സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 07

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2023 നവംബർ 18 , 1445 ജു.ഊലാ 04

അധ്യായം: 39, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِأَفَمَنأَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَقِيلَ لِلظَّـٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ (٢٤) كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ (٢٥) فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ (٢٦) وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ (٢٧) قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍ لَّعَلَّهُمْ يَتَّقُونَ (٢٨) ضَرَبَ ٱللَّهُ مَثَلًا رَّجُلًا فِيهِ شُرَكَآءُ مُتَشَـٰكِسُونَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيَانِ مَثَلًا ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ (٢٩)

24. എന്നാൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാൾ (അന്ന് നിർഭയനായിരിക്കുന്നവനെ പോലെയാകുമോ?). നിങ്ങൾ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക എന്ന് അക്രമികളോട് പറയപ്പെടുകയും ചെയ്യും.

25. അവർക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ അവർ അറിയാത്ത ഭാഗത്തുകൂടി അവർക്ക് ശിക്ഷ വന്നെത്തി.

26. അങ്ങനെ ഐഹികജീവിതത്തിൽ അല്ലാഹു അവരെ അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്. അവർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ!

27. തീർച്ചയായും ഈ ക്വുർആനിൽ ജനങ്ങൾക്കുവേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകൾ വിവരിച്ചിട്ടുണ്ട്; അവർ ആലോചിച്ച് മനസ്സിലാക്കുവാൻ വേണ്ടി.

28. അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ക്വുർആൻ, അവർ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി.

29. അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്മാർ. ഒരു യജമാനന് മാത്രം കീഴ്‌പ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയിൽ ഇവർ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല.

24). (എന്നാൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട് തടുക്കേണ്ടിവരുന്ന ഒരാൾ) അല്ലാഹു സന്മാർഗം നൽകുകയും അവന്റെ സ്വർഗത്തിലേക്കുള്ള വഴിയിൽ പ്രവേശിപ്പിക്കുകയും ചെയ്തവനോട് സമമാകാൻ കഴിയുമോ? ഉയിർത്തെഴുന്നേൽപു നാളുവരെ വഴികേടിലും തെറ്റിൽ അടിയുറച്ചും നിൽക്കുന്നവവനും; ആ ദിവസം അയാൾക്ക് വലിയ ശിക്ഷ അനുഭവിക്കേണ്ടിവരും. ശരീരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ അവയവമായ തന്റെ മുഖംകൊണ്ട് സ്വയം പരിരക്ഷിക്കാൻ അവൻ ശ്രമിക്കും. ഏറ്റവും കുറഞ്ഞ ശിക്ഷ അതിൽ സ്വാധീനം ചെലുത്തും. അവന്റെ കൈകളും കാലുകളും കെട്ടിയിട്ടിരിക്കുന്നതിനാൽ ഭയങ്കരമായ ശിക്ഷയിൽനിന്ന് സ്വയം പരിരക്ഷിക്കാൻ അവൻ ശ്രമിക്കും. (അക്രമികളോട് പറയപ്പെടുകയും ചെയ്യും) നിഷേധം, പാപങ്ങൾ എന്നിവയാൽ സ്വന്തത്തോട് അക്രമം ചെയ്തവർ. അവരെ അപമാനിച്ചുകൊണ്ട് പറയപ്പെടും: (നിങ്ങൾ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ ആസ്വദിച്ചുകൊള്ളുക).

25). (അവർക്ക് മുമ്പുള്ളവരും നിഷേധിച്ചുകളഞ്ഞു) ഇവരെപ്പോലെ മുൻ സമുദായത്തിൽ പെട്ടവരും. (അപ്പോൾ അവർ അറിയാത്ത ഭാഗത്തുകൂടി അവർക്ക് ശിക്ഷ വന്നെത്തി) അവർ അശ്രദ്ധയിലോ, പകലിലോ ഉച്ചയുറക്കം ഉറങ്ങുന്ന സന്ദർഭത്തിലോ.

26) (അവർക്ക് അല്ലാഹു ആസ്വദിപ്പിച്ചു) ആ ശിക്ഷമൂലം. (ഇഹലോകജീവിതത്തിൽ അപമാനം) അല്ലാഹുവിന്റെ അടുക്കലും ജനങ്ങളുടെ അടുക്കലും അവർ വഷളായി. (പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതമായത് അവർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ).

അതിനാൽ, ഈ ആളുകൾ അവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് സൂക്ഷിക്കട്ടെ, തങ്ങൾക്കു മുമ്പുള്ള സമുദായത്തിന് സംഭവിച്ച അതേശിക്ഷ അവർക്കും ഉണ്ടാകാതിരിക്കാൻ. അവർക്ക് സംഭവിച്ചതുതന്നെ ഇവർക്കും സംഭവിക്കും.

27). ധാരാളം ഉപമകൾ അല്ലാഹു ക്വുർആനിൽ പറഞ്ഞിട്ടുണ്ടെന്നാണ് ഇവിടെ പറയുന്നത്. നല്ലവരെക്കുറിച്ചും ചീത്ത ആളുകളെക്കുറിച്ചും. ശിർക്കിന്റെയും തൗഹീദിന്റെയും ഉപമകൾ. എല്ലാ ഉപമകളും യഥാർഥ സത്യങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം ഉപമകൾ പറയുന്നത് (അവർ ആലോചിച്ച് മനസ്സിലാക്കാൻ വേണ്ടി). നാം സത്യം അവർക്ക് വ്യക്തമാക്കിക്കൊടുക്കുമ്പോൾ അവർക്ക് പഠിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിയും.

