക്കുകയും ചെയ്തു.

54. ബുദ്ധിയുള്ളവർക്ക് മാർഗദർശനവും ഉൽബോധനവുമായിരുന്നു അത്.

55. അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. നിന്റെ പാപത്തിന് നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ചെയ്യുക.

49) (നരകത്തിലുള്ളവർ പറയും) ദുർബലരും അഹങ്കാരികളുമായവർ. (നരകത്തിന്റെ കാവൽക്കാരോട്; നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക, ഞങ്ങൾക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവൻ ലഘൂകരിച്ചുതരട്ടെ) അങ്ങനെയാണെങ്കിൽ ചെറിയ ആശ്വാസം ഉണ്ടായേക്കാം.

50) (അവർ പറയും) അവരെ അവഹേളിച്ചുകൊണ്ട് അവരുടെ ശിപാർശക്ക് പ്രയോജനമില്ലെന്നും അവരുടെ പ്രാർഥനയ്ക്ക് ഫലമില്ലെന്നും വ്യക്തമാക്കിക്കൊണ്ട്. (നിങ്ങളിലേക്കുള്ള ദൂതന്മാർ വ്യക്തമായ തെളിവുകളുംകൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ?) സത്യവും ശരിയായ മാർഗവും അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന നന്മകളും ശിക്ഷ ലഭിക്കുന്ന തിന്മകളും വ്യക്തമായി വശീദകരിച്ചുതന്നുകൊണ്ട്.

(അവർ പറയും) അതെ, വ്യക്തമായ തെളിവുകൾകൊണ്ട് അവർ വരികയും അല്ലാഹുവിന്റെ സമ്പൂർണമായ പ്രമാണം ഞങ്ങൾക്ക് നൽകുകയുമുണ്ടായി. വ്യക്തമായതിനുശേഷം സത്യത്തോട് ഞങ്ങൾ ധിക്കാരം കാണിക്കുകയും അതുമൂലം ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം പ്രവർത്തിക്കുകയും ചെയ്തു. (നരകത്തിന്റെ കാവൽക്കാർ പറയും) അവർക്കുവേണ്ടി പ്രാർഥിക്കാനോ ശുപാർശ ചെയ്യാനോ തയ്യാറാവാതെ, നരകക്കാരോട് പറയും. (എന്നാൽ നിങ്ങൾ പ്രാർഥിച്ചുകൊള്ളുക) നിങ്ങൾക്ക് പ്രാർഥനകൊണ്ട് വല്ല പ്രയോജനവും ഉണ്ടാകുമോ? തുടർന്ന് അല്ലാഹു പറയുന്നു: (സത്യനിഷേധികളുടെ പ്രാർഥന വൃഥാവിലായിപ്പോവുകയേയുള്ളൂ) പ്രാർഥന വെറുതെയാകും. കാരണം, അവിശ്വാസം സർവ പ്രവർത്തനങ്ങളെയും നിഷ്ഫലമാക്കുന്നതും പ്രാർഥനക്കുള്ള ഉത്തരം തടയുന്നതുമാണ്.

51). ഫിർഔനിന്റെ ആളുകൾക്ക് ഇഹലോകത്തും ക്വബ്‌റിലും പരലോകത്തും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറഞ്ഞപ്പോൾ പ്രവാചകന്മാരെ എതിർക്കുകയും അവരോട് ഏറ്റുമുട്ടുകയും ചെയ്തവർക്ക് ലഭിക്കുന്ന നിന്ദ്യമായ നരകശിക്ഷയെക്കുറിച്ചും പരാമർശിക്കുന്നു. (തീർച്ചയായും നാം നമ്മുടെ ദൂതന്മാരെയും വിശ്വസിച്ചവരെയും ഐഹിക ജീവിതത്തിലും) തെളിവും പ്രമാണവും നൽകിയും സഹായിച്ചും. (സാക്ഷികൾ രംഗത്തുവരുന്ന ദിവസത്തിലും) അതായത് പരലോകത്ത് അവർക്കും അവരുടെ അനുയായികൾക്കും പ്രതിഫലവും എതിർത്തവർക്ക് കഠിനമായ ശിക്ഷയും അവൻ വിധിക്കും.

52). (അതായത് അക്രമികൾക്ക് അവരുടെ ഒഴികഴിവ് പ്രയോജനപ്പെടാത്ത ദിവസം) അവർ ഒഴികഴിവ് പറയുമ്പോൾ. (അവർക്കാകുന്നു ശാപം. അവർക്കാകുന്നു ചീത്ത ഭവനം) അവിടെ താമസിക്കുന്നവർക്കെല്ലാം ദുരിതം നൽകുന്ന ചീത്തഭവനം.

53) മൂസാ നബി(അ)ക്കും ഫിർഔനിനും സംഭവിച്ചതും ഫിർഔനിന്റെ സൈന്യത്തിന്റെ പരിണിതിയും പരാമർശിച്ചശേഷം ഫിർഔനിനും നരകക്കാർക്കും ബാധകമാകുന്ന ചില പൊതുകാര്യങ്ങളാണ് പരാമർശിക്കുന്നത്. അല്ലാഹു മൂസാ നബി(അ)ക്ക് (മാർഗദർശനം) നൽകി. അതായത് ദൃഷ്ടാന്തങ്ങളും അറിവും. അവ മൂലമാണ് സന്മാർഗത്തിലേക്ക് എത്തുന്നത്. (ഇസ്‌റാഈല്യരെ നാം വേദഗ്രന്ഥത്തിന്റെ അവകാശികളാക്കിത്തീർക്കുകയും ചെയ്തു) അതായത് തൗറാത്തിനെ തലമുറ തലമുറകളായി അനന്തരമെടുക്കത്തക്ക വിധം.

54) ആ വേദഗ്രന്ഥത്തിലുള്ളത് (സന്മാർഗമാണ്) മതവിധികളെക്കുറിച്ചുള്ള അറിവ്. (ഉദ്‌ബോധനവും) നന്മ ഉദ്‌ബോധിപ്പിക്കുകയും അതിന് പ്രോത്സാഹനം നൽകുകയും തിന്മകളിൽനിന്ന് വിട്ടുനിൽക്കാൻ താക്കീത് നൽകുകയും ചെയ്യുന്നത്. ഇതിന്റെ പ്രയോജനം എല്ലാവർക്കും ലഭിക്കില്ല (ബുദ്ധിയുള്ളവർക്ക് മാത്രം).

55). (അതിനാൽ നീ ക്ഷമിക്കുക) ദൃഢമനസ്‌കരായ പൂർവ പ്രവാചകർ ക്ഷമിച്ചതുപോലെ പ്രവാചകരേ, താങ്കളും ക്ഷമിക്കുക. (അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു) അതിൽ അൽപംപോലും സംശയമോ സന്ദേഹമോ ഇല്ല. അതിനാൽ ക്ഷമിക്കാൻ പ്രയാസപ്പെടേണ്ടതില്ല. അത് വ്യക്തമായ സത്യവും സന്മാർഗവുമാണ്. ബുദ്ധിയുള്ളവർ കഴിവിന്റെ പരമാവധി അധ്വാനിക്കുകയും ക്ഷമയുള്ളവർ ക്ഷമിച്ചു കാണിക്കുകയും ചെയ്യേണ്ട കാര്യം.

(അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു) ദീനനുസരിച്ച് ജീവിക്കുന്നവർക്ക് അതിനും അല്ലാഹു വെറുക്കുന്ന കാര്യങ്ങളിൽ നിന്ന് വീട്ടുനിൽക്കാനും പ്രേരണ നൽകുന്നതാണ് ഈ വാക്യം. (നിന്റെ പാപത്തിന് നീ മാപ്പ് തേടുക) നിന്റെ സൗഭാഗ്യജീവിതത്തിനും വിജയത്തിനും തടസ്സമാകുന്ന പാപങ്ങളിൽനിന്ന്. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാനുള്ള ക്ഷമയും അനിഷ്ടങ്ങളെ പ്രതിരോധിക്കാനുള്ള പാപമുക്തിയും ഇവിടെ നിർദേശിക്കുന്നു. (നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും ചെയ്യുക). പ്രത്യേകിച്ചും (വൈകുന്നേരവും രാവിലെയും). ഈ രണ്ട് സമയവും ശ്രേഷ്ഠമായ സമയങ്ങളാണ്. ആ രണ്ട് സമയത്തും ചൊല്ലാൻ പ്രത്യേക പ്രാർഥനകളും നിർബന്ധവും ഐഛികവുമായ കർമങ്ങളും ഉണ്ട്. ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ഇവ നിർവഹിക്കുന്നത് സഹായകമായിത്തീരും.