28). (അതെ, ഒട്ടും വക്രതയില്ലാത്ത അറബി ഭാഷയിലുള്ള ഒരു ക്വുർആൻ) പദങ്ങൾക്ക് വ്യക്തതയുള്ള-പ്രത്യേകിച്ചും അറബികൾക്ക്-ആശയ ലളിതമായ അറബി ഭാഷയിൽ ക്വുർആനിനെ നാം ആക്കി.

(വക്രതയില്ലാത്ത) അതിന്റെ പദങ്ങളിലോ ആശയങ്ങളിലോ യാതൊരുവിധ തകരാറോ ന്യൂനതകളോ ഇല്ലാത്തവിധം. അങ്ങനെ വരുമ്പോൾ അത് ഏറ്റവും നേരായതും ശരിയായതുമായിരിക്കും.

ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ

“തന്റെ ദാസന്റെ മേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി’’ (18:1).

(അവർ സൂക്ഷ്മത പാലിക്കുവാൻവേണ്ടി) അല്ലാഹുവിനെ സൂക്ഷിക്കുവാൻ. ഋജുവായ അറബി ഭാഷയിലുള്ള ഈ ക്വുർആനിലൂടെ വൈജ്ഞാനികവും കർമപരവുമായ നിർദേശങ്ങൾ നൽകി സൂക്ഷ്മതയോടെ ജീവിക്കാൻ അവർക്ക് വഴിയൊരുക്കി. എല്ലാവിധത്തിലുമുള്ള വിശദീകരണങ്ങൾ ഈ ക്വുർആനിലുണ്ട്.

29). തുടർന്ന് തൗഹീദിന്റെയും ശിർക്കിന്റെയും ഉപമകളാണ് വിശദീകരിക്കുന്നത.് (അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു) ഒരു അടിമയെ. (പരസ്പരം വഴക്കടിക്കുന്ന) ഏതാ നും പങ്കുകാരാണ് അവന്റെ യജമാനന്മാർ. അവർ കുറേ പേരുണ്ട്. ഒരു കാര്യത്തിലും അവർ ഏകാഭിപ്രായക്കാരല്ല. ഒരവസ്ഥയിലും അവർ ഐക്യത്തിലല്ല. ഒരു സുഖവും അയാൾക്ക് നൽകുന്നില്ല. മാത്രവുമല്ല, അയാളുടെ കാര്യത്തിൽ അവരെപ്പോഴും അഭിപ്രായവ്യത്യാസത്തിലാണ്. ഓരോരുത്തർ ക്ക് ഓരോ ഉദ്ദേശ്യമാണുള്ളത്. അവനത് നടത്താൻ ഉദ്ദേശിക്കുമ്പോൾ മറ്റൊരാൾ മറ്റൊന്നാണ് ഉദ്ദേശിക്കുന്നത്. ഇയാളുടെ അവസ്ഥയൊന്ന് ചിന്തിച്ചുനോക്കൂ. ഈ പരസ്പരം പോരടിക്കുന്നവരോടൊപ്പമുള്ള അയാളുടെ ജീവിതം!

(ഒരു യജമാനന് മാത്രം കീഴ്‌പ്പെടേണ്ടവനായ മറ്റൊരാളെയും) ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. അയാൾക്ക് ഒരു യജമാനൻ മാത്രം. യജമാനന്റെ താൽപര്യം അയാൾക്ക് നന്നായറിയാം. (ഇവർ രണ്ടുപേരും ഒരുപോലെയാകുമോ?) ഈ രണ്ടുപേരും (ഉപമയിൽ) സമമാകുന്ന പ്രശ്‌നമില്ല.

ഒരു ബഹുദൈവവിശ്വാസിയുടെ അവസ്ഥയും ഇതാണ്. ഭിന്നതയുള്ള നിരവധി പങ്കാളികളെ സേവിക്കുന്നു. ഒരിക്കൽ ഒരാളോട്, മറ്റൊരിക്കൽ മറ്റൊരാളോട് അവൻ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. സ്ഥിരതയില്ല. അവന്റെ ഹൃദയം ഒരിടത്ത് ഉറച്ചുനിൽക്കുന്നില്ല. ഏകദൈവവിശ്വാസിക്ക് തന്റെ രക്ഷിതാവ് മാത്രം. അവനല്ലാത്ത പങ്കുകാരിൽ നിന്നെല്ലാം അവൻ ഒഴിവാണ്. അവന് പൂർണ സ്വസ്ഥതയും മനസ്സമാധാനവും ഉണ്ട്. (ഇവർ രണ്ടുപേരും ഒരു പോലെയാകുമോ? അല്ലാഹുവിന് സ്തുതി) അറിവില്ലാത്തവരെ വഴികാണിക്കാനും അസത്യത്തിൽനിന്ന് സത്യം വേർതിരിയാനും പറ്റുന്ന ഉപമ. (പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല) അവരുടെ ശിർക്കിന്റെ ഫലമായി അവർക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച്.